തെറ്റായ മാർഗ്ഗത്തിൽ പോകാതെ സ്വയം നിയന്ത്രിക്കാനുള്ള ശക്തിയാർജ്ജിക്കാനും അള്ളാഹുവിനോട് എല്ലാ തെറ്റുകൾക്കും മാപ്പപേക്ഷിക്കാനും, അനീതികണ്ടാലും ആത്മനിയന്ത്രണം പാലിക്കാനും അസത്യം പറയാതിരിക്കാനും തെറ്റായ ദൃഷ്ടിയിൽ ഒന്നിനെയും നോക്കിക്കാണാതിരിക്കാനും മാർഗ്ഗനിർദ്ദേശം നൽകുന്ന റംസാൻ നൊയമ്പിന്റെ നാളുകളിൽ പവിത്രമായ മനസ്സുകളെ അള്ളാഹു അനുഗ്രഹിക്കുമെന്നും പാപവിമുക്തമാക്കുമെന്നും ഇസ്‌ലാം മതവിശ്വാസികൾ അടിയുറച്ചുവിശ്വസിക്കുന്നു.
റംസാൻ മാസത്തിൽ സൂര്യനുദിക്കുന്നതുമുതൽ അസ്തമിക്കുംവരെ ഉമിനീർ പോലും ഇറക്കാതെയുള്ള കഠിനവ്രതം മാനവരാശിയുടെ ദുഖവും വേദനയും വിശപ്പും ദാഹവും ഉൾക്കൊള്ളാൻ കൂടിയുള്ളതാണ്.
ഇസ്‌ലാം മതവിശ്വാസികൾ സാധാരണ 5 നേരമാണ് നിസ്‌ക്കരിക്കുന്നത് . എന്നാൽ റംസാൻ മാസത്തിൽ ആറു നേരമാണ് നിസ്ക്കാരം. ആറാമത്തെ നിസ്ക്കാരം താറാവീഹ് (Tarawih) രാത്രിയിലാണ് നടക്കുക. താറാവീഹ് തുടക്ക നിസ്‌ക്കാരവേളമുതൽ ഘട്ടം ഘട്ടമായി അവസാനനിസ്ക്കാരമാകുമ്പോഴേക്കും ഖുർആൻ മുഴുവനായും പാരായണം ചെയ്യപ്പെടുന്നു.
റംസാൻ മാസത്തിൽ വിശ്വാസികൾ കുറഞ്ഞത് 29 ദിവസത്തെ ഏറിയാൽ 30 ദിവസത്തെ നൊയമ്പാണ് കൈക്കൊള്ളുക.അതിൽക്കൂടുതൽ പാടില്ല. സദ്‌കർമ്മങ്ങളിലൂടെ റംസാന്റെ പുണ്യമാസം പവിത്രമാക്കു കയെന്നത് ഓരോരുത്തരുടെയും കടമയാണ്.
ലോകത്തെ 57 രാജ്യങ്ങളിൽ റംസാൻ ആഘോഷിക്കപ്പെടുന്നു. ലോകജനതയുടെ 23% അതായത് 170 കോടി ജനങ്ങളുടെ വിശുദ്ധ മാസമാണിത്.ഇസ്ലാമിന്റെ 5 അടിസ്ഥാനതത്വങ്ങളിൽ ഒന്നാണ് റംസാൻ നോയമ്പ്. റംസാന്റെ അവസാനദിവസം ചന്ദ്രപ്പിറവി ദൃശ്യമാകുമ്പോൾ ഈദ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.
ഓരോ ഇസ്‌ലാം മതവിശ്വാസിയും 12 മത്തെ വയസ്സുമുതൽ നൊയമ്പെടുക്കേണ്ടതാണ്. നോയമ്പെടുക്കാ ത്തവർ ഒരു ദിവസത്തെ ആഹാരം ദാനം ചെയ്തിരിക്കണം എന്നതും നിർബന്ധം.
റംസാൻ മാസത്തിലെ പുണ്യചിന്തകൾ...
റംസാൻ മാസത്തിൽ നോമ്പ് നോക്കുക എന്നത് ഇസ്ളാമിൽ അനിവാര്യമായ ഒന്നാണ്.
കലിമ പഠിക്കുക, നിസ്‌ക്കരിക്കുക,സക്കാത്ത് നൽകുക, കഴിയുമെങ്കിൽ ജീവിതത്തിൽ ഒരുതവണ ഹജ്ജ് ചെയ്യുക എന്നതും ഒരു ഇസ്‌ലാം മതവിശ്വാ സിക്ക് അനിവാര്യമായതാണ്...
ഹജ്ജിനു മക്കയിലേക്ക് പോകുന്ന വിശ്വാസികൾ അവിടെ കഅബ (അള്ളാഹുവിന്റെ ആലയം) യ്‌ക്കു ചുറ്റും ആളുകളുടെ ആരോഗ്യനിലയനുസരിച്ചു വലം വയ്ക്കുന്നു. ഏഴു തവണ വലം വയ്ക്കണം (വലത്തുനിന്നും ഇടത്തോട്ട്) എന്നാണു പ്രമാണം. അതിൽ കൂടുതലുമാകാം. ഏഴുതവണ വലം വയ്ക്കുന്നതിന് 'ത്വവാഫ്' എന്ന് പറയുന്നു. ത്വവാഫിന് ശേഷം മക്കയിലെ പുണ്യതീർത്ഥമായ സംസം കുടിക്കുന്നതും ഒരു പുണ്യ ചടങ്ങാണ്.
ഇബ്രാഹിം നബി മക്കയിൽ പള്ളിനിർമ്മാണം നടത്തുന്നസമയത്ത് ഗബ്രിയേൽ മാലാഖ സ്വർഗ്ഗത്തുനിന്നു കൊണ്ടുവന്നു നൽകിയ 'ഹജറുൽ അസ്‌വദ്' എന്ന കറുത്ത ശിലയാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്നാണു വിശ്വാസം.ഓരോ ത്വവാഫ് കഴിയുമ്പോഴും ഹാജിമാർ ഈ കല്ലിൽ ചുംബിക്കാറുണ്ട്.
ഹജ്ജ് യാത്രികർ ധരിക്കുന്നത് പരസ്പ്പരം കൂട്ടിത്തയ്ക്കാത്ത രണ്ടു വസ്ത്രങ്ങളാണ്. ഒന്ന് മുണ്ടുപോലെ അടിയിൽ ധരിക്കാനും മറ്റൊന്ന് ശരീരം മറയ്ക്കാനും. ഈ വസ്ത്രത്തിനു ഇഹ്‌റാം (Ihram) എന്നാണു പറയുന്നത്. പുരുഷൻമാർക്കാണ് ഈ വസ്ത്രങ്ങൾ. സ്ത്രീകൾ അവരുടെ സാധാരണ ഹിജാബ് ധരിച്ചാൽ മതിയാകും. ഹാജിമാർ ധരിക്കുന്ന ചെരുപ്പിന്റെ വള്ളികൾ കെട്ടുപിണയാത്തതായിരിക്കണം.
ഇഹ്‌റാം വസ്ത്രം ധരിച്ചുകഴിഞ്ഞാൽ പിന്നെ ഒരു പ്രാണിയെപ്പോലും ഹിംസിക്കരുതെന്നും മുടിയും,താടിയും മുറിക്കരുതെന്നുമുള്ള ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്..
ഹജ്ജ് കർമ്മത്തിന്റെ തുടർ കർമ്മങ്ങളായ സഫാ - മാർവാ മലകളിലെ യാത്രയും (ഓട്ടം ) കഴിഞ്ഞു , സാത്താനെ കല്ലെറിയുകയും ,മിനയിൽപ്പോയി പാർക്കുകയും തലമുണ്ഡനം ചെയ്യുകയും കഴിയുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു.
മദീന സന്ദർശനം ഹജ്ജിന്റെ ഭാഗമല്ല, എങ്കിലും ഹജ്ജിനുപോകുന്നവർ പലരും മദീനയിലും സന്ദർശനം നടത്താറുണ്ട്.