ഈ 'വികസന' യുദ്ധം ആർക്ക് വേണ്ടിയാണ്? പോലീസ് നരനായാട്ട് നിർത്തണം (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

കൃത്യമായ സാമ്പത്തിക കാഴ്ചപ്പാടോ, പാരിസ്ഥിതിക, സാമൂഹ്യാഘാത പഠനമോ, കേന്ദ്ര സർക്കാറിൻ്റെ സമ്പൂർണ അനുമതിയോ ഇതുവരെയും ലഭിച്ചിട്ടില്ലാത്ത ഒരു പദ്ധതിയുടെ പേരിൽ എന്തിനാണ് ഇടതുസർക്കാർ സ്വന്തം ജനതയോട് തെരുവ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്?

Advertisment

ആർക്കുവേണ്ടിയാണീ സാഹസത്തിന് മുതിരുന്നത്?

അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതായിരിക്കുന്നു പോലീസിൻ്റെ നരനായാട്ട്. അനുവാദമില്ലാതെ മതിലും ഗേറ്റും ചാടിക്കടന്ന് വീട്ടിൽ കയറുക, വീട്ടുകാരെ ഭീഷണിപ്പെടുത്തി
അവർക്ക് നേരെ ബലപ്രയോഗം നടത്തുക, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുക, പോലീസ് ഭീകര വാഴ്ചയിൽ ഭയന്ന് അമ്മയെ കെട്ടിപ്പിടിച്ച് ചേർന്നുനിന്ന് കരയുന്ന കൊച്ചു പൈതങ്ങളെ പോലീസ് ബലപ്രയോഗത്തിലൂടെ പറിച്ചുമാറ്റി അമ്മയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുക....... ഇത് കേരളമല്ലേ?

സഖാക്കളേ, ഇവർ പാവങ്ങളാണ്. നിങ്ങളെ അധികാരത്തിലേറ്റിയ പാവങ്ങൾ. ഇടതുപക്ഷത്തെ ഹൃദയപക്ഷമായി കണ്ടുപോയ പാവങ്ങൾ. സർക്കാരല്ല അവരുടെ ലക്ഷ്യം, സ്വന്തം കിടപ്പാടം മാത്രമാണ്. രണ്ടും മൂന്നും സെൻ്റിൽ ഒരു ജീവിതായുസ്സിൻ്റെ കഠിനാധ്വാനം കൊണ്ട് ബാങ്കിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും പണം കടമെടുത്ത് കെട്ടിയുണ്ടാക്കിയ കൊച്ചു കൂരയാണ് സർ, അവരുടെ പ്രശ്നം.

ഇനിയും അടച്ച് തീരാത്ത കടബാധ്യതയുമായി അവിടെ കഴിയുന്ന പാവങ്ങളുടെ വലിയ സ്വപ്നങ്ങൾക്ക് മേലാണ് നിങ്ങളീ വികസനത്തിൻ്റെ കുറ്റി നാട്ടുന്നത്. കേരളത്തിൻ്റെ തെരുവിൽ
വാവിട്ട് കരയുന്ന അമ്മമാരോടും നിലവിളിക്കുന്ന കൊച്ചു കുട്ടികളോടും തളർന്ന് വീഴുന്ന വയോവൃദ്ധൻമാരോടും സമരം ചെയ്യുന്ന യുവതീ യുവാക്കളോടും.....

കാക്കി പട്ടാളത്തെയിറക്കി യുദ്ധം ചെയ്ത് പാവങ്ങളുടെ കണ്ണീരിലും ചോരയിലും സിൽവർ ലൈനിൻ്റെ കുറ്റി നാട്ടാമെന്നാണ് സർക്കാർ മോഹമെങ്കിൽ ഓർക്കുക, നിങ്ങളുടെ ദുരമൂത്ത വികസന ഭ്രാന്തിന് മേലുള്ള 'മീസാൻ കല്ലായി' ഇത് മാറും.

Advertisment