സർക്കാർ സർവീസിലുള്ള ജീവനക്കാരേയും അധ്യാപകരേയും എല്ലാക്കാലത്തും ചേർത്തുപിടിക്കുന്നവരാണ് ഇടത് മുന്നണി സർക്കാർ എന്നാണ് അവകാശപ്പെടാറുള്ളത്. സർവീസ് മേഖലയിലായാലും സ്ക്കൂൾ, കോളേജ് വിദ്യാഭ്യാസ രംഗത്തും ഇടത് സംഘടനകൾക്കാണ് മുൻതൂക്കം.
എൻ.ജി.ഒ യൂണിയനും കെ.എസ്.ടി.എയും എ.കെ.പി.സി.ടി.എയും എ.കെ.ജി.സി.ടിയുമെല്ലാം ഇടത് പക്ഷ സംഘടനകൾ ആണ്. ശമ്പള പരിഷ്ക്കരണത്തിലായാലും നയപരമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിലായാലും ഇടത് സർക്കാരുകൾ ഈ സംഘടനകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായാറുണ്ട്, സ്വീകരിക്കാറുമുണ്ട്.
വലത് പക്ഷ സർവീസ് സംഘടനകൾക്ക് ഒന്നും തന്നെ ഇത്രയും കരുത്തില്ല. ഇത്രയും എഴുതാൻ കാരണം ഇക്കഴിഞ്ഞ ശമ്പള / പെൻഷൻ പരിഷ്ക്കരണം നടപ്പാക്കിയപ്പോൾ വിരമിച്ച ഒരു വിഭാഗം യു.ജി.സി കോളേജ് അധ്യാപകരോട് മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് എടുത്ത കടുത്ത വിവേചനപരമായ നിലപാട് ചൂണ്ടിക്കാണിക്കുവാനാണ്.
1986 ൽ ആണ് കേരളത്തിലെ സർവകലാശാല അധ്യാപകർക്കും കോളേജ് അധ്യാപകർക്കും യു.ജി.സി നിരക്കിലുള്ള ശമ്പള പരിഷ്ക്കരണം ഏർപ്പെടുത്തിയത്. അന്ന് മുഖ്യമന്ത്രി ഇ.കെ.നായനാർ ആയിരുന്നു. എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി എന്നീ ഇടത് പക്ഷ കോളേജ് അധ്യാപക സംഘടനകളുടെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് അന്ന് യു.ജി.സി ശമ്പളം ഏർപ്പെടുത്തിയത്.
അന്ന് മാർക്സിസ്റ്റ് പാർട്ടിയുമായി നല്ല ബന്ധമുള്ള കരുത്തരായിരുന്നു ഈ സംഘടനാ നേതാക്കൾ. അവരുയർത്തുന്ന സമ്മർദ്ദത്തിനെതിരെ നിൽക്കുവാൻ ഇടതുപക്ഷ സർക്കാരുകൾക്ക് കഴിയുമായിരുന്നില്ല.
യു.ജി.സി ശമ്പള പരിഷ്ക്കരണം പത്ത് വർഷത്തിൽ ഒരിക്കലും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അഞ്ച് വർഷത്തിൽ ഒരിക്കലുമാണ് നടപ്പാക്കുന്നത്. യു.ജി.സി ശമ്പള പരിഷ്ക്കരണം നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയുടെ അമ്പത് ശതമാനം കേന്ദ്രം ഗ്രാന്റായി നൽകും.
യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്ക്കരണം നടപ്പിൽ വന്നത് 1-1-2016 ൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ്. അതായത് 1-1-16 ൽ കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും സർവീസിൽ ഉണ്ടായിരുന്ന അധ്യാപകർക്ക് ശമ്പള പരിഷ്ക്കരണം മൂലം നൽകേണ്ടിവരുന്ന അധിക സാമ്പത്തിക യുടെ അമ്പത് ശതമാനം കേന്ദ്രം കേരളത്തിന് ഇതിനോടകം നൽകി.
കേരള സർക്കാരിന്റെ ശമ്പള / പെൻഷൻ പരിഷ്ക്കരണം നടപ്പാക്കിയത് 1-7-2019 ൽ പ്രാബല്യത്തിൽ വരത്തക്ക വിധത്തിലായിരുന്നു. എന്നാൽ യു.ജി.സി ശമ്പള പരിഷ്ക്കരണം 1-1-16 മുതൽ മുൻ കാല പ്രാബല്യത്തോടെ നടപ്പാക്കി ഉത്തരവിറക്കുകയും ചെയ്തു. അതോടൊപ്പം 1-1 - 16 മുതൽ യു.ജി.സി അധ്യാപകരുടെ ശമ്പള കുടിശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ഉത്തരവായി.
1-1-16 ൽ വിവിധ സർവകലാശാലകളിലും കോളേജുകളിലും സർവീസിലുണ്ടായിരുന്ന ഏകദേശം എണ്ണൂറോളം അധ്യാപകർ 1-7-19 ന് മുമ്പ് സർവീസിൽ നിന്നും വിരമിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇവരുടെ 1-1-16 നും 30 - 6 - 19 നും ഇടയ്ക്കുള്ള ശമ്പള / പെൻഷൻ ആനുകൂല്യങ്ങൾ നോഷണൽ (സാങ്കൽപികം) അന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക് ഉത്തരവിറക്കി. അതായത് ആനുകൂല്യങ്ങൾ തന്നതായി കരുതിക്കോളണം. സാങ്കൽപികമാണെന്ന് മാത്രം.
സർവീസ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ ഉത്തരവിലൂടെ മുൻ ധനമന്ത്രി എണ്ണൂറോളം വരുന്ന ഈ അധ്യാപകർക്ക് ഇരുട്ടടി നൽകിയിരിക്കുകയാണ്. 2016 ന് മുമ്പും 1-7-19 ന് ശേഷവും വിരമിച്ചവർക്ക് വൻ ആനുകൂല്യം ലഭിക്കുമ്പോൾ ഇവരുടെ ആനുകൂല്യം സാങ്കൽപികം. എന്നാൽ എല്ലാവർക്കും 1-1-16 മുതൽ യു.ജി.സി നടപ്പാക്കുകയും ചെയ്തു. പെൻഷൻ പരമാവധി തുകയായ 83400 രൂപ 1-1-16 ൽ നിലവിൽ വന്നതായി ഉത്തരവിറക്കുകയും ചെയ്തു.
ഏത് രീതിയിൽ ചിന്തിച്ചാലും ന്യായീകരണമില്ലാത്ത ഒരു ഉത്തരവ് ആണ് ഇത്. ശക്തമായ ഇടത് പക്ഷ അധ്യാപക സംഘടനകൾ ഉൾപ്പെട്ട ചർച്ചയുടെ തീരുമാനമായി ഉരുത്തിരിഞ്ഞ ഒരു ഉത്തരവാണ് എന്നതാണ് അമ്പരിപ്പിക്കുന്ന വസ്തുത.
ഈ സംഘടനകളിലെ ശക്തമായ നേതൃത്ത്വത്തിന്റെ അഭാവമാണ് ഇത്തരം ഒരു ഉത്തരവിലേക്ക് നയിക്കപ്പെട്ടത് എന്നതാണ് വസ്തുത. ഒരു വിഭാഗം വിരമിച്ച അധ്യാപകർ ഈ സംഘടനകൾക്കെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. സർവീസിൽ ഉണ്ടായിരുന്നപ്പോൾ ഇവർ ഈ സംഘടനകൾക്കുവേണ്ടി രക്തം വിയർപ്പാക്കിയവരാണ്. ഇവരേയും മുൻ ധനമന്ത്രി വഞ്ചിക്കുകയായിരുന്നു.
ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഒരു കാലത്ത് എ.കെ.പി.സി.ടി.എയുടെ കരുത്തയായ നേതാവായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഈ വിവേചനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലാവട്ടെ വർഷങ്ങളോളം കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു.
ഇവർ രണ്ടു പേരും ഇതേക്കുറിച്ച് പറയുന്നതേയില്ല. അർഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെട്ട വേദനയിലാണ് ഇക്കൂട്ടർ. അമേരിക്കയിൽ നിന്നും മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകാൻ തയ്യാറെടുക്കുകയാണ് ഇവർ.
പെൻഷൻ പറ്റുന്നതിന്റെ പിറ്റേ ദിവസം മുതൽ എല്ലാ ആനുകൂല്യങ്ങൾക്കും വിരമിക്കുന്നവർ അർഹരാണെന്ന രാഘവേന്ദ്ര ആചാര്യ കേസിലെ സുപ്രീം കോടതി വിധി നിലനിൽക്കുമ്പോഴാണ് കേരള സർക്കാരിന്റെ ഈ വിചിത്ര ഉത്തരവ് ഇറങ്ങിയത്.