ഇനിയെത്രനാൾ ഇദ്ദേഹത്തെ സഹിക്കണം ? വിരാട്ട് കോഹ്‌ലിയുടെ ഫ്ലോപ്പ് ഷോ കഴിഞ്ഞ മൂന്നു വർഷമായി അനവരതം തുടരുകയാണ്. എന്നിട്ടും അദ്ദേഹമിപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണെന്ന് മാത്രമല്ല തുടർച്ചയായി പ്ലെയിങ്ങ് 11 ലുമുണ്ട്.
നോക്കുക, വിരാട്ട് ക്യാപ്റ്റനായിരുന്ന കാലത്ത് എത് മികച്ച ഫോമിലുള്ള കളിക്കാരനെയും നിർദാക്ഷിണ്യം ടീമിൽനിന്നും പുറത്താക്കിയ റിക്കാർഡുള്ള വ്യക്തിയാണ് അദ്ദേഹം. ഏറ്റവും വലിയ ഉദാഹരണം കരുൺ നായർ തന്നെയാണ്.
2016 ൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ കരുൺ നായർക്ക് തൊട്ടടുത്ത ടെസ്റ്റ് മാച്ചിൽ പ്ലെയിങ്ങ് 11 ൽ അവസരം നിഷേധിച്ച മഹാനാണ് വിരാട്ട് എന്ന ക്യാപ്റ്റൻ. വീരേന്ദ്ര സെഹ്‌വാഗ് കഴിഞ്ഞാൽ ട്രിപ്പിൾ സെഞ്ച്വറി കരസ്ഥമാക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററായ കരുൺ നായരുടെ കരിയർ തന്നെ അതോടെ നിഷ്പ്രഭമായി മാറപ്പെട്ടു. ഈ അനീതിക്കെതിരേ അന്ന് ശക്തമായ നിലപാട് സ്വീകരിച്ചത് ഹർഭജൻ സിംഗ് മാത്രമായിരുന്നു.
ഇതുമാത്രമൊന്നുമല്ല കളിക്കാരെ ഒരു കാരണവുമില്ലാതെ ഡ്രോപ്പ് ചെയ്യുന്നതിൽ വലിയ വൈദഗ്ദ്ധ്യമുള്ള ക്യാപ്റ്റനായിരുന്നു കോഹ്ലി. ആകെ 68 ടെസ്റ്റ് മാച്ചുകളിൽ ക്യാപ്റ്റനായിരുന്ന അദ്ദേഹം 64 മാച്ചുകളിലും പ്ലെയിങ്ങ് 11 ൽ മാറ്റം വരുത്തിയിരുന്നു.
4 കളിക്കാർക്ക് അദ്ദേഹം ഓരോ മാച്ച് വീതം കളിയ്ക്കാൻ അവസരം നൽകിയപ്പോൾ 5 കളിക്കാർക്ക് 2 മാച്ചുകൾ വീതം അനുവദിച്ച് സൗമനസ്യം കാട്ടുകയുണ്ടായി. കൂടാതെ 9 കളിക്കാർക്ക് 3 മുതൽ 5 മാച്ചുകൾ വരെ കളിക്കാൻ അവസരം അനുവദിക്കപ്പെട്ടു.
ഈ മാറ്റങ്ങളെല്ലാം ടീമിന്റെ നന്മക്കും വിജയത്തിനും വേണ്ടിയാണെന്ന് നിരന്തരവാദമുയർത്തിയിരുന്ന കോഹ്ലി സ്വന്തം കാര്യത്തിൽ മാത്രം അത് നടപ്പാക്കാൻ ഇനിയും തയ്യറായിട്ടില്ല.
കഴിഞ്ഞ മൂന്നു വർഷമായി വിരാട്ട് കോഹ്ലിയുടെ ബാറ്റ് നിശബ്ദമാണ്. ഇക്കാലയളവിൽ 18 ടെസ്റ്റ് മാച്ചുകളിൽ നിന്ന് 27.25 എന്ന ആവറേജിൽ കേവലം 872 റൺസാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.
ഇതിൽ സെഞ്ച്വറി ഒന്നുപോലുമില്ല. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺ നേടിയ 30 ബാറ്റ്‌സ്മാൻമാരുടെ ലിസ്റ്റിലും കോഹ്‌ലിയുടെ പേരില്ല. അപ്പോഴും ഇന്ത്യൻ ടീം നിരന്തരം അദ്ദേഹത്തെ ചുമക്കുകയാണ്.
ഇന്ന് ഇംഗ്ലണ്ട് വിജയിച്ച അഞ്ചാം ടെസ്റ്റിൽ വിരാട്ട് കൊഹ്‌ലിയിൽ നിന്നും ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷ വച്ചു പുലർത്തിയിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ 11 റൺസും രണ്ടാം ഇന്നിംഗിൽ കേവലം 20 റൺസുമായിരുന്നു അദ്ദേഹത്തിൻ്റെ സംഭാവന. ഫലമോ നമ്മൾ ജയിക്കേണ്ട ഒരു മത്സരം ഇംഗ്ളണ്ടിന് സമ്മാനായി നൽകപ്പെട്ടു. 7 വിക്കറ്റിന് അവർ വിജയിച്ചു.
വിരാട്ട് കോഹ്ലി ക്യാപറ്റനായിരുന്നെങ്കിൽ ഇത്ര മോശം റിക്കാർഡുള്ള ഒരു ക്രിക്കറ്ററെ പ്ലെയിങ്ങ് 11 പോയിട്ട് ടീമിൽ പോലും തെരഞ്ഞെടുക്കുമായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത് ?
കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഏകദിന, ടി 20 ലോകകപ്പുകൾ നേടിയിട്ടില്ലെന്നത് കൂടാതെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാനുള്ള സുവർണ്ണാവസരവും കളഞ്ഞുകുളിച്ചു. ന്യൂസിലൻഡിനെതിരെ ഫൈനൽ മത്സരത്തിൽ അനായാസം സമനില കൈവരിക്കാനാകുമായിരുന്നിട്ടും അനാവശ്യമായ അഗ്രഷന്‍ മൂലം അതും തുലച്ചുകളഞ്ഞു .
ക്യാപ്റ്റൻ എന്ന നിലയിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കി ഇനിയെത്രനാളാണ് ഇദ്ദേഹത്തെ ഇങ്ങനെ ടീമിൽ നിലനിർത്താനാകുക ?