അനാഥാലയത്തിൽ നിന്നും അംഗീകാരത്തിൻ്റെ ഉത്തുംഗതയിൽ എത്തിയ കണ്ണുനീർ മുത്ത്... ലിസ സ്തലേക്കർ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ലിസ സ്തലേക്കർ (Lisa Sthalekar). പൂണെയിലെ അനാഥാലയത്തിൽ നിന്ന്, ജനിച്ചുവീണു കേവലം മൂന്നാഴ്ച കഴിഞ്ഞപ്പോൾ ജന്മനാടിനോട് വിടപറഞ്ഞത് ഒരു ലോകം തന്നെ കീഴടക്കാനായിരുന്നു. പെറ്റമ്മ മറന്നെങ്കിലും പോറ്റമ്മ പൊന്നുപോലെ നോക്കിവളർത്തി. ജന്മനാടിൻ്റെ കാര്യത്തിലും വളർന്ന നാടിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

2020 ൽ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ICC), ക്രിക്കറ്റിലെ മികച്ച സംഭാവനകൾ നൽകിയ ഇതിഹാസതാരങ്ങളായി ഹാള്‍ ഓഫ് ഫെയിം -2020 പുരസ്ക്കാരം നൽകി ദുബായിൽ ആദരിച്ച മൂന്നു പേരിലെ ഏക വനിതാ ക്രിക്കറ്ററായ ലിസ സ്തലേക്കര്‍, 1979 ആഗസ്റ്റ് 13 ന് പൂണെയിലെ പ്രസിദ്ധമായ ശ്രീവാസ്തവ എന്ന അനാഥാലയത്തിന്റെ വാതിൽക്കൽ ഒരു പഴന്തുണിയിൽ പൊതിഞ്ഞ്, ജനിച്ചുവീണ്‌ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരുന്നു എന്നത് പലർക്കും അറിവുണ്ടാകില്ല.

ആ ലിസ സ്തലേക്കര്‍ എന്ന കുഞ്ഞാണ് വളർന്നു വലുതായി ആസ്‌ത്രേലിയൻ വനിതാ ക്രിക്കറ്റിലെ ആൾ റൗണ്ടറും ക്യാപ്റ്റനുമായി വിജയക്കൊടി പാറിച്ചതെന്നതും ചരിത്രം..

പാക്കിസ്ഥാൻ ക്രിക്കറ്ററായിരുന്ന സഹീർ അബ്ബാസ്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ജാക്ക് കാലിസ് എന്നിവർ ക്കൊപ്പമാണ്‌ ലിസ 2020 ലെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയത്.

പെൺകുഞ്ഞുങ്ങൾ പിറക്കുന്നത് ശാപമാണെന്നു കരുതുന്ന വലിയൊരു വിഭാഗം ജനതതി ഇന്നും ഉത്തരേന്ത്യയിലുണ്ട്. ലിസയുടെ കാര്യത്തിലും അന്ന് ഇതുതന്നെയാകാം സംഭവിച്ചത്. അല്ലെങ്കിൽ അവളെ പോറ്റിവളർത്താനുള്ള മാതാപിതാക്കളുടെ കഴിവില്ലായ്മയാകാം. വെളുത്ത, ആരോഗ്യമുള്ള ആ കുഞ്ഞിന് അനാഥാലയം നൽകിയ പേര് ലൈല എന്നായിരുന്നു.

publive-image

കുഞ്ഞു ലൈല അവർക്കൊരു വെല്ലുവിളിയായി. മുലപ്പാൽ തന്നെയായിരുന്നു പ്രശ്‍നം. ഒരനാഥ ബാലികയ്ക്ക് മുലപ്പാൽ കൊടുക്കാൻ ആരുമുണ്ടായില്ല. ആശുപത്രി സ്റ്റാഫിന്റെ നോട്ടത്തിലും പരിചരണത്തിലുമാണ് അവൾ കഴിഞ്ഞത്.

മാതാപിതാക്കൾ വിളിപ്പാടകലെയുണ്ടായിട്ടും അവരുടെ സ്നേഹപരിലാളനങ്ങൾ ഏറ്റുവ ളരേണ്ട അവൾ അനാഥയായി അവിടെ തുടർന്നു. രാത്രികാലങ്ങളിലെ കുഞ്ഞിന്റെ നിർത്താത്ത കരച്ചിലും ഏങ്ങലടിയും ജീവനക്കാരെയും അധികൃതരെയും ഒരുപോലെ വിഷമത്തിലാക്കിയിരുന്നു.

ആയിടെ ഒരാൺകുട്ടിയെ ദത്തെടുക്കാൻ അനാഥാലയത്തിലെത്തിയ അമേരിക്കൻ ദമ്പതികളായ ഹാരെൻ സ്തലേക്കറും ഭാര്യ സ്യൂ (Syu) വും അവരാഗ്രഹിച്ച ഒരാൺകുട്ടിയെ കിട്ടാതെ മടങ്ങാൻ തുടങ്ങവേ അവിടുത്തെ അധികൃതരാണ് മൂന്നാഴ്ച മാത്രം പ്രായമുള്ള ലൈലയെ ദത്തെടുക്കാൻ അവരോടഭ്യർത്ഥിച്ചത്‌.

കാരണം മാതാപിതാക്കളുടെ പരിചരണവും ലാളനയും അവൾക്കാവശ്യമുള്ള സമയമായിരുന്നു അത്.കൂടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധതയുള്ള ധാരാളം പേർ അമേരിക്കയിൽ ഉണ്ടുതാനും.

publive-image

സ്തലേക്കർ ദമ്പതികൾക്ക് നേരത്തെ ദത്തെടുത്ത ഒരു പെൺകുട്ടിയുള്ളതിനാൽ (കാപ്രീനി) ലൈലയെക്കൂടി ദത്തെടുക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവർ ലൈലയെക്കണ്ടശേഷം താല്പര്യമില്ലാതെ മടങ്ങവേ കുഞ്ഞുലൈലയുടെ ഉച്ചത്തിലുള്ള കരച്ചിൽ അവരുടെ മനസ്സുലയ്ക്കുകതന്നെ ചെയ്തു.

ഒടുവിൽ അവളുടെ നിർത്താത്ത കരച്ചിലടങ്ങിയത് സ്തലേക്കർ, തൊട്ടിലിൽ നിന്നവളെ കോരിയെടുത്തപ്പോഴാണ്. ആ കൈകൾ പകർന്നുനൽകിയ വാത്സല്യമാകാം എടുത്തയുടൻ അവൾ കരച്ചിൽനിർത്തി ഉറക്കവും തുടങ്ങി. അങ്ങനെ ആ കുടുംബം തീരുമാനം മാറ്റി, അവർ ലൈലയെത്തന്നെ ദത്തെടുക്കാൻ തീരുമാനിച്ചു.

വരുംകാലങ്ങളിൽ ലോകമദരിക്കാൻ പോകുന്ന ഒരു ക്രിക്കറ്ററായി മാറാനുള്ള, കേവലം മൂന്നാഴ്ച മാത്രം പ്രായമുണ്ടായിരുന്ന ലൈലയുടെ ജൈത്രയാത്ര തൻ്റെ പുതിയ മാതാപിതാക്കൾക്കൊപ്പം പൂണെയിൽ നിന്ന് 1979 സെപ്റ്റംബർ മാസം അമേരിക്കയിലേക്ക് പുറപ്പെട്ടപ്പോൾ മുതൽ തുടക്കമായികഴിഞ്ഞിരുന്നു.

ഹാരെൻ സ്തലേക്കറും ഇന്ത്യക്കാരായ വിദേശദമ്പതികളുടെ മകനായിരുന്നു. ഭാര്യ സ്യൂ ഇംഗ്ലണ്ട് സ്വദേശിനിയും. അവർ കുഞ്ഞിന്റെ ലൈല എന്നുള്ള പേരുമാറ്റി ലിസ സ്തലേക്കര്‍ എന്ന പുതിയ പേരും നൽകി.

മതപ്രചാരകനായിരുന്ന ഹാരെൻ സ്തലേക്കറുടെ പ്രവർത്തനമണ്ഡലം അമേരിക്കയും കെനിയയുമായിരുന്നു. ലിസ സ്തലേക്കറിന് നാലു വയസ്സുള്ളപ്പോൾ കുടുംബം ആസ്‌ത്രേലിയയിലേക്ക് കുടിയേറി. സിഡ്‌നിയിൽ സ്ഥിരതാമസമാക്കി.

publive-image

ലിസയും സഹോദരിയും സിഡ്‌നിയിലെ മികച്ച സ്‌കൂളുകളിലും കോളേജിലുമാണ് പഠിച്ചത്. പഠനകാലത്തു തന്നെ ക്രിക്കറ്റിൽ തല്പരയായിരുന്നു ലിസയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകിയത് മാതാപിതാക്കളായിരുന്നു.

പ്രാദേശിക ഭാഷകളിലും സൈക്കോളജിയിലും ഡിഗ്രി കരസ്ഥമാക്കിയ ലിസയുടെ ആദ്യ ക്രിക്കറ്റ് അരങ്ങേറ്റം 97- 98 ലാണ്. പ്രാദേശിക ന്യൂ സൗത്ത് വെയിൽസ്‌ ടീമിനായി ക്വീൻസ്‌ലാന്റിനെതിരെ ലിസ നടത്തിയ ആൾ റൗണ്ടർ പ്രകടനം അവളുടെ എല്ലാമായിരുന്നു മാതാപിതാക്കൾക്കുമുന്നിൽ ഗംഭീരമാക്കി. അന്ന് ആനന്ദാശ്രുക്കളോടെയാണ് അവർ ലിസയെ അഭിനന്ദിച്ചത്.

ലിസ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 2001 ൽ ആസ്‌ത്രേലിയൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ അവർ സ്പിൻ ബൗളിംഗിലും ബാറ്റിംഗിലും മികവ് തെളിയിച്ച ആൾ റൗണ്ടറായി ടീമിൽ ചിരപ്രതിഷ്ഠ നേടിയെടുത്തു.

publive-image

ആസ്‌ത്രേലിയക്കുവേണ്ടി 8 ടെസ്റ്റ് മാച്ചുകളും, 125 ഏകദിന മത്സരങ്ങളും, 54, ടി -20 മത്സരങ്ങളും കളിച്ച ലിസ സ്തലേക്കർ ഒടുവിൽ ആസ്‌ത്രേലിയൻ ടീം ക്യാപ്റ്റനുമായി.1000 റൺസും 100 വിക്കറ്റുമെന്ന ബഹുമതി കരസ്ഥമാക്കിയ ആദ്യ വനിതാ ക്രിക്കറ്റർ ലിസയായിരുന്നു. ടെസ്റ്റിൽ 2728 റൺസും 146 വിക്കറ്റുകളും തൻ്റെ 2013 വരെയുള്ള 12 വർഷത്തെ കാരിയറിൽ അവർ കരസ്ഥമാക്കിയിട്ടുണ്ട്.

ആസ്‌ത്രേലിയ നേടിയ നാലു ലോകകപ്പുകളിലും അവർ ടീമിന്റെ ഭാഗമായിരുന്നു. (2005 ലും 2013 ലും ഏകദിന ലോകകപ്പും 2010, 2012 ൽ ടി-20 ലോകകപ്പുകളും) 2013 ൽ ക്രിക്കറ്റിൽനിന്ന് വിരമിച്ച ലിസ പിന്നീട് കോച്ച്, കമൻറ്റേറ്റർ, അഡ്മിനിസ്ട്രേറ്റർ, മോഡൽ എന്നീ നിലകളിൽ ഇപ്പോഴും ക്രിക്കറ്റ് വേദികളിൽ സജീവമാണ്. സമ്പന്നയായ ലിസയുടെ സമ്പാദ്യം 2019 ലെ കണക്കനുസരിച്ച് 58 മില്യൺ ഡോളറാണ്. 43 കാരിയായ ലിസ ഇപ്പോഴും അവിവാഹിതയുമാണ്.

തന്നെ വളർത്താൻ കഴിവില്ലാതെ ഉപേക്ഷിച്ച മാതാപിതാക്കളെ കാണണമെന്ന അതിയായ ആഗ്രഹം ലിസ എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. ഒരുതവണ അമ്മയെയെങ്കിലും കാണണം. തന്നെ ഉപേക്ഷിച്ചതെന്തിനെന്ന് ചോദിച്ചറിയണം. അമ്മയെ നെഞ്ചോടണച്ച്‌ കഴിഞ്ഞതെല്ലാം മറന്ന് ഒരു ദിവസം അമ്മയ്‌ക്കൊപ്പം കഴിയണം. അമ്മയുണ്ടാക്കുന്ന ആഹാരം ആ കൈകൊണ്ടുതന്നെ കഴിക്കണം. ആ മോഹങ്ങളെല്ലാം മനസ്സിൽ സ്വരുക്കൂട്ടി ഒടുവിൽ അവരെത്തി.

publive-image

2012 ൽ അവർ പൂനെയിൽ വന്നു. ജനിച്ചശേഷം താൻ മൂന്നാഴ്ച കഴിഞ്ഞ, തൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച പൂണെയിലെ അനാഥാലയത്തിലവരെത്തി. വികാരനിർഭരമായ രംഗങ്ങൾക്കാണ് അന്നവിടം സാക്ഷ്യം വഹിച്ചത്. താൻ ജനിച്ചുവീണ തറവാട് എന്നാണവർ ആ അനാഥാലയത്തെ വിശേഷിപ്പിച്ചത്.

കൗതുകത്തോടെ അവിടമെല്ലാം ചുറ്റിക്കണ്ടു. താൻ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞ ആ തൊട്ടിലിൽപ്പിടിച്ചു കൊണ്ട് ഒരു നിമിഷം അവർ കണ്ണടച്ചുനിന്നു. നിറകണ്ണുകളോടെ തനിക്കു ജന്മം നൽകിയ മാതാവിനെ, അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുതവണയെങ്കിലും കാണണമെന്ന ആഗ്രഹം അധികൃതരെ അറിയിച്ചെങ്കിലും അത് നടന്നില്ല.

ഇന്നും മാതാപിതാക്കളെപ്പറ്റിയുള്ള ഓർമ്മകൾ ലിസയുടെ മനസ്സിലെ നീറുന്ന നൊമ്പരമാണ്. തിരികെ മടങ്ങുമ്പോൾ നിറകണ്ണുകളോടെ എല്ലാവരോടും യാത്രപറഞ്ഞ അവർ മുന്നോട്ടുനീങ്ങിയ വാഹനത്തിൽ നിന്ന് പലതവണ പിന്നിലേക്ക് തിരിഞ്ഞുനോക്കി. ആ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു എന്ന് വ്യക്തം.

തങ്ങളുടെ മകൾ ഇന്ന് പ്രശസ്തിയുടെ അത്യുന്നതിയിൽ നിൽക്കുന്നത് ലിസയ്ക്ക് ജന്മം നൽകിയ മാതാപിതാക്കൾ ഇന്ന് അഭിമാനത്തോടെ നോക്കിക്കാണുന്നുണ്ടാകാം. പക്ഷേ ഏതോ കാരണത്താൽ അവർക്ക് മുന്നോട്ടുവരാൻ ഇനിയും കഴിയുന്നില്ല.

publive-image

തന്നെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചുവളർത്തിയ വളർത്തുമാതാവ് സ്യൂ വിൻറെ മരണമാണ് ലിസയെ വളരെയേറെ തളർത്തികളഞ്ഞത്. സ്യൂവിന് സ്തനാർബുദമായിരുന്നു. സഹോദരിയും പിതാവുമാണ് ഇപ്പോൾ തന്റെ ആത്മബലമെന്നും അവർ പറയുന്നു.

മറ്റൊന്നുകൂടി, പിതാവ് ഹാരെൻ സ്തലേക്കർ വലിയ മതപ്രചാരകനായിരുന്നുവെങ്കിൽ വളർത്തുമകൾ ലൈലയെന്ന ലിസ സ്തലേക്കർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതരഹിത ജീവിതമാണ് അവർ നയിക്കുന്നത്.

Advertisment