/sathyam/media/post_attachments/N6vAh5dFSFsaiDEHEgwh.jpg)
ഒരാളുടെ മരണവാർത്തക്കൊപ്പം നമ്മളറിയാതെ അവനവനിൽ സംഭവിക്കുന്ന ഒരു അവലോകനമുണ്ട്. പരേതനും നമ്മളുംതമ്മിലുള്ള പലവിനിമയങ്ങളുടെ ഒരു ഹൃസ്വചിത്രം. അത്ര വേഗമൊരു ചിത്രസംവിധാനം നമ്മൾ മറ്റൊരിക്കലും ചെയ്യാറില്ല. ഇന്ന് കാലത്തെത്തിയ ഒരു മരണവാർത്തക്കൊപ്പം അകം കലങ്ങിമറിഞ്ഞൊരു വേദനാചിത്രം എനിക്കുള്ളിലും പിറന്നു. പറിഞ്ഞുപോയൊരു മരം അവശേഷിപ്പിച്ച ചെറുഗർത്തം കുറച്ചേറെനേരം ഞാനാലോചിച്ചു.
/sathyam/media/post_attachments/EGlpIQXg2hoCpWX5agHp.jpg)
ആവശ്യപ്പെട്ടതു പ്രകാരം 'കാപ്പി'യുടെ ഒരു പ്രതിയുമായി ഗഫൂര്‍ക്കയുടെ ഫ്ലാറ്റിലെത്തിയതാണ് ആദ്യ കൂടിക്കാഴ്ച്ച. പത്തുമിനുട്ടുമാത്രം നടപ്പുദൂരത്തിന്റെ ഇരുകരകളിലായിരുന്നു ഞങ്ങളുടെ കുടിപാർപ്പ്. എന്നിട്ടും അതിനുമുമ്പത്തെ അഞ്ചെട്ടുവർഷങ്ങളായി ഞാനെഴുതിയവയിൽ ചിലത് ഉള്ളിൽത്തട്ടുമ്പോളൊക്കെയും വിളിച്ച് അതിന്റെ അടരും പടരും ദീർഘമായി സംസാരിച്ചുകൊണ്ടിരുന്നതല്ലാതെ പരസ്പരം കണ്ടതേയില്ല!
/sathyam/media/post_attachments/ySadCgfiNBuHiY9sXagG.jpg)
എന്റെ എഴുത്തിൽ വന്നുപെടുന്ന സങ്കടഗണിതങ്ങൾ അദ്ദേഹത്തിന്റേതു കൂടിയാണെന്ന് പിന്നെപ്പിന്നെ ഞങ്ങൾ ഒരുമപ്പെട്ടു. എന്റെ 'കാപ്പി' കൈപ്പറ്റി, തിരികെ ഒരുകപ്പ് കാപ്പികുടിച്ച് ഞങ്ങൾ പിരിഞ്ഞു.
ഒരാഴ്ചക്കുശേഷം കാപ്പിയുടെ വായനാനുഭവം അതിദീർഘമായി സംസാരിച്ചു. എഴുത്തുകാരനെന്ന പൂച്ചയിലും ആഴത്തിലോടിയ എലിയാണല്ലോ വാനക്കാരനെന്ന നിലയിൽ നിങ്ങൾ എന്നേ എനിക്ക് പറയാൻ തോന്നിയുള്ളൂ അന്ന്.
/sathyam/media/post_attachments/gvfjKZauJVgCSumBkzii.jpg)
രണ്ടാമത് കാണുന്നത് കുടുംബസമേതം അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ്. ആരോഗ്യപരമായ കാരണത്താലുള്ള ചെറിയ അവധിയിലായിരുന്നു ഗഫൂർക്ക. തിരിച്ചെത്തിയതിൽ പിന്നേയും ചില എഴുത്തുകൾക്കു പിറകെ എന്നെ തേടിയെത്തുന്ന ആകുലവിളികൾ. ഹൃസ്വവും ദീർഘവുമായ സൊറകൾ.
മകളുടെ വിവാഹത്തോടനുബന്ധിച്ച് അദ്ദേഹം നടത്തുന്ന സൽക്കാരത്തിന് ഒരു പേരുവേണം എന്ന കൗതുകകരമായൊരു ആവശ്യവുമായാണ് രണ്ടാഴ്ചമുന്നേ വിളിക്കുന്നത്. ഞങ്ങൾ പലപേരുകൾ ചർച്ചചെയ്തു. ഒന്നൂടെ... ഒന്നൂടെ... വേറൊരുതരത്തിൽ... എന്നരീതിയിൽ ഭാഷയിൽ നവീനമായ എന്തോ ഒന്ന് തിരയുന്ന ജിജ്ഞാസുവിന്റെ സൂഷ്മത ഞാനനുഭവിച്ചു. അങ്ങനെ ഒന്നായിരിക്കണം ഞങ്ങൾക്കിടയിലെ അവസാന സംഭാഷണം എന്നാവാം ദൈവദിശ്ചയം!
ഗഫൂർക്ക പോയി. ഇന്നു കാലത്ത്. പത്തിരുപത്തിനാലുവർഷത്തെ പ്രവാസജീവിതത്തിനിടയിൽ ഞാൻ സ്വരൂപിച്ച അതിശുഷ്കമായ സൗഹൃദനിരയിലെ വിലപിടിച്ചൊരു മുത്തു കൊഴിഞ്ഞു. തമ്മിൽ കൊരുത്തുകെട്ടപ്പെട്ട ഊടും പാവുമുടഞ്ഞ് എത്രമേൽ പിഞ്ഞിപ്പിഞ്ഞി ഒരു നൂൽ ഒറ്റയായി പറന്നുപോയാലാണ് നമുക്ക് ഒരു മരണം സ്ഥിരീകരിക്കാനാവുക!
സ്നേഹിതാ, തൊണ്ടയിൽ കുരുങ്ങുന്ന എന്റെ കരച്ചിൽ നീ അറിയുന്നുണ്ടാവുമല്ലോ. അതിന് 'പ്രിയത' എന്നുമാത്രമാണ് ഭാഷയിൽ പേര്.