കെഎസ്ആര്‍ടിസിയെ രക്ഷിക്കാൻ സർക്കാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ഇതാ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നു... (ലേഖനം)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കെഎസ്ആര്‍ടിസിക്ക് മുൻവർഷങ്ങളിൽ ഏകദേശം 1400 കോടി രൂപയായിരുന്നു നഷ്ടമെങ്കിൽ, ഇപ്പോഴത്തെ പ്രതിമാസ നഷ്ടം 217 കോടി രൂപ. മാസാമാസം ശമ്പളത്തിനും പെൻഷനും സർക്കാരാണ് ഖജനാവിൽ നിന്നും പണം നല്കി വരുന്നത്. ഇതെത്രനാൾ തുടരാനാകും?

പൊതുജനങ്ങളിൽനിന്നും കിലോമീറ്ററുകൾക്ക് കൃത്യമായ കണക്കു വച്ച് പണം ഈടാക്കുന്ന ഒരു പ്രസ്ഥാനത്തിന് ശമ്പളം നൽകാൻ അവരുടെ നികുതിക്കാശു കൂടി നല്കണമെന്ന് പറയുന്നത് എന്ത് ന്യായമാണ് ? ലോകത്തൊരു സർക്കാരിനും ഇതംഗീകരിക്കാനാകില്ല...

ചോരുന്ന ഒരു കുടത്തിൽ എത്ര വെള്ളം നിറച്ചാലും ഒരു പ്രയോജന വുമുണ്ടാകില്ല എന്നത് പോലെ ആവും അത്. ആനവണ്ടി എന്നാണു കെഎസ്ആർടിസിയെ അന്നുമിന്നും ആളുകൾ വിളിക്കുന്ന ഓമനപ്പേര്.

ആനയുടെ ചിത്രമുള്ള മുദ്ര കെഎസ്ആർടിസി ബസുകളിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നതും. നഷ്ടത്തിന്റെ കണക്കുപുസ്തകവുമായിട്ടാണ് കുറേക്കാലമായി കെഎസ്ആർടിസിയുടെ നെട്ടോട്ടം. ആ കെഎസ്ആര്‍ടിസിയെ രക്ഷിക്കാൻ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുകയാണ്. നിങ്ങൾക്കിത് സ്വീകരിക്കാം, നിരാകരിക്കാം. അതൊക്കെ നിങ്ങളുടെ ഇഷ്ടം.

നിർദ്ദേശം ഇതാണ്: 2001 മാണ്ടിൽ കോൺഗ്രസ് നേതാവും ഛത്തീസ്‌ഗഡ്‌ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച അജിത് ജോഗി അവിടുത്തെ നഷ്ടത്തിലോടിക്കൊണ്ടിരുന്ന സംസ്ഥാന ട്രാസ്പോർട്ട് കോർപ്പറേഷന് മാസാമാസം സർക്കാർ സഹായം നൽകുന്നത് നിർത്തലാക്കുകയും മുഴുവൻ ട്രാസ്പോർട്ട് സംവിധാനവും റൂട്ടുകളുൾപ്പെടെ സ്വകാര്യവൽക്ക രിക്കാൻ തീരുമാനിക്കുകയും ചെയ്യുകയുണ്ടായി.

അതേത്തുടർന്ന് യൂണിയനുകൾ കോടതിയിൽപ്പോയി. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ഒഴുക്കിക്കളയാൻ സാദ്ധ്യമല്ലെന്ന നിലപാട് ഛത്തീസ്‌ഗഡ്‌ സർക്കാർ കോടതിയിൽ ആവർത്തിച്ചു. ഒപ്പം ഒരു നല്ല നിർദ്ദേശവും സർക്കാർ മുന്നോട്ടുവച്ചു.

മുഴുവൻ ബസുകളും ഓഫീസുകളും സ്റ്റാഫും യൂണിയനുകൾക്ക് കൈമാറാമെന്നും നഷ്ടം വന്നാലും ലാഭമുണ്ടായാലും അതവർക്കുള്ളതായിരിക്കുമെന്നും ഇക്കാര്യത്തിൽ 'നോ ലോസ് നോ പ്രോഫിറ്റ്' എന്ന സമീപനമായിരിക്കും സർക്കാരിനെന്നും അവർ വാദിച്ചു.

കോടതിക്കും ഈ നിർദ്ദേശം സ്വീകാര്യമായി. മുന്നിൽ മറ്റു പോംവഴികളില്ലാതെ യൂണിയനുകൾ ആ നിർദ്ദേശം സ്വീകരിക്കാൻ ബാദ്ധ്യസ്ഥരായി. അവർ അവിടുത്തെ 'ഛത്തീസ്‌ഗഡ്‌ രാജ്യ സഡക്ക് പരിവഹൻ' എന്ന സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഏറ്റെടുത്തു നടത്തി.

പിന്നീട് നടന്ന കാര്യങ്ങൾ വിശദീകരിക്കുന്നില്ല. അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എങ്കിലും പറയാം. യൂണിയൻ നേതാക്കളുടെ പിടിപ്പുകേടോ തൊഴിലാളികളുടെ നിസ്സഹകരണമോ അറിയില്ല ഛത്തീസ്ഗഡ് സംസ്ഥാനത്ത് ഇന്ന് സംസ്ഥാന റോഡ് കോർപ്പറേഷൻ നിലവിലില്ല.

2003 ൽ സിഎസ്ആര്‍ടിസി പിരിച്ചുവിട്ട് മുഴുവൻ റൂട്ടുകളും സ്വകാര്യ വൽക്കരിക്കുകയാ ണുണ്ടായത്. പിന്നീടുവന്ന ബിജെപി സർക്കാരുകളും ഈ സ്വകാര്യാവൽക്കരണം അതേപടി തുടരുകയാണ് ചെയ്തത്. അതവിടുത്തെ കാര്യം..

അന്ന് അജിത് ജോഗി സർക്കാർ കോടതിയിൽ നൽകിയ അതേ നിർദ്ദേശം തന്നെയാണ് ഇവിടെയും നൽകാനുള്ളത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുമാത്രമല്ല അതിലെ മാനേജ്‌മെന്റിനും അംഗീകൃത യൂണിയനുകൾക്കുമുണ്ട്.

വളരെ പ്രഗത്ഭരും ഉന്നത നേതൃപാടവവുമുള്ള കെഎസ്ആര്‍ടിസിയിലെ യൂണിയൻ നേതാക്കൾ ഇതേപ്പറ്റി ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഛത്തീസ്‌ഗഢിലെ യൂണിയൻ നേതാ ക്കളുടെ കെടുകാര്യസ്ഥത കേരളത്തിൽ സംഭവിക്കാനിടയില്ല. കാരണം ഇവിടെ യൂണിയനുകൾ വളരെ ശക്തമാണ്. അതിലെ നേതാക്കൾ കരുത്തരുമാണ്.

കെഎസ്ആര്‍ടിസി നിങ്ങൾ ഏറ്റെടുക്കുക. ലാഭമുണ്ടായില്ലെങ്കിലും നഷ്ടം വരാതെ കാര്യങ്ങൾ നടത്താൻ ശ്രമിക്കുക. നഷ്ടം വന്നാൽ അത് യൂണിയൻ ഏറ്റെടുക്കണം, ലാഭമുണ്ടായാലും അത് യൂണിയന്റെ അധീനതയിലാകുകയും ചെയ്യും.

ഒരു സംസ്ഥാനത്ത് പരീക്ഷിച്ചു നോക്കിയ ഈ രീതി കെഎസ്ആര്‍ടിസിയുടെ നിലനിൽപ്പിനായി ഇവിടെ പരീക്ഷിക്കേണ്ടതുതന്നെയാണ്. കാരണം മറ്റു പോംവഴികളൊന്നും തൽക്കാലം അവർക്കുമുന്നിലില്ല എന്നതുതന്നെയാണ്.

ഈ എളിയ നിർദ്ദേശങ്ങൾ യൂണിയനുകൾക്കും മാനേജ്‌മെന്റു കൾക്കും സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാവുന്നതാണ്. കെഎസ്ആര്‍ടിസി നല്ല നിലയിൽ മുന്നോട്ടുപോകണം എന്നതുമാത്രമാണ് എല്ലാവരും ലക്ഷ്യമിടുന്നത്.

Advertisment