'ഞാൻ കവിതയെഴുതുമ്പോൾ നീ ചരിത്രം നിർമ്മിക്കുകയായിരിക്കും. ഞാൻ ചരിത്രം വായിച്ചു പഠിക്കുമ്പോൾ നീ മുഷ്ടിചുരുട്ടി മുദ്രാവാക്യങ്ങളാൽ ഭൂമിശാസ്ത്രം മാറ്റിമറിക്കുകയായിരിക്കും.'
ഉയിർപ്പിനുള്ള ഊർജ്ജം വാക്കിൽ നിന്നും സ്വീകരിക്കുന്ന ശക്തിഗാഥകളായി ടി.ആർ. സുനന്ദ ടീച്ചറുടെ കാവ്യസമാഹാരം 'മറുപിറവിയിലേക്ക്' പ്രകാശിതമായി. പുരോഗമന കലാസാഹിത്യ സംഘവും ഒറ്റപ്പാലം റഫറൻസ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 'മറുപിറവിയിലേക്ക്' എന്ന കാവ്യസമാഹാരത്തിൻ്റെ പ്രകാശനം വിജുനായരങ്ങാടി നിർവഹിച്ചു.
അധ്യാപികയും പുരോഗമനകലാസാഹിത്യ സംഘം ഒറ്റപ്പാലം മേഖലാ വൈസ് പ്രസിഡണ്ടുമായ ടി.ആർ.സുനന്ദ സാഹിത്യ സാംസ്കാരിക പ്രവർത്തകനും മുപ്പത്തിയഞ്ചോളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ടി.ആർ. തിരുവിഴാംകുന്നിന്റെ പുത്രിയാണ്.
ശ്വാസം കിട്ടാത്ത കയങ്ങളിൽ വർഷങ്ങളോളം മുങ്ങിയമർന്നപ്പോൾ കിട്ടിയൊരു പിടിവള്ളിയായിരുന്നു സുനന്ദക്ക് കവിത. തൻ്റെ ജീവീതം തന്നെയാണ് മിക്ക കവിതകളുടെയും ഇതിവൃത്തമെന്ന് അവർ പറയുന്നു. 2017വരെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കവിതകളുടെ സമാഹാരമാണ് 'മറുപിറവിയിലേക്ക്'കാവ്യ സമാഹാരത്തിലുള്ളത്.
അപമാനിതയും തിരസ്കൃതയുമായ സ്ത്രീയുടെ ദീന വിലാപങ്ങൾ ആണെന്ന് ഈ കവിതകൾ തോന്നിപ്പോകും. ഇതിലേ കവിതകൾ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാം, ചിലർക്ക് നീരസങ്ങൾക്ക് വഴിവയ്ക്കാം. ചിലരാകട്ടെ ആത്മഗാഥകൾ എന്ന നിലയിൽ സ്വീകരിച്ചേക്കാം. അല്ലെങ്കിൽ പറയാനുള്ളത് പറഞ്ഞു നെടുവീർപ്പിടുന്ന ഒരു കവിയെ ചിലർ മനസ്സിൽ പ്രതിഷ്ഠിക്കാം.
ഈ കവിതകൾ ക്ലേശരഹിതമായ ഒരു മറുപിറവിയെ സ്വപ്നം കാണുന്നതായും സി.പി. ചിത്രഭാനു കവിതാ പുസ്തകത്തിന്റെ ആമുഖത്തിൽ പറഞ്ഞുവയ്ക്കുന്നു. കവിത ഇടപെടുന്ന ജീവിതങ്ങളുടെ രാഷ്ട്രീയം സൂക്ഷ്മവും സൃഷ്ടിപരവുമാണ്. ഓരോ പ്രതിഷേധത്തിന്റെയും കരച്ചിലുകളുടെയും ചൂടും ചൂരും കവിതകൾക്കുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മണ്ണാർക്കാടിൻ്റെ മലമടക്കിൽ നിന്നും ഒറ്റപ്പാലത്തിൻ്റെ സാംസ്കാരിക ഭൂമികയിലേക്ക് എത്തി,
രണ്ടു പതിറ്റാണ്ടിനിടെ നിർത്താതെ പെയ്ത പെരുമഴക്കാലങ്ങളും നീരൂറ്റി നിർജീവമാക്കിയ പൊള്ളുന്ന വേനലുകളും ഓർമയുടെ അങ്ങേയറ്റം വരെ പരന്നു കിടക്കുന്ന തൊട്ടാൽ പൊള്ളുന്ന ജീവിതവും അക്ഷരങ്ങളുടെ മാന്ത്രിക വിരൽ സ്പർശത്താൽ, സ്നേഹത്തിൽ മുക്കിപ്പിഴിഞ്ഞ നനഞ്ഞ തുണിശീലകളാണ് സുനന്ദക്ക് എഴുത്തും കവിതയും.
കണ്ണീരും കയ്പ്പും നൽകുന്ന കവിതകൾക്കിടയിൽ നാം കാണാതെ പോകുന്ന ജീവിതാഴകിന്റെ മറു ചിത്രങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. നാം അറിയേണ്ടതായ സ്നേഹത്തിന്റെ അമൃത ഭാഷതന്നെയാണ് ഈ കവിതകൾക്കുള്ളത്.
കവിതകളുടെ ആന്തരികതകളെയെല്ലാം സ്പർശിച്ചാണ് സുനന്ദയുടെ കാഴ്ചപ്പാടുകൾ സഞ്ചരിക്കുന്നത്. കരുണ പുരട്ടിയ വാക്കുകളാൽ ജീവിതം കൊണ്ടെത്തിച്ച അനുഭവവും ചൈതന്യവും സ്വച്ഛതയോടെ നിലനിർത്തുകയും ചെയ്യുന്നു.
പ്രസാധനം: ലോഗോസ് ബുക്സ്.