/sathyam/media/post_attachments/NyuxocTpcxFkG6mkPLOt.jpg)
കൈക്കൂലി വാങ്ങിയ ഒരു റവന്യൂ ഓഫീസർ എംഎല്‍എയ്ക്ക് മുന്നിൽ കൈകൂപ്പി മാപ്പപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഭൂമി തരം തിരിവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയോട് 15000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഓഫീസർ ബൽജിത് സിംഗിനെ നേരിട്ട് കയ്യോടെ പൊക്കിയത് ആം ആദ്മി പാർട്ടി എംഎല്‍എ ജഗത്താൽ സിംഗ് ദയാൽപുരി ആണ്.
കൈക്കൂലി വാങ്ങിയത് എംഎല്‍എ തന്നെ നേരിട്ട് പിടികൂടിയപ്പോൾ അദ്ദേഹത്തോട് റവന്യൂ ഓഫീസർ രക്ഷിയ്ക്കണമെന്ന് കൈകൂപ്പി യാചിക്കുന്നതാണ് ചിത്രം. എന്നാൽ രോഷാകുലനായ എംഎല്‍എ ജില്ലാ പോലീസ് മേധാവിയെ നേരിട്ടുവിളിച്ച് കേസെടുപ്പിക്കുകയും റവന്യൂ ഓഫീസർ ബൽജിത് സിംഗിനെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. രവീന്ദർ സിംഗ് എന്ന വ്യക്തിയിൽനിന്നാണ് ഓഫീസർ കൈക്കൂലി വാങ്ങിയത്. 10000 രൂപ ആദ്യ ഗഡുവായി മുൻപ് നൽകിയിരുന്നു.
പഞ്ചാബിയിൽ അഴിമതിക്കും കൈക്കൂലിക്കുമെതിരേ ഇപ്പോൾ വ്യാപകമായ പ്രാചരണമാണ് നടക്കുന്നത്. ടോൾ ഫ്രീ നമ്പർ ലഭിക്കുന്നില്ലെങ്കിൽ എഎപി എംഎൽഎമാരേയോ മറ്റു പ്രതിനിധികളെയോ ബന്ധപ്പെട്ടാലും നടപടി ഉറപ്പായും ഉണ്ടാകുന്നുണ്ട്. ആ ധൈര്യമാണ് റവന്യൂ ഓഫീസർക്ക് രണ്ടാമത്തെ ഗഡുവായ 15000 നല്കുന്നതിനുമുന്പ് എംഎല്‍എയുമായി ബന്ധപ്പെടാൻ രവീന്ദ്രൻ സിംഗിനെ പ്രേരിപ്പിച്ചത്.
കൈക്കൂലിക്കേസുകൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും അതിലെല്ലാം കുറ്റാരോപിതർ നാളുകൾക്കുശേഷം കുറ്റവിമുക്തരാകുന്നതായിരുന്നു പതിവെന്നും ഇനി അതനുവദിക്കില്ലെന്നും കൈക്കൂലിക്കാർക്ക് ശരിയായ ശിക്ഷ ഉറപ്പായും ലഭ്യമാക്കാനുള്ള നടപടികൾ എഎപി സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജഗത്താൽ സിംഗ് ദയാൽപുരി എംഎല്‍എ പറഞ്ഞു.
പഞ്ചാബിൽ ഇത് വലിയ മാറ്റമാണ്. മയക്കുമരുന്നും, തോക്ക് സംസ്കാരവും, കൈക്കൂലിയും, അഴിമതിയും, ഖനന മാഫിയയും പഞ്ചാബിൽ എഎപി സർക്കാർ നേരിടുന്ന വെല്ലുവിളികളാണ്.