/sathyam/media/post_attachments/TsjdK6FdgZrAidoq3XY8.jpg)
വീട് വയ്ക്കുയാണെങ്കിൽ ബസ് സർവീസുള്ള വഴിക്കടുത്ത് തന്നെ വേണമെണമെന്ന് രാജു ചെറിയാന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ വഴിയരികിൽ 4 സെന്റ് സ്ഥലം വാങ്ങി ബിൽഡിംഗ് പെർമിറ്റിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷ കൊടുത്തപ്പോഴാണ് വാങ്ങിയ സ്ഥലം റോഡ് വികസനത്തിന്റെ ഭാഗമായി ടൗൺ പ്ലാനിങ് സ്കീംമിൽ പെടുത്തിയിട്ടുള്ളതാണെന്നും റോഡ് സൈഡിൽ നിന്നും ഒന്നര സെന്റ് സർക്കാരിന് ഉടനടി വിട്ടുകൊടുക്കേണ്ടി വരുമെന്നും അറിഞ്ഞത്.
സ്ഥലം വാങ്ങുന്നതിന് മുൻപ് തന്നെ വാങ്ങുവാൻ പോകുന്ന സ്ഥലം ടൗൺ പ്ലാനിങ് സ്കീമിൽപ്പെടുത്തി റോഡ് വികസനത്തിൽ ഉൾപ്പെട്ടതാണോയെന്ന്, സ്ഥല വിവരണം ഉൾപ്പെടുത്തി വിവരാവകാശ നിയമ പ്രകാരം 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പൊട്ടിച്ച് ഒരു അപേക്ഷ മേൽ ഓഫീസിൽ കൊടുത്തെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. നേരിട്ട് അന്വേഷിച്ചാലും ഈ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ, ടൌൺ പ്ലാനിങ് ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.
നാം വാങ്ങിയ സ്ഥലത്തിന് സമീപത്തായി സർക്കാർ അംഗീകൃതപദ്ധതികളോ റോഡ് വികസനമോ നടപ്പാക്കാൻ ഉത്തരവുണ്ടെങ്കിലോ, ഭാവിയിൽ സർക്കാരിന് പദ്ധതിയുണ്ടെങ്കിലോ പിന്നീട് അതിനു വേണ്ട സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടിൽ മാത്രമേ നിർമാണം നടത്താൻ സാധിക്കുകയുള്ളൂ.
റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നൽകുകയാണെങ്കിൽ ആയതിന് രേഖാമൂലമായ തെളിവ് വാങ്ങി സൂക്ഷിക്കണം. അപ്രകാരം സൗജന്യമായി നൽകുന്ന സ്ഥലത്തിന് കെട്ടിട നിർമാണച്ചട്ട പ്രകാരമുള്ള പ്രത്യേക ഇളവുകൾ ബിൽഡിങ് പെർമിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാവുന്നതുമാണ്.
വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങൾ, പുരാവസ്തു സംരക്ഷിത സ്മാരകങ്ങൾ തുടങ്ങിയവക്ക് അടുത്തുള്ള പ്ലോട്ടാണെങ്കിൽ, ബന്ധപ്പെട്ട വകുപ്പിന്റെ സമ്മതം വാങ്ങേണ്ടിവരും. (CONSUMER COMPLAINTS AND PROTECTION SOCIETY )