മലപ്പുറത്തുകാരിയായിട്ട് വർഷങ്ങളായി. ഇന്നു വരെ പച്ചയ്ക്ക് വർഗ്ഗീയത പറയുന്ന മുസ്ലിം സുഹൃത്തുക്കളെ കണ്ടിട്ടില്ല. പരസ്യമായി വർഗ്ഗീയത പറയുന്നതു കേട്ടിട്ടുമില്ല. ഒരു പക്ഷെ എന്റെ സുഹൃദ് വലയം, പരിചയത്തിലും അടുപ്പത്തിലും ഉള്ളവരുമായുള്ള ബന്ധം എന്നിവ കൊണ്ടാവാം. അവരിൽ പലരും മുസ്ലിം ലീഗിൽ പ്രവർത്തിക്കുന്നവരും വോട്ടു ചെയ്യുന്നവരുമാണ്.
"സി.എച്ച് മുഹമ്മദ് കോയ" ഉയർത്തിപ്പിടിച്ച ഒരു ജനാധിപത്യ രീതിയെ അഭിമാനത്തൊടെ പിന്തുടരുന്നവരായിരുന്നു അവരെല്ലാം. അവരോടു മതേതരത്വത്തെ കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളത്തെ പറ്റി വെറുതെ അഭിപ്രായം ചോദിക്കാൻ വിളിച്ചപ്പോ പലരും ഫോണെടുത്തില്ല. രണ്ടു പേർ ഒഴിഞ്ഞു മാറി. അത്രയും നല്ലത്. കാരണം അവരാരും അതിനെ ന്യായീകരിക്കാൻ നിന്നില്ല. ശ്രമിച്ചില്ല ആശ്വാസം. മലപ്പുറം പൂർണ്ണമായും വർഗ്ഗീയവത്ക്കരിക്കപ്പെട്ടിട്ടില്ല.
നിയമപ്രകാരം വിവാഹിതരായവർ വ്യഭിചാരികളാണെന്ന് ഒരു സാമുദായിക പാർട്ടിയിലെ നേതാക്കളെ സാക്ഷി നിർത്തി ഒരു സെക്രട്ടറി പറയുമ്പോൾ, ആ പാർട്ടിയുടെ സ്ഥാപക നേതാവിനെ കൂടി വ്യഭിചാരിയാക്കുന്നുണ്ട് എന്നറിയാനുള്ള ചരിത്ര ബോധം ഇല്ലാതെ പോയി. മുഹമ്മദാലി ജിന്നയുടെ ഭാര്യ പാഴ്സി വംശജയായിരുന്നു. ലീഗ് എം.പിയായിരുന്ന ഇ. അഹമ്മദിന്റെ മരുമകളോ? അപ്പോ മകനും വ്യഭിചാരിയാണോ ??
അന്ധമായ ഇടതുപക്ഷ വിരോധം കൊണ്ട് മുഖ്യമന്ത്രിയെ തെറി വിളിക്കുകയും മകളെ വ്യഭിചാരിയാക്കുകയും വർഗ്ഗീയ വിഷം ചീറ്റുകയും ചെയ്താലേ ലീഗിന് പിടിച്ചു നില്ക്കാൻ ഇനി കഴിയു എങ്കിൽ, അത് രണ്ടു കൂട്ടർക്ക് ഗുണം ചെയ്യും.
ഒന്ന് സംഘ പരിവാറിന്. കാരണം ഹിന്ദുക്കൾ കേരളത്തിൽ അരക്ഷിതരാണ് എന്ന അവരുടെ വാദം ശക്തിയാർജ്ജിക്കും. രണ്ട്, തലയ്ക്ക് വെളിവുള്ള ബുദ്ധിയും ബോധവുമുള്ള മുസ്ലിങ്ങൾ സിപിഎമ്മിൽ എത്തും. ബാക്കിയുള്ള തീവ്ര നിലപാടുകാർ ജമാഅത്തെ ഇസ്ലാമിയാകും. എന്തായാലും ലീഗിന് ഈ രീതി സർവ്വനാശമാകും.
ക്ഷേത്രങ്ങൾ ആയുധപുരകളാക്കുന്ന ആർഎസ്എസ് രീതി അനുകരിച്ച് പള്ളികളും വെടിക്കോപ്പുപ്പുരകളാക്കാൻ ശ്രമിക്കുന്ന ലീഗിന് ശരിക്കും സ്വബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് എന്നും പറഞ്ഞിരുന്നത് മുസ്ലിങ്ങൾ തീവ്രവാദികളാണെന്നും രാജ്യദ്രോഹികളാണെന്നുമാണ്. അതുകൊണ്ടു തന്നെ ഒരു സാധാരണ ജനാധിപത്യ മതേതര വിശ്വാസിയായ മുസ്ലിമിന് എപ്പോഴും അവന്റെ നിരപരാധിത്വവും രാജ്യ സ്നേഹം തെളിയിക്കാൻ വിധിക്കപ്പെട്ടവനായി.
എപ്പോഴും അവൻ സംശയത്തിന്റെ നിഴലിലാണ്. ചെറിയ ഒരു വിഭാഗത്തിന്റെ വിഷം ചീറ്റലിന് സമുദായം മുഴുവൻ പ്രതിക്കൂട്ടിലാക്കുന്ന ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ് ലീഗ് സമ്മേളനം ചെയ്തത്. ഇങ്ങനെ പോയാൽ ഇനിയൊരു രണ്ടാം മലബാർ കലാപം - ഹിന്ദുവും മുസ്ലിം തമ്മിൽ- ഉണ്ടാവാനും, ആ കലാപം മുതലെടുത്തു ഒന്നുകിൽ ബി.ജെ.പി അധികാരം പിടിക്കുകയോ ഇല്ലെങ്കിൽ കേരളം ഒരു കേന്ദ്ര ഭരണ പ്രദേശമാകുകയോ ചെയ്യും എന്നത് വെറും ഭാവനയല്ല.
എന്തായാലും ബിജെപിയെ വെറുതെ വിമർശിക്കുന്നതിൽ ഇനി അർത്ഥമില്ല എന്നു മനസ്സിലായി. പക്ഷെ ഇപ്പോഴും കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളിൽ വിശ്വാസമുണ്ട്.