ആരായിരുന്നു ഡോക്ടർ അംബേദ്ക്കർ ? ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നൊക്കെയുള്ള അതി വൈകാരികമായ വിശേഷണങ്ങളാല്‍ അദ്ദേഹത്തെ തളച്ചിടുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ അതിലൊക്കെയുപരിയായിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നത് പലരും ഓർക്കാറില്ല. ജാതിവ്യവസ്ഥയുടെ ഭീകരതയ്‌ക്കെതിരേ കീഴാളവർഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി അഹോരാത്രം പോരാടിയ മഹാനായിരുന്നു ഡോക്ടർ അംബേദ്‌കർ.
സാമൂഹ്യമായും - സാമ്പത്തികമായുമുള്ള പിന്നോക്കാവസ്ഥമൂലം പാർശ്വവൽക്കരിക്കപ്പെട്ട 45 - ശതമാന ത്തിൽ കൂടുതൽ വരുന്ന മത ന്യൂനപക്ഷങ്ങൾ, പട്ടികജാതി, പട്ടിക വർഗങ്ങൾ എന്നിവരുടെ ഉന്നമനവും അവരെ പൂർണ്ണമായും മുഖ്യധാരയിലെത്തിക്കുകയെന്ന സ്വപ്നവും ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. ആ ലക്ഷ്യം ഇന്നും നാം കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തവുമാണ്.
സ്ത്രീകൾ ഉൾപ്പടെ അടിച്ചമർത്തപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന്റെ ഭാഗമായാണ് അദ്ദേഹം അധഃസ്ഥിത വർഗത്തിന്റ വിമോചനത്തെ കണ്ടത്. ഇതിനായുള്ള ശ്രമം അദ്ദേഹം ഹിന്ദുമതത്തി നുള്ളിൽ തുടങ്ങിയെങ്കിലും വിജയിക്കാനാകാതെ ഒടുവിൽ അതിന് പുറത്തേക്ക് പോവുകയാണുണ്ടായത്.
അസ്‌പൃശ്യതയുടെ അതായത് തൊട്ടുകൂടായ്മ,അയിത്തം എന്നിവയുടെ അടിസ്ഥാനമായ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അദ്ദേഹം ഒടുവിൽ 1956 ൽ ബുദ്ധമതം സ്വീകരിക്കുകയായിരുന്നു.
നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ' എന്നാരംഭിക്കുന്ന ഇന്ത്യൻ ഭരണഘടന ഇവിടുത്തെ ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ വർഗ, വർണ വ്യത്യാസങ്ങളുടെയോ ഒന്നും പേരിലല്ല പരിഗണിച്ചത്. അവരുടെ മതവിശ്വാസ ങ്ങളോ, തൊഴിലോ സാമ്പത്തികനിലയോ ഒന്നും പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അവകാശാധികാരങ്ങളെ റദ്ദുചെയ്യാനുള്ള ഉപാധിയായി കരുതിയിരുന്നുമില്ല.
ഏവർക്കും യാതൊരുവിധ വിവേചനങ്ങളുമി ല്ലാതെ തുല്യമായ അധികാരം പ്രദാനം ചെയ്യുന്നതരത്തിൽ നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയതിലെ മുഖ്യ ചേതന ഡോക്ടർ ഭീമറാവു അംബേദ്ക്കറായിരുന്നു.
ഇന്ന് ആ ചിരിത്രപുരുഷന്റെ ജന്മദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട അധികമാരും അറിയാത്ത അതിമഹത്തായ ഒരു സംഭവമാണ് ഇവിടെ അവതരിപ്പിക്കുന്നത്.തീർച്ചയായും നമ്മയുടെ ചരിത്രത്തിൽ നിന്നും മായാത്ത ഒരദ്ധ്യായം എന്നതിനെ വിശേഷിപ്പിക്കാവുന്നതാണ്.
പൂണെ ഉടമ്പടി ( Pune Pact ) എന്തെന്ന് പലർക്കും അറിവുണ്ടാകില്ല ?
ഡോ.ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കറും മഹാത്മാഗാന്ധിയും തമ്മിൽ പൂണെയിലെ യാർവാഡ ജയിലിൽ ഉണ്ടാക്കിയ കരാർ അഥവാ ഉടമ്പടിയാണ് Pune Pact എന്ന പേരിൽ പിന്നീട് വിഖ്യാതമായത്..
ദളിതരുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉത്ഥാന ത്തിനുവേണ്ടി അനവരതം പൊരുതുകയും പരിശ്രമി ക്കുകയും ചെയ്ത മഹദ്‌വ്യക്തിയായിരുന്നു ഡോ .ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കർ എന്നത് തർക്കമറ്റ വസ്തുതയാണ്.
അദ്ദേഹത്തിൻ്റെ നിരന്തര പരിശ്രമഫലമായി ഒരു പ്രത്യേ ക ഓർഡിനൻസ് വഴിയാണ് ദളിത് വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമായത്.1932 ആഗസ്റ്റ് 16 ന് ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കായി ബ്രിട്ടീഷ് സർ ക്കാർ ഒരു പ്രത്യേയ കമ്യൂണൽ അവാർഡ് (Communal Award)) അനുവദിച്ചു നല്കപ്പെട്ടു. അത് പിന്നീട് വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായി.
ഡോക്ടർ ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കറുടെ സമ്മർദ്ദമായിരുന്നു ഈ കമ്യൂണൽ അവാർഡിന് പിന്നിൽ. ഇത് പ്രകാരം ദളിത് - പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണ മണ്ഡലങ്ങൾ അനുവദി ച്ചതുകൂ ടാതെ ദളിതർക്ക് ഓരോ വ്യക്തിക്കും തെരഞ്ഞെടുപ്പു കളിൽ രണ്ട് വോട്ടുകൾ വീതം അനുവദി ച്ചുനൽ കുകയും ചെയ്തു.
ഇതനുസരിച്ച് ഒരു ദളിത് വ്യക്തി ഒരു വോട്ട് സ്വന്തം പ്രതിനിധിക്കും രണ്ടാമത്തെ വോട്ട് ജനറൽ വിഭാഗ ത്തിലുള്ള സ്ഥാനാർത്ഥിക്കും നൽകണമെന്നാണ് നിയമം. ദളിതർക്ക് രണ്ട് വോട്ടിനുള്ള അവകാശം ലഭിക്കുന്നതുമൂലം അവരുടെ സാമൂഹികമായ ഉന്നമനം എളുപ്പത്തിലാകും എന്നതായിരുന്നു ഡോ. അംബേദ്ക്ക റുടെ നിലപാട്. ബ്രിട്ടീഷുകാരും അതിനോട് യോജിച്ചിരുന്നു.
ഇതിനെതിരേ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉടലെടുത്തു.ഗാന്ധിജി, ഒരു വ്യക്തിക്ക് 2 വോട്ടുകൾ എന്ന രീതിതന്നെ ശക്തമായി എതിർക്കുകയും ബ്രിട്ടീഷ് സർക്കാരിന് പൂണെയിലെ യെർവാഡാ ജയിലിൽ നിന്ന് നിരവധി കത്തുകളെഴുതുകയും ചെയ്തു.
ഹിന്ദു സമൂഹം രണ്ടുതട്ടിലായി വിഭജിക്കപ്പെടുമെന്നും ഈ നിയമം പിൻവലിക്കണമെന്നുമായിരുന്നു ഗാന്ധിജി യുടെ ആവശ്യം. എന്നാൽ ബ്രിട്ടീഷ് സർക്കാർ അത് കാര്യമാക്കിയില്ല. തുടർന്നാണ് ഗാന്ധിജി യെർവാഡ ജയിലിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ആരംഭിക്കുന്നത്.
ഗാന്ധിജിയുടെ ആരോഗ്യനില അനുദിനം വഷളായി വന്നു. അതുകൊണ്ടുതന്നെ അംബേദ്ക്കർക്കെതിരേ ജനരോഷം രൂക്ഷമാകുകയും അദ്ദേഹത്തിന് തൻ്റെ നിലപാട് തിരുത്തേണ്ടി വരുകയുമായിരുന്നു.
1932 സെപറ്റംബർ 24 ന് ഡോക്ടർ അംബേദ്ക്കർ യെർവാ ഡ ജയിലിലെത്തി ഗാന്ധിജിയെ കണ്ടു. അവിടെവച്ച് ഗാന്ധിജിയും അംബേദ്ക്കറും തമ്മിലുണ്ടാക്കിയ വിഖ്യാതമായ ഒത്തുതീർപ്പാണ് PUNE PACT അഥവാ പൂണെ ഉടമ്പടി. ഈ കരാർ പ്രകാരം ദളിതർക്ക് 2 വോട്ടു കൾക്കുള്ള അവകാശം ഇല്ലാതാകുകയും അവർക്കുള്ള സംവരണ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. ആ രീതിതന്നെയാണ് ഇപ്പോഴും പിന്തുടരുന്നതും.