/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു പൗലോസിനെ കോടതിയിൽ വിസ്തരിക്കേണ്ടുന്നതിന്റെ ദിവസങ്ങൾ മുമ്പ് പോലീസ് കാണിച്ച അമിതാവേശമാണ് അന്വേഷണ സംഘത്തിന് മുഴുവൻ നാണക്കേട് ഉണ്ടാക്കിയ പരിസമാപ്തിയിലേക്ക് വന്നത്.
പ്രധാന കേസിൽ ദിലീപിനെതിരെ കാര്യമായ തെളിവൊന്നും പോലീസിന് കിട്ടിയിരുന്നില്ല. പൾസർ സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദിലീപിനെ ഗൂഢാലോചനക്കുറ്റത്തിൽ പ്രതി ചേർത്തത്. എന്നാൽ നടിയെ ആക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയതായി ട്ടുള്ള തെളിവുകൾ ഒന്നും തന്നെ പോലീസിന് കിട്ടിയില്ല.
കുറ്റകൃത്യം തെളിയിക്കുന്നതിനേക്കാൾ വെല്ലുവിളിയാണ് ഗൂഢാലോചന തെളിയിക്കുക എന്നത്. ഈ സാഹചര്യത്തിൽ പ്രധാന കേസ് ദുർബ്ബലമാണെന്ന് ക്രൈംബ്രാഞ്ചിന് തോന്നിയ ഘട്ടത്തിലാണ് ബാലചന്ദ്രകുമാർ എന്ന വ്യക്തിയുടെ ഒരു മൊഴി അടിസ്ഥാനമാക്കി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു പൗലോസ് മേലധികാരിക്ക് പരാതിനൽകുന്നത്.
തന്നെയും അന്വേഷണ സംഘത്തിലെ മറ്റു ചിലരേയും വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് പരാതി. പരാതിയിൽ കേസ്സെടുത്ത ലോക്കൽ പോലീസിൽ നിന്നും ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ഇത് ഒരു കീഴ്വഴക്കമില്ലാത്ത നടപടിയാണ്. ലോക്കൽ പോലീസ് അന്വേഷണം എങ്ങും എത്താതെ വരുന്ന സമയത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ സാധാരണ ഗതിയിൽ ഏൽപിക്കുന്നത്.
ഗൂഢാലോചന നടന്ന സമയത്ത് താൻ ദിലീപിന്റേയും സംഘത്തിന്റേയും കൂടെ ഉണ്ടായിരുന്നുവെന്നും അന്നത്തെ സംഭാഷണങ്ങൾ ഒരു ടാബിൽ റിക്കോഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാർ ചാനലുകളിലൂടെ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുത്തതും തുടർന്ന് കേസ് എടുത്തതും.
ദിലീപും കൂട്ടാളികളും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടുവെന്നും തന്നോട് കാണുവാൻ പറഞ്ഞപ്പോൾ താൽപര്യമില്ല എന്ന് പറഞ്ഞുവെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു.
ദിലീപിന് നടി ആക്രമിക്കപ്പെട്ട കേസിൽ ബന്ധമുണ്ട് എന്ന് വരുത്തി തീർക്കാൻ ആവശ്യമുള്ള തെളിവ് ദിലീപിൽ നിന്ന് കണ്ടെടുക്കുക. ദൃശ്യങ്ങൾ കണ്ടിരുന്നു എന്ന് വരുത്തി തീർക്കാനായാൽ ഈ കേസുമായി ദിലീപിനെ കൂടുതൽ ബന്ധപ്പെടുത്താം എന്ന് അവർ കണക്ക് കൂട്ടി.
അതിന് വേണ്ടിയാണ് ദിലീപിന്റെ വീട് റെയ്ഡ് ചെയ്തത്. എന്നിട്ടും ഒന്നും കിട്ടിയില്ല. ആകെയുള്ളത് ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള അറ്റവും മുറിയും ഇല്ലാത്ത കുറെ ശബ്ദശകലങ്ങൾ.
ഒറിജിനൽ ടാബ് ബാലചന്ദ്രകുമാറിന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടുവത്രെ.
ഇതിലെ അമ്പരിപ്പിക്കുന്ന വസ്തുത പോലീസിന്റെ നിലപാടാണ്. ദിലീപിന്റെ ഒറിജിനൽ ഫോൺ ഹാജരാക്കണം എന്നാൽ ബാലചന്ദ്രകുമാറിന്റെ ഒറിജിനൽ ടാബ് ഇല്ലെങ്കിലും കുഴപ്പമില്ല.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ ശബ്ദശകലങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന് മുൻകൂർ ജാമ്യം നൽകരുത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
കോടതിക്ക് പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കേണ്ട ബാധ്യത ഉണ്ട്. കോടതിക്ക് ഈ കേസിൽ ആദ്യമേ ചില സംശയങ്ങൾ ഉണ്ടായിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട സമയത്ത് തന്നെ കോടതി ചില നിലപാടുകളിലേക്ക് മാറിയിരുന്നു.
പരാതിക്കാരനായ ബിജു പൗലോസിന് മറ്റൊരു അമളിയും പിണഞ്ഞു. ദിലീപ് ബിജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്ന് പറയപ്പെടുന്ന സ്ഥലവും ദിവസവും തെറ്റിപ്പോയി. കേസിൽ കഴമ്പില്ല എന്ന് മനസ്സിലാക്കിയ കോടതി ദിലീപിന് ജാമ്യം നൽകുകയും ചെയ്തു.
എങ്ങിനെയും പൾസർ സുനിയേയും ദിലീപിനേയും ബന്ധിപ്പിക്കുവാൻ വേണ്ട തെളിവ് ഉണ്ടാക്കാൻ വേണ്ടിയാണ് പോലീസ് ഈ കോമാളിത്തരം എല്ലാം കാട്ടിക്കൂട്ടിയത്. ദിലീപിനെ കസ്റ്റഡിയിൽ കിട്ടിയാൽ തെളിവ് ഉണ്ടാക്കാം എന്നവർ കരുതി. പക്ഷേ പൊളിഞ്ഞു പോയി.
കോടതി പ്രതിയുടെ രക്ഷയ്ക്ക് എത്തുന്ന അപൂർവം ചില സന്ദർഭങ്ങളിൽ ഒന്നാണ് ഇത്.