Advertisment

വെള്ളപൂശിയാലും വെളുക്കാത്ത ഇന്ദിരാഭരണം; ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര - 6

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

 

സിപി കുട്ടനാടൻ

അടിയന്തരാവസ്ഥയിൽ ആർഎസ്എസ് ഇടപെടാൻ തുടങ്ങിയ ഭാഗത്താണ് നമ്മൾ കഴിഞ്ഞ ലക്കം അവസാനിപ്പിച്ചത്. ഇനിയങ്ങോട്ട് കളത്തിലിറങ്ങി കളിയ്ക്കുന്ന നിരവധി കഥാപാത്രങ്ങളും സംഭവങ്ങളും നമുക്ക് കാണാൻ സാധിയ്ക്കും.

അടിയന്തരാവസ്ഥയ്ക്ക് രാഷ്ട്രീയ പിന്തുണകളും ലഭിച്ചിരുന്നു. ഇന്ത്യാ മഹാരാജ്യം അടക്കിവാണ പ്രധാന രാജ്ഞി ഇന്ദിരയ്ക്ക് ലഭിച്ച രാഷ്ട്രീയ പിന്തുണകൾ സി പി ഐയില്‍ നിന്നും ശിവസേനയിൽ നിന്നുമായിരുന്നു. ജനാധിപത്യ വിരുദ്ധമായ അടിയന്തരാവസ്ഥയ്ക്ക് കൂട്ടുനിന്ന സിപിഐ എല്ലായ്പോഴും ജനാധിപത്യത്തെക്കുറിച്ച് വാചാലരാകുന്നത് നമ്മൾ കാണാറുണ്ട്. ശിവസേനയുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അടിയന്തരാവസ്ഥയിൽ അവർ ആരെ പിന്തുണച്ചിരുന്നുവോ അവർക്കൊപ്പം ഇപ്പോൾ അധികാരത്തിലിരിയ്ക്കുന്നു എന്നത് ഒരു വലിയ കാര്യമല്ല.

ജൂലായ് 2ന് കേരളത്തിലെ ജനസംഘത്തിൻ്റെ കാര്യാലയങ്ങളും ജന്മഭൂമി, കേസരി ഓഫീസുകളും പോലീസ് സീൽ ചെയ്തു .മൂന്നിന് രാവിലെ ജന്മഭൂമി മാനേജിംഗ് ഡയറക്ടർ യു ദത്താത്രേയ റാവുവിനെ ഡി എസ് പി ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ജനസംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ റാവുവിനെ കണ്ണുകെട്ടി വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത്.

മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള എസ് പി ഓഫീസിലെത്തിച്ച അദ്ദേഹത്തെ ഉരുട്ടൽ ഉൾപ്പെടെയുള്ള കിരാത മർദ്ദനങ്ങൾക്ക് വിധേയനാക്കി. മൂന്നു ദിവസം ഭക്ഷണം പോലും നൽകിയില്ല. ഒടുവിൽ തിരുവനന്തപുരം ജയിലിലെത്തിയപ്പോഴാണ് ആഹാരം കൊടുത്തത്.

ദത്താത്രേയ റാവുവിനേറ്റ മർദ്ദനം ഒരു തുടക്കം മാത്രമായിരുന്നു. ആർ എസ് എസിനെ അടിച്ചൊതുക്കുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച് കരുണാകരൻ്റെ പ്രത്യേക നിർദ്ദേശത്തോടെ പോലീസ് രംഗത്തിറങ്ങി. കേട്ടു കേൾവിയില്ലാത്ത മർദ്ദനമുറകളായിരുന്നു പോലീസ് പ്രയോഗിച്ചത്. പക്ഷേ ആർ എസ് എസിൻ്റെയും ജനസംഘത്തിൻ്റെയും പ്രവർത്തകരുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മർദ്ദകർക്ക് മുട്ടുമടക്കേണ്ടി വന്നു.

എളമക്കരയില്‍ അഞ്ചേക്കര്‍ വിസ്തൃതിയിലുള്ള ആര്‍എസ്എസ് ആസ്ഥാനമായ മാധവ നിവാസിന്‍റെ ഉല്‍ഘാടനം 1975 ജൂണ്‍ 26നായിരുന്നു. അതോടൊപ്പം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രചാരക് ബൈഠക് ആസൂത്രണം ചെയ്തിരുന്നെങ്കിലും മാറിയ പരിതസ്ഥിതിയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ആയിരുന്ന അഡ്വ. ടി.വി.അനന്തന്‍, ഒ.രാജഗോപാല്‍, കെജി മാരാര്‍ എന്നിവര്‍ അറസ്റ്റു വരിക്കാനും മറ്റുള്ളവര്‍ ഒളിവില്‍ പ്രവര്‍ത്തിക്കാനും തീരുമാനമെടുത്ത് ജൂണ്‍ 27ന് ബൈഠക് അവസാനിപ്പിച്ചു. ആർഎസ്എസ് നിരോധിയ്ക്കപ്പെട്ട പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥയുടെ ആദ്യ ഇരകളിലൊന്നായി ജൂലൈ 4ന് പോലീസ് മാധവ നിവാസ് പൂട്ടി സീല്‍ ചെയ്തു.

അടിയന്തരാവസ്ഥയുടെ നിരർത്ഥകതയും ഉദ്ദേശവും ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ കല്ലച്ചിലടിച്ച ജനസന്ദേശം ജൂലൈ 5ന് പുറത്തിറക്കി ആർഎസ്എസ് സാമ്പിൾ വെടി പൊട്ടിച്ചു.

നാഗ്പൂരില്‍ നിന്ന് ആർഎസ്എസിൻ്റെ നിർദേശം രാജ്യവ്യാപകമായി എത്തി. 'അടിയന്തരാവസ്ഥയ്‌ക്കെതിരെ ആർഎസ്എസിൻ്റെ പോരാട്ടമല്ല, ജനങ്ങളുടെ പോരാട്ടമാണ് വേണ്ടത്.' എന്ന് സർസംഘചാലകിൻ്റെ നിർദ്ദേശമുണ്ടായി.

അതെ തുടർന്ന് ശ്രീമാൻ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ദേശീയ തലത്തിൽ ലോക് സംഘര്‍ഷ സമിതി (എല്‍എസ്എസ്) രൂപീകരിച്ചു. മുതിര്‍ന്ന പ്രചാരകന്‍ ദത്തോപാന്ത് ഠേംഗ്ഡിജിയ്ക്കായിരുന്നു അതിൻ്റെ ചുമതല.

ലോക് സംഘർഷ് സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാൻ അദ്ദേഹം തെക്കേ ഇന്ത്യയിലേയ്ക്ക് രഹസ്യയാത്ര ചെയ്തു.ജൂലൈ 8ന് അദ്ദേഹം കേരളത്തിലുമെത്തി. കേരളത്തില്‍ പ്രൊഫ. എം.പി. മന്മഥനെ എല്‍എസ്എസിൻ്റെ അധ്യക്ഷനായും. കെ. രാമന്‍പിള്ളയെ സെക്രട്ടറിയായും നിശ്ചയിച്ചു. ഒപ്പം രഹസ്യമായി എങ്ങനെ പ്രവർത്തിയ്ക്കണം എന്ന് വ്യക്തമായി വിശദീകരിച്ചു.

അതായത് ആശയ വിനിമയത്തിനായി ഫോൺ ഉപയോഗിയ്ക്കുവാൻ പാടില്ല. തപാല്‍ മേല്‍വിലാസത്തിന് സംസ്ഥാന തലം മുതല്‍ താലൂക്ക് തലംവരെ ഉള്ളവർക്ക്, ഏറ്റവും കൂടുതല്‍ കത്തിടപാടുകള്‍ നടത്തുന്ന ആർഎസ്എസ് അനുഭാവികളുടെ കച്ചവട സ്ഥാപനങ്ങളുടെ ഓഫീസും മറ്റും ഉപയോഗിയ്ക്കാൻ തീരുമാനമാക്കി.

ചില പൊതു കേന്ദ്രങ്ങള്‍ കൂടിച്ചേരലിനായി നിശ്ചയിച്ചു. അവിടെ ആളെ തിരിച്ചറിയുവാനായി കോഡ് വാക്യങ്ങൾ നിശ്ചയിച്ചു. (ഉദാ: 'മൂകാംബികക്ക് പോകാന്‍ വന്നതാണെന്നു പറഞ്ഞാല്‍ മതി.' എന്നതാണ് ആർഎസ്എസ് നേതാക്കളെ ബന്ധപ്പെടുവാൻ ഉപയോഗിച്ചിരുന്ന ഒരു കോഡ്.)

ശാഖകൾ കൃത്യമായി നടക്കണം. സംഘ അധികാരികള്‍ യാത്ര ഉപേക്ഷിക്കരുത്, നിര്‍ദ്ദിഷ്ട പരിപാടികള്‍ കൃത്യമായി നടക്കണം. ആരെ പൊതുസ്ഥലത്തു വെച്ചു കണ്ടാലും പരിചയം നടിക്കരുത്. നേതാക്കള്‍ പേരുമാറ്റി മാത്രം അറിയപ്പെടുക. ഇങ്ങനെയുള്ളവയായിരുന്നു പൊതുവെ നിശ്ചയിച്ചിരുന്ന സംഘടനാ പ്രവർത്തന നിർദ്ദേശങ്ങൾ.

ഇന്നത്തെ ഭാരത പ്രധാനമന്ത്രി ശ്രീ. നരേന്ദ്രഭായ് മോദിജി അന്ന് ആർഎസ്എസ് പ്രചാരക് ആയിരുന്നു. അക്കാലത്ത് വേഷപ്രച്ഛന്നനായി സർദാർ നരേന്ദ്രസിങ് എന്ന പേരിൽ അദ്ദേഹം അടിയന്തരാവസ്ഥയ്ക്കെതിരെ പ്രവർത്തിച്ചിരുന്നു.

ജൂലായ് 9 മുതല്‍ രാജ്ഭവനു മുമ്പില്‍ സര്‍വോദയ പ്രവര്‍ത്തകര്‍ ആരംഭിച്ച അഖണ്ഡ നിരാഹാര സത്യഗ്രഹത്തെത്തുടര്‍ന്ന് എല്ലാ സര്‍വോദയ നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. എം.പി. മന്മഥന്‍ സാറിനെ മിസ നിയമ പ്രകാരം തടവിലാക്കി.

കമ്യുണിസ്റ്റ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും പ്രധാനപ്പെട്ട നേതാക്കളൊക്കെ ഉടൻ തന്നെ ജയിൽ മോചിതരാക്കപ്പെട്ടു. സംഘ്പരിവാറിൻ്റെയും സോഷ്യലിസ്റ്റ് പാർട്ടിയുടെയും നേതാക്കൾ മാത്രമേ ജയിലിൽ തുടരേണ്ടി വന്നുള്ളു.

അടിയന്തരാവസ്ഥയിൽ യോജിച്ചുള്ള പ്രവർത്തനം നടത്തി ഇന്ദിരയുടെ അപ്രമാദിത്വം ഇല്ലാതാക്കാൻ കമ്യുണിസ്റ്റുകളുമായി കൈകോർക്കാൻ ലോക് സംഘർഷ സമിതി തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഇ എം എസിനെ കാണാൻ അനുവാദം ചോദിച്ച ലോകസംഘർഷ സമിതി സംസ്ഥാന സെക്രട്ടറി കെ രാമൻ പിള്ളയ്ക്ക് ഇ എം എസ് ദർശനം നൽകിയില്ല.

പകരം വി എസ് അച്യുതാനന്ദനാണ് രാമൻ പിള്ളയെ കണ്ടത്. പോലീസ് അറസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നവരെ കാണാൻ ഇ എം എസിനു താത്പര്യമില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ലോക സംഘർഷ സമിതിയുമായി സഹകരിക്കാൻ സി പി എമ്മില്ലെന്ന് വി എസ് വ്യക്തമാക്കുകയും ചെയ്തു.

അധികാരത്തിൻ്റെ കരാള രൂപം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച ഒരേയൊരു ഘട്ടം അടിയന്തരാവസ്ഥയായിരുന്നു. അന്ന് രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ കോൺഗ്രസ്സ് സര്‍ക്കാരിൻ്റെ കൈപ്പിടിയില്‍ ഒതുങ്ങി.

അടിയന്തരാവസ്ഥ നിലവിൽ വന്നതിനു ശേഷം ആദ്യം വന്ന ഭരണഘടനാ ഭേദഗതി പ്രകാരം (39 ആം ഭരണഘടനാ ഭേദഗതി 1975 ഓഗസ്റ്റ് 10) പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനെ അസാധുവാക്കാൻ സുപ്രീം കോടതിക്ക് അധികാരം ഇല്ലാതാക്കി

സുപ്രീംകോടതിയിലെ മൂന്നു സീനിയർ ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് എ. എൻ. റേ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അവരോധിക്കപ്പെട്ടു.

കേരളത്തെ സംബന്ധിച്ച് നോക്കിയാൽ, അടിയന്തരാവസ്ഥയ്ക്ക് മുമ്പുള്ള കേരളത്തിലെ ക്രമസമാധാന നില തീർത്തും വഷളായിരുന്നു. അക്രമ സമരങ്ങളുടെ അഗ്രെസരന്മാരായ കമ്യുണിസ്റ്റ് പാർട്ടിക്കാർ ദൈനംദിനാടിസ്ഥാനത്തിൽ സമരങ്ങൾ നടത്തി.

കല്ലേറും ആസിഡ് ബൾബെറുമൊക്കെ ജനാധിപത്യ അവകാശങ്ങളുടെ പേരിൽ കേരളത്തിലെ തെരുവോരങ്ങളിൽ നടന്നുകൊണ്ടിരുന്നു. പോലീസിൻ്റെ ജോലിതന്നെ സിപിഎമ്മുകാരുടെ ജനാധിപത്യ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് അവരെ തല്ലുക എന്നതായിത്തീർന്നിരുന്നു.

ഇതൊക്കെ കണ്ട് സഹികെട്ട ജനങ്ങൾക്ക് അടിയന്തരാവസ്ഥ ഒരു ആശ്വാസമായിരുന്നു. എന്തെന്നാൽ ജനാധിപത്യപരമായ മൗലികാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെട്ട നാട്ടിൽ സമരം ചെയ്താൽ എന്തു സംഭവിയ്ക്കുമെന്ന വകതിരിവ് കമ്യുണിസ്റ്റ് പാർട്ടിക്കാർക്ക് ഉണ്ടായിരുന്നു എന്നതായിരുന്നു കാരണം.

അങ്ങനെ കമ്യുണിസ്റ്റുകൾക്ക് കാര്യം മനസിലായപ്പോൾ സമര കോലാഹലങ്ങൾ ഒറ്റയടിക്കവസാനിച്ചു. ജനങ്ങൾക്ക് ആശ്വാസമായി, അലമ്പില്ലാത്ത നല്ല കാലമാണ് അടിയന്തരാവസ്ഥയിലൂടെ പൊതുജനത്തിന് അനുഭവവേദ്യമായത്. സർക്കാർ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ജോലിയ്ക്ക് ഹാജരായിത്തുടങ്ങി.

അക്കാലത്തെ കെ. എസ്. ആർ. ടി. സി ജീവനക്കാർക്ക് ഒരു സ്വഭാവമുണ്ടായിരുന്നു. അവരെ ഏല്പിച്ചിരിയ്ക്കുന്ന ട്രിപ്പ് സമയത്ത് ഓടിച്ചു തീർക്കുക എന്ന ഒരു നല്ല സ്വഭാവം. അതായത് യാത്രക്കാരെ ആരെയും ബസിൽ കയറ്റിയില്ലെങ്കിൽ പോലും ട്രിപ്പ് ഓടിച്ചു അടുത്ത സ്റ്റാൻഡിൽ കയറ്റി ജോലി തീർക്കും.

ഇങ്ങനെ ട്രാൻസ്‌പോർട്ട് വകുപ്പിനെ ആത്മാർത്ഥമായി സേവിച്ച ജീവനക്കാർ അടിയന്തരാവസ്ഥയെ ഭയന്നിട്ടാണെങ്കിലും എല്ലാ ബസ് സ്റ്റോപ്പുകളിലും നിറുത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകുവാൻ തുടങ്ങി. ഇത് തന്നെ ഒരു പോസിറ്റിവ് സംഗതിയായിരുന്നു.

പത്രമാരണ നിയമത്തിനെതിരെ ഐതിഹാസികമായ പോരാട്ടം തന്നെയാണ് കേരളത്തിൽ നടന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് മേനി പറയുന്ന പത്രങ്ങളെല്ലാം കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞു. എതിർത്തവരുടെ ഓഫീസും പ്രസും കണ്ടുകെട്ടി. വിപ്ലവ പത്രങ്ങൾ സെൻസറിനു വിധേയമായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥയുടെ ക്രൂരതകൾ പുറത്തെത്താതായി.

മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ജനാധിപത്യത്തിനു വേണ്ടി പോരാടിയവരെക്കൊണ്ട് കരുണാകരൻ്റെ ജയിലറകൾ നിറഞ്ഞു. ആത്മബലിക്കാണെങ്കിലും ഞാൻ മുൻപേ എന്ന മത്സര ബുദ്ധിയോടെ പിന്നെയും സത്യഗ്രഹികൾ മുന്നോട്ടു വന്നു. ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘവും ജനസംഘവും പോരാട്ടത്തിൻ്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത്.

തുടരും....

Advertisment