Advertisment

ദേശീയ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത കോണ്‍ഗ്രസിനും ആദ്യകാല കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്കും പോലും ഇന്ത്യയുടെ ചരിത്രത്തിന്റെ മുഴുവന്‍ ഭാഗത്തും ഭാഗഭാക്കാകാനായില്ല. അപ്പോഴാണ് ഒരു സംഭാവന പോലും ചെയ്യാതെ, ബ്രിട്ടീഷുകാരുടെ ഷൂ നക്കികളായി ജീവിതം ഉഴിഞ്ഞുവെച്ചവരെ സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കാകാനായി ചരിത്രം തേടി അലയുന്നത്. ചരിത്രത്തോടുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല... (ലേഖനം)

New Update

-അസീസ് മാസ്റ്റർ

Advertisment

publive-image

ഇന്ത്യയുടെ ജീവസുറ്റ ചരിത്രത്തില്‍ ഒരു പങ്കും വഹിക്കാതെ മാറി നിന്നവരാണ് ഇന്ന് ദേശീയവാദികളുടെ കുത്തക അവകാശപ്പെടുന്ന സംഘപരിവാര്‍. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതെ, മതവൈരവും ജനദ്രോഹവും നടത്തി, ഇന്ത്യയുടെ ഭാവിയെ പോലും തകര്‍ക്കുന്ന ചിന്തകളാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ രാജ്യത്തുടനീളം നടത്തി വരുന്നത്.

ഇപ്പോള്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കൂടി തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത്, ദേശീയ പ്രസ്ഥാനത്തിന് സംഭാവനകള്‍ നല്‍കാത്തതിന്റെ ജാള്യത തീര്‍ക്കാനുള്ള അണിയറ ഒരുക്കത്തിലാണ്. ഇന്ധനവിലയും പാചകവാതകവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ വിതരണം ചെയ്യാന്‍, കാലേക്കൂട്ടി തയ്യാറാക്കുന്ന തിരക്കഥകള്‍ക്ക് മതേതര കേരളത്തില്‍ വിലപ്പോവാതെ വന്നതോടെയാണ്, ചരിത്രത്തിന്റെ മറവില്‍ സംഘപരിവാറിന് പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലേക്ക് ഇവരെ നയിക്കുന്നത്.

ഇന്നുവരെ സാധാരണക്കാരന്റെ ആവശ്യത്തോട് അനുതാപം പ്രകടിപ്പിക്കാത്ത, എന്നാല്‍ സമാധാന ജീവിതത്തിന് തുരങ്കം വെക്കാനും വര്‍ഗീയ കലാപങ്ങള്‍ക്ക് ആയുധപരീശീലനം നല്‍കാനും സംഘപരിവാര്‍ നല്‍കുന്ന സംഭാവനകള്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ മതേതരവാദികള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് തുടങ്ങിയതോടെയാണ്, ചരിത്രം പുനഃസൃഷ്ടിക്കാന്‍ ഈ ബുദ്ധികേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. കോവിഡ് മഹാമാരി രാജ്യത്ത് ശക്തമായപ്പോള്‍ പാത്രം കൊട്ടിയും വിളക്കണച്ചും ചാണകകുളി നടത്തിയും പ്രതിരോധം തീര്‍ത്ത ബുദ്ധികളാണ് ഇവര്‍ക്ക് ശക്തി പകരുന്നത്.

ബ്രീട്ടീഷുകാര്‍ക്കെതിരേ പടപൊരുതിയ മലപ്പുറത്തെ സ്വാതന്ത്ര്യസമരസേനാനികളെയും മുസ്‌ലിം പോരാളികളെയും അവരുടെ സംഭാവനകളെയും അംഗീകരിക്കാതെ, പുതിയ കഥകള്‍ മെനഞ്ഞ് ചരിത്രത്തോട് നീതിനിഷേധം നടത്തി, ആളുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമത്തിന് ചെറിയ തോതില്‍ ഫലം കണ്ടു തുടങ്ങിയതോടെ, സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മാപ്പെഴുതിയ സംഘ ചിന്തകന്മാര്‍ക്ക് വീരപട്ടം നല്‍കാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ്, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ കണ്ടെത്തി, അവരെ സംഘപരിവാര്‍ ആശയക്കാരാക്കി അവതരിപ്പിച്ച് വരുംതലമുറയെ കബളിപ്പിക്കാനുള്ള തിരക്കഥയ്ക്കായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നിയോഗിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ പലരും ഓര്‍മ്മയായി. ജീവിച്ചിരിക്കുന്നവരുണ്ടെങ്കില്‍ വിരലിലെണ്ണാവുന്നവരും പ്രായാധിക്യത്തിന്റെ അസ്‌കിതയില്‍ വിഷമിച്ച് ഓര്‍മ്മ പോലും പങ്കുവെക്കാനാവാത്ത അവസ്ഥയിലുമായിരിക്കും. അതിനാല്‍, ചരിത്രത്തില്‍ വ്യാജനിര്‍മ്മിതിക്ക് എളുപ്പം സാധ്യമാണെന്ന തിരിച്ചറിവിലാണ് സംഘിബുദ്ധികള്‍.

വിവിധ സമരങ്ങളില്‍ പങ്കെടുത്ത് മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയ്യാറാക്കി ചരിത്രത്തിന്റെ ഭാഗമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന-ദേശീയ തലങ്ങളിലാണ് വിവര ശേഖരണമെന്ന പേരില്‍ ചരിത്രത്തോടുള്ള കടന്നുകയറ്റത്തിനുള്ള ശ്രമമാരംഭിക്കുന്നത്.

ഇത് അംഗീകരിക്കാനാവില്ല. ആദ്യകാല ചരിത്രത്തിലില്ലാത്ത വസ്തുതകള്‍ തെറ്റെന്ന് കണ്ടെത്തി, വ്യാജമായി നിര്‍മ്മിക്കുന്ന ചരിത്രത്തിന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന്റെ പിന്തുണ കൂടിയാവുമ്പോള്‍, ചരിത്രം വളച്ചൊടിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരില്ല. സംഘപരിവാര്‍ ചിന്തകന്മാരായ അധ്യാപകരും വിദ്യാര്‍ത്ഥികളും കുട്ടികളെ സംഘപ്രസ്ഥാനത്തിന്റെ പേരില്‍ തയ്യാറാക്കുന്ന ചരിത്രം ആണ് യഥാര്‍ത്ഥമെന്ന പേരില്‍ പുതുതലമുറയെ പഠിപ്പിക്കുമ്പോള്‍, ചരിത്രപുരുഷന്മാരോടാണ് അനീതി കാട്ടുന്നത്.

വരുംതലമുറയെ സത്യം പഠിപ്പിക്കാന്‍ എല്ലാവരും യഥാര്‍ത്ഥ ചരിത്ര പുസ്തകങ്ങള്‍ വീട്ടില്‍ ശേഖരിക്കേണ്ട അവസ്ഥയിലാണ്. ഗാന്ധിജിയെ വെടിവെച്ച് കൊന്നതിനും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതിനും പുതുമാനങ്ങള്‍ സമൂഹത്തിലേക്ക് സംഘപരിവാര്‍ മാധ്യമ പ്രവര്‍ത്തകരുടെയും ചാനലുകളിലൂടെയും നടത്തി വരുന്നതിന് മതേതര്‍ കുറച്ചുകാലമായി സാക്ഷ്യം വഹിക്കുന്നതാണ്.

ഒട്ടേറെ വ്യാജനിര്‍മ്മിത ചരിത്രങ്ങള്‍ ഉദാഹരിക്കാനുണ്ട്. സ്ഥലപരിമിതി കാരണം അവ ഇവിടെ പരാമര്‍ശിക്കുന്നില്ലെന്ന് മാത്രം. ദേശീയ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത കോണ്‍ഗ്രസിനും ആദ്യകാല കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്കും പോലും ഇന്ത്യയുടെ ചരിത്രത്തിന്റെ മുഴുവന്‍ ഭാഗത്തും ഭാഗവാക്കാനായില്ല. അപ്പോഴാണ് ഒരു സംഭാവന പോലും ചെയ്യാതെ, ബ്രിട്ടീഷുകാരുടെ ഷൂ നക്കികളായി ജീവിതം ഉഴിഞ്ഞുവെച്ചവരെ സ്വാതന്ത്ര്യത്തിന്റെ ഭാഗവാക്കാനായി ചരിത്രം തേടി അലയുന്നത്.

ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ ചരിത്രത്തെ നാം ഭയക്കുകയല്ല, അത് തെറ്റാണെന്ന് അത്യുച്ഛത്തില്‍ വിളിച്ചുപറയാനുള്ള ആര്‍ജ്ജവമാണ് നാം സാംശീകരിക്കേണ്ടത്. അതിനായുള്ള തയ്യാറെടുപ്പുകള്‍ക്ക് ശക്തി പകരാനുള്ള തലമുറയെ നാം വാര്‍ത്തെടുക്കുക തന്നെ വേണം. എല്ലാവര്‍ക്കും ശരിയായ ചരിത്രമുള്ള സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment