ഈ ചിത്രം കണ്ടുവോ ? രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റിൽ തൻ്റെ പേരില്ലാത്ത ദുഖമാണ് ഇവരുടെ മുഖത്തു കാണുന്നത്.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാരംഗത്തെ സ്വപ്‍നറാണിയായിരുന്ന നഗ്മ എന്ന അഭിനേത്രിയാണിത്. ഇന്നവർ കോൺഗ്രസ് നേതാവാണ്. എന്താണ് ഇവരുടെ രാഷ്ട്രീയപാരമ്പര്യം എന്ന് ചോദിച്ചാൽ തൃപ്തികരമായ ഉത്തരം ആരിൽനിന്നും ലഭിക്കാനിടയില്ല.
ഇപ്പോൾ 48 വയസ്സുള്ള ഇവർക്ക് 2004 വരെ സിനിമാ അഭിനയം മാത്രമായിരുന്നു തൊഴിൽ. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2004 ൽ രാഷ്ട്രീയ മോഹം മനസ്സിൽ ചേക്കേറി.
അന്ന് ബിജെപി ഇവരെ ഹൈദരാബാദിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയോടുള്ള പ്രത്യേക താല്പര്യപ്രകാരം അവർ കോൺഗ്രസിൽ ചേർന്നു. 2014 ൽ മീററ്റിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച അവരെ തൻ്റെ താരപരിവേഷവും ഗ്ലാമറും തുണച്ചില്ല. കെട്ടിവച്ച കാശും പോയി ക്കിട്ടി.
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും 2015 ൽ അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി അവർ അവരോധിതയായി. എങ്ങനെയും ഒരു എം.പി ആകണമെന്ന അടങ്ങാത്ത മോഹം അവർ പലരോടും പറഞ്ഞിരുന്നു.
സോണിയാ ഗാന്ധിയോട് ഇക്കാര്യം പറഞ്ഞപ്പോൾ രാജ്യസഭയിലേക്ക് അയക്കാം എന്നവർ ഉറപ്പു നൽകിയിരുന്നതായി ഇപ്പോൾ നഗ്മ വെളിപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ നോമിനികളുടെ ലിസ്റ്റിൽ തൻ്റെ പേരില്ലാത്ത ദുഃഖം ഇന്നലെ അവർ പത്രക്കാരോട് പരസ്യമായി വെളിപ്പെടുത്തി.
ഉറപ്പു നൽകിയിരുന്ന ശേഷം തന്നെ പറ്റിച്ചു എന്നാണവർ ആവലാതിപ്പെട്ടത്. രാജ്യസഭ വഴിയുള്ള ജനസേവനത്തിന് എത്രത്തോളം വ്യാകുലയാണ് അവരെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കാതെപോയി.
ഹിന്ദുവായ പിതാവിന്റെയും മുസ്ലീമായ അമ്മയുടെയും മകളായ നഗ്മ ഇന്ന് ക്രിസ്തുമതത്തിലാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് അവർ ക്രിസ്തുമതപ്രചാരണവും നടത്തിയിരുന്നു.
ഇവരൊക്കെ രാജ്യസഭയിൽ പോയി എന്ത് നേടാനാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. സത്യത്തിൽ രാജ്യസഭയു ടെ ആവശ്യമുണ്ടോ ? ഇത്തരമൊരു ഉപരിസഭയുടെ പ്രസക്തി എന്താണ്. ഇത് ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്.
ഇതാ ചില ഉദാഹരണങ്ങൾ...
2012 ൽ രാജ്യസഭയിലെത്തിയ ക്രിക്കറ്റർ സച്ചിൻ തെൻഡുൽക്കർ അദ്ദേഹത്തിൻ്റെ കാലയളവിൽ രാജ്യസഭ കൂടിയ 348 ദിവസങ്ങളിൽ കേവലം 23 ദിവസം മാത്രമാണ് ഹാജരുണ്ടായത്. ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ 58.8 ലക്ഷമാണ് അദ്ദേഹത്തിന് ഇക്കാലയളവിൽ എം.പി എന്ന നിലയിൽ ലഭിച്ചത്.
അഭിനേത്രി രേഖയാണ് ഏറ്റവും കുറച്ച് ഹാജരുള്ള രാജ്യസഭാ എം.പി. അവരുടെ കാലയളവിൽ കേവലം 18 ദിവസമാണ് അവർ രാജ്യസഭയിൽ എത്തിയിരുന്നത്. ശമ്പളവും മറ്റുമായി 65 ലക്ഷം രൂപയാണ് രേഖയ്ക്കായി ആകെ നൽകപ്പെട്ടത്.
കേരളത്തിൽ നിന്നുള്ള എ.കെ ആന്റണി, വയലാർ രവി, എന്നിവരുടെ രാജ്യസഭയിലെ റിക്കാ ർഡും വളരെ മോശം നിലവാരം പുലർത്തുന്നതാണ്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം വയലാർ രവി നാലുതവണ രാജ്യസഭാ എം.പി ആയിരുന്നു. 2009 മുതൽ 2018 വരെയുള്ള 9 വർഷ ക്കാലയളവിൽ അദ്ദേഹം വെറും 31 ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്.
ഇക്കാലയളവിലെ ഓരോ എം.പി. മാരുടെയും ചോദ്യങ്ങളുടെ ശരാശരി ദേശീയ ആവറേജ് 523 മുതൽ 725 ചോദ്യങ്ങൾ വരെയാണ്. കേവലം 5 ചർച്ചകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്. ഇതിലും ശരാശരി ആവറേജ് 101.4 മുതൽ 148.8 വരെയാണ്.
എ.കെ. ആന്റണി യുടെ രാജ്യസഭയിലെ പ്രകടനം വളരെ ദയനീയമാണ്. അദ്ദേഹം രാജ്യസഭയിൽ ഒരു ചോദ്യവും തൻ്റെ മുഴുവൻ കാലാവധിയിലും ചോദിച്ചിട്ടില്ല എന്നതുകൂടാതെ ഒരൊറ്റ പ്രൈവറ്റ് ബില്ലും അവതരിപ്പിച്ചിട്ടുമില്ല.ആകെ 14 ചർച്ചകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്. അതിലും ദേശീയ ശരാശരി 162 ആണ്.
ആ സ്ഥാനത്ത് ലോക്‌സഭാ എം.പി എന്‍.കെ പ്രേമചന്ദ്രനാകട്ടെ തൻ്റെ കാലയളവിൽ 201 ചർച്ചകളിൽ പങ്കെടുത്തത് കൂടാതെ 187 ചോദ്യങ്ങളും 12 സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചിട്ടുമുണ്ട്. ഇത് ദേശീയ ശരാശരിയുടെ എത്രയോ ഇരട്ടി കൂടുതലാണ്.
രാജ്യസഭയിലെത്തപ്പെടുന്ന ഒട്ടുമിക്ക എം.പിമാരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. വിവരാവകാശ നിയമം പോലെ നമ്മുടെ ജനപ്രതിനിധികളുടെയും പെർഫോമൻസ് പ്രോഗ്രസ്സ് കാർഡ് ഓരോ വർഷവും പരസ്യമായി മാദ്ധ്യമങ്ങൾ വഴി പബ്ലിഷ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകേണ്ടതുതന്നെയാണ്.