/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
നിയമത്തിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലായ്‌മയും കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ വിശ്വാസ്യത ഇല്ലായ്മയും ആണ് ദിലീപിനെതിരായ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി ആയത് എന്ന് പ്രഥമ ദൃഷ്ട്യാ തോന്നാമെങ്കിലും അതിലേറെ പ്രോസിക്യൂഷന് അബദ്ധം പറ്റിയത് ബാലചന്ദ്രകുമാർ എന്ന തീരെ വിശ്വാസ്യത ഇല്ലാത്ത ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്താൽ കേസെടുത്തതിലാണ്.
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് എട്ടാമത്തെ പ്രതിയാണ്. ഏത് കേസിലായാലും പോലീസിനെ സംബന്ധിച്ചിടത്തോളം ഗൂഢാലോചനക്കുറ്റം (120 B) തെളിയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ ഭാഗം ദൂർബലമാണെന്ന് അവർക്ക് തന്നെ തോന്നൽ ഉണ്ടായത് കൊണ്ടാവാം പോലീസ് മറ്റൊരു കേസ് എടുക്കാനായി തീരുമാനിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് എഫ്.ഐ.ആർ ഇട്ടത്. ആരും തന്നെ ആവശ്യപ്പെടാതെ ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
ബാലചന്ദ്രകുമാർ ഒരു സംവിധായകനല്ല. അയാൾ ഒരു സിനിമയും സംവിധാനം ചെയ്തിട്ടുമില്ല. ബാലചന്ദ്രകുമാറിനെ വിശ്വാസത്തിലെടുത്ത് മുമ്പോട്ട് പോകുന്നതിന് മുമ്പ് ഇയാളെ കുറിച്ച് മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്നതാണ് വസ്തുത.
ചാനൽ ചർച്ചകളിലെ വിദഗ്ദ്ധർ പറയുന്നതുപോലെ കോടതി കേൾക്കണമെന്ന് പറഞ്ഞാൽ ഇവിടെ അരാജകത്വം നടമാടും. ഓരോ തുണ്ട് ശബ്ദശകലങ്ങൾ ഓരോ ദിവസവും ചാനലുകൾ വെളിയിൽ വിടുന്നു. അതേക്കുറിച്ച് വൈകുന്നേരം ചർച്ച നടത്തുന്നു.
മറ്റ് ജോലികൾ ഒന്നുമില്ലാത്ത വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കേസില്ലാത്ത കുറെ വക്കീലൻമാരും അരമുറി സിനിമ സംവിധാനം ചെയ്ത് അലഞ്ഞ് നടക്കുന്ന കുറെ സംവിധാനത്തൊഴിലാളികളും ചർച്ചയിൽ ഈ ശബ്ദശകലം തലനാരിഴ കീറി പരിശോധിച്ച് കോടതിക്ക് നിർദ്ദേശം നൽകും. എന്നിട്ട് പറയും കോടതി ഞങ്ങൾ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ നാട്ടിൽ നിയമ വ്യവസ്ഥ തകരും.
ഇവിടെ ബാലചന്ദ്രകുമാർ തന്നെ സംശയ നിഴലിൽ നിൽക്കുന്ന വ്യക്തിത്വമാണ്. ഗൂഢാലോചന
റിക്കോഡ് ചെയ്ത ഒറിജിനൽ ടാബ് ഇല്ല. സംഭാഷണം മറ്റൊന്നിലേക്കാക്കി പിന്നെ പെൻഡ്രൈവിലാക്കി കൊണ്ട് നടക്കുകയാണ് സിനിമ ചെയ്യാത്ത സംവിധായകൻ.
ഇത് തെളിവായി സ്വീകരിക്കില്ല എന്ന് മന്ദബുദ്ധികൾ ആയ പോലീസ് ഓർത്തില്ല. ഇതിനോടകം ബാലചന്ദ്രകുമാറിനെതിരെ പീഡനക്കേസും എടുത്തു. പോലീസ് കാണിച്ച മറ്റൊരു മണ്ടത്തരം
ഇത് നടക്കാത്ത ഒരു ക്രൈമിനേക്കുറിച്ചുള്ള ഗൂഢാലോചന ആണ് എന്നതാണ്.
ബൈജു പൗലോസിനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് പറയുന്നതല്ലാതെ കൃത്യം നടപ്പാക്കിയില്ല പോരാത്തതിന് ഒരു ശ്രമം പോലും നടന്നില്ല. അതുകൊണ്ട് തന്നെ കേസിന് കാര്യമായ ബലമില്ല എന്നത് പോലീസ് അറിയേണ്ടതായിരുന്നു. ആരോ എവിടെയോ ഇരുന്ന് ചില കാര്യം തീരുമാനിച്ചു. അതിന്റെ മുറിഞ്ഞ കുറെ ഓഡിയോ ക്ലിപ്പിംഗുകളും.
ഇത് തെളിവായി സ്വീകരിച്ച് തങ്ങൾ പറയുന്ന വിധി നൽകണം എന്നാണ് ചാനൽ ചർച്ചയിലെ പമ്പര വിഢികൾ പറയുന്നത്. ദിലീപിന് മുൻകൂർ ജാമ്യം കൊടുത്താൽ അത് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ അടിവേരിളക്കും എന്നാണ് ഈ പ്രമാണിമാർ പറയുന്നത്.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം. പോലീസിന് ദിലീപിനോട് വെരാഗ്യം ഉണ്ട്. ഇല്ലെങ്കിൽ ഇത്രയും അധമനായ ഒരുവനെ കൂട്ടുപിടിച്ച് നാണം കെടാൻ നിൽക്കില്ലായിരുന്നു. മറുവശത്ത് ബിഷപ്പ് ഫ്രാങ്കോയെ ഒരു പോറലുപോലുമില്ലാതെ രക്ഷിച്ചെടുത്ത ബി.രാമൻ പിള്ള വക്കീലാണെന്ന് പ്രോസിക്യൂഷൻ ഓർത്തില്ല.
എന്തായാലും ബാലചന്ദ്രകുമാർ എന്ന തട്ടിപ്പുകാരന്റെ പിറകേ നടക്കേണ്ടി വന്ന കേരള പോലീസിന്റെ ഗതികേട് നാണക്കേട് ഉണ്ടാക്കുന്നതാണ്.