/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കണ്ണൂരിലെ തോട്ടടയിൽ വിവാഹാഘോഷത്തിൻ്റെ രാത്രിയിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ബോംബേറിലാണ് പര്യവസാനിച്ചത് ! വിവാഹാഘോഷത്തിൽ നടമാടുന്ന ഉളുപ്പില്ലാത്ത ചെയ്തികൾ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
കടിഞ്ഞാണിടാൻ സമൂഹം രംഗത്തിറങ്ങണം. ഉത്തരവാദപ്പെട്ടവർ ബാധ്യത നിർവ്വഹിക്കണം.
വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്.
പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി കാമാസക്തിയോടെ നൃത്തം ചവിട്ടുക,വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ നിർബന്ധിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച് കുതിര്‍ക്കുക, ജെ.സി.ബിയിലും വാഴത്തൈ വെച്ച്കെട്ടിയ ഓട്ടോറിക്ഷയിലും വധു വരന്മാരെ ആനയിക്കുക, ഭക്ഷണ സാധനങ്ങൾ തലക്ക് മുകളിൽ ഒഴിക്കുക... തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്. ശവപ്പെട്ടിയിൽ വരൻ പോകുന്ന ദൃശ്യവും കണ്ണൂരിൽ നാം കണ്ടതാണ്.
പൂച്ചക്ക് ആരും മണികെട്ടും എന്ന ശങ്കയിലാണ് എല്ലാവരും. വിവാഹത്തിൽ സംബന്ധിച്ചവരെല്ലാം ഈ പേക്കൂത്തുകളിൽ അമർഷം രേഖപ്പെടുത്തും. പക്ഷെ, ഉറക്കെ പറയാൻ പലർക്കും സാധിക്കാറില്ല.
ഞാനായിട്ട് ഇതിനെ വിമർശിച്ച് ഇവരുടെ വിവാഹത്തിന് ഒരു ഭംഗം വരുത്തണ്ട എന്നാണ് പലരും കരുതുന്നത്. ബന്ധുക്കളെല്ലാം പരസ്പരം അടക്കം പറയുമെന്നല്ലാതെ ഉറക്കെപ്പറഞ്ഞാൽ കുടുംബം തെറ്റുമോയെന്ന് ഭയപ്പെടുന്നു.
മാതാപിതാക്കളാകട്ടെ, മക്കളെ ഭയന്ന് എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. വിവാഹിതനാകുന്ന വരൻ ഇതു പോലെ സുഹൃത്തുക്കളുടെ വിവാഹത്തിന് എല്ലാ തെമ്മാടിത്തത്തിനും നേതൃത്വം നൽകിയ വ്യക്തിയായതിനാൽ ഒരക്ഷരം എതിർത്ത് പറയാൻ സാധിക്കുന്നുമില്ല. അവൻ ഇത്രയും കാലം ചെയ്തതിനുള്ള പ്രതികാരമായിരിക്കാം ഇത്.
ഓടും തോറും കിലുങ്ങും കിലുങ്ങും തോറും ഓടും എന്ന് പറഞ്ഞ പോലെയാണ് വിവാഹ ആഭാസങ്ങളുടെ അവസ്ഥ ! ഇതിപ്പോൾ ബോംബേറിലെത്തിയിരിക്കുന്നു. ഇനി രണ്ട് പ്രദേശങ്ങൾ ചേരിതിരിഞ്ഞ് കലാപത്തിനിരയാകാനും അധിക സമയം വേണ്ടതില്ല.
എത്രയും വേഗം ഉത്തരവാദപ്പെട്ടവർ ഇടപെടണം. പ്രാദേശികമായി സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളും, വിവിധ മത, സാമൂഹ്യ, സന്നദ്ധ,കൂട്ടായ്മകളും സ്ഥാപനങ്ങളും സംയുക്തമായി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണം. ആഭാസങ്ങൾ നിറഞ്ഞ വിവാഹങ്ങൾ തങ്ങളുടെ പ്രദേശങ്ങളിൽ ഉണ്ടാവില്ലെന്ന് തീരുമാനിക്കണം. വിവിധ ഏജൻസികളിലൂടെ ബോധവത്കരണം നടത്തണം.
മനുഷ്യബന്ധങ്ങൾ അകന്ന് പോകുന്ന ഇക്കാലത്ത് സൗഹൃദം ഊട്ടിയുറപ്പിക്കാൻ ലഭിക്കുന്ന അപൂവ്വ അവസരമാണ് വിവാഹ ആഘോഷങ്ങൾ. വിവിധ വിഭാഗങ്ങൾ ഒന്നിച്ച് ചേരുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്ന മനോഹരമായ വേദി.
നാളുകൾക്ക് ശേഷം കണ്ട് മുട്ടിയവർ തമ്മിൽ സ്വസ്ഥമായൊന്ന് സംസാരിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളെല്ലാം അവസാനിപ്പിക്കണം.
ഇനിയും വൈകരുത്...