ഒരു പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യമായി ചെയ്യേണ്ടത് വിഷയങ്ങളിലെ മുൻഗണന ക്രമമാണ്. അടിയന്തിര ഘട്ടങ്ങളിൽ ഈ മുൻഗണനക്ക് മാറ്റം സംഭവിക്കാം. ഓഖിയും, പ്രളയവും, കോവിഡും പോലെയുള്ള അടിയന്തിര ഘട്ടങ്ങളിൽ മറ്റെല്ലാം മാറ്റി വച്ച് ഭരണയന്ത്രം അതിന് വേണ്ടി ചലിപ്പിക്കേണ്ടിവരും.
ഇതെല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന കാര്യമാണ്. ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താണ് ? കോവിഡ് കേരളത്തിൽ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്.
തകർന്നടിഞ്ഞ് കിടന്ന മേഖലകൾ ചെറുതായി പുഷ്ടിപ്പെട്ട് വരുന്നതേയുള്ളു. കൂലി വേല ചെയ്ത് ജീവിക്കുന്നവർ, ഓട്ടോ - ടാക്സി തൊഴിലാളികൾ, ബസ് ജീവനക്കാർ, തിയ്യറ്റർ ജീവനക്കാർ, ഹോട്ടൽ തൊഴിലാളികൾ, ബാർ ജീവനക്കാർ തുടങ്ങി സമൂഹത്തിലെ നാനാ മേഖലയിലുമുള്ളവർ കഷ്ടിച്ച് ജോലിക്ക് പോയി തുടങ്ങിയിരിക്കുന്നു.
കേരളത്തിന്റെ സാമ്പത്തികരംഗം വളരെയധികം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പെൻഷൻ കുടിശ്ശിക കൊടുക്കാൻ പണമില്ല. കിറ്റ് വിതരണം പണത്തിന്റെ അഭാവം മൂലം നിർത്തി വച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം നൽകാൻ പണമില്ല.
പി.ജി. ഡോക്ടർമാരുടെ വെട്ടിക്കുറച്ച ശമ്പളം പുന:സ്ഥാപിക്കാൻ പണമില്ല. അത് കൊണ്ട് അവർ സമരത്തിലാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ കൊടുത്തിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭക്ഷണമില്ല, മരുന്നില്ല. ഇങ്ങിനെ ഇല്ലായ്മകളുടേയും വറുതിയുടേയും നടുവിലൂടെ നമ്മൾ കടന്ന് പോകുമ്പോൾ ഭരണ രംഗത്ത് അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തി വാഴുകയാണ്.
സ്പീക്കർ എം.ബി.രാജേഷിന്റെ ഭാര്യക്ക്, മന്ത്രി പി.രാജീവിന്റെ ഭാര്യക്ക്, മുൻ എം.പി. പി.കെ ബിജുവിന്റെ ഭാര്യക്ക്, ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹിമിന്റെ ഭാര്യക്ക് തുടങ്ങി പാർട്ടി നേതാക്കളുടെ ബന്ധുകൾക്ക് സർവകലാശാലകളിൽ നൽകിയ അനധികൃത നിയമനങ്ങൾ, കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യക്ക് നൽകാനിരിക്കുന്ന നിയമനം, വി.സി. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഇവയെല്ലാം സ്വജനപക്ഷപാതത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.
അഴിമതിയുടെ കഥ ഇതിനേക്കാൾ ഭയാനകമാണ്. കോവിഡ് സമയത്ത് പി പി ഇ കിറ്റ് വാങ്ങുന്നതിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇങ്ങിനെ മനുഷ്യ ജീവിതം ദുസ്സഹമായി നിൽക്കുന്ന ഈ അവസ്ഥയിലാണ് കെ - റയിലിന്റെ കല്ലിടൽ. പലയിടത്തും സ്ഥിതി സംഘർഷപൂരിതമാണ്. ആരോടും ചോദിക്കാതെ വീടിന്റെ മതിൽ ചാടിക്കടന്നാണ് ഉദ്യോഗസ്ഥർ കെ - റെയിലിന്റെ കല്ലിടുന്നത്. വികസനമാണ് ലക്ഷ്യം.
വെറും 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്തിച്ചേരാവുന്ന അതിവേഗ തീവണ്ടിക്ക് വേണ്ടിയാണ് കെ - റെയിൽ നിർമ്മിക്കുന്നത്. കടൽത്തീരം, കായലോരം, ജനവാസ മേഖലകൾ, ചെറു നഗരങ്ങൾ, വയലേലകൾ, കണ്ടൽക്കാടുകൾ, കുന്നുകൾ, മലകൾ, കൃഷിയിടങ്ങൾ ഇവയെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് ഈ അതിവേഗ പാത നിർമ്മിക്കുന്നത്.
ഇത് ആർക്ക്‌വേണ്ടി ? ആർക്കാണ് 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് എത്തേണ്ടത് ? ഫ്ലൈറ്റിൽ കണ്ണൂരിൽ ഇറങ്ങി പോയാൽ പോരേ ? നിലവിലുള്ള പാത ഇരട്ടിപ്പിച്ച് ക്രോസിങ്ങ് ഒഴിവാക്കിയാൽ ഇപ്പോഴുള്ള ട്രെയിൻ സർവീസുകളുടെ സമയ ദൈർഘ്യം കുറക്കാമല്ലോ ? നിലവിലുള്ള ട്രെയിനുകളിൽ കയറാൻ പോലും യാത്രക്കാരില്ലാത്ത സാഹചര്യത്തിൽ കെ - റെയിലിന്റെ ആവശ്യമെന്ത് ? മൂന്നോ നാലോ സ്റ്റേഷനുകളിൽ കയറാൻ എത്ര പേർ ഉണ്ടാകും ? കെ.എസ്.ആർ.ടി.സിയും ജലഗതാഗതവും നവീകരിക്കേണ്ടതല്ലേ അത്യാവശ്യം ?
വളരെയധികം പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പാക്കിയാൽ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. ഇവരെല്ലാം ഭവനരഹിതരാവും. കെ - റെയിലിനെതിരെ കേരളം മുഴുവൻ പ്രക്ഷോഭത്തിലാണ്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പിന്നെ ആർക്കാണ് വേണ്ടത്?
യുഡിഎഫ് എതിർക്കുന്നു, ബി.ജെ.പി എതിർക്കുന്നു, സി.പി.ഐ. എതിർക്കുന്നു, ജനങ്ങൾ എതിർക്കുന്നു.
എതിർക്കാത്തത് അല്ലെങ്കിൽ അനുകൂലിക്കുന്നത് പിണറായി വിജയനും മാർക്സിസ്റ്റ് പാർട്ടിയും മാത്രം. അതായത് തട്ടിപ്പിന്റെ ഒരു പുതിയ മേഖല തുറന്നിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ബിസിനസ് ആയിരിക്കും ഇത്. അതായത് കേരളം മൊത്തം തീപിടിച്ച് കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വാഴ വെട്ടുന്നു. ഇനിയുമുണ്ട് ശർക്കര കുടം, ശബരിമല വിമാനത്താവളം അതിലൊന്ന് മാത്രം.