Advertisment

'May it Please Your Honour': നാഥുറാം വിനായക് ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി; മലയാള പരിഭാഷ – ഭാഗം 4

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

1949 മേയിലും ജൂണിലുമായി ജസ്റ്റീസ്‌ ഭണ്ഡാരി, അച്ചുറാം ആത്മചരൺ, ജി.ഡി ഖോസ്‌ലെ എന്നിവര്‍ അടങ്ങുന്ന ബഞ്ച്‌ അപ്പീല്‍ വാദം കേട്ടു. ഇനി പറയുന്ന കാര്യങ്ങൾ ഗാന്ധി വധക്കേസിൻ്റെ രേഖകളിലെ ഒരു ഭാഗമാണ്‌. സിംലയിലെ പഞ്ചാബ്‌ ഹൈക്കോടതിയിലെ Criminal Appeals No. 5. 66 to 72 Volume II എന്ന രേഖകളില്‍ ഇതു കാണാവുന്നതാണ്‌.

ഡല്‍ഹി ചെങ്കോട്ടയിലെ ഗാന്ധിവധ വിചാരണയ്‌ക്കുള്ള പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷൻ്റെ വാദം അവസാനിച്ച വേള. സ്‌പെഷ്യല്‍ ജഡ്‌ജി ശ്രീ. ആത്മചരണ്‍ തൻ്റെ കസേരയില്‍ ഉപവിഷ്‌ടനായി. പ്രതികള്‍ അവരുടെ ഇരിപ്പിടങ്ങളിലും ഇരിപ്പുറപ്പിച്ചു. ഇരു വിഭാഗത്തിൻ്റെയും അഭിഭാഷകര്‍ സന്നിഹിതരായിരുന്നു. പത്ര ലേഖകരും തയ്യാറായി നിന്നു.

കോടതി ഹാള്‍ ജനങ്ങളെകൊണ്ട്‌ നിറഞ്ഞിരുന്നു. പാസ്സുള്ളവര്‍ക്ക്‌ മാത്രമായിരുന്നു പ്രവേശനം. അന്ന് ‌1948 നവംബര്‍ 18. പ്രതികളുടെ പ്രസ്‌താവന നടക്കുവാന്‍ പോകുകയായിരുന്നു. ക്രിമിനല്‍ പ്രോസിജ്യര്‍ കോഡ്‌ സെക്‌ഷന്‍ 342 പ്രകാരം പ്രതികളുടെ വിശദാംശങ്ങള്‍ ജഡ്‌ജി പരിശോധിച്ചു.

"ഒന്നാം പ്രതി നാഥുറാം വിനായക്‌ ഗോഡ്‌സെ, ഹിന്ദു, വയസ്സ്‌ 37, പൂനയില്‍ ഹിന്ദു രാഷ്‌ടയുടെ പത്രാധിപര്‍''. ഒന്നാം പ്രതിഎന്നു കേട്ടപ്പോള്‍ തന്നെ നാഥുറാം ചാടി എഴുന്നേറ്റു.

ജഡ്‌ജി: പ്രോസിക്യൂഷന്‍ ഹാജരാക്കിയ മുഴുവന്‍ തെളിവുകളും നിങ്ങള്‍ക്കെതിരാണ്‌. ഇതിനെപ്പറ്റി നിങ്ങള്‍ക്ക് ‌പറയാനുള്ളതെന്താണ്‌?

നാഥുറാം: യുവര്‍ ഓണര്‍, മറുപടിയായി ഞാന്‍ ഒരു പ്രസ്‌താവന കൊണ്ടു വന്നിട്ടുണ്ട്‌.

ജഡ്‌ജി: നിങ്ങളുടെ പ്രസ്‌താവന വായിക്കൂ!

ഈ സമയം അഡ്വക്കേറ്റ്‌ ജനറല്‍ ശ്രീ. സി. കെ ദഫ്‌തരി പ്രതിഷേധവുമായി എഴുന്നേറ്റു. കേസുമായി ബന്ധമുള്ള കാര്യങ്ങള്‍ മാത്രമെ വായിക്കുവാന്‍ അനുവദിക്കാവൂ. അല്ലാത്ത പക്ഷം വായിക്കാൻ അനുവദിക്കരുത്‌.

അഡ്വക്കേറ്റ്‌ ജനറലിൻ്റെ അഭ്യര്‍ത്ഥനയെ കോടതി നിരസിച്ചു. നാഥുറാം മൈക്കിൻ്റെ മുമ്പില്‍ തൻ്റെ പ്രസ്‌താവന വായിക്കുവാന്‍ നിന്നു. കോടതി മുറിയില്‍ അക്ഷമരായി നിന്ന ജനങ്ങളുടെ നിശബ്‌ദതയിലേക്ക്‌ ഘനഗംഭീരമായ ശബ്‌ദം പ്രവഹിക്കാന്‍ തുടങ്ങി.

ഞാന്‍ നാഥുറാം വിനായക്‌ ഗോഡ്‌സെ ഒന്നാം പ്രതി ബഹുമാന പുരസ്സരം താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ ചാർത്തപ്പെട്ട കുറ്റപത്രത്തിനുള്ള മറുപടിയാണിത്.

1. എൻ്റെ പേരിലുള്ള കുറ്റങ്ങള്‍ക്കു മറുപടി പറയും മുമ്പ്‌ 1948 ജനുവരി 20നും 1948 ജനുവരി 30നും നടന്ന രണ്ടു സംഭവങ്ങള്‍ക്കും രണ്ടു വിചാരണ വേണ്ടിയിരുന്നു എന്നു ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇവിടെ രണ്ടു സംഭവങ്ങളെയും ഒന്നിച്ചു വിചാരണ ചെയ്‌ത്‌ വ്യര്‍ത്ഥമാക്കിയിരിക്കുന്നു.

2. മേല്‍പ്പറഞ്ഞ കാര്യത്തില്‍ മുന്‍വിധികളില്ലാതെ എനിക്കെതിരായ ആരോപണങ്ങള്‍ക്ക് ‌ഞാന്‍ മറുപടി നല്‍കുന്നു.

3. പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ്‌ പ്രകാരം ശിക്ഷാര്‍ഹമായിട്ടുള്ള നിരവധി കുറ്റങ്ങള്‍ അവര്‍ ഒറ്റയ്‌ക്കും കൂട്ടായും ചെയ്‌തതായി പറയുന്നു.

4. 1948 ജനുവരി 29നും 30നും നടന്ന രണ്ടു സംഭവങ്ങളും ഗാന്ധിജിയെ വധിക്കാനുള്ള സംരംഭത്തിൻ്റെ പരമ്പരയായി പ്രോസിക്യൂഷന്‍ ചിത്രീകരിച്ചിരിക്കുന്നു. തുടക്കത്തില്‍ തന്നെ പറയട്ടെ ജനുവരി 20 വരെ നടന്ന സംഭവങ്ങളും ജനുവരി 30നു നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല.

5. മേല്‍പ്പറഞ്ഞ കുറ്റങ്ങളില്‍ ഒന്നാമത്തേയും പ്രധാനപ്പെട്ടതുമായ കുറ്റാരോപണം ഗാന്ധിവധമാണ്‌. അതുകൊണ്ട് അതിനെപ്പറ്റി തന്നെ പറയാം. പ്രതികള്‍ ചെയ്‌തുവെന്നു പറയപ്പെടുന്ന കുറ്റങ്ങളില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല.

6. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഒരു ഗൂഢാലോചന നടന്നുവെന്നു തെളിയിക്കാന്‍ പര്യാപ്‌തമല്ല. ഗൂഢാലോചനയ്‌ക്ക്‌ അനുകൂലമായി തെളിവു നല്‍കിയിട്ടുള്ളത്‌ ദിഗംബര്‍ ബഡ്‌ജെ (പ്രോസിക്യൂഷന്‍ വിറ്റ്‌നസ്‌ 57) ആണ്‌. ഇയാള്‍ നല്‍കിയ വസ്‌തുതകള്‍ വിശ്വസനീയമല്ലെന്ന്‌ എൻ്റെ അഭിഭാഷകന്‍ വിചാരണ വേളയില്‍ തെളിയിക്കും.

7. ജനുവരി 20ലെ സംഭവം സംബന്ധിച്ച് ‌ആയുധങ്ങള്‍ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്‌തുവെന്ന കുറ്റപത്രത്തിലെ ആരോപണത്തിനു മറുപടിയായി എനിക്കു പറയുവാനുള്ളത്., ‌ഗ്രനേഡുകളോ, തോക്കുകളോ മറ്റ്‌ ആയുധങ്ങളോ ഞാന്‍ കൊണ്ടു നടക്കുകയോ കൈമാറുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല എന്നാണ്‌. ഇന്ത്യന്‍ ആംസ്‌ ആക്‌ടിലെ വകുപ്പുകള്‍ ഞാന്‍ ലംഘിച്ചു എന്ന ആരോപണത്തെ ഞാന്‍ നിഷേധിക്കുന്നു. ഈ വകുപ്പു പ്രകാരം ശിക്ഷാര്‍ഹമായി ഞാന്‍ ഒരു കുറ്റവും ചെയ്‌തിട്ടില്ല.

8. ഇക്കാര്യത്തില്‍ ദിംഗബര്‍ ബഡ്‌ജെയുടെ മൊഴികളാണ് ‌തെളിവുകളായി പ്രോസിക്യൂഷന്‍ കാണുന്നത്‌. ആറാം ഖണ്‌ഡികയില്‍ ഞാന്‍ സൂചിപ്പിക്കുന്നതു പോലെ അദ്ദേഹത്തിൻ്റെ മൊഴികള്‍ തീര്‍ത്തും വിശ്വസനീയമല്ലെന്ന് ‌അറിയണം. ഈ സാക്ഷി (ബഡ്‌ജെ) എനിക്കു പരിചയമുള്ള ആളാണ്‌. അദ്ദേഹം എന്നെങ്കിലും എന്നെ സമീപിക്കുകയോ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുകയോ ചെയ്‌തിട്ടില്ല.

1948 ജനുവരി 10ന് അയാള്‍ ഹിന്ദുരാഷ്‌ട്രയുടെ ഓഫീസില്‍ ആപ്‌തയോടൊപ്പം (രണ്ടാം പ്രതി) വന്നിരുന്നു എന്നു പറയുന്നത്‌ ശുദ്ധ കളവാണ്‌. ആ ദിവസം ബഡ്‌ജെ എന്നെ കണ്ടു എന്നു പറയുന്നത് ‌ഞാന്‍ നിഷേധിക്കുന്നു. ആപ്‌തയും ബഡ്‌ജെയും തമ്മില്‍ ആയുധങ്ങളെപ്പറ്റി സംസാരിച്ച ഒരു സമയത്തും എൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ആപ്‌തെ എന്നോട്‌ മുറിയില്‍ നിന്നും പുറത്തു വരുവാന്‍ പറഞ്ഞെന്നും ബഡ്‌ജെ കൈ ബോംബുകള്‍ എനിക്കു തരുവാന്‍ തയ്യാറാണെന്നു ആപ്‌ത പറഞ്ഞുവെന്നും ഉള്ള ബാഡ്‌ജെയുടെ പ്രസ്‌താവം പച്ചക്കള്ളമാണ്‌.

ഗൂഢാലോചനയിലേയ്‌ക്ക്‌ എൻ്റെ പേരുകൂടി ചേര്‍ക്കുവാന്‍ ബാഡ്‌ജെ സൃഷ്‌ടിച്ച ഒരു കഥ മാത്രമാണിതൊക്കെ. 1948 ജനുവരി 14ന് ഞാന്‍ ബഡ്‌ജെയെ തനിച്ചോ ആപ്‌തയോടൊപ്പമോ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. ബഡ്‌ജെ അന്ന്‌ ബോംബെയില്‍ ഉണ്ടായിരുന്നുവെന്ന കാര്യം പോലും ഞാനറിഞ്ഞിട്ടില്ല.

9. കുറ്റപത്രത്തിലെ ബി (1), (2) ഖണ്‌ഡികയില്‍ പറയുന്നതു പോലെ 1948 ജനുവരി 20ന് ഞാൻ‌ ഡല്‍ഹിയിൽ ആയിരിക്കുമ്പോള്‍ എൻ്റെ കൈയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു എന്നത് ‌ഞാന്‍ നിഷേധിക്കുന്നു. ഇക്കാര്യത്തിലും ബഡ്‌ജെയുടെ മൊഴി മാത്രമാണ്‌ പ്രോസിക്യൂഷന്‍ തെളിവായിട്ടുള്ളത്‌. മാപ്പുസാക്ഷിയായി രക്ഷപ്പെടുവാന്‍ ഇത്തരം കള്ളത്തെളിവുകള്‍ അയാള്‍ക്ക്‌ നല്‍കേണ്ടി വന്നിരിക്കുന്നു.

10. കുറ്റപത്രത്തിൻ്റെ ഖണ്‌ഡിക എ (1), (2), ബി(1), (2) എന്നിവയില്‍ പറയുന്ന കൂട്ടുനില്‍ക്കല്‍ എന്ന ആരോപണവും ഞാന്‍ നിഷേധിക്കുന്നു.

നാഥുറാം ഗോഡ്‌സെയുടെ മറുപടികൾ അടുത്ത ലക്കത്തിൽ തുടരും.....

voices
Advertisment