കേരളീയന്റെ കടം മുക്കാൽ ലക്ഷത്തോളം രൂപയാണത്രെ ! അവന്റെ നികുതിപ്പണത്തിന്റെ ഒരോഹരിയാണ് തൃക്കാക്കരയിൽ സർക്കാർ മെഷീനറി പ്രവർത്തിക്കുന്നതിലൂടെ ചെലവാക്കപ്പെടുന്നത് എന്ന തിരിച്ചറിവ് ആധി പടർത്തുന്നു. ഇതിന്റെ ആവശ്യമുണ്ടോ ? തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞുപിടിച്ച കാര്യം... (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

മേയോ ക്ലിനിക്കിലെ ചികിത്സാനന്തരം തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ സജീവ സാന്നിദ്ധ്യ സമർപ്പണമത്രയും തൃക്കാക്കരയിൽ. ആറുദിവസം അദ്ദേഹം മണ്ഡലത്തിലുണ്ടാവുമെന്നും ചികിത്സ കഴിഞ്ഞെത്തിയ ശേഷം ഒരു ദിവസം മുഴുവനും ഓഫീസിലിരുന്നില്ലെന്നും പത്രവാർത്ത.

Advertisment

മന്ത്രിസഭയിലെ മുഴുവൻ പേരും മുന്നണിയിലെ അൻപതിലധികം എംഎല്‍എമാരും തൃക്കാക്കരയിലാകുമ്പോൾ മുഖ്യമന്ത്രിയും അവിടെത്തന്നെ നിന്നുകൊണ്ടാണല്ലൊ ഭരണ യന്ത്രം തിരിക്കേണ്ടത് ! ഒരു ഉപതെരഞ്ഞെടുപ്പിൽ ഭരണയന്ത്രത്തിന്റെ സഹായസാന്നിദ്ധ്യങ്ങൾ സ്വാഭാവികമായും ഉണ്ടാകും.

പക്ഷെ ഇത്രയധികം ഭരണ സിരാനിരകൾ അനന്തപുരിയിൽ നിന്നും പറിച്ചുനടേണ്ടതുണ്ടോ ? മണ്ഡലം പിടിച്ചെടുക്കാനും പിടി വിടാതിരിക്കാനുമുള്ള ഭഗീരഥ പ്രയത്നത്തിലാണത്രെ, എല്ലാവരും.

ഭരണ യന്ത്രവും അനുയായികളും അരയും തലയും മുറുക്കി രംഗത്തിറങ്ങി കഠിനാധ്വാനം ചെയ്ത് വിജയിപ്പിക്കേണ്ട ഒരു മഹാ സംഭവമാണോ, ഈ തെരഞ്ഞെടുപ്പ് ? ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫുൾബാൾ മാമാങ്കം പോലെയോ ഒളിമ്പിക്സ് മത്സരം പോലെയോ കടുകിട പിഴക്കാതെ സംഘടിപ്പിക്കേണ്ട ഒരു മഹാമഹമെന്ന മട്ടിലാണ് മുന്നണികൾ രണ്ടും !

കേരളീയന്റെ കടം മുക്കാൽ ലക്ഷത്തോളം രൂപയാണത്രെ ! അവന്റെ നികുതിപ്പണത്തിന്റെ ഒരോഹരിയാണ് തൃക്കാക്കരയിൽ സർക്കാർ മെഷീനറി പ്രവർത്തിക്കുന്നതിലൂടെ
ചെലവാക്കപ്പെടുന്നത് എന്ന തിരിച്ചറിവ് ആധി പടർത്തുന്നു.

ഇതിന്റെ ആവശ്യമുണ്ടോ? പ്രബുദ്ധരെന്ന് നാഴികക്ക് നാൽപ്പത് വട്ടത്തിലേറെ വിശേഷണം ചാർത്തപ്പെടുന്ന അവരെ എന്തിനിനിയും പ്രബുദ്ധരാക്കണം? വോട്ട് ഒരാൾക്ക് ഒന്നല്ലെയുള്ളൂ ?

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ചീറിപ്പാഞ്ഞുള്ള ഊരുചുറ്റലുകൾ എന്തിനാണ് ? കേരള ജനത അവർക്കേൽപ്പിച്ച ജോലിയിൽ തെരഞ്ഞെടുപ്പ് പ്രചരണമില്ലല്ലൊ.

സ്ഥാനാർത്ഥികൾ പ്രചരണത്തിനിറങ്ങട്ടെ. വോട്ടർമാരോട് ഇടപഴകി സ്വന്തം കഴിവും കാഴ്ചപ്പാടും അറിയിക്കട്ടെ. എന്നിട്ടവർ തീരുമാനിച്ചോട്ടെ; ആരെയാണ് കൊള്ളേണ്ടതും തള്ളേണ്ടതുമെന്ന്. ആ ഉറച്ച തീരുമാനമവർ ഉറപ്പിച്ചമർത്തട്ടെ, വോട്ടിംഗ് മെഷീനിന്റെ ബട്ടണിൽ !

Advertisment