ഐപിഎല്‍ 2022 ന് ശനിയാഴ്ച തുടക്കമായി. ഇനി രണ്ടുമാസക്കാലത്തേക്ക് ക്രിക്കറ്റിന്റെ സൂപ്പർ ആക്ഷനു കൾ നമുക്ക് ദൃശ്യമാകും. ഫോറും, സിക്‌സും ഒക്കെ ഗ്രൗണ്ടുകളിൽ പറപറക്കുമ്പോൾ ബിസിസിഐ മുതൽ ടീം ഉടമകൾക്കും കളിക്കാർക്കും മേലേ പണത്തിന്റെ പെരുമഴയാണ് ഉണ്ടാകാൻ പോകുന്നത്.
ഐപിഎല്‍ 2008 ലെ ആദ്യ സീസൺ മുതൽ ഇതുവരെ ഓരോ സീസൺ കഴിയുംതോറും ഇതിന്റെ പോപ്പുലാരിറ്റിയും പണമൊ ഴുക്കും പലമടങ്ങു് വർദ്ധിച്ചിരിക്കുകയാണ്.ഇപ്പോൾ ആകെ 10 ടീമുകളാണ് IPL ൽ ഉള്ളത്. പുതുതായി ചേർക്കപ്പെട്ടത് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സുമാണ്.
ഐപിഎല്‍ ക്രിക്കറ്റിൽ ഇത്രയേറെ പണം വന്നെത്തുന്നത് എങ്ങനെയാണ് ? അതാണിവിടെ വിശദമായി വിവരിക്കുന്നത്. അതായത് ഐപിഎല്ലിൽ പണമൊഴുകിയെത്തുന്നത് മൂന്നു വഴികളിൽക്കൂടിയാണ്.
1. സെൻട്രൽ റവന്യൂ: ഇത് ഐപിഎല്ലിലെ മൊത്തം വരുമാനത്തിന്റെ 60 -70 % ആണ്. സെൻട്രൽ റവന്യൂ രണ്ടുതരത്തിലാണ്. ഒന്ന് മീഡയ ആൻഡ് ബ്രോഡ്‍കാസ്റ്റിംഗ് റൈറ്സ് വഴിയും രണ്ട് ടൈറ്റിൽ സ്‌പോൺസർഷിപ്പ് വഴിയും.
മീഡയ ആൻഡ് ബ്രോഡ്‍കാസ്റ്റിംഗ് റൈറ്സ്. മാച്ചുകളുടെ പ്രക്ഷേപണ അധികാരം നൽകുന്നതാണ് ഈ വിഭാഗത്തിലെ ഏറ്റവും വലിയ വരുമാനം. പ്രക്ഷേപണ അധികാരം ലഭിക്കുന്ന ചാനലല്ലാതെ മറ്റാർക്കും ഇവ സംപ്രേഷണം ചെയ്യാനുള്ള അധികാരമില്ല.
2008 മുതൽ 2017 വരെ 10 വർഷത്തേക്ക് ഐപിഎല്‍ മാച്ചുകളുടെ സംപ്രേഷണ അധികാരം സോണിയുടെ കയ്യിലായിരുന്നു. ഇതിനു പ്രതിഫലമായി അവർ ബിസിസിഐക്ക് നൽകിയ തുക 8200 കോടി രൂപ.
2018 ൽ അടുത്ത 5 വർഷത്തേക്ക് അതായത് 2022 വരെ നടന്ന ലേലത്തിൽ സ്റ്റാർ സ്പോർട്സാണ് മേൽക്കൈ നേടി പ്രക്ഷേപണാധികാരം കരസ്ഥമാക്കിയത്. തുക കേട്ടാൽ ആരും മൂക്കത്തു വിരൽവച്ചുപോകും 16,347 കോടി രൂപ. തീർന്നില്ല 2023 -2028 ൽ ഈ തുക 30,000 കോടിയാകുമെന്നാണ് ബിസിസിഐ അനുമാനം.
ബ്രോഡ്‌കാസ്റ്റിങ് വഴി ലഭിക്കുന്ന തുകയിൽ 50% ബിസിസിഐക്കും 50 % ടീമുകൾക്കുമാണ്. 16,347 കോടി രൂപയിൽ ഒരുവർഷത്തെ വരുമാനം 3270 കോടിയാണ്. ഇത് 50 -50 ആയി വീതിക്കപ്പെടുന്നു.
ടൈറ്റിൽ സ്‌പോൺസർഷിപ്പ്. ടൈറ്റിൽ സ്‌പോൺസർഷിപ്പ് എന്ന് പറഞ്ഞാൽ ഐപിെല്ലിനൊപ്പം തങ്ങളുടെ പേരുകൂടി ചേർക്കപ്പെടുക എന്നതാണ്. ഉദാഹരണം ഡിഎല്‍എഫ് ഐപിഎല്‍, പെപ്സി ഐപിഎല്‍, വിവോ ഐപിഎല്‍, ഇപ്പോൾ ടാറ്റാ ഐപിഎല്‍. തങ്ങളുടെ ബ്രാൻഡുകളുടെ പ്രചാരത്തിനായി കമ്പനികൾ മത്സരബുദ്ധിയോടെയാണ് ടൈറ്റിൽ സ്പോൺസ ർഷിപ്പിനായി പണമൊഴുക്കുന്നത്.
2008 മുതൽ 2012 വരെ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് ടൈറ്റൽ സ്പോൺസർ ഷിപ്പിനായി 200 കോടി രൂപയാണ് ചെലവഴിച്ചത്. പിന്നീട് പെപ്സി 397 കോടിക്കും വിവോ 2018 -22 വരെ 2199 കോടിക്കും കരാർ ഉറപ്പിച്ചു. ഇടയിൽ മറ്റു കരാറുകാർ വന്നെങ്കിലും വിവോ തന്നെ തുടരുകയായിരുന്നു. ഇപ്പോൾ ഐപിഎല്ലിന്‍റെ രണ്ടു സീസണുകൾക്കുള്ള ടൈറ്റിൽ സ്‌പോൺസർഷിപ്പ് 600 കോടി രൂപയ്ക്ക് ടാറ്റയാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഒരുദാഹരണം പറയാം. മുകളിൽപ്പറയുന്ന ഐപിഎല്ലിലെ സെൻട്രൽ റെവന്യൂ വഴി 2008 -2017 കാലയളവിൽ ബിസിസിഐ ക്ക് ലഭിച്ച വരുമാനം 8400 കോടി രൂപയായിരുന്നു. അതായത് വർഷം 840 കോടി രൂപ. ആ സ്ഥാനത്ത് 2018 മുതൽ 2022 വരെ ലഭിച്ചത് 18,500 കോടി രൂപയാണ്. ഇതിനർത്ഥം ഒരു വർഷത്തെ വരുമാനം 3700 കോടി രൂപ. ഇതിൽനിന്ന് ഓരോ ടീമിനും ഒരു വർഷം ലഭിക്കുന്നത് 230 -240 കോടി രൂപയാണ്.
2 . പരസ്യവും പ്രമോഷനും വഴിയുള്ള റവന്യൂ :
ഇതുവഴി ടീമുകൾക്ക് നല്ല വരുമാനമാണ് ലഭിക്കുന്നത്.കമ്പനികളുമായാണ് കരാർ ഉറപ്പിക്കുന്നത്.കൂടാതെ കളിക്കാരുടെയും അമ്പയർമാരുടെയും ജേഴ്സികൾ, ക്യാപ്പ്, ഹെൽമെറ്റ്, വിക്കറ്റ്, ഗ്രൗണ്ടിലും ബൗണ്ടറികളിലും ബോർഡറിലുമെല്ലാം കാണുന്ന പരസ്യങ്ങൾ വഴി ആ കമ്പനികൾ കരാർപ്രകാരമുള്ള തുക നൽകുന്നത് ടീമുകൾക്കാണ്.
ഐപിഎല്‍ ടീമുകൾ തങ്ങളുടെ കളിക്കാരെക്കൊണ്ട് സ്വന്തവും പുറത്തുള്ളതുമായ കമ്പനികൾക്ക് വേണ്ടിയും പരസ്യങ്ങൾ ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്.
ടീമുകൾ സ്വന്തം ലോഗോയും പേരുമുള്ള ക്യാപ്പുകൾ,ടീ ഷർട്ടുകൾ,ഗ്ലൗസ് എന്നിവ മാർക്കറ്റ് ചെയ്തും പണമു ണ്ടാക്കുക പതിവാണ്. മുംബൈ ഇന്ത്യൻസ് ഈ രീതിയിൽ കഴിഞ്ഞ വർഷം 50 കോടി രൂപ നേടുകയുണ്ടായി.
3. ലോക്കൽ റവന്യൂ :
കണികൾക്കുള്ള ടിക്കറ്റ് വിൽപ്പന വഴിയാണ് ഈ തരത്തിലുള്ള വരുമാനം ലഭിക്കുന്നത്.ഒരു മാച്ചിൽ നിന്ന് 4 - 5 കോടി രൂപ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്നുണ്ട്.
അങ്ങനെ മൊത്തത്തിൽ സെൻട്രൽ റെവന്യൂ, പരസ്യവും പ്രമോഷനും വഴിയുള്ള റവന്യൂ , ലോക്കൽ റവന്യൂ എന്നീ മൂന്നിനങ്ങളിലും കൂടി ഒരു IPL ടീമിന് ഒരു വർഷം ശരാശരി 300 കോടി രൂപ ലഭിക്കുന്നുണ്ട്.
ഈ വരുമാനത്തിൽ നിന്നും ഏകദേശം 90 കോടി രൂപ കളിക്കാരുടെ ഫീസിനത്തിലാണ് അവർക്ക് ചെലവാ കുന്നത്. 35 - 40 കോടി രൂപ ഓപ്പറേഷൻ കാസ്റ്റ് അതായത് കളിക്കാരുടെ വിമാനടിക്കറ്റ് ,ഹോട്ടൽ, ലോക്കൽ യാത്ര എന്നിവയ്ക്കായി ചെലവിടുന്നുണ്ട്.
ഇതുകൂടാതെ ഓരോ മാച്ചിനും ആ മാച്ച് നടക്കുന്ന സംസ്ഥാനത്തെ ക്രിക്കറ്റ് അസ്സോസിയേഷ നുകൾക്ക് 50 ലക്ഷം രൂപവീതം ടീമുകൾ നൽകേണ്ടതുണ്ട്. ഒരു സീസണിൽ 7 മാച്ചു ണ്ടെങ്കിൽ ടീമിന് മൊത്തം ആയിനത്തിൽ 3.50 കോടി ചെലവാകും.
ഇതിലൊക്കെ ഉപരിയായി ഓരോ ഐപിഎല്‍ ടീമും തങ്ങളുടെ വരുമാനത്തിന്റെ 20 % തുക ബിസിസിഐ ക്ക് നൽകേണ്ടതുമാണ്. അതായത് ഏകദേശം 25 -30 കോടി രൂപയോളം.
മൊത്തത്തിൽ ഒരു ഐപിഎല്‍ ടീമിന് ഒരു വർഷം ലഭിക്കുന്ന 300 കോടി രൂപയിൽ 160 -165 കോടിയോളം മാത്രമേ അവർക്ക് ആകെ ചെലവ് വരുന്നുള്ളു.ഇതിനർത്ഥം അവർക്ക് ഒരു വർഷം ഏകദേശം 130 -140 കോടി രൂപയുടെ ലാഭമുണ്ടാകുന്നു എന്നതാണ്.
ഇതൊന്നും കൂടാതെ ലഭിക്കുന്ന പ്രൈസ് മണി ചെറിയ തുകയാണെങ്കിലും അതിലും പകുതി പണം ടീം ഉടമകൾക്കും പകുതി കളിക്കാർക്കുമാണ് ലഭിക്കുന്നത്. 2021 ഐപിഎല്‍ വിജയിച്ച ടീമിന് 20 കോടിയും റണ്ണർ അപ്പിന് 12.5 കോടിയും മൂന്നും നാലും സ്ഥാനത്തുവന്ന ടീമുകൾക്ക് 8.75 കോടി വീതവുമാണ് സമ്മനത്തുകയായി ലഭിച്ചത്. ഇതിന്റെയെല്ലാം പകുതി തുക ടീം ഉടമകൾക്കും ബാക്കി പകുതി കളിക്കാർക്കും തുല്യമായുമാണ് ലഭിച്ചത്.
ഇതൊക്കെയാണ് ഐപിഎല്‍ ക്രിക്കറ്റിൽ നാനാദിക്കിൽനിന്നും പണം ഒഴുകിയെത്തുന്ന വഴികൾ. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. അതുപോലെതന്നെ സമ്പന്നരാണ് നമ്മുടെ ക്രിക്കറ്റ് താരങ്ങളും. IPL വന്നതോടെ നൂറുകണക്കിന് കളിക്കാർക്ക് അത് വലിയ തുണയായി മാറി.അവർ പലരും അതുകൊണ്ടുതെന്നെ രക്ഷപെട്ടു.
ഇക്കാരണങ്ങൾ കൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ പലരും ഇന്ത്യൻ പൈസാ ലീഗ് ക്രിക്കറ്റ് എന്ന് വിളിക്കുന്നത്.