/sathyam/media/post_attachments/lOX5Ifwl6ybLxwWVhnhp.jpg)
ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യവും അവകാശവും ദിവസങ്ങളായി മുടങ്ങുന്ന വാർത്തകൾക്കിടെയാണ് കോവിഡിൻ്റെ മറവിൽ നടന്ന മരുന്നു വാങ്ങലിലെ വൻ അഴിമതി പുറത്ത് വന്നിരിക്കുന്നത്.
മരുന്ന് കമ്പനികളറിയാതെയാണ് അവയുടെ പേരിൽ കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ (കെഎംഎസ് സിഎൽ) കോടികളുടെ പർച്ചേസ് രേഖകളുണ്ടാക്കിയ തട്ടിപ്പുകൾ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ആഗസ്ത് വരെ മെഡിക്കൽ സർവീസസ് കോർപറേഷൻ 224 കമ്പനികളുമായിട്ടാണ് ഇടപാട് നടത്തിയിരിക്കുന്നത്. പി പിഇ കിറ്റും എൻ 95 മാസ് കും വിതരണം ചെയ്ത കമ്പനികളിൽ 80 ശതമാനവും തട്ടിക്കൂട്ട് കമ്പനികൾ ആണെന്നാണ് വാർത്തകൾ.
എന്തിനേറെ, ബ്രിട്ടനിൽ നിന്ന് 12.15 കോടിയുടെ മലേഷ്യൻ നിർമിത ഗ്ലൗസ് ഇറക്കുമതി ചെയ്ത തിരുവനന്തപുരം കഴക്കൂട്ടത്തെ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മെഡിക്കൽ ഗ്ലൗസ് മാത്രം വിതരണം ചെയ്ത എറണാകുളത്തെ കമ്പനിയുടെ പേരിൽ പത്ത് ലക്ഷം രൂപയുടെ ഇൻഫ്രാറെഡ് തെർമോ മീറ്റർ വാങ്ങിയതായി രേഖയുണ്ട്.
5.03 കോടി രൂപയുടെ ഫെയ്സ് ഷീൽഡ് വാങ്ങാൻ ദേശീയ ആരോഗ്യ മിഷൻ കരാർ ജീവനക്കാരൻ്റെ കമ്പനിയുടെ പേരിൽ കമ്പനിപോലും തുടങ്ങിയാണ് കോടികളുടെ കോവിഡ് അഴിമതി നടത്തിയത്. ധന ഇൻസ്പെക്ഷൻ വിഭാഗം നടത്തുന്ന അന്വേഷണത്തിലൂടെ ആരുടെയൊക്കെ പോക്കറ്റിലാണ് കോടികൾ കൈമാറിയിട്ടുള്ളതെന്ന് മനസിലാവും. ചെല്ലും ചെലവും കൊടുത്ത് അത്തരം രേഖകളെ മരവിപ്പിക്കാനോ, ഫയലുകൾ കാണാതാക്കാനോ ശേഷിയുള്ളവരാണ് തട്ടിപ്പ് ബുദ്ധി കേന്ദ്രങ്ങൾ.
ഒമിക്രോണിനേക്കാൾ അപകടകാരിയായ കൊറോണ വൈറസിൻ്റെ ഡെൽറ്റ വകഭേദമാണ് പടരുന്നത്. ഇത്തരം സങ്കീർണ്ണമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് സാധാരണക്കാരെ നാണിപ്പിക്കുന്ന ആരോഗ്യ കേരളത്തിൻ്റെ അഴിമതിക്കഥകൾ ഓരോരോന്നായി പുറത്ത് വരുന്നത്.
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രി ആവശ്യപ്പെട്ട് വൻവില കൊടുത്ത് കോവിഡ് പ്രതിരോധ മാർഗ ഉപകരണങ്ങൾ വാങ്ങേണ്ടി വന്നുവെന്ന കുമ്പസാര പ്രസംഗം നടത്തിയതിന് ആഴ്ചകൾക്കകമാണ് കള്ള രേഖകളിലൂടെ കോടികളുടെ അഴിമതി വിവരം പുറത്തായിരിക്കുന്നത്.
എസ് എഫ് ഐ പ്രവർത്തകൻ്റെ കൊല നടന്നതിൻ്റെ വിലാപങ്ങൾ കെട്ടടങ്ങും മുൻപേ മെഗാ തിരുവാതിര നടത്തിയ തിരുവനന്തപുരം സിപിഎം പാർട്ടിക്കകത്തും പുറത്തും വിമർശങ്ങൾ നേരിടുന്നതിനിടയിലാണ് കോവിഡിൻ്റെ കള്ള രേഖയിലൂടെ കോടികൾ സമ്പാദിച്ച ആരോഗ്യ വകുപ്പും പാർട്ടിയും പ്രതിക്കൂട്ടിലാവുന്നത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. എല്ലാവർക്കും അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത നല്ലൊരു സായാഹ്നം നേരുന്നു.
ജയ്ഹിന്ദ്.