അനുപമയെ വഴിയാധാരമാക്കി വിനു വി. ജോൺ. സ്വന്തം കുഞ്ഞിനെ വീണ്ടെടുക്കുവാൻ അനുപമ തിരഞ്ഞെടുത്ത വഴി തെറ്റി. നിയമത്തിന്റെ വഴിയിലൂടെ കുരുക്കഴിക്കാൻ ശ്രമിക്കാതെ മാധ്യമ വിചാരണ നടത്തിയപ്പോൾ വിഷയം കൂടുതൽ സങ്കീർണ്ണമായി. കേസ് കുടുംബ കോടതിയുടെ പരിഗണനക്ക് ഇരിക്കുന്നതിനാൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
എല്ലാം നിയമപരമായിത്തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് ശിശുക്ഷേമ സമിതി കുടുംബ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നു. കുഞ്ഞിന്റെ അമ്മ അറിയാതെയാണ് ദത്ത് നടന്നിരിക്കുന്നത് എന്ന ഒറ്റ പിടിവള്ളി മാത്രമാണ് അനുപമക്കുള്ളത്.
എന്നാൽ അവിടേയും രണ്ട് വാദമുഖങ്ങൾ ഉണ്ട്. അനുപമയെ സഹായിക്കാം എന്ന് ചാനലിൽ വന്ന് വീമ്പിളക്കിയവരെ ഒന്നും കാണുന്നില്ല. വായ തുറന്നാൽ മ്ലേച്ഛമായ വാക്കുകൾ മാത്രം ഉച്ചരിക്കുന്ന സാമൂഹ്യ പ്രവർത്തകകൾ. അറപ്പുളവാക്കുന്ന വാക്കുകൾ കൊണ്ട് ആണുങ്ങളെ തെറി വിളിക്കുന്ന ഇക്കൂട്ടരെ പ്രോത്സാഹിപ്പിക്കുന്ന അവതാരകൻ. ഇവരൊക്കെയാണ് അനുപമയെ വഴിയാധാരമാക്കിയത്.
തങ്ങളുടെ മക്കൾക്ക് ഒരു തെറ്റ് പറ്റിയാൽ മാതാപിതാക്കൾ എന്ത് ചെയ്യും? ആ തെറ്റ് തിരുത്തി മക്കളെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കും. ഇവിടെ അനുപമയുടെ കുടുംബപരമായ വിഷയം ചർച്ചക്കെടുത്ത് വിനു. വി ജോൺ ആ കുടുംബത്തെ ഇല്ലാതാക്കിക്കളഞ്ഞു. അനുപമയുടെ കുടുംബത്തെ സമൂഹ മധ്യത്തിലേക്ക് വലിച്ചിട്ട് അപഹാസ്യരാക്കി.
അവിഹിതത്തിന്റേയും സദാചാരമില്ലായ്മയുടേയും വിഷയങ്ങളിലേക്ക് ചാനൽ ചർച്ചകൾ അധ:പതിച്ചു കളഞ്ഞു. സാമൂഹിക പ്രവർത്തകകൾ എന്ന മുഖം മൂടിയണിഞ്ഞ് ചിലർ ചാനലുകളിൽ വന്നിരുന്ന് വിഷം ചീറ്റി. അനുപമയെ പരമാവധി പ്രോത്സാഹിപ്പിച്ചു. എന്നിട്ടെന്തുണ്ടായി. ഇതൊരു സങ്കീർണമായ നിയമപ്രശ്നത്തിലേക്ക് പോവുകയാണ്. കുട്ടിയെ ദത്തെടുത്ത ആന്ധ്രാ ദമ്പതികളുടെ നിലപാടും നിർണായകമാണ്.
ചോദ്യം ഇതാണ്? കുട്ടിയെ ദത്ത് നൽകുന്നത് വരെ അനുപമ എവിടെ ആയിരുന്നു?
എന്തുകൊണ്ട് നിയമ നടപടികൾ സ്വീകരിച്ചില്ല? ഇങ്ങിനെയൊരു വിഷയത്തിൽ പാർട്ടിയേയും പാർട്ടി നേതാക്കളേയുമാണോ കാണേണ്ടത്? പാർട്ടി നേതാക്കൾക്ക് കുഞ്ഞിനെ വീണ്ടെടുത്ത് കൊടുക്കുന്നതിൽ എന്ത് ഉത്തരവാദിത്വമാണ് ഉള്ളത്? അനാവശ്യമായി ശ്രീമതി ടീച്ചറിനേയും ആനാവൂർ നാഗപ്പനേയും എല്ലാം ഇതിൽ വലിച്ചിഴച്ചത് എന്തിന്? ഇത് അവരുടെ ജോലിയാണോ?
നിയമപരമായ ഒരു കാര്യത്തിൽ കോടതി ഇടപെടേണ്ടിടത്ത് ഒരു മുഖ്യമന്ത്രിക്ക് എന്ത് ചെയ്യാൻ കഴിയും?
ഇതൊന്നും ആലോചിക്കാൻ ബുദ്ധിയില്ലാത്ത വ്യക്തിയല്ല അനുപമ. പേരൂർക്കട പോലീസ് കേസ് എടുത്തില്ലെങ്കിൽ പരാതി നേരിട്ട് മജിസ്ട്രേറ്റിന് നൽകാമായിരുന്നില്ലേ ? ഈ ചോദ്യങ്ങൾ ഒന്നും തന്നെ ചർച്ചയിൽ ആരും ചോദിച്ചില്ല. അല്ലെങ്കിൽ ചോദിക്കാൻ പ്രാപ്തിയുള്ളവരെ ചർച്ചയിൽ വിളിച്ചില്ല. ഇതെല്ലാം സാമാന്യ ബുദ്ധിയുള്ളവർക്ക് തോന്നിയ സംശയങ്ങളാണ്.
അമ്മ, കുഞ്ഞ്, ദത്ത് എന്നീ സെൻസേഷനുകൾ ഉണ്ടാക്കി ചാനലിന്റെ റേറ്റിങ് കൂട്ടുകയായിരുന്നു വിനു വി ജോണിന്റെ ലക്ഷ്യം. അല്ലാതെ അനുപമയെ സഹായിക്കുക എന്നതല്ലായിരുന്നു. എന്നാൽ കുടുംബിനികളായ സ്ത്രീകൾ ചർച്ച തുടങ്ങിയപ്പോൾ ടിവി ഓഫ് ചെയ്ത് വേറെ ജോലിക്ക് പോയി. കാരണം അത്രയും മ്ലേച്ഛമായിരുന്നു ചർച്ചയുടെ നിലവാരം.
അച്ഛനും മക്കളും കുടുംബത്തിൽ അല്ലെങ്കിൽ കോടതിയിൽ തീർക്കേണ്ട ഒരു വിഷയം തീർക്കാനായി ഏഷ്യാനെറ്റ് ഏറ്റെടുത്തപ്പോൾ അപഹസിക്കപ്പെട്ടത് ഒരു കുടുംബം. വഴിയാധാരമായത് പാവം ഒരു പെൺകുട്ടി. ഇപ്പോൾ പാർട്ടിയും ശത്രു പക്ഷത്തായി.
ശിശുക്ഷേമ സമിതിയും ശത്രു പക്ഷത്തായി. സഹായിക്കാമെന്നേറ്റ മഹതികളെ കാണാനുമില്ല. എന്ത് നാറിയ പണി ചെയ്തും ചാനലിന്റെ റേറ്റിങ് കൂട്ടുക എന്നതാണ് മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ അജണ്ട. അതിന് വേണ്ടി അവർ എന്തും ചെയ്യും. അതിന്റെ അവസാനത്തെ ഇരയാണ് അനുപമ. ഈ ദുരന്തം എന്നാണ് അവസാനിക്കുക.?