Advertisment

വര്‍ഗീയതയും അഴിമതിയും അക്രമവും ഇല്ലാത്ത കേരളത്തിനായി ഇത്തവണത്തെ കേരളപ്പിറവി മുതല്‍ ഒരു പുതുയുഗം പിറക്കട്ടെ... പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി (ലേഖനം)

New Update

-അസീസ് മാസ്റ്റർ

Advertisment

publive-image

കേരളത്തിന് ഇപ്പോള്‍ 65 വയസ്. പിന്നിട്ട ചരിത്രങ്ങളിലൂടെ നേടിയെടുത്ത കരുത്തില്‍ നവകേരളത്തിനായുള്ള പ്രയാണത്തിലാണ് ഓരോ മലയാളികളും. കോവിഡ് മഹാമാരി ലോകമാകെ ഉയര്‍ത്തിയ പ്രതിസന്ധിയിലും പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായാണ് കേരളം മുന്നോട്ട് കുതിക്കുന്നത്.

കഴിഞ്ഞ പത്തൊന്‍പത് മാസമായി അടച്ചിട്ട സ്‌കൂളുകള്‍ തുറന്നത് കേരളപ്പിറവിയുടെ മറ്റൊരു ചരിത്ര നിയോഗമായി. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിക്കിടയിലും പുതിയ പുതിയ വഴികളിലേക്ക് കൊറോണ വൈറസ് നമ്മളെയെല്ലാം എത്തിച്ചുവെന്നതിന്റെ ഗുണം കാണാതെ പോകരുത് നാം.

ടെക്‌നോളജിയോട് അകലം പാലിച്ച നാം, സമൂഹത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കാന്‍ കൊതിച്ച നാം, കോവിഡും പ്രളയവും കടന്നുവന്നതോടെ, ടെക്‌നോളജിയോട് അടുക്കുകയും സമൂഹത്തില്‍ അശ്രദ്ധമായി ഇടപഴകുന്നതില്‍ നിന്നും അകലം പാലിക്കുകയും ചെയ്തു. എത്ര വേഗമാണ്, നാം മാറുന്നത് എന്നത് കഴിഞ്ഞ 65 വര്‍ഷത്തെ കേരളത്തെ സസൂക്ഷ്മം നോക്കുമ്പോള്‍ മനസ്സിലാവും.

പ്രവാസവും സര്‍ക്കാര്‍ ഉദ്യോഗവും മാത്രം കരുത്തേകിയ കേരള സാമ്പത്തിക അവസ്ഥയില്‍, പുതുസംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും കാര്യമായ പങ്കുവഹിക്കാനായി. ഒറ്റപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു നേരെ ഉയര്‍ന്നെങ്കിലും ചുവപ്പുനാടയില്‍ നിന്നും സംരംഭകരെ കുറച്ചൊക്കെ മോചിതരാക്കാന്‍ പറ്റിയിട്ടുണ്ട്.

അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ദുഷ്‌പ്പേരുണ്ടായ കേരളത്തില്‍, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കരുത്തുണ്ടായിരുന്നു ഇതുവരെ. എന്നാല്‍, ഉത്തരേന്ത്യന്‍ ജനതയെ പോലെ, ഏത് വിഷയത്തിലും മതം നോക്കി പ്രതികരിക്കുന്ന ഒരു വൃത്തികെട്ട മനസ്സിനുടമകളായി മലയാളികള്‍ മാറുന്നു.

ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞിരുന്നവരാണ് നാം. എന്നിട്ടും വര്‍ഗീയ, ഫാസിസ ചിന്തകള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിക്കഴിഞ്ഞു, ചില ദുഷ്ട ശക്തികള്‍. ചരിത്രത്തെ പോലും വളച്ചൊടിക്കുകയോ, അല്ലെങ്കില്‍ അതില്‍ വ്യാജാരോപണങ്ങള്‍ നടത്തിയോ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കുപോലും വിലകുറക്കുന്ന തരത്തിലേക്ക് 65 കടന്ന കേരളത്തിലെ പുതുതലമുറ തയ്യാറാവുന്നുവെന്ന സങ്കടകരമായ അവസ്ഥ ഇവിടെ കുറിക്കട്ടെ.

രാഷ്ട്രീയ കുടിപ്പകയും കൊലപാതകവും അഴിമതിയും അരങ്ങുവാണ കേരളത്തില്‍ ഇപ്പോള്‍ നവസാങ്കേതിക രംഗത്തെ അഭിമാനങ്ങളാണ് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കാനുള്ളത്. വിദേശ രാജ്യങ്ങളിലെ പല ഐ ടി കമ്പനികളിലെയും മാസ്റ്റര്‍ ബ്രെയിനുകള്‍ക്ക് പിന്നില്‍ മലയാളിയുടെ പങ്ക് കാണാം.

നവസാങ്കേതിക വിദ്യയുടെ രംഗത്ത് നേടിയെടുക്കുന്ന ഓരോ പദ്ധതികളും മലയാളികള്‍ എന്ന നിലയില്‍ നമുക്കേറെ സന്തോഷം പകരുന്നതാണ്. പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി കാലത്ത്. സ്വന്തം നാടിന്റെ ഭൂപടവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ ജനകീയ ഭൂപടമായ 'മാപ് കേരള'യുടെ കന്നിപ്പതിപ്പ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങിയതെന്നത് പുതിയൊരു ചുവടുവെപ്പായി.

തദ്ദേശ സ്ഥാപന തലത്തില്‍ തയാറാക്കിയ മാപ്പില്‍ ചുറ്റുവട്ടത്തെ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, റോഡുകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പെട്രോള്‍ പമ്പ്, ടാക്‌സി തുടങ്ങിയ വിവരങ്ങള്‍ അറിയാമെന്നത് സ്വീകാര്യമായ സംഗതി തന്നെ.  സ്വതന്ത്ര ഭൂപട പദ്ധതിയായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിന്റെ സഹായത്തോടെ ഓപ്പണ്‍ ഡേറ്റ കേരള കമ്യൂണിറ്റിയാണു കഴിഞ്ഞ 10 വര്‍ഷത്തെ നിരന്തര ശ്രമഫലമായി ഭൂപട വിവരങ്ങള്‍ വരച്ചുചേര്‍ത്തത്.

സംസ്ഥാനത്തെ 1200ലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതേ പോലെ തന്നെയാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് എടിഎം കാര്‍ഡിന്റെ രൂപം നല്‍കാനുള്ള സര്‍ക്കാര്‍ അംഗീകാരം. ഉപഭോക്താവിന്റെ പേരും ഫോട്ടോയും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന റേഷന്‍ കാര്‍ഡിന് ക്യുആര്‍ കോഡ്, ബാര്‍ കോഡ് എന്നിവയും പതിച്ചിട്ടുണ്ടാകും. പുസ്തക രൂപത്തിലുള്ള സാധാരണ റേഷന്‍ കാര്‍ഡുകളും അടുത്തിടെ പുറത്തിറക്കിയ ഇറേഷന്‍ കാര്‍ഡുകളും പുതിയ രൂപത്തിലേക്കു മാറ്റാനാകും.

പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് എടിഎം കാര്‍ഡിന്റെ രൂപത്തിലും വലുപ്പത്തിലും റേഷന്‍ കാര്‍ഡ് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത്തരം സന്തോഷം നില നില്‍ക്കുമ്പോള്‍ തന്നെ സങ്കടപ്പെടുത്തുന്ന കാര്യവുമുണ്ട്. അറുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും മലയാളം ഇനിയും കേരളത്തിന്റെ ഔദ്യോഗിക ഭാഷയായിട്ടില്ല എന്നതാണ്.

2015-ല്‍ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവര്‍ഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ്. വര്‍ഗീയതയും അഴിമതിയും അക്രമവും ഇല്ലാത്ത കേരളത്തിനായി ഇത്തവണത്തെ കേരളപ്പിറവി മുതല്‍ ഒരു പുതുയുഗം പിറക്കട്ടെ. എല്ലാവരിലും ആ സന്തോഷം ഉണര്‍ത്തു പാട്ടാവട്ടെ. ശുഭ സായാഹ്നം. ജയ്ഹിന്ദ്.

voices
Advertisment