എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് ആർ. ജെ. അംബികകൃഷ്ണയുടെ ബുള്ളറ്റ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
കാക്കനാട്: ആകാശവാണി കൊച്ചി എഫ്.എം. റെയിൻബോ ശ്രോതാക്കളുടെ ഇഷ്ടപ്പെട്ട അവതാരക ആർ. ജെ. അംബികകൃഷ്ണ സ്വന്തം ശബ്ദത്തിന് രണ്ടുമാസത്തേയ്ക്ക് അവധി കൊടുത്തിരിക്കുകയാണ്. സഞ്ചാരപ്രേമികൂടിയായ അംബിക നീണ്ട ഒരു യാത്രയിലാണിപ്പോൾ. സ്വന്തം ചുവന്ന എൻഫീൽഡ് ബുള്ളറ്റിൽ ഏപ്രിൽ 11ന് എറണാകുളം ജില്ലയുടെ കാക്കനാടുള്ള കളക്ട്രേറ്റ് അങ്കണത്തിൽ നിന്നായിരുന്നു ആ യാത്രയുടെ തുടക്കം.
ബുള്ളറ്റിൽ തനിച്ചുള്ള ഈ ദീർഘയാത്ര ചില ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ്. അതിർത്തി കാത്ത ധീരസൈനികരുടെ വിധവകളെ കാണുകയാണ് ലക്ഷ്യം. ഭർത്താവായിരുന്ന ശിവരാജ് ഹരിഹരന്റെ ദീപ്തമായ ഓർമ്മകളാണ് അഞ്ജലിയെ ഇത്തരമൊരു യാത്രയ്ക്കായി പ്രേരിപ്പിച്ചത്. പതിനാല് സംസ്ഥാനങ്ങളിലെ പട്ടാളക്കാർക്കും സൈനികരുടെ വിധവകൾക്കും വേണ്ടി നടത്തുന്ന ഈ യാത്രയിൽ ഇന്ത്യയിലുടനീളമുള്ള 25 ആകാശവാണി എഫ്. എം. റെയിൻബോ നിലയങ്ങളും സന്ദർശിക്കുമെന്ന് അംബിക കൃഷ്ണ പറഞ്ഞു.
വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ശിവരാജ് ഹരിഹരന്റെ വിയോഗം പത്തൊൻപത് വയസ്സിൽ അംബികയെ വിധവയാക്കി. അന്ന് ബികോമിന് പഠിയ്ക്കുന്ന കാലം. 25 വർഷം മുമ്പ് ഡൽഹിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിലായിരുന്നു ശിവരാജ് ഹരിഹരന്റെ മരണം. അംബികയെയും മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന മകളെയും തനിച്ചാക്കി യാത്രയായി. ഭർത്താക്കൻമാരുടെ ചിരസ്മരണയിൽ ജീവിച്ചു തീർക്കുന്ന രാജ്യത്തെ സൈനിക വിധവകളെ കാണണമെന്ന ആഗ്രഹം ഉണ്ടാകാൻ കാരണമിതാണ്.
ഭർത്താവിന്റെ മരണശേഷം ബിരുദം പൂർത്തീകരിച്ച് അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, തന്റെ മേഖല ഇതല്ലെന്ന തിരിച്ചറിവുണ്ടായപ്പോഴാണ് റേഡിയോ ജോക്കി ആകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. കൊച്ചി ആകാശവാണിയിൽ എത്തിച്ചേർന്നതാണ് അംബികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. രണ്ടുമാസത്തേയ്ക്ക് ജോലിയിൽ നിന്നും അവധിയെടുത്താണ് യാത്ര.
അപ്രതീക്ഷിതമായുണ്ടായ ശിവരാജിന്റെ വിയോഗത്തോടെ ജിവിതം ശൂന്യമായതുപോലെയായിരുന്നു അംബികയ്ക്ക്. വിവാഹത്തിന്റെ പിറ്റേവർഷമായിരുന്നു സംഭവം. ഇത് ശരിക്കും അംബികയ തളർത്തി. എന്നാൽ ശിഷ്ടജീവിതം കരഞ്ഞു തീർക്കാനുള്ളതല്ലെന്ന തിരിച്ചറിവ് കാലം അംബികയക്ക് നൽകിയതോടെ ജീവിതത്തിലെ തിക്താനുഭവങ്ങളോട് പടവെട്ടാൻ അംബിക തീരുമാനിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി വിധി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കൈപിടിച്ചു കയറാൻ അംബികയ്ക്ക് ഒട്ടേറെ കഷ്ടതകൾ സഹിക്കേണ്ടിവന്നു. എന്നാൽ തോറ്റു പിന്മാറാൻ ഒരുക്കമല്ലെന്ന ദൃഢനിശ്ചയം പിന്നീടങ്ങോട്ട് അംബികയെ കരുത്തിന്റെ പ്രതീകമായി മാറ്റുകയായിരുന്നു. ജീവിതത്തിലെ പ്രതിസന്ധഘട്ടങ്ങളെയെല്ലാം ഒന്നൊന്നായി തരണം ചെയ്യാൻ കഴിഞ്ഞതിലുടെ നേടിയ കരുത്താണ് ഇപ്പോൾ ഒറ്റയ്ക്ക് ബൈക്കിൽ ഇന്ത്യ ചുറ്റാനുള്ള ആത്മവിശാസം അംബികയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
ആകാശവാണി കൊച്ചി റെയിൻബോ സ്റ്റേഷനിൽ, 2009 ലാണ് റേഡിയോ ജോക്കിയായി അംബിക ജോലിയിൽ പ്രവേശിക്കുന്നത്. റോഡിയോ ജോക്കി എന്ന നിലയിൽ ഇതിനോടകം തന്നെ അംബിക ശ്രോതാക്കളുടെ മനസുകളിൽ ഇടം നേടിക്കഴിഞ്ഞു. തന്റെ ബൈക്ക് യാത്രയിലുടെ ഇന്ത്യയിലെയും ലോകത്തിലെയും സ്ത്രീകൾക്കും ഇന്ത്യയിലെ പട്ടാളക്കാരുടെ കുടുംബത്തിനും ആത്മവിശ്വാസം പകർന്നു നൽകാനാണ് അംബികയുടെ ശ്രമം.
തന്റെ ഭർത്താവ് അപകടത്തിൽ മരിച്ച സ്ഥലം ഒന്നു അംബികയക്ക് കാണണം. പട്ടാളക്കാരുടെ ആത്മാവിന്റെ ഭാഗമാണ് റേഡിയോ. അതിർത്തിയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുമ്പോൾ റേഡിയോ മാത്രമാണ് പലപ്പോഴും പട്ടാളക്കാർക്ക് ആശ്വാസമാകുന്നതെന്ന് അംബിക പറയുന്നു. ഇത് തനിക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. മകൾ ഇൻഫോസിസിൽ ജോലി ചെയ്യുകയാണ്. ഇതിനിടയിൽ ക്യാമറയോടും ഫൊട്ടോഗ്രഫിയോടുമുള്ള ഇഷ്ടം നിമിത്തം ആ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു.
വെഡ്ഡിങ് ഫൊട്ടോഗ്രാഫിയും ചെയ്തു. ഒപ്പം സാമൂഹിക പ്രസക്തിയുള്ള രണ്ടു സിനിമകളുടെ നിശ്ചലഛായാഗ്രഹണം നിർവ്വഹിക്കാൻ സാധിച്ചുവെന്നും അംബിക പറഞ്ഞു. തന്റെ യാത്രകൾ എന്നും തനിച്ചായിരിക്കും. ആകാശവാണിയിൽ നിന്നും എയർഫോഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും തനിക്ക് പിന്തുണയുണ്ട്. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ആണ് യാത്രയിൽ താമസസൗകര്യം ഒരുക്കുന്നത്.
സി.ആർ.എഫ്. വിമൺ ഓൺ വീൽസ് എന്ന എൻ.ജി.ഓ.യും അംബികയുടെ യാത്രയെ സഹായിക്കുന്നുണ്ട്. 14 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ച് ഗോവയിൽ യാത്ര അവസാനിക്കും. 47 മുതൽ 50 ദിവസം വരെ യാത്ര നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് ഏഴുവരെയായിരിക്കും ഓരോ ദിവസവും യാത്ര ചെയ്യുക. പ്രതിദിനം 300 കിലോമീറ്റർ യാത്ര ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അംബിക പറഞ്ഞു. എറണാകുളം ജില്ലാ കളക്ട്രേറ്റ് കാമ്പസ്സിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചി എഫ്. എം. റെയിൻബോ റേഡിയോ ശ്രോതാക്കളും കാഞ്ചീരവം കലാവേദി പ്രവർത്തകരും അംബികയെ യാത്രയയയ്ക്കാൻ എത്തിയിരുന്നു.