27
Friday May 2022
ലേഖനങ്ങൾ

നേതാജി ഇംഗ്ലീഷ് തടവറയിൽനിന്നും രക്ഷപെട്ട ചരിത്രത്തിലേക്ക്… (ഫോട്ടോസ്റ്റോറി)

പ്രകാശ് നായര്‍ മേലില
Tuesday, January 18, 2022

1940 ൽ ജയിൽമോചിതനായ ശേഷമുള്ള ചിത്രം

1940 -ൽ ഹിറ്റ്ലറുടെ ബോംബർ വിമാനങ്ങൾ ലണ്ടനിൽ നിരന്തരം ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുന്ന സമയം, ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശത്രുവായ നേതാജി സുഭാഷ് ചന്ദ്ര ബോസിനെ അവർ കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ തടവറയിലാക്കിയിരിക്കുകയായിരുന്നു.

1940 ജൂലൈ 2 -ാം തീയതി രാജ്യദ്രോഹക്കുറ്റമാരോപിച്ചാണ് നേതാജിയെ അവർ തടവിലാക്കിയത്. നേതാജി അവരുടെ നോട്ടപ്പുള്ളിയും നമ്പർ 1 ശത്രുവുമായിരുന്നു. അദ്ദേഹത്തിന് ജയിലിലും കടുത്ത നിയന്ത്രണങ്ങളും കനത്ത സുരക്ഷാവലയവുമാണ് അവർ ഏർപ്പെടുത്തിയിരുന്നത്.

നേതാജി, സഹോദരൻ ശരത് ചന്ദ്ര ബോസ്, മാതാവ് എന്നിവർക്കൊപ്പം വസതിയിൽ

1940 നവംബർ 29 ന് തന്നെ നിയമവിരുദ്ധമായി തടവിലാക്കിയതിൽ പ്രതിഷേധിച്ച് നേതാജി ജയിലിൽ നടത്തിയ നിരാഹാരസത്യാഗ്രഹം അന്താരാഷ്ട്രത്തലത്തിൽവരെ വാർത്തയായി. നേതാജിയുടെ ആരോഗ്യനില വഷളായത് ബ്രിട്ടീഷ് സർക്കാരിനെ ആശങ്കയിലാക്കി.

നേതാജിക്ക് എന്തെങ്കിലും സംഭവിച്ചാലുണ്ടാകുന്ന കോലാഹലവും പേരുദോഷവും ഒഴിവാക്കുന്നതിനായി 1940 ഡിസംബർ 5 ന് നേതാജിയെ താൽക്കാലികമായി ജയിൽമോചിതനാക്കാനും അദ്ദേഹത്തിൻ്റെ വീട്ടിൽ കർശന രഹസ്യനിരീക്ഷണം ഏർപ്പെടുത്താനും ആരോഗ്യനില വീണ്ടെടുക്കുമ്പോൾ വീണ്ടും തടവിലാക്കാനുമുള്ള തീരുമാനപ്രകാരം നേതാജി ഡിസംബർ 5 നുതന്നെ ജയിൽ മോചിതനായി.

ഗവർണ്ണർ ജോൺ ഹാർബർട്ടിന്റെ ഈ രഹസ്യ പദ്ധതി ബ്രിട്ടീഷ് സർക്കാർ അംഗീകരിക്കുകയും നേതാജി യുടെ കൊൽക്കത്ത എൽജിൻ റോഡിലുള്ള 38/2 വസതിക്കു പുറത്ത് സാദാ വേഷധാരികളായ രഹസ്യാന്വേഷണ പോലീസിനെ വിന്യസിക്കുകയും ചെയ്തു. ഇതോടൊപ്പം വീടിനുള്ളിലെ വിവരങ്ങൾ അതീവരഹസ്യമായി മനസ്സിലാക്കുന്നതിന് ജോലിക്കാരെ പ്രലോഭിപ്പിച്ചും ഭീഷണയിലൂടെയും അവർ വിവരങ്ങൾ ചോർത്തുന്നുണ്ടായിരുന്നു. അതിനായി ചരന്മാരെയും നിയോഗിച്ചു.

ഇതിനു തെളിവായി രഹസ്യാന്വേഷണഏജന്റ് നമ്പർ 207, ബ്രിട്ടീഷ് ഗവർണ്ണർക്ക് നൽകിയ ആദ്യ സീക്രട്ട് റിപ്പോർട്ടിൽ ജയിൽ മോചിതനായ നേതാജി വീട്ടിലെത്തിയശേഷം പരിപ്പും മറ്റു പയർവർഗ്ഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കിച്ചടിയും പച്ചക്കറിയുടെ സൂപ്പും കഴിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്.

അന്നുമുതൽ അദ്ദേഹത്തിൻ്റെ ഓരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിക്കപ്പെടുകയും അദ്ദേഹമയക്കുന്ന കത്തുകൾ പോസ്റ്റ് ഓഫീസിൽ തുറന്നു വായിക്കുകയും ചെയ്യുമായിരുന്നു. നേതാജിക്ക് വരുന്ന കത്തുകളും പൂർണ്ണമായും നിരീക്ഷണവിധേയമാക്കിയിരുന്നു.

സുഭാഷ്‌ചന്ദ്രബോസ് പൂർണ്ണ ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ അദ്ദേഹത്തെ വീണ്ടും തടവിലാക്കാനുള്ള പദ്ധതികളും ഗവർണ്ണർ ആസൂത്രണം ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ നേതാജിക്കും വലിയ കണക്കുകൂട്ടലുകളുണ്ടായിരുന്നു എന്നാണ് പിന്നീട് നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്.

നേതാജിയുടെ ജ്യേഷ്ഠപുത്രൻ 20 കാരനായ ശിശിർ കുമാർ ബോസിനെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്നും രക്ഷപെടാനുള്ള പദ്ധതികൾ അതീവ രഹസ്യമായി ആസൂത്രണം ചെയ്തത്. ഇക്കാര്യത്തിൽ വീട്ടിലെ മറ്റുള്ള അംഗങ്ങളെയോ സ്വന്തം മാതാവിനെയോ ഒരു വിവരവും അറിയിച്ചതുമില്ല.

രക്ഷപെടാനുള്ള പദ്ധതികൾ നേതാജിയും ശിശിർ ബോസും അദ്ദേഹത്തിൻ്റെ കിടപ്പുമുറിയിലാണ് പ്ലാൻ ചെയ്തത്. നേതാജിക്ക് രണ്ടു കാറുകളുണ്ടായിരുന്നു. ഒന്ന് അമേരിക്കൻ സ്റ്റഡ്ബേക്കര്‍ പ്രസിഡന്‍റ് (Studebaker President) മറ്റൊന്ന് ജർമ്മൻ നിർമ്മിത വാണ്ടറര്‍ (Wanderer).

നേതാജി അവസാനമായി കൊൽക്കത്തയിൽ നിന്ന് യാത്രയായ വാണ്ടറര്‍ കാർ

രക്ഷപെടാൻ വാണ്ടറര്‍ കാർ തന്നെ തെരഞ്ഞെടുത്തു. ശിശിർ അതീവ രഹസ്യമായി ഒരു വർക്ക് ഷോപ്പിൽ കൊണ്ടുപോയി കാർ സർവീസ് ചെയ്തു. ഒരു തുണിക്കടയിൽ നിന്നും പത്താണികൾ ധരിക്കുന്ന പൈജാമയും കുർത്തകളും ഒരു പെട്ടിയും നേതാജിക്ക് നിത്യോപയോഗത്തിനുവേണ്ട സാധനങ്ങളും ശിശിർ വാങ്ങി.

പിന്നീട് ശിശിർ വേഷം മാറി ഒരു പ്രിന്റിംഗ് പ്രെസ്സിൽ പോയി നേതാജിക്കായി വിസിറ്റിങ് കാർഡ് പ്രിന്റ് ചെയ്തു വാങ്ങി. അതിൽ മുഹമ്മദ് സിയാവുദ്ദീൻ -BA LLB, ട്രാവൽ ഇൻസ്‌പെക്ടർ, ദി എമ്പയർ ഓഫ് ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, സിവിൽ ലൈൻസ്, ജബൽപൂർ എന്നതായിരുന്നു നല്കപ്പെട്ടിരുന്ന വിലാസം.

ഒരു ഇസ്‌ലാം വേഷധാരിയായി വീടിനുള്ളിൽനിന്നും പുറത്തുകടക്കുക എന്ന തീരുമാനപ്രകാരം ജയിലിൽനിന്നും വന്നശേഷം നേതാജി ഷേവ് ചെയ്തിരുന്നില്ല. അദ്ദേഹം വീടിനുള്ളിൽ നിന്നും പുറത്തുവരാതിരുന്നതിനാൽ പുറത്തു വേഷം മാറി കാവൽ നിന്നിരുന്ന ബ്രിട്ടീഷ് ചാരന്മാർക്ക് ഇക്കാര്യങ്ങൾ ഗ്രഹിക്കാനുമായില്ല.

1941 ജനുവരി 16 ന് രാത്രി എല്ലാ കുടുംബാംഗങ്ങൾക്കുമൊപ്പമാണ് നേതാജി അത്താഴം കഴിച്ചത്. അന്ന് രാത്രി (അതായത് പിറ്റേദിവസം) രാത്രി 1.35 ന് അമ്മയുൾപ്പെടെ വീട്ടിലെ എല്ലാ അംഗങ്ങളും കൊൽക്കത്ത നഗരവും ഗാഢനിദ്രയിലാണ്ടാപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസ് മുഹമ്മദ് സിയാവുദ്ദീനായി വേഷം മാറി ആരുമറി യാതെ വീടിനു പുറത്തിറങ്ങി.

വാണ്ടറര്‍ കാർ 7169 ന്റെ പിൻസീറ്റിൽ അദ്ദേഹം ഉപവിഷ്ടനായി. ശിശിർ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടുപോയി. ആർക്കും സംശയം തോന്നാതിരിക്കാൻ നേതാജിയുടെ ബെഡ് റൂമിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല. വലിയ വായനശീലമുള്ള അദ്ദേഹം ഏറെ ഇരുട്ടുംവരെ ഉറങ്ങാറില്ലായിരുന്നു.

രാജ്യത്തിനു സ്വാതന്ത്ര്യം നേടികൊടുക്കുക എന്ന അടിയുറച്ച ലക്ഷ്യവുമായി സ്വന്തം രാജ്യത്തുനിന്നും രക്ഷപെടാനുള്ള നേതാജിയുടെ യാത്രക്ക് അങ്ങനെ തുടക്കമായി. ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിമുടി വിറപ്പിച്ചശേഷം തിരോധാനം ചെയ്യപ്പെട്ട ഒരു രാജ്യസ്നേഹിയുടെ സ്വന്തം മാതൃരാജ്യം വിട്ടുള്ള അവസാനത്തെ യാത്രയായിരുന്നു അത്.

വാഹനം ലോവർ സർക്കുലർ റോഡ്, സിയാൽഡ, ഹാരിസൺ റോഡ് വഴി ഹൂബ്ലി നദിയിൽ നിർമ്മിച്ച ഹൗറാ ബ്രിഡ്ജ് കടന്നു മുന്നോട്ടു നീങ്ങി. നേരം പുലർന്നപ്പോൾ അസൻസോൾ എത്തിച്ചേരുകയും അവിടെനിന്നും രാവിലെ 8 മണിക്ക് ധൻബാദിലെ ബരാരിയിലുള്ള ശിശിറിന്റെ സഹോദരൻ അശോകിന്റെ വീട്ടിലെത്തുകയും ചെയ്തു.

നേതാജി അവസാനമായി യാത്രയായ ഗോമോ സ്റ്റേഷൻ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനം) ഈ സ്റ്റേഷൻ ഇപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസ് ജംക്ഷൻ എന്ന പേരിലും അറിയപ്പെടുന്നു

ശിശിർ കുമാർ ബോസ് രചിച്ച ‘ദി ഗ്രേറ്റ് എസ്കേപ്പ്’ (The Great Escape) എന്ന പുസ്തകത്തിൽ വിവരിക്കും പ്രകാരം അശോകിന്റെ വീട്ടിൽ മുഹമ്മദ് സിയാവുദ്ദീൻ എന്ന നേതാജി പകൽ മുഴുവൻ വിശ്രമിച്ചശേഷം ഗോമോ സ്റ്റേഷനിൽ നിന്നുള്ള ‘കൽക്ക’ മെയിലിൽ രാത്രി 11 മണിക്ക് ഏകനായി നേതാജി ഡൽഹിക്ക് യാത്രയായി. ശിശിർ തിരികെ കാറിൽ കൊൽക്കത്തയ്ക്കും പുറപ്പെട്ടു.

കുറഞ്ഞത് 5 ദിവസത്തേക്ക് തൻ്റെ തിരോധാനം പുറംലോകമോ ബ്രിട്ടീഷ് സർക്കാരോ അറിയാതിരുന്നാൽ പിന്നെ തന്നെ ഒരു കാലത്തും ആർക്കും പിടികൂടാൻ കഴിയില്ലെന്ന് നേതാജി ശിശിർ ബോസിനെ ധരിപ്പിച്ചിരുന്നു. ശിശിർ വിവരം വീട്ടുകാരെ അറിയിക്കുകയും ഒപ്പം ബ്രിട്ടീഷ് ചാരന്മാരെ കബളിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. നേതാജിയുടെ അമ്മക്ക് ദുഃഖം താങ്ങാനാകുമായിരുന്നില്ല. എല്ലാവരും ചേർന്ന് അവരെ സാന്ത്വനിപ്പിച്ചിരുന്നു.

വൈസ്രോയി ലിൻലിത്ഗോ പ്രഭു

നേതാജി വീട്ടിലുണ്ടെന്ന പ്രതീതി ഉണ്ടാക്കനായി അദ്ദേഹത്തിന്റെ മുറിയിൽ പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും കൃത്യമായി എത്തിച്ചിരുന്നു. എന്നാൽ അവ കഴിച്ചിരുന്നത് ശിശിർ ആയിരുന്നെന്നു മാത്രം.

ദിവസങ്ങൾ കഴിഞ്ഞ് ജനുവരി 27 ന് കൊൽക്കത്തയിലെ ഒരു കോടതിയിൽ നേതാജിക്ക് ഹാജരാകേണ്ട ദിവസം അദ്ദേഹം വീട്ടിൽ നിന്നും അപ്രത്യക്ഷനായിരിക്കുന്നു എന്ന വിവരം വീട്ടുകാർ കോടതിയിൽ അറിയിച്ചപ്പോഴാണ് നേതാജിയുടെ തിരോധാനം പുറം ലോകവും ബ്രിട്ടീഷ് സർക്കാരും അറിയുന്നത്. അപ്പോഴേക്കും നേതാജി തൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞിരുന്നു എന്നതാണ് യാഥാർഥ്യം.

സുഭാഷ്‌ചന്ദ്രബോസ് ബ്രിട്ടീഷ് തടവറയിൽനിന്നും രക്ഷപെട്ട വാർത്ത ഗവർണറെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായി. ബ്രിട്ടീഷ് വൈസ്രോയി ഗവർണറോട് പൊട്ടിത്തെറിച്ചു. നേതാജി രാഷ്ട്രീയം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കാനാണ് നാടുവിട്ടതെന്ന ഗവർണറുടെ മറുപടി വൈസ്രോയി വിശ്വസിച്ചില്ല. നേതാജിക്കായി ബ്രിട്ടീഷുകാർ നാലുപാടും വലവിരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കി.

ഗാന്ധിജിക്കൊപ്പം നേതാജി

നേതാജി സന്യാസം സ്വീകരിച്ചു എന്ന് ഗവർണ്ണർ പറയാൻ കാരണമുണ്ട്. നേതാജിയുടെ തിരോധനത്തെ പ്പറ്റിയുള്ള ഗാന്ധിജിയുടെ ടെലഗ്രാമിന്‌ നേതാജിയുടെ സഹോദരനും ശിശിർ ബോസിന്റെ പിതാവുമായ ശരത് ചന്ദ്ര ബോസ് നൽകിയ മറുപടിയിൽ കേവലം മൂന്നു വാക്കുകൾ മാത്രമായിരുന്നു ” Circumstances Indicate renunciation ” (സാഹചര്യം സന്യാസത്തിലേക്കാണ് വിരൽചൂണ്ടുന്നത്) എന്നതായിരുന്നു മറുപടി. ബ്രിട്ടീഷുകാരുടെ ശ്രദ്ധതിരിക്കാനായി നേതാജിയുടെ കുടുംബം അദ്ദേഹം സന്യാസം സ്വീകരിച്ചു എന്ന വാദത്തിന് വലിയ പ്രചാരവും നൽകി.

എന്നാൽ രവീന്ദ്രനാഥ ടാഗോർ അയച്ച ടെലഗ്രാമിന്‌ ശരത് ചന്ദ്ര ബോസ് നൽകിയ മറുപടി ” സുഭാഷ് എവിടെയാണെങ്കിലും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണം ” എന്നായിരുന്നു.

ഇനി നമുക്ക് കൽക്ക എക്സ്പ്രസ്സിൽ ഡൽഹിക്കു യാത്രയായ നേതാജിയിലേക്ക് മടങ്ങാം. പിറ്റേന്ന് ഡൽഹി യിലെത്തിയ അദ്ദേഹം ഒട്ടും സമയം പാഴാക്കാതെ പെഷാവറിലേക്കുള്ള ഫ്രണ്ടിയർ മെയിലിൽ യാത്രതിരിച്ചു.

1941 ലെ പേഷാവർ പട്ടണം

ജനുവരി 19 നു വൈകിട്ട് പെഷാവറിലെ കന്റോൺമെന്റ് സ്റ്റേഷനിലെത്തിയ അദ്ദേഹം ഫോർവേഡ് ബ്ലോക്ക് നേതാവും അടുത്ത സുഹൃത്തുമായ അബാദ് ഖാന്റെ വീട്ടിലേക്കാണ് പോയത്. അവിടെവച്ച് മുഹമ്മദ് സിയാ വുദീന്റെ വേഷഭൂഷാദികൾ ഉപേക്ഷിച്ച അദ്ദേഹം ഒരു പഠാൻ വേഷധാരിയായി മാറി. നീണ്ട കുർത്തയും ലൂസായ പൈജാമയും പറ്റെ വെട്ടിയമുടിയും ആളാകെ മാറിക്കഴിഞ്ഞു..

ഫോർവേഡ് ബ്ലോക്കിന്റെ അനുയായികളായ മുഹമ്മദ് ഷാ, ഭഗത്‌റാം തൽവാർ എന്നിവരുടെ സഹായത്തോടെ അദ്ദേഹം 1941 ജനുവരി 26 ന് പെഷവാറിൽ നിന്നും കാറിൽ യാത്ര തിരിച്ചു. ഉച്ചയോടെ അവർ ബ്രിട്ടീഷ് സാമ്രാജ്യം വിട്ടകന്നു. കാർ യാത്ര അഫ്‌ഗാനിസ്ഥാൻ അതിർത്തിയിൽ അവസാനിപ്പിച്ച് നടന്നും ലോറിയിൽ ലിഫ്റ്റ് വാങ്ങിയും കുതിരവണ്ടിയിലുമായി പിന്നീടുള്ള അഫ്ഗാനിസ്ഥാനിലെ യാതനകൾ നിറഞ്ഞ യാത്ര. അങ്ങനെ ഒടുവിൽ ജനുവരി 31 ന് അദ്ദേഹം കാബൂളിലെത്തി.

നേതാജി, ജർമ്മൻ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടു. അനുകൂല പ്രതികരണമാണ് ലഭിച്ചത്. അവരുടെ നിർദ്ദേശപ്രകാരം 1941 ഫെബ്രുവരി 22 ന് കാബൂളിലെ ഇറ്റാലിയൻ സ്ഥാനപതിയുമായി അദ്ദേഹം നേരിട്ട് ചർച്ച നടത്തി.

ഇറ്റാലിയൻ പാസ്പ്പോർട്ടിൽ പതിച്ച നേതാജിയുടെ ഫോട്ടോ

അതിനുശേഷം അവർ നിർദ്ദേശിച്ച വേഷവിധാനത്തിൽ എടുത്ത നേതാജിയുടെ ഫോട്ടോ ഒരു ഇറ്റാലിയൻ വ്യക്തിയുടെ പാസ്സ്പോർട്ടിൽ പതിക്കുകയും അദ്ദേഹത്തെ മാർച്ച് 17 ന് കാബൂളിലെ ഇറ്റാലിയൻ സ്ഥാനപതി സിനോർ ക്രേസാസിനിയുടെ വസതിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയുമായിരുന്നു.

മാർച്ച് 18 ന് നേതാജി ഒരു കാറിൽ രണ്ടു ജർമ്മൻ അധികാരികൾക്കൊപ്പം അഫ്ഗാനിസ്ഥാൻ വിട്ടകന്ന് ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിലേക്ക് യാത്രതിരിച്ചു. പിന്നീട് അവിടെനിന്നും ട്രെയിൻ മാർഗ്ഗം അദ്ദേഹം മോസ്‌ക്കോയിലേക്ക് പോയി.

ഹിറ്റ്ലറുമൊത്ത് നേതാജി

മോസ്‌കോയിൽ നിന്നും നേതാജി തൻ്റെ ലക്ഷ്യസ്ഥാനമായ ജർമ്മനിയിലെ ബെർലിനിലേക്ക് പോകുകയും അവിടെയെത്തിയശേഷം താൻ സുരക്ഷിതമാണെന്ന വിവരം കൊൽക്കത്തയിലെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ തൻ്റെ അനുയായികളെയും അതീവ രഹസ്യമായി അറിയിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ് സുരക്ഷിതനായി ബർലിനിൽ എത്തിയ വിവരം അദ്ദേഹത്തിൻ്റെ സഹോദരൻ ശരത് ചന്ദ്ര ബോസ് രോഗാവസ്ഥയിലായിരുന്ന മഹാകവി രവീന്ദ്ര നാഥ ടാഗോറിനെ ശാന്തിനികേതനിൽ നേരിട്ടു പോയി അറിയിക്കുകയായിരുന്നു. നേതാജി ഇംഗ്ലീഷ് തടവറ ഭേദിച്ച് ജർമ്മനിവരെയെത്തിയ ത്യാഗോജ്വല കഥ അദ്ദേഹം ടാഗോറിന് വിവരിച്ചുകൊടുത്തു.

രവീന്ദ്രനാഥ ടാഗോറുമൊത്ത് നേതാജിയും സഹോദരനും

1941 ആഗസ്റ്റ് 7 ന് മരണപ്പെടുന്നതിന് ഏതാനും നാൾ മുൻപ് രവീന്ദ്ര നാഥ ടാഗോർ എഴുതിയ അദ്ദേഹത്തിൻ്റെ അവസാനത്തെ കഥയായ ‘ബദനാം’ (Defame), സ്വാതന്ത്ര്യത്തിനായുള്ള ദാഹവുമായി അഫ്ഗാനിസ്ഥാനിലെ ദുർഘടമായ വഴിത്താരകളിൽ ദിവസങ്ങൾ അലയേണ്ടിവന്ന ഒരു ഏകാന്തപഥികന്റെ ഹൃദയസ്പർശിയായ വിവരണമായിരുന്നു… അത് നേതാജിയല്ലാതെ മറ്റാരുമായിരുന്നില്ല.

(ഈ ലേഖനം തയ്യറാക്കാൻ സഹായകമായത് ശിശിർ കുമാർ ബോസിന്റെ ‘ദി ഗ്രേറ്റ് എസ്കേപ്പ്’ , സുജാത ബോസിന്റെ ‘ഹിസ് മെജസ്റ്റീസ് ഒപ്പോനന്റ്’, അക്ബർ ഷാ എഴുതിയ ‘നേതാജിസ് ഗ്രേറ്റ് എസ്ക്കേപ്പ്’, ശിശിർ എഴുതിയ ‘റിമമ്പറിംഗ് മൈ ഫാദർ’ ഒപ്പം ബിബിസി ലേഖകൻ രെഹാൻ ഫസലിന്റെ വിശകലനങ്ങളുമാണ്)

More News

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി . പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക. അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ പെൻഷൻ നൽകാൻ അനുവദിച്ചത് 104.61 കോടി രൂപ. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി.

തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറുകളാണ് മഴയ്ക്ക് കാരണം. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾകടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാലാവര്ഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.

ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്‍റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]

ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ്‌ ആർ ട്ടി സി ബസ്‌ സ്റ്റാന്റ്‌ , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്‌, മഞ്ചേരി റോഡിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം, മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരങ്ങളിലെല്ലാം തെരുവ്‌ നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ്‌ കാരണം ശല്യം രൂക്ഷമായിരിക്കയാണ്‌. കുട്ടികളേയും മുതിർന്നവരേയും തെരുവ്‌ നായ്ക്കൾ ആക്രമിക്കുന്നത്‌ മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്‌. മലപ്പുറം നഗരത്ത്‌ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമായത്‌ അധികാരികളുടെയടുത്ത്‌ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]

error: Content is protected !!