മുല്ലപ്പെരിയാറിൽ ഇപ്പോൾ തമിഴ്‌നാടിന്‍റെ തോന്നിവാസമാണ് നടക്കുന്നത്. രാത്രികാലങ്ങളിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ഭയന്നാണ് കഴിയുന്നത് ! ഇരച്ചെത്തുന്ന വെള്ളം വീട്ടിലേക്ക് കയറുന്ന സ്ഥിതി ഒന്നാലോചിച്ചു നോക്കു... പിണറായി വിജയൻ മൗനം വെടിയണം - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാർ വിഷയത്തിൽ മൗനം വെടിഞ്ഞ് ജനങ്ങളെ ഭീതിയിൽ നിന്നകറ്റാനുള്ള നടപടികൾ ആരംഭിക്കണം. തമിഴ്‌നാട് മര്യാദയുടേയും മനുഷ്യത്വത്തിന്റേയും എല്ലാ സീമകളും നിരന്തരം ലംഘിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഒപ്പിട്ട ഒരു കരാർ നിലവിലുണ്ട് എന്ന ബലത്തിൽ അർദ്ധരാത്രിക്ക് ഷട്ടറുകൾ ഉയർത്തി പാവപ്പെട്ട ജനങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ അവർക്ക് ആരാണ് അവകാശം നൽകിയിട്ടുള്ളത് ?

കഴിഞ്ഞ ഒരാഴ്ചയായി മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ ഷട്ടർ ഉയർത്തി തമിഴ്‌നാട് ഭീതി പരത്തുന്നു. ഇത് ചോദിക്കാൻ ഇവിടെ ഒരു ഭരണകൂടം ഇല്ലേ ? എന്തുകൊണ്ട് മുഖ്യമന്ത്രി ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നില്ല ? രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഫെഡറലിസം സംസാരിക്കുന്ന കുട്ടി സഖാക്കൾ എവിടെ ? മുഖ്യമന്ത്രിയുടെ മൗനം ദുരൂഹത സൃഷ്ടിക്കുന്നു.

മുല്ലപ്പെരിയാറിനെക്കുറിച്ച് ഭീതി പരത്തുന്ന രീതിയിൽ പറയുകയോ എഴുതുകയോ ചെയ്താൽ ജയിലിൽ അടക്കും എന്ന് മാത്രമാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. തുടക്കത്തിൽ മന്ത്രിമാരുടെ ബഹളമായിരുന്നു. രാത്രിയിൽ വെള്ളം തുറന്ന് വിട്ടിട്ടും ഇപ്പോൾ ഒരു മന്ത്രിയേയും കാണാനില്ല. മുഖ്യമന്ത്രിയുടെ മേൽ പറഞ്ഞ പരാമർശത്തിൽത്തന്നെ ദുരൂഹത ഒളിഞ്ഞിരിപ്പുണ്ട്.
എന്തിനാണ് തമിഴ് നാടിനെ ഭയപ്പെടുന്നത് ?

മനുഷ്യർ വീട്ടിൽ കിടന്നുറങ്ങുന്ന രാത്രികാലങ്ങളിൽ വെള്ളം തുറന്ന് വിടാൻ തമിഴ്‌നാടിന് ആരാണ് അനുവാദം നൽകിയത് ? കേസ് സുപ്രീം കോടതിയിൽ ആണ് എന്നതിന്റെ പേരിൽ എന്ത് തോന്നിവാസവും കാണിക്കാമോ ? വെള്ളം 142 അടിയിൽ നിർത്തിയാൽ ഡാമിന് അപകടമില്ല എന്ന് വരുത്തി തീർക്കാനാണ് തമിഴ്‌നാട് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിന് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല.

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ കൊണ്ട് മുഖ്യമന്ത്രി ചുടു ചോറ് വാരിക്കുകയാണ്. വഖഫ് ബോർഡ് നിയമനവും സമസ്തയുമാണ് മുഖ്യമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ. എന്തുകൊണ്ടാണ് പിണറായി വിജയൻ സർവകക്ഷി യോഗം വിളിക്കാത്തത് ? പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാത്രമാണ് പ്രതികരിക്കുന്നത്. ബി.ജെ.പിക്കാർക്കും ഒന്നും പറയാനില്ല. ഇവർ എന്തിനെയോ ഭയക്കുന്നു?

ഡാമിന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. റിസർവോയർ മേഖലയിൽ ചെറിയ പ്രകമ്പനം ഉണ്ടായാൽ അത് ഡാമിനെ തകർക്കും. എത്ര നിസ്സാരമായിട്ടാണ് നമ്മുടെ ഭരണാധികാരികൾ ഇതിനെ കാണുന്നത്?

ഒരു സമയത്ത് മുഖ്യമന്ത്രി സ്ഥിരം വൈകുന്നേരങ്ങളിൽ പത്രസമ്മേളനം നടത്തുമായിരുന്നു. ഇപ്പോൾ അദ്ദേഹം പത്രസമ്മേളനം നടത്തുന്നില്ല. കാരണം പത്രസമ്മേളനത്തിൽ ആരെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മറുപടി പറയേണ്ടിവരും.

മുല്ലപ്പെരിയാറിൽ ഇപ്പോൾ തമിഴ്‌നാടിന്‍റെ തോന്നിവാസമാണ് നടക്കുന്നത്. രാത്രികാലങ്ങളിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ഭയന്നാണ് കഴിയുന്നത്. ഇരച്ചെത്തുന്ന വെള്ളം വീട്ടിലേക്ക് കയറുന്ന സ്ഥിതി ഒന്നാലോചിച്ചു നോക്കു . ഇത്രയും ഗതികെട്ടാണ് അവർ ജീവിക്കുന്നത്.

ദയവായി മിസ്റ്റർ പിണറായി താങ്കൾ മൗനം വെടിയൂ... ഇക്കാര്യത്തിൽ ഒരു പരിഹാരത്തിന് ശ്രമിക്കൂ. ഇല്ലെങ്കിൽ സ്വന്തം ജനങ്ങളോട് കരുണയില്ലാത്ത ഒരു ഭരണാധികാരിയായി ചരിത്രം നിങ്ങളെ ചിത്രീകരിക്കും.

Advertisment