കഴിഞ്ഞ ആറ് വർഷക്കാലത്തിനിടയിൽ സർക്കാരിന്റെ പിടിപ്പ്കേട് കൊണ്ട് എത്ര പേർ ആത്മഹത്യ ചെയ്തു ? പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി-ടീമായി മാറിയിരിക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. കേരളത്തിൽ സർക്കാർ സംവിധാനം നിർജീവം - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളത്തിൽ സർക്കാർ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. സാധാരണ ജനങ്ങളെ സംബന്ധിച്ച് സർക്കാർ ഓഫീസുകൾ അപ്രാപ്യമായിരിക്കുന്നു. എന്തെങ്കിലും നടക്കണമെങ്കിൽ ഒന്നുകിൽ ആത്മഹത്യ നടക്കണം അല്ലെങ്കിൽ അത്രയും മാധ്യമ ശ്രദ്ധ കിട്ടണം.

ഒരു സർക്കാർ അധികാരത്തിൽ കയറുമ്പോൾ പ്രവർത്തനത്തിന്റെ മുൻഗണനാ ക്രമം ഉണ്ടാക്കേണ്ടതാണ്. അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയൻ പറഞ്ഞത് എന്താണ് ?
ഓരോ ഫയലും ഓരോ ജീവിതമാണ്. സർക്കാർ ഉദ്യോഗസ്ഥർ ഇതനുസരിച്ച് പ്രവർത്തിക്കണം എന്നാണ് പിണറായി പറഞ്ഞത്.

കഴിഞ്ഞ ആറ് വർഷക്കാലത്തിനിടയിൽ സർക്കാരിന്റെ പിടിപ്പ്കേട് കൊണ്ട് എത്ര പേർ ആത്മഹത്യ ചെയ്തു ? വില്ലേജ് ഓഫീസ്. പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ്, കൃഷി ഭവൻ, പോലീസ് സ്റ്റേഷൻ തുടങ്ങിയ അടിസ്ഥാന സ്വഭാവമുള്ള ഓഫീസുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്.

മധു എന്ന ആദിവാസി യുവാവിനെ പട്ടാപ്പകൽ അടിച്ച് കൊന്ന കേസിൽ പോലും പാർട്ടി ഇടപെടുന്ന ഞെട്ടിക്കുന്ന കാഴ്ച നമ്മൾ കണ്ടു. കസ്റ്റഡി മരണം, ക്യാമ്പസിലെ കൊലപാതകം, ജീഷ്ണു പ്രണോയിക്ക് സംഭവിച്ചതു പോലെയുള്ള ഇടിമുറി കൊലപാതകം, അലൻ - താഹ യു.എ.പി.എ തുടങ്ങിയവയും രാഷ്ട്രീയ കൊലപാതകങ്ങളും വർഗീയ സ്വഭാവമുള്ള കൊലപാതകങ്ങളും കേരളത്തിലെ സ്വൈരജീവിതം താറുമാറാക്കിയിരിക്കുന്നു. മുൻഗണന പാർട്ടിക്കാർക്ക് മാത്രം.

പി.എസ്.സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ, സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രിമാരുടേയും വേണ്ടപ്പെട്ടവരുടേയും ഭാര്യമാർക്ക് നൽകിയ നിയമനങ്ങൾ പോലും സർക്കാർ ന്യായീകരിക്കുന്നു. കെ.എസ്.ആർ.ടി.സി തകർച്ചയുടെ വക്കിലാണ്.

കോടികളുടെ വിദേശ നിക്ഷേപം കൊണ്ടുവരാൻ നടത്തിയ ലോക കേരള സഭയുടെ നടത്തിപ്പിന് കോടികൾ ചിലവാക്കിയതല്ലാതെ ഒരു പൈസയും ഇവിടെ ആരും മുടക്കിയതായി അറിവില്ല. ആകപ്പാടെ അറിയാവുന്നത് കിറ്റക്സ് സാബു പോയത് മാത്രം.

ഭരണത്തിൽ ഉണ്ടാകുന്ന ന്യൂനത പരിഹരിക്കാൻ സി.പി.ഐക്കും പ്രതിപക്ഷത്തിനും കഴിവില്ലാതായിരിക്കുന്നു. കെ- റയിൽ കുറ്റി പിഴുത് എറിയുമെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് ഇപ്പോൾ കെ. - റയിലിന്റെ വക്താവായി മാറിയിരിക്കുന്നു. ആർജവം ഉള്ളത് പിണറായിക്ക് മാത്രം.

മുഖ്യമന്ത്രി വിചാരിക്കുന്ന കാര്യം അദ്ദേഹം നടത്തും. പ്രതിപക്ഷവുമായോ സ്വന്തം മുന്നണിയിലെ ഘടകകക്ഷികളുമായോ ഒരു ചർച്ചയുമില്ല. ആർക്കും പരാതിയുമില്ല. പ്രതിപക്ഷത്തിനെ മഷിയിട്ട് നോക്കണം. ജനാധിപത്യ ധ്വംസനം നടത്തുന്ന ഇതു പോലെയുള്ള ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പട്ടിക്ക് എല്ലിൻ കഷ്ണം ഇട്ട് കൊടുക്കുന്നതു പോലെ സാധാരണക്കാരന് എന്തെങ്കിലും കൊടുക്കും.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരെക്കണ്ട് അവർ മറിച്ച് വോട്ട് ചെയ്യും ? പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി- ടീമായി മാറിയിരിക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. സാധാരണ ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്.

Advertisment