Advertisment

റഷ്യാ - യൂക്രെയിൻ വിവാദം - കാരണങ്ങളും യാഥാർഥ്യങ്ങളും !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ലോകം ഒരർത്ഥത്തിൽ ഇപ്പോൾ മൂന്നാം ലോകമഹായുദ്ധത്തിന്റെ പടിവാതിൽക്കലാണ് എന്നുതന്നെ പറയാം. ഒരു വശത്ത് റഷ്യയും മറുഭാഗത്ത് യൂക്രെയിനൊപ്പം 30 നാറ്റോ സഖ്യരാജ്യങ്ങളുമാണ് യുദ്ധസജ്ജമായ അവസ്ഥയിൽ നിലകൊള്ളുന്നത്.

യുദ്ധത്തിനില്ല എന്ന ഉറപ്പ് പലതവണ നൽകിയ വ്ളാദിമിർ പുട്ടിൻ ഒടുവിൽ എല്ലാവരെയും സ്തബ്ധരാക്കിക്കൊ ണ്ടാണ് യൂക്രെയിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയത്. സങ്കീർണ്ണമായ അവസ്ഥയാണ് മേഖലയൊന്നാകെ.

publive-image

എന്താണ് റഷ്യ - യൂക്രെയിൻ വിവാദത്തിന്റെ യഥാർത്ഥ കാരണങ്ങൾ ?

സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ വളരെ അടുത്തു കഴിഞ്ഞിരുന്ന പ്രവിശ്യകളായിരുന്ന റഷ്യയും യൂക്രെയിനും രണ്ടു രാജ്യങ്ങളായ ശേഷം എങ്ങനെ - എന്തുകൊണ്ട് ബദ്ധശത്രുക്കളായി ?

1. 1991 വരെ യൂക്രെയിൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമായ യൂക്രെയിന്റെ പടിഞ്ഞാറൻ അതിർത്തി യൂറോപ്പും കിഴക്ക് റഷ്യയുമാണ്.

2 . 2014 ൽ റഷ്യ പിന്തുണച്ചിരുന്ന അന്നത്തെ യൂക്രെയിൻ പ്രസിഡണ്ട് വിക്ടർ യാനുകോവിച്ച് പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളുടെ ഇടപെടൽ മൂലം രാജ്യത്തുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ചതുമുതലാണ് റഷ്യയും യൂക്രെയിനും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്.

3 . ഇതിനുള്ള പ്രതികാരമായി റഷ്യ ,ദക്ഷിണ യൂക്രെയിനിലെ ക്രീമിയ പ്രദേശം പിടിച്ചടക്കുകയും അവിടെ യുള്ള യൂക്രെയിൻ വിമതർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്തു. യൂക്രെയിൻ വിമതരായ ഈ വിഘടനവാദികൾ യൂക്രെയിന്റെ കിഴക്കൻമേഖലയിലെ നല്ലൊരു ഭൂപ്രദേശവും കൈക്കലാക്കി. ഇവർക്ക് ആയുധങ്ങളുൾപ്പെടെ റഷ്യയുടെ പരോക്ഷപിന്തുണ അന്നും ഇന്നുമുണ്ട്.

4 . 2014 മുതൽ റഷ്യൻ പിന്തുണയുള്ള വിമതരും യൂക്രെയിൻ സൈന്യവും തമ്മിൽ ഡോൻബാസ് പ്രവശ്യയിൽ തുടർച്ചയായ ഏറ്റുമുട്ടലുകൾ നടത്തിവന്നിരുന്നു. ഇപ്പോഴും അതിനു വലിയ ശമനമൊന്നുമില്ല

5. 2015 ൽ ഫ്രാൻസ് - ജർമ്മനി എന്നീ രാജ്യങ്ങളുടെ ഇടപെടൽ മൂലം റഷ്യയും - യൂക്രെയിനും തമ്മിൽ സംഘ ർഷ വിരാമത്തിനും മേഖലയിൽ സമാധാനമുറപ്പിക്കാനുമായി ഒരു ഒത്തുതീർപ്പ് വ്യവസ്ഥ തയ്യറാക്കുകയും ബെലാറൂസിൻ്റെ തലസ്ഥാനമായ മിൻസ്കിൽ വച്ച് ആ ഒത്തുതീർപ്പു കരാറിൽ റഷ്യയും യൂക്രെയിനും ഒപ്പുവയ്ക്കുകയും ചെയ്തു.

6 .1949 ൽ സോവിയറ്റ് യൂണിയനെതിരായി രൂപം കൊണ്ട നാറ്റോ സഖ്യരാജ്യങ്ങളുമായി യൂക്രെയിൻ സൗഹൃദം പുലർത്തിവന്നതും ഒടുവിൽ അവർ നാറ്റോയുടെ അംഗരാജ്യമാകാൻ നടത്തിവന്ന ശ്രമങ്ങളും റഷ്യക്ക് ഒരു കാരണവശാലും ഉൾക്കൊള്ളനാകുമായിരുന്നില്ല. തങ്ങളുടെ തൊട്ടയൽരാജ്യത്ത് നാറ്റോ സേന എത്തുമെന്ന ഭീതി എപ്പോഴും റഷ്യയെ അലട്ടുന്നുണ്ടായിരുന്നു.

7.ഒരു നാറ്റോ സഖ്യ രാജ്യത്തെ ഏതെങ്കിലും ഒരു രാജ്യം ആക്രമിച്ചാൽ മറ്റെല്ലാ നാറ്റോ രാജ്യങ്ങളും ചേർന്ന് ഒറ്റക്കെട്ടായി ശത്രുരാജ്യത്തെ യുദ്ധത്തിലൂടെ ഇല്ലായ്മചെയ്യുമെന്നതാണ് നാറ്റോ സേനയുടെ പ്രഖ്യാപനവും തീരുമാനങ്ങളും. ഇതാണ് റഷ്യയുടെ ഉറക്കം കെടുത്തുന്നത്. നാറ്റോ സഖ്യത്തിൽ പുതിയ രാജ്യങ്ങളെ അംഗങ്ങളാക്കുന്നതിനും യൂക്രെയിനെ നാറ്റോ സഖ്യത്തിൽ ചേർക്കുന്നത് തടയുന്നതിനും നാളുകളായി റഷ്യ പാശ്ചാത്യരാജ്യങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തിവന്നിരുന്നു.

8 . പുട്ടിൻ അക്ഷമനായി മാറുകയായിരുന്നു. നാറ്റോ സഖ്യസേനയിൽ യൂക്രെയിൻ അംഗമാകുന്നതിനുമുമ്പേ അവരെ തകർക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹമിപ്പോൾ നോട്ടമിടുന്നത്. അരാജകത്വം നിലനിൽക്കുന്ന ഒരു രാജ്യത്തെ തങ്ങളുടെ ഭാഗമാക്കാൻ പാശ്ചാത്യശക്തികൾ തയ്യറാകില്ല എന്നും അദ്ദേഹം കരുതുന്നു.

9. ഇപ്പോൾ ഇവിടെ ഈ വിഷയത്തിൽ നാറ്റോ സഖ്യമെടുക്കുന്ന നിലപാടുകൾ വളരെ നിർണ്ണായകമാണ്. ഒരു മഹായുദ്ധത്തിലേക്ക് ലോകത്തെ കൊണ്ടുപോകാൻ അവർ തയ്യറാകില്ല എന്ന് കരുതുന്നവർ അനേകരുണ്ട്. റഷ്യയെ യൂക്രെയിനിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും തീവ്രമായി നടക്കുകയാണ്.

10. ചൈന പരസ്യമായി റഷ്യക്കനുകൂലമായ പൊതു നിലപാട് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.പ്രഖ്യാപിക്കാൻ സാദ്ധ്യതയും വിരളമാണ്. കാരണം ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്പത്തികമേഖലയുടെ അടിത്തറയും നിലനിൽപ്പും തന്നെ ഒരളവുവരെ യൂറോപ്യൻ രാജ്യങ്ങളിലൂന്നിയാണ്.

publive-image

ലോകത്തിന് ഇനി ഉദ്വേഗത്തിൻ്റെ നാളുകളാണ്. കോവിഡ് മഹാമാരി വിനാശം വിതറി കടന്നുപോയ , ഒരുപക്ഷേ ഇനിയും ആ ഭീതി വിട്ടകന്നിട്ടില്ലാത്ത ലോകത്തിന് മറ്റൊരു വലിയ ആഘാതം കൂടി മഹായുദ്ധത്തിന്റെ പേരിൽ താങ്ങാനുള്ള കരുത്തുണ്ടാകുമോ ??

Advertisment