Advertisment

അധ്യാപനം സ്നേഹത്തിന്‍റെ പ്രകാശമാകണം... (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

ട്രെയ്നര്‍, മെന്‍റര്‍ - 9847034600

Advertisment

publive-image

രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ സ്കൂളില്‍ ഗൃഹപാഠം ചെയ്യാത്തതിന്‍റെ പേരില്‍

അധ്യാപകന്‍റെ ക്രൂരമര്‍ദനത്തിനിരയായ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ചുരുവിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം. പതിമൂന്നുകാര നായ ഗണേശാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഓംപ്രകാശിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ മനോജിനെതിരെ പോലീസ് കേസെടുത്തു.

2021 ഒക്ടോബര്‍ 20 ബുധനാഴ്ച രാവിലെയാണ് സംഭവം. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട്ടില്‍ ഒരധ്യാപകന്‍ തല്ലിയും ചവുട്ടിയും ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍

ഈയിടെ ഫെയ്സ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഏത് കാരണത്തിന്‍റെ പേരിലായാലും വിദ്യാര്‍ത്ഥികളോട് ക്രൂരത കാട്ടാന്‍ അധ്യാപകര്‍ തുനിയരുത്.

സുപ്രീംകോടതി 2002 ല്‍ തന്നെ സ്ക്കൂളുകളില്‍ അടിയും മറ്റു ശാരീരിക ശിക്ഷാനടപടികളും നിരോധിക്കുകയും കുട്ടികളുടെ അന്തസ്സു കാത്തുസൂക്ഷിക്കുന്ന സൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോടു ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാനങ്ങളില്‍ ചൂരല്‍ പ്രയോഗം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ട്.

കഠിനമായി ശിക്ഷിക്കുന്ന അധ്യാപകരും മാതാപിതാക്കളും മന:ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ മനോ വൈകല്യങ്ങളോ വ്യക്തിത്വപ്രശ്നങ്ങളോ ഉള്ളവരാണ്. തല്ല് കിട്ടി വളര്‍ന്നവര്‍, കുടുംബപ്രശ്നങ്ങള്‍ അലട്ടുന്നവര്‍, ദാമ്പത്യപ്രശ്നങ്ങളുള്ളവര്‍, അപകര്‍ഷബോധമുള്ളവര്‍, സ്നേഹം ലഭിച്ചു വളരാത്തവര്‍, വെറുപ്പ് മനസ്സില്‍ സൂക്ഷിക്കുന്നവര്‍, പീഡനങ്ങളിലൂടെ കടന്നുപോയവര്‍, മദ്യപാനം, മറ്റ് മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഒക്കെ കഠിന ശിക്ഷാരീതികള്‍ സ്വീകരിച്ചുകാണാറുണ്ട്.

ഭയശാലിയും മാനസിക ഞെരുക്കം അനുഭവിക്കുന്നവരും പൊതുവേ ശത്രുതാമനോഭാവമുള്ളവരുമായവര്‍ കുട്ടികളില്‍ ഭയവും വ്യാകുലതയും അരക്ഷിതത്വവും ജനിപ്പിക്കും. വിഷയ ഗ്രാഹ്യമില്ലാത്ത അധ്യാപകന്‍ മുന്‍കോപിയും നിര്‍ദയനുമായിത്തീരാനാണ്

സാധ്യതയെന്ന് മന:ശാസ്ത്രം വിലയിരുത്തുന്നു. മുറുമറുക്കുന്നവരും ക്ഷിപ്രകോപിയും വൈകാരിക പക്വതയില്ലാത്തവരാണ്.

കോപാവേശങ്ങള്‍ ഉണ്ടാക്കുകയും ആക്രോശിക്കുകയും ചെയ്യുന്നവരെ കുട്ടികള്‍ വെറുക്കും. അതിവിമര്‍ശകരും പരിഹാസരൂപത്തില്‍ ശകാരിക്കുന്നവരുമായ അധ്യാപകര്‍ സമചിത്തത കൈവരിക്കാത്തവരാണ്. ഈ പ്രവര്‍ത്തികളൊന്നും കുട്ടികളെ നന്നായി പഠിക്കാനോ, നല്ല സ്വഭാവത്തില്‍ വളരാനോ സഹായിക്കുന്നില്ല.

മൂന്ന് പതിറ്റാണ്ടിലേറെ അധ്യാപകനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. "അധ്യാപനം

സ്നേഹത്തിന്‍റെ പ്രകാശനമാകണം. സ്നേഹിക്കുന്ന അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയമാണ് കുട്ടികള്‍ എളുപ്പം ഗ്രഹിക്കുക. ആ വിഷയത്തിനാണ് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുക."

അധ്യാപനം അഞ്ച് കടമകളുടെ നിറവേറ്റലാണ്:  1) കുട്ടികളെ സ്നേഹിക്കുക, 2) കുട്ടികളെ സ്നേഹിക്കുക, 3) കുട്ടികളെ സ്നേഹിക്കുക 4) അവരെ പ്രചോദിപ്പിക്കുക, 5) അവരെ പഠിപ്പിക്കുക. ആദ്യത്തെ മൂന്ന് കടമയും കുട്ടികളെ സ്നേഹിക്കുക എന്നുതന്നെയാണ്. അതിനുശേഷമാണ് പ്രചോദിപ്പിക്കലും പഠിപ്പിക്കലും നടക്കേണ്ടത്.

ലഭിക്കുന്ന സ്നേഹമാണ് മനുഷ്യനെ ഉത്തമ നാക്കുന്നത്. സ്നേഹമേറ്റു വളരുന്ന കുട്ടികളാണ് സല്‍സ്വഭാവികളാകുക. വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക നിരീക്ഷകനുമായ ഡോ. എം.എന്‍. കാരാശ്ശേരി പറയുന്നു: "എന്‍റെ കണക്കില്‍ ഇന്ന് അധ്യാപകര്‍ക്ക് രണ്ട് പണിയേ ഉള്ളൂ. ഒന്ന് കുട്ടികളെ പഠിക്കാന്‍ സഹായിക്കുക, രണ്ട് കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക. ഇപ്പറഞ്ഞ രണ്ട് പണികള്‍ക്കും വിജ്ഞാനത്തേക്കാള്‍ ആവശ്യമുള്ളത് സ്നേഹമാണ്. ഗുരുനാഥന്മാരുടെ സ്നേഹമാണ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രചോദിപ്പിക്കുന്നതും

വ്യക്തിത്വത്തെ ശുദ്ധീകരിക്കു ന്നതും".

സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം. കുട്ടികളെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമ

മങ്ങാതെ പഠിപ്പിക്കുക. മാര്‍ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.

റൗഡികളായ കുട്ടികളെ ആട്ടിന്‍ കുട്ടികളാക്കി മാറ്റിയ കഥ പ്രൊഫ.എം.കെ.സാനു പങ്കുവയ്ക്കുന്നു; ആലപ്പുഴ സനാതന ധര്‍മ ഹൈസ്ക്കൂളിലാണ് സാനുമാസ്റ്റര്‍ അധ്യാപകനായി ജോലിയിലാദ്യം പ്രവേശിക്കുന്നത്. അവിടെ അഞ്ചാംക്ലാസില്‍ 3 വിദ്യാര്‍ത്ഥികള്‍ പിച്ചാത്തിയുമായി ഹെഡ്മാസ്റ്റര്‍ വി.എസ്. താണു അയ്യരെ കുത്താന്‍ ചെന്നിട്ടുള്ളവരാണ്. അവരെ ശരിയാക്കാനുള്ള ദൗത്യം ഹെഡ്മാസ്റ്റര്‍ ഏല്പിച്ചപ്പോള്‍ അത് വിജയകരമായി സാനു മാസ്റ്റര്‍ നിര്‍വഹിച്ചു.

അവരെ നന്നാക്കിയതെങ്ങിനെ എന്ന ഹെഡ്മാസ്റ്റരുടെ ചോദ്യത്തിന് സാനുമാസ്റ്റരുടെ മറുപടി ഇങ്ങനെ; "ഞാന്‍ ഒന്നു ചെയ്തു സര്‍, അവരുടെ മനുഷ്യത്വം അംഗീകരിച്ചു. ആത്രമാത്രം. എല്ലാവരും

റൗഡികള്‍ എന്നു പറഞ്ഞ കുട്ടികള്‍ ഇപ്പോള്‍ ആട്ടിന്‍ കുട്ടികളെപ്പോലെയാണ്".

സ്നേഹംകൊണ്ട് കുട്ടികളെ സ്വാധീനിച്ച് നന്നാക്കുകയായിരുന്നു സാനുമാസ്റ്റര്‍. സ്നേഹമാണ് മന:പരിവര്‍ത്തനം സാധ്യമാക്കുന്നത്. അധ്യാപകര്‍ ക്ഷമ, സഹിഷ്ണുത, സ്നേഹം, സഹാനുഭൂതി, കരുതല്‍, കരുണ, പ്രോത്സാഹനം, അംഗീകാരം, വാത്സല്യം എന്നിവ ആയുധമാക്കിയാല്‍ കുട്ടികള്‍ നന്നാകും, അവര്‍ നാടിന് മുതല്‍ക്കൂട്ടാകും. (8075789768)

voices
Advertisment