ഒരു ഭരണാധികാരിയുടെ വിജയത്തിന്റെ അളവുകോൽ എന്താണ് ? പല അഭിപ്രായങ്ങൾ വന്നേക്കാം. പ്രധാനമായും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുക എന്നതാണ്. എന്നാൽ എടുക്കുന്ന തീരുമാനം നൂറ് ശതമാനം ഫലപ്രാപ്തിയിൽ എത്തണമെന്നില്ല. എങ്കിലും തീരുമാനമെടുക്കാതെ ഒളിച്ചോടുന്ന ഭരണാധികാരിയെ ദൂർബലൻ എന്ന് ചരിത്രം വിലയിരുത്തും.
സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യ വിഘടിച്ചു നിന്നിരുന്ന കുറെ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടായ്മ മാത്രമായിരുന്നു. ഈ നാട്ടുരാജ്യങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതാക്കി ഇന്ത്യൻ യൂണിയൻ ആക്കിയത് അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലായിരുന്നു.
പലയിടത്തും ശക്തി ഉപയോഗിക്കേണ്ടി വന്നു. അത് അന്നത്തെ അനിവാര്യത ആയിരുന്നു.
ഇന്ത്യയെ സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി രൂപപ്പെടുത്തി എടുത്തത് മഹാനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു. അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടും മികച്ച ഭരണപാടവവുമാണ് ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നൽകിയത്.
ലോകം കണ്ട മികച്ച സ്റ്റാറ്റിസ്റ്റീഷ്യനായ ഡോ. മഹാൽനോബീസിന്റെ കഴിവ് ഉപയോഗപ്പെടുത്തിയാണ് നെഹ്റു പഞ്ചവത്സര പദ്ധതിക്ക് രൂപം കൊടുത്തത്. ഇന്നേവരെ ഭാരതം കണ്ട മികച്ച പദ്ധതി ആസൂത്രണമായിരുന്നു അത്.
ഇന്ത്യയിലെ കൃഷി, വ്യവസായം , വിദ്യാഭ്യാസം ഇവയെല്ലാം ഇന്നത്തെ നിലയിൽ രൂപപ്പെടുത്തി എടുത്തത് പഞ്ചവത്സര പദ്ധതിയിലൂടെയാണ്. മഹാൽ നോ ബീസിന്റെ വീട്ടിലേക്ക് പ്രധാനമന്ത്രി നെഹ്‌റു ചെല്ലുമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന ആസാദും നെഹ്റുവും ചേർന്ന് രൂപം കൊടുത്തവയാണ് ഇന്നത്തെ ഐ.ഐ.ടി കൾ.
ഇതാണ് ഇഛാശക്തിയും ദീർഘവീക്ഷണവും എന്ന് സൂചിപ്പിച്ചത്. വിദേശ രാഷ്ട്ര തലവൻമാരും ആയി വളരെ നല്ല ബന്ധം കാത്ത് സൂക്ഷിക്കാനും നെഹ്റു ശ്രദ്ധിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് ആയിരുന്നു പണ്ഡിറ്റ് ജി.
പിന്നീട് സോഷ്യലിസ്റ്റ് മഹാൻമാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ആർക്കും രാജ്യത്തിന് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഇച്ഛാശക്തി പോലെ നെഹ്റുവിനുണ്ടായിരുന്ന മറ്റൊരു ഗുണമായിരുന്നു സഹിഷ്ണുത. വിമർശനങ്ങളെ വളരെ പോസിറ്റീവ് ആയി അദ്ദേഹം എടുക്കുമായിരുന്നു.
പിന്നീട് വന്ന ഇന്ദിരാ ഗാന്ധി വളരെയധികം ഇഛാശക്തിയും ഭരണപാടവവുമുള്ള പ്രധാനമന്ത്രിയായിരുന്നു. ശക്തമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് ഇന്ദിരാ ഗാന്ധിയുടെ പ്രത്യേകതയായിരുന്നു. ലോക നേതാക്കൾക്ക് ഇന്ദിരയെ ഭയവും ബഹുമാനവുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ മൂലക്കല്ല് എന്ന് പറയുന്നത് ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാൽക്കരണമായിരുന്നു.
കൃഷി വ്യവസായം, വിദ്യാഭ്യാസം ഇവയെല്ലാം വികസിച്ചതോടാപ്പം ഇന്ത്യയെ മികച്ച സൈനിക ശക്തിയാക്കി മാറ്റുന്നതിലും ഇന്ദിരാ ഗാന്ധി വലിയ പങ്ക് വഹിച്ചു. വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിൽ കാണിച്ച ചെറിയ വീഴ്ച അവസാന കാലത്ത് ഇന്ദിരയുടെ ഭരണത്തിൽ ചെറിയ കരിനിഴൽ വീഴ്ത്തി.
എങ്കിലും ഇന്ത്യയെ ലോകശക്തിയാക്കി മാറ്റിയത് ഇന്ദിരയുടെ ഇച്ഛാശക്തി ഒന്നു മാത്രമാണ്.
പിന്നീട് വന്ന മൊറാർജി ദേശായി ഒരു തികഞ്ഞ പരാജയമായിരുന്നു. ഇന്ത്യയിൽ ആധുനിക സാങ്കേതിക വിദ്യയുടെ വിത്ത് പാകിയത് രാജീവ് ഗാന്ധി എന്ന ദീർഘദർശിയായ പ്രധാനമന്ത്രിയാണ്. ഇന്ന് നാം കാണുണ എല്ലാ സൗകര്യങ്ങളും നമുക്ക് ലഭ്യമായത് രാജീവ് ഗാന്ധിയുടെ ഇച്ഛാശക്തി മൂലമാണ്. അന്ന് കംപ്യൂട്ടറിനെതിരെ മുറവിളി കൂട്ടിയ എല്ലാവരും ഇന്ന് കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ആണ്.
ഇന്ത്യക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്ത പ്രധാനമന്ത്രി വി.പി.സിംഗാണ്. അദ്ദേഹം നടപ്പാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആണ് ഇന്ത്യയെ ജാതി രാഷ്ട്രീയത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞ് കൊടുത്തത്. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ധനകാര്യ മന്ത്രി ആയിരുന്ന മൻമോഹൻ സിംഗ് നടപ്പാക്കിയ ആഗോളവൽക്കരണം ഇന്ത്യയെ ലോക മാർക്കറ്റിലേക്ക് ആനയിച്ചു. ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തും ഉദ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ നമുക്ക് ഇവിടെ ലഭ്യമാണ്.
നരസിംഹ റാവുവിന്റെ ഭരണകാലത്ത് കാണിച്ച ഒരു വലിയ മണ്ടത്തരത്തിന് കോൺഗ്രസ് പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു. ബാബറി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നത് കോൺഗ്രസിന്റെ തകർച്ചയിലേക്കും ബി.ജെ.പിയുടെ വളർച്ചയിലേക്കും നയിച്ചു. ഇച്ഛാശക്തി തീരെ ഇല്ലാത്ത ഒരു ഭരണാധികാരിയായിരുന്നു നരസിംഹറാവു. തീരുമാനമെടുക്കാതെ വൈകിക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.
രാഷ്ട്രീയ കാര്യങ്ങൾ മാറ്റി നിർത്തിയാൽ നരേന്ദ്ര മോദി ഇച്ഛാശക്തിയുള്ള ഭരണാധികാരിയാണ്. വിദേശ രാജ്യങ്ങളുമായി ഇന്ന് ഇന്ത്യക്ക് നല്ല ബന്ധമാണ്. ശക്തനായ ഭരണാധികാരിയാണ് മോദി എന്നതിൽ സംശയമില്ല. ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകർക്ക് പരമാവധി വില ലഭിക്കുവാൻ വേണ്ടി കൊണ്ടു വന്ന കാർഷിക നിയമത്തിന് ചില്ല നല്ല വശങ്ങളുണ്ടായിരുന്നെങ്കിലും കർഷകരെ വിശ്വാസത്തിലെടുത്ത് നടപ്പാക്കുന്നതിൽ മോദിക്ക് പരാജയം സംഭവിച്ചു.
നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ഭരണകൂടങ്ങൾ മാറി മാറി വന്നിട്ടുണ്ട്. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ രംഗത്ത് നടത്തിയ പരിഷ്ക്കാരങ്ങൾ റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരി നടത്തിയ ഭൂപരിഷ്ക്കരണം ഇവയൊക്കെ കുറെ സാമൂഹ്യ മാറ്റത്തിന് വഴിവച്ചെങ്കിലും പലതും ഫലപ്രാപ്തിയിൽ എത്തിയില്ല.
ഇടത്തരക്കാരായ പലരേയും ജന്മിമാരെന്ന് മുദ്രകുത്തി ശക്തി ഉപയോഗിച്ച് ഭൂമി പിടിച്ചെടുത്തു. ഭൂരഹിതർക്ക് നൽകുമെന്ന് പറഞ്ഞെങ്കിലും ഇന്നും ഒരു തുണ്ട് ഭൂമിയില്ലാത്ത ലക്ഷങ്ങൾ കേരളത്തിലുണ്ട്. സർക്കാർ ഭൂമി യഥേഷ്ടം കൈയ്യേറുന്ന വൻകിടക്കാരെ സർക്കാർ തന്നെ രക്ഷിക്കുന്നു.
ഇഛാശക്തിയുള്ള ഭരണാധികാരികൾ ഇല്ലാതെ വരുമ്പോൾ ഭരണ സംവിധാനവും സാമൂഹ്യ വ്യവസ്ഥിതിയും കുത്തഴിയുന്നു എന്നതിന് കേരളം വലിയ ഉദാഹരണമാണ്. ഇ.എം.എസിന് ഭരണപാടവം കാണിക്കാനുള്ള കാര്യമായ സമയം കിട്ടിയില്ല. സി.അച്ചുത മേനോൻ എന്ന സി.പി.ഐ മുഖ്യമന്ത്രി നല്ല ഭരണാധികാരി ആയിരുന്നെങ്കിലും ദൂരക്കാഴ്ച ഇല്ലായ്മ മൂലം മുല്ലപ്പെരിയാർ ഉൾപ്പടെ പല കാര്യങ്ങളിലും കേരളത്തിന് വലിയ വില നൽകേണ്ടി വന്നു.
കെ.കരുണാകരൻ നല്ല ഇച്ഛാശക്തിയുള്ള ഭരണാധികാരി ആയിരുന്നു. ഇന്ദിരാ ഗാന്ധിയുമായുള്ള അടുപ്പം മൂലം പല പദ്ധതികളും കേരളത്തിൽ കൊണ്ടുവരാൻ കരുണാകരന് കഴിഞ്ഞു. കരുണാകരന് ശേഷം വന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകിയിട്ടില്ല.
എ.കെ.ആന്റണിയുടെ സമയത്ത് സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിങ് കോളേജുകൾ കൊണ്ടുവന്നു എന്നത് ഒരു നേട്ടമാണ്. മറ്റുള്ളവരൊക്കെ ഇരുന്ന് സമയം തീർക്കുകയല്ലാതെ കാര്യമായി ഒന്നും ചെയ്തില്ല.
ഇനി പിണറായി വിജയനെക്കുറിച്ച്. പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ തികഞ്ഞ പരാജയമാണ്. വേണമെങ്കിൽ കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭ എന്ന് പറയാം. പിണറായി ഇച്ചാശക്തി ഇല്ലാത്ത ഒരു ഭരണാധികാരിയാണ്. കെട്ടി ഉയർത്തിയ ഒരു ഇമേജ് ആണ് അദ്ദേഹത്തിനുള്ളത്.
ഒരു തീരുമാനവും എടുക്കുന്നില്ല. പിണറായി ആഭ്യന്തര വകുപ്പ് അടിയന്തിരമായി ഒഴിയണം. അദ്ദേഹത്തിന് പോലീസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ബെഹ്റ എന്ന ഡി.ജി.പി കേരള പോലീസിന്റെ അച്ചടക്കം ഇല്ലാതാക്കി.
കസ്റ്റഡി മരണം, സ്ത്രീ പീഡനം. ആത്മഹത്യ, മയക്ക്മരുന്ന് ഉപയോഗം ഇവയെല്ലാം അടിക്കടി വർദ്ധിക്കുന്നു. ഒന്നും ചെയ്യാതെ സർക്കാർ കൈ കെട്ടി നോക്കി നിൽക്കുന്നു.
ഇതേ നിലപാടാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തിലും. കേരളത്തിലെ മുപ്പത്തി അഞ്ച് ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മുല്ലപെരിയാർ ഡാമിനെക്കുറിച്ച് ഇതേവരെ പിണറായി മിണ്ടിയിട്ടില്ല. ഇത് ഇഛാശക്തി ഇല്ലാത്തത് കൊണ്ടാണ്. തമിഴ്നാടിനെ എന്തിനാണ് ഭയക്കുന്നത്?
പുതിയ ഡാം വേണമെന്ന നിലപാടിലേക്ക് തമിഴ് നാടിനെ കൊണ്ടുവരണമെങ്കിൽ ഇഛാശക്തിയുള്ള സർക്കാർ വേണം. ഇന്ന് ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. സാമാന്യജനതത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സർക്കാർ ആയി ഇത് അധ:പതിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ വേദനയുണ്ട്.