/sathyam/media/post_attachments/dzPXoSNUJLlswpjwQA79.jpg)
വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം ആശങ്കാജനകമായി വർധിക്കുന്നു എന്നതാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ എല്ലാം തന്നെ മയക്കുമരുന്നു ലോബിയുടെ പിടിയിൽ അമർന്നിരിക്കുന്നു. കൊച്ചിയാണ് മയക്കുമരുന്നു ലോബിയുടെ സിരാ കേന്ദ്രം.
ഏതാനും വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ ഒരു സംവിധായകന്റേയും നടിയുടേയും ഒരു യുവ നടന്റേയും പേരുകൾ മയക്കുമരുന്നു ലോബിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരുന്നു.
മലയാള സിനിമയുടെ ആസ്ഥാനം കൊച്ചി ആയതോടെ കൊച്ചി നഗരത്തിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായി.
ഡിജെ പാർട്ടികൾ ഹോട്ടലുകളിലെ നിത്യ പരിപാടികളുടെ ഭാഗമായി. സിനിമാ പ്രവർത്തകരിൽ പലരും മയക്ക്മരുന്നിന്റ ഉപയോക്താക്കളും വിൽപനക്കാരുമായി മാറി. കൊച്ചിയിൽ മയക്കുമരുന്നിന്റെ ഉപയോഗം ക്രമേണ വർദ്ധിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കോവിഡ് വ്യാപനത്തോടെ ലോക് ഡൗൺ നിലവിൽ വന്നപ്പോൾ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിട്ടപ്പോൾ മദ്യത്തിന്റെ ലഭ്യത ഇല്ലാതായി. ഈ സാഹചര്യത്തിലാണ് കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മദ്യത്തെ ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപയോക്താക്കളായി.
ലോക്ഡൗൺ പൂർണമായും പിൻവലിച്ചതോടെ നഗരത്തിലെ ഹോട്ടലുകളിൽ അരാജകത്വം വിളയാടി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പോലീസ് നിഷ്ക്രിയരായി. ഇതാണ് ഇന്നത്തെ ഗുരുതരമായ അവസ്ഥക്ക് കാരണം.
മോഡലിങ്ങിലും അഭിനയത്തിലും താൽപര്യം കാണിക്കുന്ന പെൺകുട്ടികളെ വലയിലാക്കി ഹോട്ടലുകളിലെ ഡിജെ പാർട്ടികളിൽ എത്തിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. അവിടെ വച്ച് പെൺകുട്ടികൾക്ക് മയക്ക്മരുന്ന് അവരറിയാതെ നൽകുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. പിന്നീട് ഇവർ മയക്കുമരുന്നിന്റെ അടിമകൾ ആയിത്തീരുന്നു.
കൊച്ചി പഴയ കൊച്ചിയല്ല. കോടികൾ മറിയുന്ന മയക്കുമരുന്നു വ്യാപാരത്തിന്റെ സിരാ കേന്ദ്രമാണ്. കേരളത്തിലെ വളർന്നു വരുന്ന തലമുറ മയക്കുമരുന്നിന്റെ പിടിയിൽ അമർന്നു വീഴുന്ന ദുരന്തപൂർണമായ കാഴ്ചയാണ് ഇന്ന് നമ്മുടെ മുമ്പിൽ.
വളർന്നു വരുന്ന ഉപഭോഗ സംസ്ക്കാരം ഇതിലേക്ക് നയിക്കുന്ന ഒരു കാരണമാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന അധിക മാനസികസമ്മർദം ലഘൂകരിക്കുന്നതിന് അവർ ഇത്തരം വഴി തേടുന്നു. ഭരണാധികാരികളും മതമേധാവികളും രക്ഷകർത്താക്കളും സാമൂഹ്യ പ്രവർത്തകരും എല്ലാവരും ഒന്നിച്ച് നിന്നാൽ മാത്രമേ ഇതിന് അറുതി വരുത്താൻ സാധിക്കുകയുള്ളു.