രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികളുടെ ഒത്തൊരുമ വേണം (ലേഖനം)

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെളിയിക്കാനുള്ള അതിശക്തമായ നീക്കത്തിലാണ. ഒരിക്കല്‍ കൂടി സോണിയ ഗാന്ധി തന്റെ രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുമോയെന്ന് രാഷ്ട്രീയ ഇന്ത്യ കാത്തിരിക്കുകയാണ്.

സോണിയാഗാന്ധി പ്രതിപക്ഷ നേതാക്കന്മാരെ സമീപിച്ചിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരെയാണ് സോണിയ ഗാന്ധി നേരിട്ട് കണ്ടത്.

സംയുക്ത സ്ഥാനാര്‍ത്ഥിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ഈ നയം എല്ലാവരും അംഗീകരിച്ച സ്ഥിതിക്ക് ഇനി സമാജ്‌വാദി, ബിഎസ്‌പി എന്നീ പാര്‍ട്ടികളുടെ കൂടി പിന്തുണ ആവശ്യമാണ്.

പ്രതിപക്ഷ പാര്‍ട്ടിക്കുള്ളില്‍ ഏറ്റവും കരുത്തുറ്റ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്താണ് പ്രതിപക്ഷ ഏകോപനത്തിന് ശ്രമിക്കുന്നത്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഈയൊരു തീരുമാനത്തിന് പ്രാധാന്യമേറുകയാണ്.

കോവിഡ് ബാധിച്ച് സോണിയ ഗാന്ധി കിടപ്പിലായത് കൊണ്ട് നേരിട്ടല്ല അവര്‍ മറ്റ് പ്രതിപക്ഷ നേതാക്കന്മാരുമായി സമവായത്തിന് ബന്ധപ്പെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാജ്യസഭാ പാര്‍ട്ടി നേതാവായ മല്ലികാര്‍ജ്ജുന ഖാര്‍ഗയെയാണ് സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഖാര്‍ഗെ മുംബൈയിലെത്തി പവാറിനെ നേരിട്ട് കണ്ടുകഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന തീരുമാനങ്ങളോട് അനുകൂല നിലപാടാണ് ശരത് പവാറിനെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഖാര്‍ഗെയുടെ മധ്യസ്ഥ ചര്‍ച്ചകളില്‍ മമതയും സ്റ്റാലിനുമാണ് നയം വ്യക്തമാക്കാനുള്ളത്. ഡിഎംകെ കോണ്‍ഗ്രസിനൊപ്പമാണ്. തൃണമൂല്‍ ഈ വിഷയത്തില്‍ വിയോജിക്കില്ലെന്നാണ് വിശ്വാസം. ബിജെഡി-വൈഎസ്ആര്‍ കോണ്‍ഗ്രസ്, വിആര്‍എസ് എന്നീ കക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കാനായാല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പ്രതിപക്ഷ ഐക്യത്തിന് കരുത്തേകുമെന്ന കാര്യത്തില്‍ സംശയവുമില്ല.

ഈ ഘട്ടത്തില്‍ വളരെയേറെ പ്രാധാന്യമുള്ള തീരുമാനങ്ങള്‍ ഉടന്‍ കൈകൊള്ളുക എന്നത് കോണ്‍ഗ്രസിന് മുന്നിലെ ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ്. കെസിആര്‍ പ്രതിപക്ഷത്തെ പിന്തുണക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി.

ഒത്തുപിടിച്ചാല്‍ മലയും കൂടെ പോരുമെന്ന പഴഞ്ചൊല്ല് അന്വവായചതുഷ്ടയ (ആര്‍ജ്ജവം, സത്യം എന്നര്‍ത്ഥം) മാക്കുന്ന പ്രതിപക്ഷ നിരയാണ് രാജ്യത്തെ മതേതര-ജനാധിപത്യവാദികള്‍ ആഗ്രഹിക്കുന്നത്.

പതിനെട്ട് പ്രതിപക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ചില ചൂണ്ടുപലകകള്‍ ശരിവെക്കുന്നു. മറ്റു പേരുകളൊന്നും ഇതുവരെ പൊങ്ങി വന്നിട്ടില്ല എന്നത് പവാറിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്.

പവാറിനോട് കോണ്‍ഗ്രസിനും മൃദുസമീപനമാണ്. മാത്രമല്ല, എന്‍ഡിഎയില്‍ നിന്ന് ചില വോട്ടുകള്‍ പവാറിന് അപ്രതീക്ഷിതമായി ലഭിക്കാനുള്ള സാധ്യതയും കാണുന്നു. രാഷ് ട്രപതി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ല എന്ന നിലക്ക് ചില സ്വതന്ത്രരേയും പ്രതിപക്ഷത്തിന് അനുകൂലമാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാരണവര്‍ എന്ന നിലയില്‍ പവാറിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പാളയത്തെ വെപ്രാളപ്പെടുത്തുകയും ചെയ്യും. കോണ്‍ഗ്രസാവട്ടെ, പാര്‍ട്ടിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ, അതിശക്തമായ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ഒരു പാലമായാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നത്.

അതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് അവിശ്രമം പ്രയത്‌നിക്കേണ്ടി വരും. ഈ വിയര്‍പ്പൊഴുക്കിയതിന്റെ ഫലം അനുകൂലമായാല്‍, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതൊരു വന്‍പ്രതീക്ഷയും കരുത്തുറ്റ ശക്തിയുമായും ഈ പ്രതിപക്ഷ സഹകരണം വഴിതെളിക്കുക തന്നെ ചെയ്യും.

ഭൂരിപക്ഷത്തിന് എന്‍ഡിഎക്ക് 13,000 വോട്ട് മൂല്യം കുറവാണ്. ഉത്തര്‍പ്രദേശ് ബിജെപി ഭരണത്തിലാണെങ്കിലും സീറ്റുകള്‍ കുറഞ്ഞത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വൈഎസ്  ജഗന്‍ മോഹന്‍ റെഡിയും നവീന്‍ പട്‌നായിക്കും കഴിഞ്ഞമാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മായാവതിയുടെ രഹസ്യപിന്തുണയും എന്‍ഡിഎ പ്രതീക്ഷിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചിത്രം അവ്യക്തമായ സാഹചര്യത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലും ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

എന്നാല്‍, മതരാഷ്ട്ര നയവുമായി മുന്നോട്ടുപോവുന്ന നിലവിലെ എന്‍ഡിഎ സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായുള്ള പ്രതിരോധ നിര ആവശ്യമാണ്.

അത്തരമൊരു തീരുമാനങ്ങള്‍ക്ക് രാജ്യത്തിന്റെ ഗുണകാംക്ഷയാണ് ലഭിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാവര്‍ക്കും ഭയരഹിതമായ, തുല്യനീതിയുള്ള ഒരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment