Advertisment

സ്കൂൾ തുറക്കുന്നത് ആശ്വാസമാണെങ്കിൽ കൂടിയും ആശങ്കകൾ ബാക്കിയാണ്.സ്കൂളുകൾ തുറക്കുമ്പോൾ:ലേഖനം

New Update

publive-image

Advertisment

ദീർഘ നാളത്തെ ഇടവേള കഴിഞ്ഞ് കേരളപ്പിറവി ദിനം കൂടിയായ നവംബർ

ഒന്നു മുതൽ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനമാരംഭിക്കുകയാണല്ലോ. കോവിഡ് 19 എന്ന മഹാമാരിയുടെ ഭീഷണി പൂർണ്ണമായും ഇനിയും മാറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അതിജീവനത്തിന്റെ ഭാഗമായിക്കൂടി നാം സ്കൂളുകൾ തുറക്കുന്നത്.

രോഗഭീതി കുറഞ്ഞതോടെ മാത്രമാണ് സ്കൂളിൽ ബെല്ലടിക്കുന്നത്. മഹാമാരികളുടെ കടന്നാക്രമണത്തിൽ നിന്നും പൂർണ്ണമായും നാം മോചിതരായിട്ടില്ല എന്നതാണ് വസ്തുത.

കോവിഡ് ചില്ലറക്കാരനായിരുന്നില്ല എന്ന് നാം ഇതിനോടകം തിരിച്ചറിഞ്ഞതാണ്. ദശലക്ഷകണക്കിന് മനുഷ്യ ജീവനുകൾ ഈ മഹാമാരിക്ക് കീഴ്പ്പെട്ട് പൊലിഞ്ഞ് പോയി.

അതിനാൽ ഒട്ടും ജാഗ്രതക്കുറവ് വരാതെ തന്നെ വേണം സ്കൂൾ തുറന്ന ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾ.

സുരക്ഷയും കരുതലും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.വിദ്യാലയങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ച് സർക്കാർ ആവർത്തിച്ച് മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്.കോവിഡ് മഹാമാരിയെക്കുറിച്ചു എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് രക്ഷിതാക്കൾ വേണ്ടത്ര ബോധ്യമുള്ളവരാകണം.കുട്ടികൾ സ്കൂളിൽ പഠിക്കുന്ന എല്ലാ രക്ഷിതാക്കളും നിർബന്ധമായും 2 ഡോസ് വാക്സിൻ എടുത്തിരിക്കണം. കൂടാതെ അധ്യാപകർ, അധ്യാപകേതര ജീവനക്കാർ,സ്കൂൾ ബസ് ഡ്രൈവർമാർ, ഉച്ച ഭക്ഷണം തയ്യാറാക്കുന്നവർ തുടങ്ങിയവരെല്ലാം 2 ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം.

വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ കുട്ടികൾ ഡബിൾ മാസ്ക് ധരിച്ചു എന്നുറപ്പാക്കുകയും തിരിച്ച് വീട്ടിലെത്തുന്നതുവരെ ധരിക്കണമെന്ന് നിർദ്ദേശിക്കുകയും വേണം.ഒരു കാരണവശാലും മാസ്ക് താഴ്ത്തി വെക്കുകയോ, മാസ്ക് കൈമാറ്റം ചെയ്യുകയോ അരുത് എന്ന നിർദ്ദേശം അവഗണിക്കാൻ പാടില്ല.സ്കൂളിൽ എത്തിയ കൃത്യമായ ഇടവേളകളിൽ കൈകൾ ശുദ്ധ മാക്കി സാനിറ്റൈസ് ചെയ്യാൻ നിർദ്ദേശിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇടക്കിടക്ക് അവരെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കണം. വിദ്യാഭ്യാസത്തെക്കാൾ പ്രധാനം നമ്മുടെ കുട്ടികളുടെ ആരോഗ്യ സുരക്ഷ തന്നെയാണ്.

വീട്ടിൽ മടങ്ങിയെത്തിയാലുടൻ കുളിക്കാൻ നിർദേശിക്കണം.പനി,ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ സ്‌കൂളിലേക്ക് വിടരുത്.വീട്ടിലും വിദ്യാലയത്തിലും

ആദ്യം കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയതിനു ശേഷമേ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് നാം കടക്കേണ്ടതുള്ളൂ.കുട്ടികൾ ശാരീരികമായി ശുചിത്വ മുള്ളവരാകുക എന്നതുപോലെ പ്രധാനമാണ് മാനസികമായി അവരെ സജ്ജമാക്കുക എന്നത്.ഒന്നര വർഷം മുമ്പ് പോയ കുട്ടികളല്ല തിരികെ വരുന്നതെന്ന് നാം അറിയേണ്ടതുണ്ട്. വീട് വിദ്യാലയമാക്കിയവരാണവർ. അരുതെന്ന് വിലക്കിയിരുന്ന ടീവിയും മൊബൈൽ ഫോണും സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചവരാണവർ.

സാങ്കേതിക വിദ്യയിലൂടെ മാത്രം പഠിച്ച് അധ്യാപകന്റെ അസാന്നിധ്യത്തിലും വിദ്യ അഭ്യസിക്കാമെന്ന് അനുഭവിച്ചറിഞ്ഞവരാണവർ. വിദ്യാലയത്തിൽ വരാതിരുന്നിട്ടും പൊതു പരീക്ഷകൾ നേരിട്ട് വിജയിച്ചവരാണവർ. അതുകൊണ്ട് അധ്യാപക സാന്നിധ്യം പഠനത്തിന് അത്യന്താപേക്ഷിതമാണെന്ന്, സ്കൂളിൽ വരേണ്ടത് ഒഴിവാക്കപ്പെടാൻ കഴിയാത്തതാണെന്ന് അവർ അനുഭവത്തിലൂടെ തിരിച്ചറിയണം. കഴിഞ്ഞ ഒന്നര വർഷം ലഭിച്ചതിനെക്കാൾ ഹൃദ്യമായതും മികച്ചതുമായ അറിവനുഭവങ്ങളൊരുക്കി കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്തുക തന്നെ വേണ്ടി വരും. അച്ചടക്കത്തിന്റെ കാഠിന്യമൊന്നും അവൻ പരിഗണിച്ചെന്ന് വരില്ല.കുട്ടികളെ കൂടി ഉൾക്കൊണ്ടു കൊണ്ട് അവർക്ക് സ്വീകാര്യമായ പ്രവർത്തനങ്ങളിലൂടെയാവണം അവരെ കൈപിടിച്ച് വിദ്യാഭ്യാസത്തിന്റെ പൊതു ധാരയിലേക്ക് കൊണ്ടുവരേണ്ടത്.

ഏതായാലും ജീവിതത്തിൽ ഒരു ദുരന്തനുഭവം നേരിട്ട് അടുത്ത തലമുറക്ക് പറഞ്ഞു കൊടുക്കാനുള്ള ജീവിതാനുഭവം സിദ്ധിച്ചവരാണ് നമ്മുടെ കുട്ടികൾ. ഒരു പക്ഷേ പൂർണ്ണമായും നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതിയിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞെന്ന് വരില്ല. പഴയ രീതിക്കൊപ്പം അവരിപ്പോൾ ശീലിച്ചു കൊണ്ടിരിക്കുന്ന രീതികൾ കൂടി ഉൾക്കൊള്ളിച്ച് ഒരു പുതിയരീതി രൂപപ്പെടുത്തേണ്ടതായി വരാം. അതിജീവനത്തിന്റെ,കീഴ്പ്പെട്ടുപ്പോകാതെയുള്ള മറികടക്കലിന്റെ കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിൽ വരാൻ പോകുന്ന നാളുകൾ ഏറെ സുഖകരമായിരിക്കണമെന്നില്ല.ഇതെല്ലാം കണ്ടു കൊണ്ടുള്ള ഒരൊരുക്കം എല്ലാ ഭാഗത്തും ഉണ്ടാകേണ്ടതുണ്ട്.രാജ്യത്ത് കോവിഡ് കേസുകൾ നില നിൽക്കുന്ന സാഹചര്യത്തിലും കുറച്ചു പേരെങ്കിലും രോഗികളാകുന്ന വേളയിലും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയത് ജാഗ്രതകുറവിന് കാരണമാകരുത്.സ്കൂൾ തുറക്കുന്നത് എല്ലാവർക്കും ആശ്വാസമാണെങ്കിൽ കൂടിയും ആശങ്കകൾ ബാക്കിയാണ്. കരുതലാണ് കരുത്ത്.

വി.പി.ജയരാജൻ
(പ്രിൻസിപ്പൽ,ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ
തച്ചമ്പാറ)
Advertisment