വടി വേണോ വേണ്ടയോ ! ആർക്കും വടി വേണ്ട. ഒരു വടി കിട്ടിയാൽ അടിച്ചുകൊണ്ടിരിക്കാനുള്ളതല്ല സമസ്ത ! എങ്കിൽ ഒരു വടി കിട്ടിയാൽ അടിക്കേണ്ടവരല്ല സഭയും, ക്രൈസ്തവ വിശ്വാസികളും  ബിഷപ്പുമാരും ! പ്രതികരണത്തിൽ ബോംബെ ഹൈക്കോടതി അഭിഭാഷകനും മഹാരാഷ്ട്ര പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്‍റുമായ അഡ്വ. മാത്യു ആൻ്റണി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഞാൻ വളരെയേറെ ബഹുമാനിക്കുന്നതും , വ്യക്തിപരമായി വളരെ നല്ല ബന്ധം ഉള്ള നേതാവുമായ ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സമസ്ത വിവാദത്തിന്റെ മേലുള്ള  ഈ പ്രസ്താവനയിലെ അനുരഞ്ജന നയം പൂർണമായും ഉൾക്കൊള്ളുന്നു.

എന്തുകൊണ്ട്  ഇതേ നയം ക്രൈസ്തവ സഭയെയും വിശ്വാസികളെയും, അതിന്റെ മേലധ്യക്ഷന്മാരെയും അവരുടെ അഭിപ്രായങ്ങളുടെ പേരിൽ രാഷ്ട്രീയക്കാരും, മറ്റു പൗരപ്രമുഖരും അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും പരസ്യ താക്കീതുകൾ നല്കി അവരെ ശാസനാരൂപത്തിൽ വായടപ്പിച്ചു നിർത്തുമ്പോഴും കാണാത്തത്.

അതിനു കാരണം ആയി രഹസ്യമായി പറയുന്ന പരസ്യമായ സത്യം ഇതാണ്. ക്രൈസ്തവ വിശ്വാസികൾ രാഷ്ട്രീയമായി സംഘടിത ശക്തി ഇല്ലാത്ത കൂട്ടരാണ്, എന്നാൽ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായ മുസ്ലിം സമുദായ നേതാക്കളെ പ്രീണിപ്പിച്ചു വോട്ട് സുരക്ഷിതമാക്കേണ്ടത് രാഷ്ട്രീയ കൂർമ്മതയാണ്, കാരണം അവർ രാഷ്ട്രീയപരമായി സംഘടിതരാണ്, ജയപരാജയങ്ങളെ ഒരു പരിധി വരെ നിശ്ചയിക്കാനും സാധിക്കും.

അതുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികളോ, സഭാ ബിഷപ്പ്മാരോ അപ്രിയമായ കാര്യങ്ങൾ പറഞ്ഞാൽ അവിടെ വടിഎടുക്കേണ്ട എന്നു പറഞ്ഞു അതിനെ ലൈറ്റ് ആക്കേണ്ട അല്ലെങ്കിൽ അതിന് ഇത്ര വാർത്താ പ്രാധാന്യം കൊടുക്കേണ്ട എന്നു പറഞ്ഞു ആരും വരാത്തത്.

ഈ മറുപടി പരസ്യമായി നൽകണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചതിനു ശേഷം ആണ്, പരസ്യമായി തന്നെ നൽകണം എന്ന തീരുമാനത്തിൽ എത്തിയത്. ഇല്ലെങ്കിൽ ഈ അവസ്ഥ മുന്നോട്ടു നീങ്ങുന്നതു കേരളത്തിലെ സമുദായ സാഹോദര്യ സമവാക്യങ്ങൾ അപകടകരമായ വിധത്തിൽ മാറി മറിയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു കാര്യങ്ങൾ.

കാരണം വിവിധ തലങ്ങളിൽ , സമുദായ അംഗങ്ങൾ ആ കൂട്ടം ചേർന്നുള്ള ആക്രമണത്തിന്റെ , അഥവാ ഒരു നിർബന്ധിത നിയന്ത്രണ രേഖ ഇടതു, വലതു രാഷ്ട്രീയ മുന്നണികളിൽ നിന്ന് നേരിടുന്നു.

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ തക്കം കാത്തിരിക്കുന്ന ഒരു കൂട്ടം രാഷ്ട്രീയ കക്ഷികൾ (ബി.ജെ.പി, ആർ.എസ്.എസ്) ഈ മണ്ണിൽ വളം ഇടാൻ ശ്രമം തുടങ്ങികഴിഞ്ഞു, കാരണം ലളിതമാണ്, ഈ ന്യൂനപക്ഷ സാഹോദര്യം തകർത്താലെ അവർക്ക് ഇവിടെ രാഷ്ട്രീയ വേരോട്ടം കിട്ടുകയുള്ളൂ എന്ന തിരിച്ചറിവാണ് ഈ ക്രൂര ചിന്തകൾക്ക് പിന്നിൽ.

അതു കൊണ്ടു തന്നെ, ചില പരസ്യ അഭിപ്രായ പ്രകടനങ്ങൾ ആവശ്യമാണ് എന്ന് ഉത്തമ ബോധ്യമുള്ളതിനാൽ ഈ മറുപടി ഇവിടെ കുറിക്കുന്നു.

ക്രൈസ്തവ വിശ്വാസികളും സഭയും, കേരളത്തിന്റെ, വിദ്യാഭ്യാസ,ആരോഗ്യ, സാംസ്കാരിക മേഖലയിൽ നാളിതുവരെ നൽകിയ, ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന, സമഗ്ര സംഭാവനകൾ എണ്ണമറ്റതാണ്‌. അതിനെ ഒരു തരത്തിലും വിസ്‌മരിക്കുന്ന പ്രവർത്തി ഒരു ഭാഗത്തു നിന്നും ഉണ്ടാവരുത്.

പാലാ, തലശേരി രൂപതയിലെ ബിഷപ്പ്മാർ പറഞ്ഞതിനോട് വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെങ്കിലും, വിശ്വാസികൾക്കും അതിൽ വ്യത്യസ്തമായ സ്വതന്ത്ര അഭിപ്രായം ഉണ്ടെങ്കിലും, തങ്ങളുടെ പുരോഹിത നേതാക്കളെയും, വിശ്വാസി സമൂഹത്തെയും പരസ്യമായി അവഹേളിക്കുന്ന, രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും ഉചിതമായ മറുപടി കൊടുക്കണം എന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കുന്നു.

അതുകൊണ്ടു ഇതൊരു അഭ്യർത്ഥനയാണ്, സമസ്തയുടെ  പണ്ഡിതൻ അർഹിക്കുന്ന അതേ വടി നയം ഈ ബിഷപ്പുമാർ അല്ലെങ്കിൽ വിശ്വാസികൾ സംസാരിക്കുമ്പോഴും ഉണ്ടാകണം എങ്കിലേ അതിലെ ബഹുസ്വരതയെ എടുത്തുയർത്തി കാണിക്കാൻ പറ്റുകയുള്ളു.

ഇവിടെ വേണ്ടത്, വർഗ്ഗം തിരിഞ്ഞുള്ള മേൽക്കോയ്മ സ്ഥാപിക്കലല്ല, മറിച്ചു തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും പ്രശ്നം ഏതു ഭാഗത്ത് നിന്നും ഉണ്ടാകുമ്പോഴും, അതിനെ ചർച്ചയിൽകൂടി പരിഹരിക്കാൻ ശ്രമിക്കുക.

മതസൗഹാർദ്ദം നിലനിർത്താൻ അഥവാ നില നിൽക്കണമെങ്കിൽ തുറന്ന ചർച്ചകളിലൂടെയും പരസ്പര വിട്ടു വീഴ്ചകളിലൂടെയും മാത്രമേ സാധിക്കൂ.

അല്ലാതെ ഒരു കൂട്ടർ പറയുമ്പോൾ അവരെ വടി എടുത്തു അടിക്കുകയും, മറ്റൊരു കൂട്ടർ പറയുമ്പോൾ അവർക്ക് നേരെ വടി എടുക്കേണ്ട എന്നു പറയുമ്പോൾ അതുണ്ടാക്കുന്ന, വിഭാഗീയത നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ്.

(ലേഖകൻ, അഡ്വ. മാത്യു ആന്റണി ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനും, എ.ഐ.സി.സി. സോഷ്യൽ മീഡിയ വിഭാഗം, ദേശീയ നിർവാഹക സമിതി അംഗവും, മഹാരാഷ്ട്ര പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡണ്ടും, കേരള കത്തോലിക്ക അസോസിയേഷൻ (മുംബൈ) കെ.സി.എ വൈസ് പ്രസിഡന്റ് കൂടിയാണ്. ഷെവലിയർ കെ.സി. ചാക്കോയുടെ കൊച്ചുമകൻ കൂടിയാണ്)

Advertisment