കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെന്നും അവർ നിയമിച്ച ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും സർക്കാർ ഓർക്കണമായിരുന്നു...  ഗവർണറെ റബർ സ്റ്റാമ്പാക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടി - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രാജ്ഭവന്റെ അധികാരം കൃത്യമായി ഉപയോഗിക്കുവാൻ അറിയാവുന്ന ഒരു ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് മനസ്സിലാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും.

ആരിഫ് മുഹമ്മദ് ഖാൻ പയറ്റി തെളിഞ്ഞ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് ഭരണഘടനയും നിയമവും കൃത്യമായി അറിയാം. ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിക്ക് ഇത് രണ്ടും വലിയ തിട്ടമില്ലെന്നായിരിക്കാം ഗവർണർ കരുതുന്നത്. അതുകൊണ്ടാണ് സർക്കാർ ഇത്തരം കെണിയിൽ വീഴുന്നത്.

എന്തായാലും ചാനൽ ചർച്ചകളിൽ സഖാക്കൾ നടത്തുന്ന ഗീർവാണമല്ല രാഷ്ട്രീയം എന്ന് ഇനിയെങ്കിലും നേതാക്കൾ മനസ്സിലാക്കണം. എന്ത് കൊണ്ട് ജ്യോതിലാലിനെ മാറ്റേണ്ടിവന്നു?

സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് കുറെ നാളുകളായി ആക്ഷേപമുണ്ട്. പല മന്ത്രിമാർക്കും ഭരണകാര്യങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തതാണ് ഇതിന്റെ കാരണം. ഭരണഘടനയും നിയമങ്ങളും ഗ്രാഹ്യമില്ലാത്ത ഒരു കൂട്ടം മന്ത്രിമാരാണോ കേരളത്തിൽ ഉള്ളത്.

രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഭരണകർത്താക്കളായി മാറാൻ അവർക്ക് സാധിക്കുന്നില്ലേ. അവർക്ക് പാർട്ടി സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും നടത്തുവാനല്ലാതെ ഭരണത്തിൽ ശ്രദ്ധിക്കുവാൻ സമയമില്ല.

ശിവശങ്കർ പറഞ്ഞതായി പറയപ്പെടുന്ന വാചകം ഇതിന് തികഞ്ഞ ഉദാഹരണമാണ്. ടിഷ്യൂ പേപ്പറിൽ ഒപ്പിടുന്ന മുഖ്യമന്ത്രിയാണ് പിണറായി എന്നാണ് ശിവശങ്കർ പറഞ്ഞത്. സർക്കാർ പറയുന്നതെന്തും അപ്പാടെ വിഴുങ്ങുന്ന ആളായിരിക്കണം ഗവർണർ എന്ന സഖാക്കളുടെ ധാർഷ്ട്യത്തിന് ഏറ്റ കനത്ത തിരിച്ചടി ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആണെന്നും അവർ നിയമിച്ച ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും സർക്കാർ ഓർക്കണമായിരുന്നു.

ഗവർണർ ഉന്നയിച്ച വിഷയങ്ങൾ -

കേരളത്തിൽ പ്രതിപക്ഷത്തിന്റെ ജോലിയും ചെയ്യുന്നത് ഗവർണറാണോ എന്ന് തോന്നിപ്പോകുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്. സർവകലാശാലകളിൽ നടക്കുന്ന നിയമന അഴിമതികൾ ഗവർണർ അക്കമിട്ട് പറഞ്ഞില്ലേ ? എന്നിട്ട് പ്രതിപക്ഷത്തിന് എന്ത് ചെയ്യാൻ സാധിച്ചു ?

സ്പീക്കർ എം.ബി.രാജേഷിന്റെ ഭാര്യക്ക് നൽകിയ നിയമനം, മുൻ എം.പി. പി.കെ.ബിജുവിന്റെ ഭാര്യക്ക് നൽകിയ നിയമനം, മന്ത്രി പി.രാജീവിന്റെ ഭാര്യക്ക് നൽകിയ നിയമനം, എൻ.എം.ഷംസീർ എം.എൽ.എ യുടെ ഭാര്യക്ക് നൽകിയ നിയമനം ഇതെല്ലാം പുറത്ത് വന്നിട്ടും പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല.

ഗവർണർ ശക്തമായി ഇടപെട്ടതു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം നടന്നില്ല. ചാൻസലർ പദവി ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച ഗവർണറുടെ കാല് പിടിക്കേണ്ടി വന്നില്ലേ ?

എന്നാൽ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ ഗവർണർക്ക് ഉത്തരവാദിത്വം ഉള്ളത് കൊണ്ട് മാത്രമാണ് പലതിലും അദ്ദേഹം ഒപ്പ് വയ്ക്കുന്നത്. ഗവർണർ ഹരി. എസ്. കർത്ത എന്ന വ്യക്തിയെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കണം എന്ന് ആവശ്യപ്പെടുന്നിടത്താണ് പുതിയ പ്രശ്നം ഉടലെടുത്തത്.

ഇതിൽ ആവശ്യമില്ലാത്ത ഒരു വാശി സർക്കാർ കാണിച്ചതാണ് അബദ്ധമായത്. ഹരി. എസ്. കർത്തായെ നിയമിച്ചതിന് ശേഷം ഇത് ശരിയായില്ല എന്ന് ഗവർണർക്ക് കത്തും നൽകി. ഈ കത്ത് പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്തു.

ഒന്നുകിൽ ബി.ജെ.പിക്കാരനായ ഹരി. എസ്. കർത്തായെ നിയമിക്കരുത്. അല്ലെങ്കിൽ നിയമിച്ചിട്ട് മിണ്ടാതിരിക്കണം. ഇതാണ് മുകളിൽ പറഞ്ഞത് ഭരണകാര്യങ്ങളിൽ പിടിപ്പില്ല എന്നത്.
ബി.ജെ.പി നിയമിച്ച ഗവർണറെ വരുതിക്ക് നിർത്താമെന്ന സർക്കാരിന്റെ ചിന്തയ്ക്കുള്ള തിരിച്ചടി ആണ് കിട്ടിയത്. മൃഗീയ ഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ ഗതികേട്. ഒന്നാലോചിച്ച് നോക്കൂ.

ദിശാബോധമില്ലാത്ത പ്രതിപക്ഷം -

കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. കെ - റയിൽ കല്ലുകൾ പിഴുതെറിയുമെന്നാണ് കെ.സുധാകരൻ വീമ്പിളക്കിയത്. ഇപ്പോഴും പോലീസ് സംരക്ഷണയിൽ കല്ലുകൾ ഇട്ട് കൊണ്ടിരിക്കുന്നു. ഭരണഘടനയിലും ഭരണത്തിലും നിയമ വ്യവസ്ഥയിലും അറിവുള്ള പി.കെ. കുഞ്ഞാലികുട്ടി, ഉമ്മൻ ചാണ്ടി എന്നിവർ മിണ്ടുന്നേയില്ല. ഗവർണർ ഉയർത്തി കൊണ്ട് വരുന്ന വിഷയങ്ങളിൽ കഴമ്പുണ്ടോ എന്ന് നോക്കാതെ സർക്കാരിനൊപ്പം പ്രതിപക്ഷവും ഗവർണറെ അധിക്ഷേപിക്കുന്നു.

രാജ്ഭവനിൽ ചെറിയ അനക്കമുണ്ടായാൽ കെ.കരുണാകരനെ പോലുള്ള ഭരണാധികാരികൾ അപ്പോൾ തന്നെ അറിയുമായിരുന്നു. ഗവർണറെ പിണക്കാതെ മെരുക്കി കൊണ്ടു പോകുവാൻ കരുണാകരന് അറിയാമായിരുന്നു.

ഭരണത്തിലായാലും പ്രതിപക്ഷത്തായാലും കെ.കരുണാകരൻ, കെ.എം.മാണി തുടങ്ങിയ മഹാരഥന്മാരുടെ അഭാവമാണ് യു.ഡി.എഫിന്റെ പരാജയം. എന്തായാലും ആരിഫ് മുഹമ്മദ് ഖാനെ മൂലയ്ക്കിരുത്തി ഭരിക്കാമെന്ന പിണറായിയുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല.

Advertisment