ഇനിയെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു കൂടേ ? കുറ്റാരോപിതനാകുന്ന ഒരു വ്യക്തിക്ക് ഇന്ത്യൻ ഭരണഘടന അനുവദിച്ച് നൽകുന്ന നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ ആക്കപ്പെട്ടത്. അതുകൊണ്ട് ഹരിശങ്കറും നമ്മളും എല്ലാം ഇത് അംഗീകരിക്കണം - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

കോട്ടയം ജില്ലാ സെഷൻസ് കോടതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചു. ഇത് അംഗീകരിക്കാൻ മലയാളത്തിലെ മുഖ്യധാരാ വാർത്താ ചാനലുകൾ തയ്യാറാകുന്നില്ല.

കാരണം എരിവും പുളിയും ചേർത്ത് കഥ തുടർന്ന് കൊണ്ടുപോയാൽ മാത്രമേ റേറ്റിങ് കൂടുകയുള്ളൂ. സെഷൻസ് കോടതിയുടെ വിധി ശരിയായിട്ടുള്ളതാണോ എന്ന് ഇനി മലയാളത്തിലെ വാർത്താ ചാനലുകളാണ് തീരുമാനിക്കുന്നത്.

ഇവർ നമ്മുടെ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലേ? പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരാൾ പോലും കൂറുമാറിയിട്ടില്ല. അരികും മൂലയും അരിച്ച് പെറുക്കി എസ്.പി. ഹരിശങ്കർ അന്വേഷിച്ചു. പഴുതില്ലാത്ത വിധം കുറ്റപത്രം നൽകി. എന്നിട്ടും ബിഷപ്പിനെ കോടതി കുറ്റവിമുക്തനാക്കി.

ഇനിയും ഇവർ ബിഷപ്പിനെ വെറുതെ വിടുന്നില്ല എങ്കിൽ ഇവരാരും നമ്മുടെ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്ന് വേണം കരുതാൻ. വിധി പ്രസ്താവത്തിൽ അസംതൃപ്തി ഉണ്ടെങ്കിൽ അപ്പീൽ പോയാൽ പോരേ?

തെളിമുകളുടെ അടിസ്ഥാനത്തിൽ ഒരു കോടതി നടത്തിയ വിധി പ്രസ്താവത്തിൽ അസംതൃപ്തിയും രോഷവും പ്രകടിപ്പിക്കുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ അത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിലനിൽപിനെ ബാധിക്കും.

മുൻ എസ്.പി. ഹരിശങ്കറിന്റെ പ്രതികരണത്തെക്കുറിച്ചാണ് എഴുതുന്നത്. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെന്ന നിലക്ക് അതിന്റെ വിധിയെക്കുറിച്ച് പ്രതികരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഞാൻ അന്വേഷിച്ച ഈ കേസ് ശിക്ഷിച്ചേ മതിയാകൂ എന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞാൽ അത് സൂക്ഷിക്കണം. അതുകൊണ്ട് ഹരിശങ്കറിനെതിരെ കോടതി നടപടി എടുക്കണം.

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലും അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലുമെല്ലാം ഇത്തരം കാര്യങ്ങൾ ആണ് നടക്കുന്നതെന്നും ബിഷപ്പിനെ വെറുതെവിട്ടതുകൊണ്ട് മേലിൽ ഒരു കന്യാസ്ത്രീയും പരാതിയുമായി വരാൻ ഭയപ്പെടുമെന്നുമാണ് ഹരിശങ്കർ പറഞ്ഞത്.

കന്യാസ്ത്രീ മഠങ്ങൾ നോക്കാനും പരിപാലിക്കാനും ഇവിടെ അരമനകളില്ലേ? മൊത്തം ക്വട്ടേഷൻ ഹരിശങ്കർ ഏറ്റെടുക്കണോ ? ലഭിക്കുന്ന പരാതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചാൽ പോരേ? ഹരിശങ്കറിനെ കോടതി വിളിച്ചു വരുത്തി ശക്തമായി ശാസിക്കണം. അല്ലെങ്കിൽ കോടതിക്ക് വിലയില്ലാതാവും.

മറ്റൊന്ന് പ്രമാദമായ കേസുകളുടെ ഗതി തിരിച്ച് വിടുന്ന ചാനലുകളുടെ സംസ്ക്കാര ശൂന്യതയെക്കുറിച്ചാണ്. ബിഷപ്പ് ഫ്രാങ്കോയെ ശിക്ഷിക്കാത്തതിൽ ഹരിശങ്കറിനെപ്പോലെ തന്നെ നിരാശരാണ് മലയാള വാർത്താ ചാനലുകളും. രണ്ട് മൂന്ന് ദിവസത്തെ ആഘോഷത്തിന് അവർ കരുതി വച്ചിരുന്ന വെടിമരുന്നാണ് നനഞ്ഞ് പോയത്.

അതുകൊണ്ട് വരും ദിവസങ്ങളിൽ അവർ വീണ്ടും ബിഷപ്പിനെ വലിച്ച് കീറും. ചാനലുകൾക്ക് ദിലീപായാലും ഫ്രാങ്കോയായാലും മറ്റാരായാലും കുഴപ്പമില്ല. റേറ്റിങ് കൂട്ടണം. അവിടെ സത്യസന്ധതക്കോ നീതിന്യായത്തിനോ വിലയില്ല.

എന്തായാലും അപ്പീൽ കോടതി മറിച്ച് വിധിക്കും വരെ ബിഷപ്പ് നിരപരാധിയാണ്. കുറ്റാരോപിതനാകുന്ന ഒരു വ്യക്തിക്ക് ഇന്ത്യൻ ഭരണഘടന അനുവദിച്ച് നൽകുന്ന നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെയാണ് ഫ്രാങ്കോ കുറ്റവിമുക്തൻ ആക്കപ്പെട്ടത്. അതുകൊണ്ട് ഹരിശങ്കറും നമ്മളും എല്ലാം ഇത് അംഗീകരിക്കണം.

Advertisment