രാജീവ്ഗാന്ധി വധക്കേസിൽ പേരറിവാളൻ കുറ്റവാളിയോ ? ഈ വിഷയത്തിന്റെ ഉത്തരം തേടുമുൻപ് നമ്മൾ ശ്രീലങ്കയിലെ എല്‍ടിടിഇ എന്ന സംഘടനയോടുള്ള തമിഴ്‌നാട്ടിലെ തമിഴ് മക്കളുടെ സമീപനങ്ങളാണ് ആദ്യം മനസ്സിലേക്കേണ്ടത്.
എൻ്റെ വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയത് അതിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു എന്നാണ്. ആദ്യഘട്ടം രാജീവ് ഗാന്ധി വധത്തിന് മുൻപും രണ്ടാം ഘട്ടം രാജീവ് വധത്തിനുശേഷവും.
രാജീവ് വധത്തിനു മുൻപുള്ള കാലഘട്ടം എല്‍ടിടിഇയുടെ തമിഴ്‌നാട്ടിലെ അപാരമായ ജനപിന്തുണയാണ് വെളിവാക്കുന്നത്. ശ്രീലങ്കയിലെ ജാഫ്‌ന മേഖലയിൽ സമാന്തര ഭരണം നടത്തിയിരുന്ന എല്‍ടിടിഇക്ക് ഉപ്പുതൊട്ട് കർപ്പൂരം വരെ തമിഴ് നാട്ടിൽനിന്നും സ്പീഡ് ബോട്ടുകളിലും മൽസ്യബന്ധന ബോട്ടുകളിലുമായാണ് എത്തിക്കൊണ്ടിരുന്നത്.
പെട്രോൾ വരെ തമിഴ് നാട്ടിൽനിന്നായിരുന്നു നിയമവിരുദ്ധമായി പോയിക്കൊണ്ടിരുന്നത്. തമിഴ് നാട്ടിലെ ഭരണ-പ്രതിപക്ഷ കക്ഷികളും സംഘടനകളും എല്ലാം എല്‍ടിടിഇക്ക് പരസ്യപിന്തുണയും നിർലോഭമായ സാമ്പത്തിക സഹായങ്ങളും ചെയ്തുപോന്നു.
മാറിമാറിവന്ന തമിഴ് നാട് സർക്കാരുകളും കേന്ദ്രസർക്കാരു മൊക്കെ എല്‍ടിടിഇക്കൊപ്പമായിരുന്നു നിലകൊണ്ടത്. തമിഴ് നാടിനെപ്പോലെതന്നെ, ശ്രീലങ്കൻ തമിഴരുടെ മോചനത്തിനുവേണ്ടി പോരാടുന്ന എല്‍ടിടിഇയോട് ഇന്ത്യൻ ജനതയ്‌ക്ക് മൊത്തത്തിൽ അനുകമ്പയും ആദരവുമായിരുന്നു. ഇത് ഒന്നാം ഘട്ടം.
ഇനി രണ്ടാം ഘട്ടം. അതിനുമുണ്ട് രണ്ടു തലങ്ങൾ...
01. രണ്ടാം ഘട്ടത്തിലെ ആദ്യ പീരീഡ് തുടങ്ങുന്നത് ഇങ്ങനെയാണ്. 1986 ൽ ശ്രീലങ്കയിലെ തമിഴ് പ്രശ്നത്തിന് പരിഹാരമായി ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം എല്‍ടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരനെയും ബാലസിംഗം ഉൾപ്പെടെ രണ്ട് അനുചരരേയും ജാഫ്‌നയിൽ നിന്ന് ഇന്ത്യൻ വായുസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വഴി ചെന്നൈയിലും അവിടെനിന്നും വിമാനമാർഗ്ഗം ഡെൽഹിയിലുമെത്തിക്കുകയായിരുന്നു.
ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അശോകയിലായിരുന്നു പ്രഭാകരനെയും സംഘത്തെയും പാർപ്പിച്ചിരുന്നത്.
1986 ജൂലൈ 25 ന് ഇന്ത്യ-ശ്രീലങ്ക ഒത്തുതീർപ്പ് കരാർ വ്യവസ്ഥകൾ പ്രഭാകരനെയും സംഘത്തെയും ഇന്ത്യൻ വിദേശകരായവകുപ്പു ദ്യോഗസ്ഥർ വായിച്ചുകേൾപ്പിച്ചു. ഇംഗ്ലീഷിലുള്ള ഉടമ്പടി വ്യവസ്ഥകൾ പ്രഭാകരന് തമിഴിൽ വിവർത്തനം ചെയ്തു നൽകിയത് ബാലസിംഗം ആയിരുന്നു. ജാഫ്‌നയ്ക്ക് പ്രത്യേക പദവിയും സ്വയം ഭരണവും നൽകുന്നതായിരുന്നു കരാർ.
കരാർ വ്യവസ്ഥകൾ അപ്പോൾത്തന്നെ പ്രഭാകരൻ നിരാകരിച്ചു. തമിഴ് ഈലം (രാഷ്ട്രം) എന്നതിൽക്കുറഞ്ഞതൊന്നും തനിക്ക് സ്വീകാര്യമല്ലെന്ന് പ്രഭാകരൻ പ്രഖ്യാപിച്ചു. മുൻകോപിയും വലിയ വാശിക്കാരനുമായിരുന്ന പ്രഭാകരനെ മയപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല.
ഏതു വിധേനയും കരാർ അംഗീകരിപ്പിക്കാൻ പ്രഭാകരനുമേൽ സമ്മർദ്ദമേറിയതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആറിനെ ഉടനടി ചർച്ചയിൽ പങ്കെടുപ്പിക്കണമെന്ന് പ്രഭാകരൻ ശഠിച്ചു. രാജീവ് ഗാന്ധി അതിനു സമ്മതം മൂളിയ തോടെ എംജിആര്‍ ഡൽഹിയിൽ പറന്നെത്തി.
പ്രഭാകരൻ തമിഴ് സ്വതന്ത്ര രാഷ്ട്രം എന്ന വാദത്തിൽത്തന്നെ ഉറച്ചുനിന്നു. ഇന്ത്യ-ലങ്ക കരാർ പ്രഭാകരനെക്കൊണ്ട് അംഗീകരിപ്പിക്കാൻ എംജിആര്‍ വഴിയും അധികാരികൾ വഴിയുമുള്ള സമ്മർദ്ദം ശക്തമായി.
പത്രപ്രവർത്തരോടു പോലും സംസാരിക്കാൻ പ്രഭാകരനെ അനുവദിച്ചില്ല. നിർബന്ധപൂർവ്വം തന്നെക്കൊണ്ട് കരാറിൽ ഒപ്പുവയ്പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന തോന്നൽ പ്രഭാകരനുണ്ടായി. പതിനായിരത്തിലധികം സശക്ത സേനാബലമുള്ള ഗറില്ലാത്തലവന് താൻ അശോകാ ഹോട്ടലിൽ തടവിലാക്കപ്പെട്ടു എന്ന ധാരണയും മനസ്സിൽ ഉടലെടുത്തു.
ഒടുവിൽ പ്രഭാകരൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാൻ തയ്യറായി. കൂടിക്കാഴ്ചയിൽ ശ്രീലങ്കൻ സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പ്രഭാകരൻ രാജീവ് ഗാന്ധിയോട് പറഞ്ഞപ്പോൾ ശ്രീലങ്കൻ തമിഴ് ജനതയുടെ ഹിതത്തിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് രാജീവ് മറുപടി നൽകി.
ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ പ്രഭാകരൻ കരാറിന് സമ്മതം മൂളി. പ്രഭാകരന്റെ തീരുമാനത്തിൽ സന്തുഷ്ടനായ രാജീവ് ഗാന്ധി അന്ന് പ്രഭാകരനുമൊത്ത് ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
എന്നാൽ ശ്രീലങ്കയിൽ മടങ്ങിയെത്തിയ പ്രഭാകരൻ ഒരിക്കൽപ്പോലും ഇന്ത്യ-ലങ്ക കരാർ അംഗീകരിക്കുന്ന ഒരു നിലപാടും കൈക്കൊണ്ടില്ലെന്നു മാത്രമല്ല എല്‍ടിടിഇ സേനാംഗങ്ങൾ മെല്ലെ മെല്ലെ ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്‌സ് സൈന്യത്തെ ആക്രമിക്കാനും കൊലപ്പെടുത്താനും തുടങ്ങി. 1100 ഇന്ത്യൻ സൈനികരെയാണ് എല്‍ടിടിഇ അവിടെ കൊലപ്പെടുത്തിയത്.
ഡൽഹിയിൽ നിന്നും ജാഫ്‌നയിലെത്തിയ പ്രഭാകരൻ, തന്നെ അശോകാ ഹോട്ടലിൽ തടങ്കലിൽ വയ്ക്കുകയും നിർബന്ധപൂർവ്വം ഇന്ത്യ-ലങ്ക കരാർ അംഗീകരിപ്പിക്കാൻ ബാദ്ധ്യസ്ഥനാക്കുകയും ചെയ്ത രാജീവ് ഗാന്ധിയെ വധിക്കാൻ അനുയായികൾക്ക് നിർദ്ദേശം നല്കുകയായിരുന്നുവത്രേ.
21 മെയ് 1991, ചരിത്രത്തിലെ ആ കറുത്ത ദിനം. തമിഴ് നാട്ടിലെ ശ്രീപെരുംപുതൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധിയെ ചാവേർ സ്ഫോടനത്തിലൂടെ എല്‍ടിടിഇ കൊലപ്പെടുത്തി.
രാജീവ് ഗാന്ധിയെ വധിച്ച സംഘത്തിലെ മുഖ്യപ്രതികളിലൊരാളായ എൽടിടിഇ അംഗം ശിവരശൻ ആവശ്യപ്പെട്ട പ്രകാരം 9 വോൾട്ടിന്റെ 2 ബാറ്ററി സെല്ലുകൾ വാങ്ങി നൽകിയെന്ന കുറ്റത്തിനാണ് ജി.ഇ. പേരറിവാളൻ എന്ന 19 കാരൻ അറസ്റ്റിലായത്.
ബോംബുകളിൽ ഈ ബാറ്ററി ഘടിപ്പിച്ചാണ് തനു എന്ന എൽടിടിഇ ചാവേർ, രാജീവിന്റെ അടുത്തെത്തി പൊട്ടിത്തെറിച്ചത്. ശിവരശനും മറ്റൊരു പ്രതി ശുഭയും 1991 ഓഗസ്റ്റ് 20 ന് ബാംഗ്ലൂരിൽ ജീവനൊടുക്കി.
എന്തിനാണെന്നറിയാതെയാണ് പേരറി വാളൻ ബാറ്ററിവാങ്ങി നൽകിയതെന്ന് വക്കീൽ കോടതിയിൽപ്പറഞ്ഞത് അയാളെ രക്ഷിക്കാൻവേണ്ടിത്തന്നെയാണ്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എല്‍ടിടിഇ അംഗങ്ങൾ ഒരു വിവരവും പുറത്ത് മറ്റാരോടും വെളിപ്പെടുത്തില്ല എന്നതാണ്.
എല്‍ടിടിഇ എന്ന സംഘടനയോട് തമിഴ് മക്കൾക്ക് ഉണ്ടായിരുന്ന സഹാനുഭൂതിയും പിന്തുണയുമാണ് അവർ സമർത്ഥമായി ഇത്തരം ആക്രമണങ്ങൾക്കായി മുതലെടുത്തുകൊ ണ്ടിരുന്നത്.
ബാറ്ററി വാങ്ങിയത് രാജീവ് ഗാന്ധിയെ കൊല്ലാനായിരുന്നു എന്ന അറിവ് പേരറിവാളനുണ്ടാകണമെന്നില്ല. അത് ടോപ് സീക്രട്ട് ആയാണ് അവർ സൂക്ഷിച്ചിരുന്നത്. എന്നാൽ എല്‍ടിടിഇ അംഗങ്ങൾ ബാറ്ററി സെല്ലുകൾ വാങ്ങുന്നത് എന്തിനുവേണ്ടിയാകുമെന്ന ധാരണ ചിലപ്പോൾ അത് നൽകുന്നവർക്ക് ഉണ്ടായേക്കാം.
02. എല്‍ടിടിഇയെ സംബന്ധിച്ചിടത്തോളം തമിഴ്‌നാട്ടില്‍ അവരുടെ രണ്ടാം ഘട്ടത്തിലെ സെക്കൻഡ് പാർട്ട് അതായത് വിഷമഘട്ടം ആരംഭിക്കുന്നത് രാജീവ് ഗാന്ധിയുടെ വധത്തിനുശേഷമാണ്.
രാജീവ് വധം തമിഴ് മക്കളെ അക്ഷരാർത്ഥത്തിൽ ഉലച്ചുകളഞ്ഞു. തമിഴ്‌നാട് ഒന്നാകെ വിലപിച്ച നാളുകളായിരുന്നു അത്. ഉൾനാടൻ ഗ്രാമങ്ങളിൽ വരെ രാജീവ് ഗാന്ധിക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നു. വിലാപാഗ്നിയിൽ ജ്വലിച്ച തമിഴന്റെ മനസ്സിൽനിന്ന് പ്രഭാകരനും തമിഴ് പുലികളും അകലുകയായിരുന്നു. സാധാരണക്കാർ വരെ അവരെ വെറുത്തു.
രാജീവ് ഗാന്ധിയോടുള്ള തമിഴരുടെ സ്നേഹത്തിന്റെ ആഴമളക്കുന്നതിൽ എല്‍ടിടിഇ പരാജയപ്പെട്ടു. തമിഴ്‌നാട്ടിലെമ്പാടും രാജീവ് ഗാന്ധിക്ക് മണ്ഡപങ്ങളും പ്രതിമകളും സ്ഥാപിതമായി.
ജനിക്കുന്ന കുട്ടികൾക്ക് രാജീവ് ഗാന്ധി എന്ന് അഭിമാനത്തോടെ മാതാപിതാക്കൾ പേരിടാൻ തുടങ്ങി. എല്‍ടിടിഇ അനുയായികൾ പലയിടത്തും ആക്രമണവിധേയരായി. തമിഴ് ജനതയുടെ ഈ മനം മാറ്റം എല്‍ടിടിഇയെ ഞെട്ടിച്ചുകളഞ്ഞു. അപ്പോഴും ഡിഎംകെ നേതൃത്വവും വൈക്കോയെപ്പോലുള്ള ചില നേതാക്കളുമാണ് എല്‍ടിടിഇക്കൊപ്പം നിലകൊണ്ടത്.
പ്രഭാകരന്റെ ഏകപക്ഷീയമായ നിലപാടുകൾ എല്‍ടിടിഇയിൽത്തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇന്ത്യ-ലങ്ക കരാർ അംഗീകരിക്കപ്പെടേണ്ടത് തമിഴ് മക്കളുടെ ഉന്നമനത്തിന് അനിവാര്യമായിരുന്നെന്നും രാജീവ് വധത്തോടെ മാതൃരാജ്യം ശത്രുതയിലായത് ലങ്കയിലെ തമിഴ് ജനതയുടെ പതനമാണെന്നും വിലയിരുത്തപ്പെട്ടു.
വേലുപ്പിള്ള പ്രഭാകരന്റെ അടുത്ത അനുയായിയും എല്‍ടിടിഇയിലെ രണ്ടാമനുമായിരുന്ന കരുണയുടെ വിമത ശബ്ദം ഇല്ലായ്മ ചെയ്യാൻ പ്രഭാകരന് കഴിയും മുൻപേ കലാപക്കൊടിയുയർത്തി കരുണയും സംഘവും ശ്രീലങ്കൻ സർക്കാരിൽ അഭയം പ്രാപിച്ചു. കരുണ, രജപക്ഷെ മന്ത്രിസഭയിൽ മന്ത്രിയുമായി. അതോടെ പ്രഭാകരന്റെ നാളുകൾ എണ്ണപ്പെടുകയായിരുന്നു.
ലങ്കൻ സർക്കാർ കൃത്യമായ കരുക്കൾ നീക്കി. കരുണയുടെ പിന്തുണയോടെ അയാളിൽ നിന്നും ലഭിച്ച രഹസ്യവിവരങ്ങൾ പിന്തുടർന്ന ലങ്കൻ സൈന്യം പ്രഭാകരന്റെ താവളം വളഞ്ഞു. പതിനായിരങ്ങളെ ചുറ്റും നിർത്തി ലങ്കൻ സേനയെ പ്രതിരോധിച്ച പ്രഭാകരനെ 2009 മെയ് 18 ന് സൈന്യം നിഷ്ടൂരം വെടിവച്ചുവീഴ്ത്തി. ആ പോരാട്ടത്തിൽ 40,000 ജനങ്ങൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.
ഇനി പേരറിവാളനെ സംബന്ധിച്ചിടത്തോളം 29 വർഷക്കാലം അയാൾ ഏകാന്തത്തടവാണനുഭവിച്ചത്. അതിൽ 16 വർഷം വധശിക്ഷ മുന്നിൽക്കണ്ടുകൊണ്ടായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട വ്യക്തി ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക വ്യഥ മരണത്തെക്കാൾ ഭീകരമാണ്.
പേരറിവാളനേപ്പറ്റി പറയുമ്പോൾ പരോൾ കാലങ്ങളിലും ജാമ്യക്കാലത്തും ജയിലിലുമൊക്കെ തികച്ചും ശാന്തമായ പ്രകൃതവും സൗമ്യമായ പെരുമാറ്റവുമായിരുന്നു അയാളുടേത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.