/sathyam/media/post_attachments/BcERIJVRzlXugHZPP8kH.jpg)
എയർ ഇന്ത്യ എന്ന് കേട്ടാൽ മുൻപ് വിദേശമലയാളികൾക്ക് ഒട്ടും മതിപ്പില്ലായിരുന്നു. വിദേശികൾക്കും എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രചെയ്യാൻ വിമുഖതയായിരുന്നു. ഫ്‌ളൈറ്റുകളുടെ മോശം അവസ്ഥ, ക്രൂ മെമ്പേഴ്സി ന്റെ മാന്യമല്ലാത്ത പെരുമാറ്റം, സമയക്രമം തെറ്റിയുള്ള ഷെഡ്യൂളുകൾ, മോശം ഭക്ഷണം ഇതൊക്കെയായി രുന്നു എയർ ഇന്ത്യയെ വർഷങ്ങളോളം വിടാതെ ഗ്രസിച്ചിരുന്ന ഘടകങ്ങൾ.
എന്നാൽ എയർ ഇന്ത്യ അതിൻ്റെ യഥാർത്ഥ ഉടമയായ ടാറ്റായുടെ കൈകളിൽ എത്തിയതോടെ വളരെ പെട്ടെന്നുതന്നെ മാറ്റങ്ങൾ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 9 ന് ശനിയാഴ്ച മുംബൈയിൽ നിന്നും വൈകിട്ട് 5.20 ന് തിരുവനന്തപുരത്തിനുള്ള എയർ ഇന്ത്യയുടെ AI 667 വിമാനത്തിൽ യാത്രചെയ്തപ്പോഴുള്ള അനുഭവം അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു.
ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും നല്ല സ്വാദിഷ്ടമായ ചൂടുള്ള ഭക്ഷണവും 200 മില്ലി വീതമുള്ള രണ്ടു കുപ്പിവെള്ളവും ലഭിച്ചത് വലിയ സർപ്രൈസായി മാറി. ഭക്ഷണം ന്യുഡിൽസ്, കൂട്ടുകറി, ചീസ് സാൻഡ്വിച്ച്, ഒരു പീസ് കേക്ക്, ചായ അല്ലെങ്കിൽ കോഫി എന്നിവയായിരുന്നു.
നോൺ വേജ് ഫുഡും ലഭ്യമായിരുന്നു. വളരെ സംതൃപ്തി നൽകിയ മികച്ച ഭക്ഷണം. ഇൻഡിഗോ പോലുള്ള ഫ്ലൈറ്റുകളിൽ ഒരു കുപ്പി വെള്ളം പോലും സൗജന്യമായി ലഭിക്കാറില്ല എന്നോർക്കണം. ഇൻഡിഗോയിൽ ആഹാരത്തിന് പ്രത്യേകം പണം മുൻകൂർ നൽകി ബുക്ക് ചെയ്യേണ്ടതുണ്ട്.
എയർ ഹോസ്റ്റസുമാരുടെ പെരുമാറ്റത്തിലും പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. ഒരു വനിതയും മൂന്നു പുരുഷ ന്മാരുമായിരുന്നു എയർ ഹോസ്റ്റസുമാർ. അവരുടെ വിനയത്തോടെയുള്ള സംസാരവും ശരീരഭാഷയും നല്ല മതിപ്പുളവാക്കി.
ഇനി ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും ഇൻഡിഗോയെക്കാൾ കുറവായിരുന്നു എന്നതും എയർ ഇന്ത്യയുടേത് മുംബൈയിൽ നിന്നും തിരുവനന്തപുരത്തിന് നേരിട്ടുള്ള സർവീസായിരുന്നു എന്ന വസ്തുതയും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
ഉറപ്പുണ്ട് ,അന്തസ്സായി ബിസ്സിനസ്സ് നടത്തുന്ന ടാറ്റായുടെ കൈകളിൽ എയർ ഇന്ത്യ സുരക്ഷിതമായിരിക്കും എന്ന്. എമിറേറ്റ്സ് പോലെ ലോകത്തെ മികച്ച വിമാനസർവീസായി നമ്മുടെ അഭിമാനമായി താമസിയാ തെതന്നെ എയർ ഇന്ത്യ മാറും എന്ന് നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാം.