പുതിയ പ്രഭാതം സ്വപ്നം കണ്ടുകൊണ്ട് ഉറങ്ങാന്‍ കിടന്ന ഒരു പ്രദേശവാസികളെ മുഴുവന്‍ വെള്ളത്തില്‍ മുക്കിത്താഴ്ത്തിക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ 10 ഷട്ടറുകള്‍ യാതൊരു
മുന്നറിയിപ്പുമില്ലാതെ പുലരാന്‍ ഏറെ നാഴികകള്‍ അവശേഷിക്കുന്ന സമയത്ത് ഉയര്‍ത്തിയപ്പോള്‍ ഇവിടെ ആ ജനതയുടെ മുഴുവന്‍ മൗലിക അവകാശങ്ങളും തകര്‍ക്കപ്പെടുകയായിരുന്നു.
എത്ര എത്ര കൊച്ചു കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, കിടപ്പു രോഗികള്‍, വൃദ്ധരായ മാതാപിതാക്കള്‍, ഒന്നാലോചിച്ചു നോക്കു എത്ര ദയനീയമായ കരളലിയിക്കുന്ന ദൃശ്യം...
കോവിഡ് മഹാമാരിക്കു പുറമെ, കാലംകെട്ടു പെയ്തുകൊണ്ടിരിക്കുന്ന ഈ പെരുമഴക്കാലത്ത്
നാമെല്ലാം പുതപ്പിനുള്ളില്‍ മൂടിപ്പുതച്ച് സുഖ സുഷുപ്തിയില്‍ ഉറങ്ങുമ്പോള്‍ ഇവിടെ ഒരു
ജനതയുടെ സ്വപ്നങ്ങളും സമാധാനവും സാമ്പാദ്യവും എല്ലാം മുല്ലപ്പെരിയാറില്‍നിന്നും
തുറന്നുവിട്ട മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്നു. ഇവിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്
നിഷ്ക്രിയമായി ഇരിക്കാന്‍ കഴിയുമൊ. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമൊ.
ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഈ പ്രദേശവാസികളായ പാവങ്ങള്‍ക്കും ബാധകമല്ലെ. അതു സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കും നിയമസംവിധാനങ്ങള്‍ക്കുമില്ലെ.
126 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിത മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ആയുസു പൂര്‍ത്തിയായിട്ടു
ഇപ്പോള്‍ മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചു നീക്കി പുതിയ ഡാം
നിര്‍മ്മിക്കണമെന്ന ആവശ്യത്തിനു തന്നെ പതിറ്റാണ്ടകളുടെ പഴക്കമുണ്ട്. സുപ്രീം കോടതി വരെ പോയി കേസു നടത്തി 142 അടിയാക്കി ഉയര്‍ത്തിയ ജലനിരപ്പ് ഇനി എങ്ങനെ 152 അടിയില്‍ എത്തിക്കാമെന്ന ആലോചനയിലാണ് തമിഴ്നാട്. മഹാ കഷ്ടം തന്നെ.
ഒരു സംസ്ഥാനത്തിന്‍റെ വെള്ളക്കൊതിക്കു മുന്നില്‍ ഒരു പ്രദേശവാസികള്‍ മാത്രമല്ല, കേരള ജനത
ഒന്നടങ്കം അസ്വസ്ഥരാണ്. എന്നാല്‍ എന്തുകൊണ്ട് ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല. നാം ആരെയാണ് ഭയക്കുന്നത്. എന്തിനെയാണ് ഭയക്കുന്നത്.
നമ്മുടെ ജനതയുടെ സുരക്ഷയും, അവകാശങ്ങളും സംരക്ഷിക്കേണ്ടതല്ലെ. ആയതിന് യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. കേരള ജനത മാത്രമല്ല, മുഴുവന്‍ മനുഷ്യസ്നേഹികളും
സര്‍ക്കാരിനൊപ്പമുണ്ടാകും.
തമിഴ്നാടിന്‍റെ ധാര്‍ഷ്ട്യമാണ് കഴിഞ്ഞ രാത്രിയില്‍ കണ്ടത്. മുന്നറിയിപ്പിലാതെയും, രാത്രി സമയത്തും യാതൊരു കാരണവശാലും ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കരുതെന്നു ജല വിഭവ വകുപ്പു മന്ത്രിയും ബന്ധപ്പെട്ട എംഎല്‍എമാരും ജില്ലാ കളക്ടറും ആവശ്യപ്പെട്ടിട്ടുപോലും ഈ ആവശ്യങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കാതെ നാടു മുഴുവന്‍ ഗാഢനിദ്രയില്‍ ആയിരിക്കുന്ന
രാത്രി 3 മണി സമയത്ത് ഡാമിന്‍റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍റില്‍ എണ്ണായിരത്തിലേറെ ഘനയടി വെള്ളം പുറത്തേക്കൊഴുക്കിവിട്ട പ്രവൃത്തി ദുഷ്ടമനസ്സോടെയുള്ളതായിരുന്നുവെന്ന് വിലയിരുത്തേണ്ടിവരുന്നു.
താമിഴ്നാടിന്‍റെ ഈ ധാര്‍ഷ്ട്യം കോടതികളും സര്‍ക്കാരുകളും കാണാതെ പോകരുത്. ഈ പ്രദേശവാസികളും മനുഷ്യരാണ്. എല്ലാവരേയും പോലെ തന്നെ സ്വസ്ഥതയോടെ സമാധാനമായി ജീവിക്കുവാനും സ്വപ്നം കാണാനും അവകാശമുള്ളവരാണ്. അവരുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്നത് എന്തു തന്നെയായാലും അതിനു പരിഹാരമുണ്ടായെ
തീരു...