റംസാൻ മാസത്തിന്റെ അവസാനം എല്ലാ ഇസ്ലാം മത വിശ്വാസികളും അത്യാഹ്ളാദപൂർവമായാണ് ഈദ് ആഘോഷിക്കുന്നത്. ഇത് ലോകത്തെ വെവ്വേറെ രാജ്യങ്ങളിൽ വ്യത്യസ്‍ത ദിനങ്ങളിലാണ് നടക്കുന്നത്.
സൗദി അറേബ്യയിൽ ഇന്നലെയായിരുന്നു (തിങ്കളാഴ്ച) ഈദ് ആഘോഷിച്ചത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ ഈദ് ഞായറാഴ്ച ആയിരുന്നു. ഇന്ത്യയിൽ ഇന്നാണ് (ചൊവ്വാഴ്ച) ഈദ് ആഘോഷങ്ങൾ നടക്കുന്നത്.
ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം, എന്തുകൊണ്ടാണ് ഈദ് ആഘോഷം ഒരേദിവസം ലോകമെല്ലാം ആഘോഷിക്കാത്തത് എന്നതാണ്.
ബംഗ്ലാദേശ് ഇസ്ലാമിക ഫൌണ്ടേഷന്റെ Moon Sighting Committee സ്ഥിരമായി റംസാനിലെ 29 -ാ മത്തെ ദിവസം ഉച്ചയ്ക്ക് മീറ്റിങ് കൂടി രാജ്യത്ത് ഏതു ഭാഗത്ത് ചാന്ദ് (പിറ) ദൃശ്യമായാലും തൊട്ടടുത്ത ദിവസം ഈദ് ആഘോ ഷിക്കപ്പെടുന്ന രീതിയാണുള്ളത്. അത് നടന്നില്ലെങ്കിൽ 30 ദിവസത്തെ റംസാൻ നൊയമ്പിന് പിറ്റേന്നായിരിക്കും ഈദ് ആയി കണക്കാക്കുക.
മിക്കപ്പോഴും സൗദിയിൽ ഈദ് ആഘോഷം നടന്നശേഷമാകും ബംഗ്ളാദേശിലും ഇന്ത്യയിലും ആഘോഷം നടക്കുക. എന്നാൽ സൗദിക്കൊപ്പം അതേദിവസം ചില രാജ്യങ്ങളിൽ (ഇൻഡോനേഷ്യ, മലേഷ്യ, ചില ആഫ്രിക്കൻ രാജ്യങ്ങൾ) ഈദ് ആഘോഷിക്കാറുമുണ്ട്.
ചന്ദ്രപ്പിറ ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം പണ്ഡിതർക്കിടയിൽ വ്യത്യസ്ത ചർച്ചകൾ സജീവമാണ്. എല്ലാ രാജ്യത്തും ഒരേ ദിവസം ഈദ് ആഘോഷിക്കണമെന്ന പക്ഷക്കാരാണ് കൂടുതലും.
ഇസ്‌ലാം നിയമങ്ങൾക്കനുസൃതമായി ഒരൊറ്റ ദിവസം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഈദ് ആഘോഷിക്കണമെന്ന് ബംഗ്ളാദേശിലെ എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായ ഡോക്ടർ ഷംഷേർ അലി അഭിപ്രായപ്പെടുന്നു.
ഡോക്ടർ ഷംഷേർ അലിയുടെ അഭിപ്രായത്തിൽ, പ്രവാചകന്റെ നിർദ്ദേശപ്രകാരം നോയമ്പ് തുടങ്ങുന്ന ദിവസം തന്നെ നൊയമ്പ് മുറിക്കണമെന്നാണ് നിയമം. മക്ക എല്ലാ ഇസ്ലാം മതവിശ്വാസികളുടെയും പുണ്യസ്ഥലമാണ്. അതുകൊണ്ടുതന്നെ മക്കയിൽ പിറ ദൃശ്യമായാൽ അതിന്റെ അടിസ്ഥാനത്തിൽ ലോകമെമ്പാടും ഈദ് ആഘോഷം ഒരേദിവസം നടത്താവുന്നതാണ്. രാജ്യങ്ങളിൽ നടക്കുന്ന വ്യത്യസ്തമായ ചന്ദ്രോദയം ഈദിന് അടിസ്ഥാനമാക്കേണ്ട ആവശ്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഇതുകൂടാതെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ലോകമെല്ലാം ഒരേപോലെ റംസാൻ നോയമ്പും ഈദും ആഘോഷിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാൽ വാദഗതികൾ വേറെയുമുണ്ട്. ചാന്ദ് (പിറ) കണ്ടുവേണം നോയമ്പ് ആചരിക്കേണ്ടതും അവസാനിപ്പി ക്കേണ്ടതുമെന്ന പ്രവാചകസൂക്തമാണ് ചിലർ മുന്നോട്ടുവയ്ക്കുന്നത്. അതോടൊപ്പം നഗ്ന നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കാണുന്നതുമുതലാണ് ഹിജ്‌റ വർഷത്തിലെ ചാന്ദ്രമാസം ആരംഭിക്കുന്നത് എന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക പണ്ഡിതന്മാർ ഇപ്പോഴും അതാതു രാജ്യങ്ങളിൽ ചന്ദ്രപ്പിറ കണ്ടശേഷം ഈദ് ആഘോഷം തീരുമാനിക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് 2016 ൽ തുർക്കി മുൻകൈയെടുത്ത് ഒരു അന്താരാഷ്ട്ര കോൺഫറൻസ് നടത്തപ്പെടുകയുണ്ടായി. തുർക്കി, ഖത്തർ, ജോർദാൻ, സൗദി അറേബ്യാ, മലേഷ്യ, യുഎഇ, മൊറോക്കോ ഉൾപ്പെടെ 50 രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക പണ്ഡിതന്മാർ അതിൽ പങ്കെടുത്തിരുന്നു. ഈ കോൺഫറൻസ്, " ഇന്റർനാഷണൽ ഹിജ്‌റി കലണ്ടർ യൂണിയൻ കോൺഗ്രസ്" എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഹിജ്‌റ കലണ്ടറിന്മേലുള്ള വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാർക്കിടയിലെ വ്യത്യസ്ത അഭിപ്രായഭിന്നതകൾ അവസാനിപ്പിച്ച് എല്ലാവരെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി ലോകമെമ്പാടും ഒരേദിവസം റംസാൻ നോയമ്പ് ആരംഭവും ഈദ് ആഘോഷവും നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ആ വഴിക്കുള്ള നീക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.