/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പതിയിരുന്ന അപകടം പിണറായി മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. തനിക്കെതിരെ ഉയർന്നേക്കാവുന്ന ആരോപണങ്ങൾക്ക് തടയിടാനും അവയുടെ മുനയൊടിക്കാനും കഴിഞ്ഞില്ലെങ്കിൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് പിണറായിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പിണറായി എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുത്തത്.
പോലീസിനെ ക്കുറിച്ചും ആഭ്യന്തര വകുപ്പിനെക്കുറിച്ചും ആണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും പരാതി ഉയർന്നു. ഇതൊക്കെ പിണറായി മുൻകൂട്ടി കണ്ടിരുന്നു. കോടിയേരി പറ്റാവുന്ന കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ചെയ്തു കൊണ്ടിരുന്നു. ജില്ലാ സമ്മേളനങ്ങളിൽ പിണറായിയുടെ നേർ സാന്നിദ്ധ്യം പലരുടേയും വായടപ്പിക്കുവാൻ സാധിച്ചു.
എന്നാൽ അപ്രതീക്ഷിതമായ പ്രഹരം പിണറായിക്ക് കിട്ടിയത് രണ്ട് വ്യക്തികളിൽ നിന്നാണ്. അവർ എസ്. രാമചന്ദ്രൻ പിള്ളയും (എസ്.ആർ.പി) പൂവരണി നമ്പൂതിരിയും ആണ്. മലയാളിയായ പി.ബി അംഗമാണെങ്കിലും കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിൽ എസ്.ആർ.പിക്ക് ഒരു റോളുമില്ല. കഞ്ഞി കുടിക്കാൻ വല്ലതും കൊടുക്കും. അത്ര തന്നെ. ഇടയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണെറിഞ്ഞെങ്കിലും അദ്ദേഹത്തെ വിരട്ടി ഓടിച്ചു. അത് കൊണ്ട് പാർട്ടി സമ്മേളനങ്ങളിൽ എന്ത് പറഞ്ഞാലും എസ്.ആർ.പിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.
അത് കൊണ്ട് തന്നെ എസ്.ആർ.പി ചൈന എന്ന മുതലാളിത്ത - കമ്മ്യൂണിസ്റ്റ് ബോംബ് പൊട്ടിച്ചു. ഇവിടെ പറയേണ്ട ഒരാവശ്യമുമില്ലാത്ത സംഗതിയാണ്. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ ചൈനയെ ഇന്ത്യ ആക്രമിക്കാൻ തയ്യാറെടുക്കുന്നു. പാവം ചൈനയെ രക്ഷിക്കുവാൻ ഉള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇതൊക്കെയാണ് എസ്.ആർ.പി വിളമ്പിയത്.
കമ്മ്യൂണിസ്റ്റ് രാജ്യമാണെന്ന് അറിയപ്പെടാൻ ചൈന പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പിണറായിയെ നാണം കെടുത്താൻ എസ്.ആർ.പി കണ്ടുപിടിച്ച ആയുധമാണ് ചൈനാ പുകഴ്ത്തൽ. ആദ്യ റൗണ്ട് ചൈനാ വെടി പൊട്ടിയപ്പോൾ ചില ന്യായങ്ങൾ നിരത്തി പിണറായി തടിയൂരി.
ചൈനാ സ്തുതിക്കെതിരെ പ്രതിനിധികൾ പ്രതിഷേധിച്ചു. എസ്.ആർ.പി പിൻവാങ്ങാൻ തയ്യാറായിരുന്നില്ല. അദ്ദേഹം രണ്ടാമതും ചൈനയെ പ്രകീർത്തിച്ചു. ഒന്നും പറയാതെ പിണറായി അമേരിക്കയ്ക്ക് വിമാനം കയറി. ചൈനാ പുകിൽ കത്തിനിൽക്കുമ്പോഴാണ് പൂവരണി നമ്പൂതിരി എന്ന കഥാപാത്രം അവതരിക്കുന്നത്.
പാറശ്ശാല നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്താൽ 400 വനിതകൾ പങ്കെടുത്ത തിരുവാതിരകളി നടന്നു. പാട്ട് എഴുതിയത് പ്രിയങ്കരനായ പൂവരണി. പിണറായി സ്തുതി നിറഞ്ഞ് നിന്ന തിരുവാതിരയുടെ അന്തരീക്ഷം.
പിറ്റേന്ന് സംഗതി മാറി. മാധ്യമങ്ങൾ തിരുവാതിരയെ വലിച്ച് കീറി. ന്യായമായും ശ്രദ്ധ പൂവരണിയിലേക്ക് തിരിഞ്ഞു. പൂവരണി തന്റെ നിലപാട് വ്യക്തമാക്കി. തിരുവാതിര പാട്ടിൽ പറയുന്ന പിണറായി ഒരു വ്യക്തിയല്ല. മറിച്ച് ഒരു ബിംബമാണ്. അത് കൊണ്ടുതന്നെ തിരുവാതിരയെ വ്യക്തി പൂജ ആയി കാണേണ്ട കാര്യമില്ല. പിണറായി എന്ന് എഴുതപ്പെട്ടത് ഏത് ചരിത്ര പുരുഷനുമാകാം.
കവിയുടെ വിശദീകരണം വന്നപ്പോൾ കുട്ടി സഖാക്കൾക്ക് സന്തോഷമായി. ചൈന ഉണ്ടാക്കിയ മാനക്കേട് പൂവരണി തീർത്തു. കേരളത്തിൽ നിന്ന് ഒരു പി.ബി.അംഗം കൂടി ഉറപ്പായിരിക്കുന്നു.
മഹാനായ പൂവരണി നമ്പൂതിരി.