മേരി ആവാസ് സുനോ... ജയസൂര്യയും മഞ്ജു വാര്യരും അഭിനയിച്ചിരിക്കുന്ന പുതിയ മലയാള ചിത്രമാണ് ' മേരി ആവാസ് സുനോ'. എന്താണ് ചിത്രത്തിന് ഈ പേരിട്ടവർ അർത്ഥമാക്കുന്നത് ?
ഇവിടെ ഒരു വലിയ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ! മേരി ആവാസ് സുനോ (मेरी आवास सुनो) ഹിന്ദി വാക്കാണ്. ഇതിൽ आवास അഥവാ ആവാസ് എന്ന വാക്കാണ് തെറ്റായിട്ടുള്ളത്. (आ वा स ആ വാ സ്) ഇതിനർത്ഥം വാസസ്ഥലം അഥവ വീട് എന്നാണ്. मेरी എന്നാൽ എൻ്റെ, आवास എന്നാൽ വീട് ,सुनो എന്നാൽ കേൾക്കുക എന്നാണ് പൂർണ്ണമായ അർഥം. അതായത് मेरी आवास सुनो എന്നാൽ 'എൻ്റെ വീട് കേൾക്കുക' എന്നാണ് യഥാർത്ഥ അർത്ഥം.
ഇവിടെ സിനിമാക്കാർ ഉദ്ദേശിച്ചതും യഥാർത്ഥത്തിൽ വരേണ്ടതും मेरी आवाज़ सुनो (മേരി ആവാജ് സുനോ) എന്നു തന്നെയാണ്. അതിനർത്ഥം എൻ്റെ ശബ്ദം കേൾക്കുക എന്നാണ്. आवाज़ എന്നാൽ ശബ്ദം എന്നാണ് അർഥം.
അതുകൊണ്ടുതന്നെ ചിത്രത്തിന് പേര് 'മേരി ആവാസ് സുനോ' (मेरी आवास सुनो) എന്നു നൽകിയിരിക്കുന്നത് തെറ്റാണ്, ശരിയായ പേര് 'മേരി ആവാജ് സുനോ' ( मेरी आवाज़ सुनो ) എന്നാണ്. പേരിൽ ആവാസ് എന്നത് തിരുത്തി ആവാജ് എന്നാണ് നൽകേണ്ടത്.
മറ്റു ഭാഷകൾ കൈകാര്യം ചെയ്യുമ്പോൾ അതിൽ നല്ല അവഗാഹമുള്ള ആളുകളുമായി ആശയവിനിമയം നടത്തത്താതാണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ കരണമാകുന്നത്.
ആറാം തമ്പുരാൻ സിനിമയിൽ മോഹൻലാൽ പറയുന്ന ഹിന്ദി/ഉറുദു ഡയലോഗ് " Sabarom ki zindagi jo kabhi nahi khatham ho jathee hai... എന്നത് ഹിന്ദി നന്നായി അറിയാത്ത ആരോ എഴുതിക്കൊടുത്തതാണ്. ആ ഡയ ലോഗ് തെറ്റാണ്. അങ്ങനെയല്ല അത് പറയേണ്ടത്.
അതുപോലെ തേജാബ് എന്ന ഹിന്ദി സിനിമയിലെ ഏക് ദോ തീൻ എന്ന ഗാനത്തിന്റെ വരികൾ ദാസേട്ടൻ ഒരു മലയാള സിനിമയിൽ തെറ്റായി ആലപിക്കുന്നത് കേട്ട് ഞെട്ടിപ്പോയി. ആ ഗാനത്തിന്റെ അർഥം തന്നെ വികല മാക്കുന്ന നടപടിയായിപ്പോയി അത്. തേരാ കരും ദിൻ ഗിൻ ഗിൻകേ (ദിവസങ്ങളെണ്ണി കാത്തിരിക്കും) എന്നത് ദാസേട്ടൻ പാടിയത് തേരാ കരും ഡിംഗ് ഡിംഗ് ഡിംഗ്കെ (അതിനു പ്രത്യേക അർത്ഥമൊന്നുമില്ല കാരണം 'ഡിംഗ് ഡിംഗ് ഡിംഗ്കെ' എന്നൊരു വാക്ക് ഹിന്ദിയിലില്ല എന്നതുതന്നെ).
മറ്റൊന്ന് ഛത്തീസ് ഗഡ് മുഖ്യമന്ത്രിയുടെ 'ഭൂപേഷ് ബഘേൽ' എന്ന യഥാർത്ഥ പേര് നമ്മുടെ പല മലയാള മാധ്യമങ്ങളും ഇപ്പോഴും ഭൂപേഷ് ബാഗൽ എന്നോ ഭൂപേഷ് ഭാഗൽ എന്നോ ഒക്കെയാണ് തെറ്റായി പറയുന്നതും എഴുതുന്നതും. ഇനിയുമവർ ആ തെറ്റ് തിരുത്താൻ തയ്യറായിട്ടില്ല.
അന്യഭാഷകൾ കൈകാര്യം ചെയ്യുമ്പോൾ വിദ്യാസമ്പന്നരെന്നും പ്രബുദ്ധരെന്നും സ്വയം അഭിമാനിക്കുന്ന നമ്മൾ മലയാളികൾ പലപ്പോഴും അശ്രദ്ധരാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.