/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് ഒരു തുറന്ന കത്ത്...
അങ്ങ് കഴിഞ്ഞ ദിവസം തലവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ നടത്തിയ സന്ദർശനവും അവിടുത്തെ പോരായ്മകൾ വിവരിച്ചു ഡോക്ടറെ കുറ്റപ്പെടുത്തി എടുത്ത വീഡിയോയും വൈറലാണല്ലോ.
ഈ സ്ഥാപനം ജനോപകാരപ്രദമായി നല്ല നിലയിൽ നടക്കുന്നതായതുകൊണ്ടാണല്ലോ അങ്ങ് ഇതിന്റെ വികസനത്തിനായി ഫണ്ട് അനുവദിപ്പിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്തത്, അതിനുള്ള കൃതജ്ഞത ആദ്യമെ അറിയിക്കട്ടെ.
പക്ഷെ, സർക്കാർ സ്ഥാപനങ്ങൾ വൃത്തിയായി നിലനിർത്തണം എന്നത് നാം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അതിന് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുന്നതിനും ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.
അങ്ങ് സമീപത്തുള പ്രൈമറി ഹെൽത്ത് സെന്ററിന്റെ വൃത്തിയുമായി ഈ സ്ഥാപനത്തിനെ താരതമ്യം ചെയ്തുവല്ലോ. ഒപി ചികിത്സ മാത്രം നടക്കുന്ന അവിടെ ഈ ജോലി ചെയ്യുന്നതിനു മാത്രമായി നാലു പേർ ഉള്ളപ്പോൾ 250ൽ അധികം രോഗികൾ ഒപിയിലും 20 അധികം കിടപ്പ് രോഗികളുമുള്ള ഈ സ്ഥാപനത്തിൽ ആകെയുള്ള ഒരാൾ റിട്ടയർ ചെയ്യുകയും പകരം ആൾ എത്താതിരിക്കുകയും ചെയ്ത സാഹചര്യം മനസിലാക്കാതെയാണ് അങ്ങ് പ്രതികരിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ മനുഷ്യവിഭവശേഷിയുടെ ശോചനീയാവസ്ഥയേയും അതിന്റെ കാരണങ്ങളേയും പറ്റി അറിയുവാനും അവയ്ക്ക് പരിഹാരം കാണുവാനും ജനപ്രതിനിധി എന്ന നിലയ്ക്ക് ഉത്തരവാദിത്വമുള്ള അങ്ങ് യാഥാർത്ഥ്യം മനസിലാക്കാതെ അവിടുത്തെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി അപമാനിക്കുക മാത്രമാണ് ചെയ്തത്.
തലവൂർ ആശുപത്രിയിൽ ആത്മാർത്ഥ മായി പ്രവർത്തിക്കുന്ന ഡോക്ടറുടെ പ്രവർത്തം അങ്ങയ്ക്കും അറിവുള്ളതാണല്ലൊ. കഴിഞ്ഞവർഷങ്ങളിൽ വിവിധ പ്രാജക്റ്റുകൾ വഴി വൈവിധ്യമാർന്ന വികസനമാണ് നടപ്പിലാക്കാനായത്. ആധുനിക സജ്ജീകരണങ്ങളോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് സൗകര്യം, ഡിജിറ്റൽ എക്സ് റേ സംവിധാനം, മാനസിക രോഗികൾക്കുള്ള പ്രത്യേക ചികിത്സ തുടങ്ങി ഏറെ വികസനപ്രവർത്തങ്ങളാണ് പൊതുജനങ്ങൾക്കായി ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
ഇവയൊക്കെ പരിമിതമായ എണ്ണം ജീവനക്കാരുടെ സഹായത്തിലാണ് പ്രവർത്തിക്കുന്നത്. ഇത്രയധികം സംവിധനങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കുന്ന മാതൃകാ ആശുപത്രിയായി ഉയരുന്നതിൽ അവിടത്തെ മേധാവിയായ സി.എം.ഒ ഡോ. അബിളി കുമാരിയുടെ ആത്മാർത്ഥതയും പഞ്ചായത്തിന്റെ സഹകരണവും അങ്ങയുടെ പിന്തുണയും തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ടതാണ്.
കേരളത്തിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ ഇപ്പോഴും 1960 ലെ സ്റ്റാഫ് പാറ്റേൺ ആണ് നിലവിലുള്ളത് എന്നത് അങ്ങേക്ക് അറിയില്ലായിരിക്കാം. ഒരു മെഡിക്കൽ ഓഫീസർ, ഒരു ഫാർമസിസ്റ്റ്, ഒരു അറ്റൻഡർ എന്നതാണ് ഡിസ്പെൻസറികളിലെ ജീവനക്കാരുടെ കണക്ക്. ഈ മൂന്ന് തസ്തികളിൽ തന്നെ പലതും പല സ്ഥാപനങ്ങളിലും ഒഴിഞ്ഞ് കിടക്കാറാണ് പതിവ്.
20 കിടക്കകളുള്ള ആയുർവേദ ആശുപത്രിയിൽ ഒരു സ്വീപ്പർ പോസ്റ്റാണുള്ളത്. ഭാരതീയ ചികിത്സാ വകുപ്പിൽ പുതിയ ഒരു തസ്തിക സൃഷ്ടിച്ചിട്ടെത്ര വർഷങ്ങളായി എന്ന് അങ്ങ് അന്വേഷിക്കണം. 10 കിടക്കകളുള്ള 51 സ്ഥാപനങ്ങളിൽ ഇപ്പോഴും ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇത്തരം സ്ഥാപനങ്ങളിൽ ഒരു പോസ്റ്റ് കൂടി അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
2022-23 ലെ ബജറ്റിൽ ഭാരതീയ ചികിത്സാ വകുപ്പ് ആവശ്യപ്പെട്ട 800-ൽ പരം അത്യവശ്യ തസ്തികകളിൽ (അറ്റൻഡർ മുതൽ മെഡിക്കൽ ഓഫീസർ വരെയുള്ള വിവിധ തസ്തികകൾ) 180 എണ്ണം മാത്രമാണ് അനുവദിക്കുന്നതായി പ്രഖ്യാപിച്ചത് . അതിൽ ഒരെണ്ണം പോലും നിയമനം നടന്നില്ല എന്നത് അങ്ങ് അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. (ഏതാനും ദിവസങ്ങൾക്കുള്ളിൽ അടുത്ത വർഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിക്കും) ഇക്കാര്യത്തിൽ ജനപ്രതിനിധികൾക്ക് ഒന്നും ചെയ്യാനില്ലേ ?
കഴിഞ്ഞ സർക്കാർ ആയുർവേദ ഡിസ്പെൻസറികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെങ്കിലും അത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുകയാണ് ചെയ്തത്. അതിനു വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയോ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും ഫാർമസിസ്റ്റിന്റെയും തെറാപ്പിസ്റ്റിന്റയും ജോലി അറ്റൻഡറെകൊണ്ട് ചെയ്യിപ്പിച്ചാണ് പല സ്ഥാപനങ്ങളും നടന്നുപോകുന്നത് എന്നതും ജനപ്രതിനിധികൾ അറിയണം.
1960 ന് ശേഷം സർക്കാർ ആയുർവേദ ആശുപത്രികൾ നല്കുന്ന സേവനങ്ങളിൽ എത്രയേറെ മാറ്റം വന്നു എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. എന്നാൽ അന്നത്തേ അതേ സ്റ്റാഫ് പാറ്റേൺ കൊണ്ട് ഇന്ന് സ്ഥാപനങ്ങൾ നടത്തികൊണ്ടു പോകുന്നതിന് അസാമാന്യ മെയ് വഴക്കം വേണം.
എന്തെല്ലാം പരിമിതികളും പ്രശ്നങ്ങളുമുണ്ടെങ്കിലും നമ്മുടെ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ ഏറ്റവും വൃത്തിയിലും വെടിപ്പിലും പ്രവർത്തിക്കേണ്ടവയാണെന്നതിലും അതിന്റെ ഉത്തരവാദിത്വം അവിടുത്തെ ജീവനക്കാർക്കാണെന്നതിലും ഒരു സംശയവുമില്ല. തലവൂർ ആശുപത്രിയിലെ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടത് ഉണ്ട് എന്നതിൽ തർക്കമില്ല.
എന്നാൽ താൻ ജോലിചെയ്തിരുന്ന എല്ലാ സ്ഥാപനങ്ങളിലും അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പശ്ചാത്തല വികസനത്തിനും അവിടെയെത്തുന്ന രോഗികൾക്ക് ഏറ്റവും മികച്ച സേവനം നല്കുന്നതിനും വളരെയധികം ശ്രദ്ധിക്കുന്ന, തലവൂർ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ പരസ്യമായി അപമാനിതയാകാൻ യാഥാർത്ഥ്യം മനസിലാക്കാതെ അങ്ങ് നടത്തിയ പരാമർശങ്ങൾ ഇടവരുത്തി എന്നത് ഖേദകരമാണ്.
ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള അങ്ങയുടെ പ്രതിബദ്ധതയും കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള താല്പര്യവും മാത്രമാണ് ഈ പരാമർശങ്ങൾക്കു പിന്നിലെ വികാരം എന്ന് ഞങ്ങൾ കരുതുന്നു. എന്നാൽ ഏറെ പരിമിതികൾ ക്കുള്ളിൽ നിന്ന് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കാനെ ഇത് ഉപകരിക്കുകയുള്ളൂ.
ശുചിമുറിയിലെ ടൈൽ ഇളകിപ്പോയതിനും, ഫിറ്റിംഗുകൾ ഒടിഞ്ഞു പോയതിനും ഡോക്ടർ എങ്ങനെയാണ് ഉത്തരവാദിയാകുന്നത്? ഉത്ഘാടനത്തിനു മുമ്പേ കേടുവന്നതിന് ഗുണനിലവാരമില്ലാത്ത നിർമ്മിതിയല്ലേ കാരണം ?
ഫിസിയോതെറാപ്പി ഉപകരണങ്ങൾ അനുവദിച്ചെങ്കിലും യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരില്ലാത്തതിനും ഉത്തരവാദി മെഡിക്കൽ ഓഫീസർ ആകുമോ ?
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ആയുർവേദത്തിന്റെ സംഭാവനകൾ ആർക്കും നിഷേധിക്കാനാവില്ല. അതിൽ തന്നെ ഭാരതീയ ചികിത്സാ വകുപ്പിന്റെ സേവനങ്ങൾ മികച്ചതാണ്. എന്നാൽ കടുത്ത അവഗണനയാണ് സൗകര്യങ്ങൾ അനുവദിക്കുന്നതിൽ
വകുപ്പ് നേരിടുന്നത്.
ഈ അവസ്ഥക്ക് മാറ്റം വരുന്നതിന് ജനപ്രതിനിധികൾ ഇടപെടണം. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ മികച്ച നടത്തിപ്പിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണം, സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം, നിലവിലുള്ള ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കൂടുതൽ ബെഡ്ഡുകൾ അനുവദിക്കുകയും പുതിയ സ്ഥാപനങ്ങൾ തുടങ്ങുകയും വേണം.
ഇതിനൊക്കെ ആവശ്യമായ ബഡ്ജറ്റ് വിഹിതം അനുവദിക്കണം. ഈ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴും ജനങ്ങൾക്ക് ഒപ്പവും വികസനത്തിനൊപ്പവും നിൽക്കുന്ന അങ്ങ് നേതൃത്വം നല്കുമെന്നും തലവൂർ ആശുപത്രിയെ കേരളത്തിലെ തന്നെ മാതൃകാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വംനല്കുമെന്നും പ്രതീക്ഷിക്കുന്നു.
വിശ്വാസപൂർവ്വം
ഡോ.രാജു തോമസ്
സംസ്ഥാന പ്രസിഡൻറ്
ഡോ.സാദത്ത് ദിനകർ
ജനറൽ സെക്രട്ടറി
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ)