Advertisment

മുല്ലപ്പെരിയാര്‍ എന്ന കൊടും ചതിയുടെ കരാര്‍ കഥകളില്‍ നിറയുന്നത് മുഴുവന്‍ അഴിമതി ? എന്നിട്ടും ചുവടു പിഴയ്ക്കുന്ന ചരിത്രം ആവര്‍ത്തിക്കുന്നതെങ്ങനെ ? 999 വര്‍ഷത്തെ അല്‍ഭുത കരാര്‍ കാലാവധി മുതല്‍ മരം മുറി വരെ ചതി തന്നെ - പ്രതികരണത്തില്‍ തിരുമേനി

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ചതിയുടേയും വഞ്ചനയുടേയും പണത്തിന്റേയും കഥയാണ് മുല്ലപ്പെരിയാറിന് പറയാനുള്ളത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ കൃഷിക്കാവശ്യമായ വെള്ളം നൽകുന്നത് മദ്ധ്യ തിരുവിതാംകൂറിലെ 35 ലക്ഷത്തോളം വരുന്ന ജനതയുടെ ജീവൻ തുലാസിൽ ആടുമ്പോഴാണ്.

രാജഭരണകാലത്തെ കഥ വിടാം. ബ്രിട്ടീഷ് അധീനതയിൽ ഭരിച്ചിരുന്ന ഒരു രാജാവിന് പരിമിതികൾ ഉണ്ടായിരുന്നു. എങ്കിലും വിശാഖം തിരുനാൾ രാമവർമ്മ അവസാനം വരെ പിടിച്ചു നിന്നു. ഉടമ്പടി ഒപ്പുവച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ തുല്യം ചാർത്തുന്നത് എന്റെ ഹൃദയ രക്തം കൊണ്ടാണ് എന്നാണ്. എന്നാൽ ജനായത്ത ഭരണം വന്നപ്പോൾ ഉടമ്പടി റദ്ദു ചെയ്തതാണ്.


കേരള ജനതയെ ചതിച്ചത് 1970 ൽ അധികാരമേറ്റ സി. അച്യുതമേനോൻ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്. ഏതോ പ്രലോഭനങ്ങൾക്ക് വഴങ്ങി അദ്ദേഹം നീട്ടിക്കൊടുത്ത കരാർ ഇപ്പോൾ ഡമോക്ലീസിന്റെ വാൾ പോലെ കേരള ജനതയുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്നത്. 999 വർഷത്തേക്ക് ഒരു കരാർ ഒപ്പ് വയ്ക്കുന്നത് ആരെങ്കിലും കേട്ടിട്ടുള്ള കാര്യമാണോ?


കേരളത്തിന്‍റെ ചുവട് പിഴയ്ക്കുന്നു

കൊടും ചതിയുടെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇരട്ടച്ചങ്കനെന്ന് ഓമനപ്പേരുള്ള പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ചുവട് പിഴച്ച് തുടങ്ങിയിരിക്കുന്നു. ഇതുവരെ ഭീഷണിപ്പെടുത്തിയും തല്ലിയും തലോടിയും ഇടത് ഭരണത്തെ നയിച്ചു കൊണ്ടിരിക്കുന്ന പിണറായിയുടെ ചുവട് ആദ്യമായി പിഴച്ചത് മുല്ലപ്പെരിയാർ വിഷയത്തിലാണ്.

ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളെ ഭീഷണി പെടുത്തി വരുതിയിലാക്കാൻ പിണറായി ശ്രമിച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്. ഒരു ജനതയാകെ ആശങ്കയിൽ നിൽക്കുന്ന ഒരു വിഷയത്തിൽ അവരോടൊപ്പം നിൽക്കാതെ എതിർപക്ഷത്താണ് താൻ എന്ന തോന്നൽ പിണറായി സൃഷ്ടിച്ചു എന്നാണ് ആരോപണം.

മാർക്സിസ്റ്റ് പാർട്ടിയിലെ ഒരു അച്ചടക്കവിഷയം കൈകാര്യം ചെയ്യുന്ന ലാഘവ ബുദ്ധിയോടെയാണ് പിണറായി മുല്ലപ്പെരിയാർ കൈകാര്യം ചെയ്തത്.


ഇത് കേരള ജനതക്ക് പിണറായിയുടെ സത്യസന്ധതയിൽ സംശയം ജനിപ്പിച്ചു. പാർട്ടി നേതാക്കൾക്ക് പോലും ന്യായീകരിക്കുവാൻ പറ്റാത്ത ഒരു പത്മവ്യൂഹത്തിൽ പെട്ടിരിക്കുന്നു പിണറായി.


മന്ത്രി റോഷി അഗസ്റ്റിന്റെ ചടുലമായ നീക്കം

തുടർച്ചയായി വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കി. വീണ്ടും സ്ഥിതി ആശങ്കാജനകമായതിനെത്തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അടിയന്തിരമായി മുല്ലപ്പെരിയാറിലെത്തി.

publive-image

തുടർന്ന് അദ്ദേഹം നടത്തിയ കൃത്യമായ നീക്കങ്ങളെത്തുടർന്ന് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കി കളയാൻ തമിഴ്നാട് സമ്മതിക്കുകയും ജലനിരപ്പ് 136 നും 138 നും ഇടയിലാക്കാൻ സാധിക്കുകയും ചെയ്തു. മൂന്ന് ദിവസമാണ് റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാറ്റിൽ ക്യാമ്പ് ചെയ്തത്.

തമിഴ്നാട് മന്ത്രി ദുരൈ മുരുകന്റെ സന്ദർശനം ജനങ്ങളിൽ സംശയം ജനിപ്പിച്ചു. വെള്ളം ഒഴുക്കി കളഞ്ഞ് ജലനിരപ്പ് സ്ഥിരപെടുത്തിയതോടെ ആശങ്കക്ക് അല്പം അയവ് വന്നു. എന്നാൽ തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ മുല്ലപ്പെരിയാർ സന്ദർശിക്കുകയും മാധ്യമങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കുകയും ചെയ്തപ്പോൾ സ്ഥിതി കൂടുതൽ വഷളായി.

ബേബി ഡാം ശക്തിപ്പെടുത്താൻ അവിടെ തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിക്കുവാൻ കേരളം അനുവാദം നൽകണമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും കേരള മണ്ണിൽ നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അപ്പോഴും മൗനം ?

വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കം. കേരള ജനതയെ ഞെട്ടിച്ചു കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ 15 മരം മുറിക്കാനുള്ള അനുമതി തമിഴ് നാടിന് നൽകി. തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നന്ദി പ്രകടിപ്പിച്ചു കൊണ്ട് പിണറായിക്ക് സന്ദേശമയച്ചു.

അപ്പോഴാണ് കേരളം അപകടം മണത്തത്. മാധ്യമങ്ങൾ വിഷയം ശക്തമായി ഏറ്റെടുത്തപ്പോൾ വനം മന്ത്രി ശശീന്ദ്രൻ കൈ കഴുകി. പാപഭാരം സത്യസന്ധതക്ക് പേരു കേട്ട ഒരു ഉദ്യോഗസ്ഥന്റെ തലയിൽ വച്ചു. എ.കെ. ശശീന്ദ്രന്‍ അറിഞ്ഞു കൊണ്ട് നടന്ന തീരുമാനമാണ് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമായി സൂചിപ്പിക്കുന്നുണ്ട്. നിയമസഭയിൽ പ്രശ്നം സജീവ ചർച്ചക്ക് വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥനെ ബലിയാടാക്കി. നിയമസഭയിലും മുഖ്യന് മൗനം.

ചതിയുടെ കഥ പറയുന്ന മിനിറ്റ്സ്

2021 ഒക്ടോബർ 20 ന് ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസിന്റെ ചേമ്പറിൽ നടന്ന യോഗത്തിന്റെ മിനിറ്റ്സ് ചതിയുടെ തനിയാവർത്തനത്തിന്റെ കഥ പറയുന്നു.

കേന്ദ്ര ജലവിഭവ കമ്മീഷൻ അംഗങ്ങൾ, ടി.കെ. ജോസ് ഐ.എ.എസ്, തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് ഞെട്ടിപ്പിക്കുന്നതാണ്.

മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണി ഇല്ലെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കുന്നതിന് അനുവാദം നൽകണമെന്നുമാണ് മിനിറ്റ്സിൽ പറയുന്നത്.

ഇതിലപ്പുറം എന്ത് ചതിയാണ് നമ്മോട് ചെയ്യാനുള്ളത്. ഇതും ദുരൈ മുരുകന്റെ വെളിപ്പെടുത്തലും ചേർത്ത് വായിക്കുമ്പോഴാണ് കൊടുക്കൽ വാങ്ങലുകളുടെ ചിത്രങ്ങൾ തെളിയുന്നത്. എത്ര നിഷ്കളങ്കനായാണ് എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പ്രസംഗിച്ചത്? കേരളത്തിലെ ജനങ്ങൾ വിഡ്ഢികളും മന്ദബുദ്ധികളും ആണെന്നാണോ ശശീന്ദ്രന്‍ കരുതുന്നത്?

തമിഴന്മാർ പറത്തിവിട്ട പരുന്തുകൾ നമുക്ക് മുകളിൽ !

പി.സി. ജോർജിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. അദ്ദേഹം ഒരു നിയമസഭാ കമ്മിറ്റിയുടെ ചെയർമാനായിരിക്കുമ്പോൾ തമിഴ്നാടിന്റെ ഒരു ഉദ്യോഗസ്ഥൻ മുല്ലപ്പെരിയാർ വിഷയത്തിൽ വൻ ഓഫറുമായി സമീപിച്ചു എന്നാണ് പി.സി. ജോർജ് തുറന്ന് പറഞ്ഞത്. അദ്ദേഹം അയാളെ ആട്ടിപ്പായിച്ചു.

കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളിലെ മുൻ നിര നേതാക്കൻമാരെല്ലാം തമിഴന്റെ കാശ് വാങ്ങുന്നുവെന്ന ഞെട്ടിക്കുന്ന സത്യം നമ്മെ തുറിച്ചു നോക്കുന്നു. അതുകൊണ്ട് യു.ഡി.എഫ് ഭരണത്തിൽ വന്നാലും ഇക്കാര്യത്തിൽ നമുക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകാൻ പോകുന്നില്ല. തമിഴന്മാർ പണത്തിന് പുറമേ ആവശ്യമുള്ള എന്തും നൽകും.

അതുകൊണ്ട് ഇക്കാര്യത്തിൽ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനേയും വിശ്വസിക്കാൻ കൊള്ളില്ല.

ജസ്റ്റിസ്. കെ.ടി. തോമസ് എന്ന ന്യായാധിപന്റെ അഭിപ്രായ പ്രകടനം. മേൽനോട്ട സമിതിയിൽ കേരളത്തിന്റെ പ്രാതിനിധ്യം വഹിക്കുന്ന വ്യക്തിയാണ് സുപ്രീം കോടതി റിട്ട.ജസ്റ്റിസ് കെ.ടി.തോമസ്. അദ്ദേഹം വാദിക്കുന്നത് തമിഴ്നാടിന് വേണ്ടിയാണ്. ഡാമിന് യാതൊരു സുരക്ഷാ ഭീഷണി ഇല്ലെന്നും ജലനിരപ്പ് 152 അടിയാക്കുന്നതിൽ കുഴപ്പമില്ലെന്നുമാണ് കേരളത്തിന്റെ പ്രതിനിധിയുടെ വാദം. എങ്ങിനെയുണ്ട് ?

ഒരു ന്യായാധിപൻ എങ്ങിനെയാണ് 126 വർഷം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങിനെ കുറ്റം പറയും ?

നമ്മുടെ ഭരണകൂടം, പ്രതിപക്ഷം, നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥ വൃന്ദം ഇവയെല്ലാം ഇക്കാര്യത്തിൽ നമുക്കെതിരാണ്. മാധ്യമങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പമുള്ളത്. അതറിയാമെന്നതുകൊണ്ടാണ് പിണറായി സോഷ്യൽ മീഡിയയെ വിരട്ടാൻ നോക്കിയത്.

അനിവാര്യം ജന മുന്നേറ്റം മാത്രം !

മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ കേരളത്തിൽ മധ്യതിരുവിതാം കൂറിനെ കേന്ദ്ര ബിന്ദു വാക്കി ജനങ്ങളുടെ ഒരു മുന്നേറ്റം ഉണ്ടാകണം. രാഷ്ട്രീയ നേതൃത്ത്വത്തെ മാറ്റിനിർത്തിക്കൊണ്ട് സഭാ മേലധ്യക്ഷൻമാരും എൻ.എസ്.എസ്., എസ്.എൻ.ഡി.പി. തുടങ്ങിയ സാമദായിക സംഘടനകളുടെ നേതാക്കളും നേതൃത്ത്വം നൽകുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുക എന്നതാണ് ഇതിന്റെ പോംവഴി. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരണം.

കരാർ റദ് ചെയ്യണം. ഡാം ഡീകമ്മീഷൻ ചെയ്യണം.

സുപ്രീം കോടതിയിൽ കേരളം കേസ് നല്ല രീതിയിൽ നടത്തുകയില്ല. കാരണം തല തമിഴന്റെ കക്ഷത്തിനകത്താണ്. തമിഴന്മാർക്ക് ഇത്ര ബുദ്ധിയില്ലാതായിപ്പോയല്ലോ. ഡാമിനെന്തെങ്കിലും സംഭവിച്ചാൽ തമിഴന് നാളെ എങ്ങിനെ വെള്ളം കിട്ടും ?

പുതിയ ഡാം നിർമ്മിച്ച് വെള്ളം പഴയതു പോലെ കൊണ്ടുപോയി കൃഷി ചെയ്യന്നതിന് പകരം കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്ക് കോടികൾ കൊടുക്കുന്ന തമിഴന്മാരെ മന്ദബുദ്ധികൾ എന്നല്ലേ വിളിക്കേണ്ടത്. ഇത്രയും കാലം കൈക്കൂലിയായി ഒഴുക്കിയ കോടികൾ ചെലവിട്ടാൽ രണ്ട് പുതിയ ഡാം പണിയാമായിരുന്നല്ലോ. നമ്മുടെ അണ്ണൻമാരുടെ നല്ല സമയം.

voices
Advertisment