/sathyam/media/post_attachments/zVeb9BooO3PYDm68Kn6c.jpg)
എന്റെ സഹ എഴുത്തുകാരേ, നിങ്ങള്‍ സൗകര്യപൂര്‍വ്വമായ മൗനത്തിലാണോ ? ഒരാളും ഒന്നിനേയും സംശയിക്കാതെ, ഭയത്തോടെ, നിശ്ശബ്ദമായി ഇരിക്കുന്നിടത്ത്, ഒരു കവി ഈ ദേശത്തിനായി സങ്കടപ്പെടുമ്പോള്‍ അത് കേള്‍ക്കാന്‍ നമുക്കൊരു കാതില്ലെങ്കില്‍ അത് കഷ്ടമാണ്.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരേ, നിങ്ങള്‍ സൗകര്യപൂര്‍വ്വമായ മൗനത്തിലാണോ? കെ -റെയിലിനെക്കുറിച്ചുള്ള ചില സംശയങ്ങള്‍ കുറിച്ചിട്ടതിന് (അതൊരു കവിതയോ കുറിപ്പോ എന്നുള്ള സംശയത്തെ നീക്കിനിര്‍ത്തുന്നു) കവി റഫീക്ക് അഹമ്മദിനെതിരെ സൈബര്‍ സ്ഥലങ്ങളില്‍ വാക്കുകള്‍ കൊണ്ടുള്ള ദ്രോഹങ്ങള്‍ നടക്കുന്നു എന്ന് വാര്‍ത്തയില്‍ നിന്നറിഞ്ഞു.
ഒരാള്‍ക്ക്, അവളോ അയാളോ, കവിയോ സാധാരണ പൗരനോ ആരുമായിക്കൊള്ളട്ടെ, ചില കാര്യങ്ങളോട് സംശയം തോന്നിയാല്‍ അത് ചോദിക്കുവാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് വിശ്വസിക്കുന്നു. എന്റെ അറിവില്‍ റഫീക്ക് അഹമ്മദ് ഇടതുപക്ഷ ചിന്തകളോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്.
റഫീക്ക് അഹമ്മദ് എന്ന കവിയെ അറിയില്ല എന്നുണ്ടോ ? അതോ നിങ്ങള്‍ സൗകര്യപൂര്‍വ്വമായ മൗനത്തിലാണോ ? സുഗതകുമാരിയും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമെല്ലാം പാടിയും പറഞ്ഞും സമരം ചെയ്താണ് സൈലൻറ് വാലിയെ തിരിച്ചെടുത്തത്. അവര്‍ കൊണ്ട വെയിലാണ് നമ്മുടെ തണല്‍. അതു മറക്കരുത്...