അംബേദ്‌കർ എത്ര ദീർഘദർശി, സജി ചെറിയാൻ ഒരു ദുരന്തം... (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് പറഞ്ഞ കമ്യുണിസ്റ്റ് പാർട്ടിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ജനാധിപത്യത്തോട് ഇപ്പോഴും ലവലേശം താത്പര്യമില്ലാതെ കുന്തവും കുടച്ചക്രവുമെന്ന രീതിയിലാണ് കാണുന്നത്.

കമ്മ്യൂണിസത്തിന് ജനാധിപത്യം എന്നും അന്യമാണ്. കമ്മ്യൂണിസത്തിൻ്റെ മേധാവിത്വം എവിടെ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ജനാധിപത്യവും മനുഷ്യവകാശങ്ങളും ചവിട്ടിയരക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഇടതുപക്ഷക്കാർ അവതരിപ്പിക്കുന്നത് പെയിൻ്റടിച്ചു വൈകൃതം ഒളിപ്പിച്ചു വച്ചിരിക്കുന്ന കമ്യൂണിസത്തെയാണ്. കമ്യൂണിസമെന്നാൽ ജനാധിപത്യ വിരുദ്ധതയുടെയും ഏകാധിപത്യത്തിൻ്റെയും സമ്മിശ്രമായ പാക്കിങ് ആണ്. അധികാരത്തിൻ്റെ ഗോതമ്പു മാവ് കുഴച്ചെടുക്കാൻ ഏറ്റവും നല്ലത് ചോരയാണ്. ആ ചോരയാണ് കമ്യൂണിസ്റ്റ് ചെങ്കൊടി.

1948ല്‍ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറി ബി.ടി. രണദിവെയുടെ ആഹ്വാനമായിരുന്നു സായുധ വിപ്ലവം നടത്തി ഇന്ത്യയുടെ അധികാരം കമ്യുണിസ്റ്റ് കരാള ഹസ്തങ്ങളിൽ നിക്ഷിപ്തമാക്കുക എന്നത് (കൽക്കത്താ തിസീസ്).

ജനാധിപത്യം തൊട്ടു തീണ്ടാത്ത കമ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രം ഇങ്ങനൊരു നിലപാടിലേക്ക് എത്തിച്ചേർന്നതിൽ അത്ഭുതമില്ല. 1947ൽ പിറവിയെടുത്ത പൊളിറ്റിക്കൽ ഇന്ത്യയെ തങ്ങളുടെ കീശയിലാക്കാൻ എളുപ്പമാണെന്ന് അവർ ദിവാസ്വപ്നം കണ്ടു.

ഇതേത്തുടര്‍ന്ന് തെലങ്കാന, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളിലും 1948 മുതല്‍ 1950കളുടെ ആരംഭം വരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കമ്യുണിസ്റ്റ് പാര്‍ട്ടി സായുധ പ്രക്ഷോഭങ്ങള്‍ നടത്തി.

ഈ പരിസരത്തില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെയും മറ്റ് ബാഹ്യ ശക്തികളുടെയും ഇടപെടല്‍ ഭയന്ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കമ്മ്യൂണിസം പ്രസംഗിക്കുന്നവര്‍ക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവര്‍ക്കോ എതിരെ കര്‍ശന നടപടി സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും നേതാക്കള്‍ ഒളിവില്‍ പോകുകയും ചെയ്തു.

1949 ആയപ്പോഴേക്കും ഏകദേശം 2500 സഖാക്കൾ രാജ്യത്തുടനീളം തടവിലായി എന്ന് കണക്കുകളുണ്ട്. ഈ തിസീസിൻ്റെ ആവേശത്തിലാണ് 1950 ഫെബ്രുവരി 28ന് രാത്രിയില്‍ കമ്യുണിസ്റ്റുകാർ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.

ഒടുവിൽ ഇന്ത്യൻ ഭരണകൂടത്തിൻ്റെ പേശീബലത്തിന് മുമ്പിൽ പരാജയപ്പെട്ട കമ്യുണിസ്റ്റ് പാർട്ടി ജനാധിപത്യത്തെ അംഗീകരിയ്ക്കാൻ നിർബന്ധിതരായി. സത്യത്തിൽ ജനാധിപത്യം എന്നത് കമ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു അടവു നയമാണ് (നമ്പറാണ്).

ഈ നമ്പരിറക്കി ജനങ്ങളെ വീഴ്ത്തി വോട്ട് വാങ്ങി ഇന്ത്യയിൽ കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയാൽ അന്ന് തീരും ജനാധിപത്യ ഇന്ത്യൻ ഭരണഘടന. ഇങ്ങനെ ഇന്ത്യയെ തങ്ങളുടെ വരുതിയ്ക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട കമ്യുണിസ്റ്റ് പാർട്ടിയാണ് ഇന്ന് നമ്മളെ ജനകീയ ജനാധിപത്യം, കേന്ദ്രീകൃത ജനാധിപത്യം എന്നീ വാക്കുകളാൽ വാചാടോപം നടത്തി പേടിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത്. 'ജനാധിപത്യം' എന്ന വാക്ക് ഉച്ചരിയ്ക്കാൻ കൂടെ യോഗ്യതയില്ലാത്തവരാണ് കമ്യുണിസ്റ്റുകാർ..

എന്തിനേറെ മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ നേതാവും കേരളത്തിലെ എൽഡിഎഫ് മന്ത്രിയുമായിരുന്ന ജയരാജൻ (ബോക്‌സർ ജയരാജൻ) തൻ്റെയൊരു അഭിമുഖത്തിൽ തന്നെ പറയുന്നുണ്ട് "ഈ നാട് ഒരു കമ്യുണിസ്റ്റ് രാജ്യമായിമാറുന്നതാണ് തൻ്റെ സ്വപ്നമെന്ന്". ജനാധിപത്യ ഇന്ത്യയുടെ മരണം അതോടെ സംഭവിയ്ക്കും എന്ന് പ്രബുദ്ധരായ കേരള ജനതയ്ക്ക് സംശയമുണ്ടോ..? മാർക്സിയൻ അടവുനയമായ ജനാധിപത്യ നമ്പറുകളിൽ വീഴാതെ മുന്നോട്ടു പോകുന്നതാണ് നമുക്ക് നല്ലത്.

കമ്യൂണിസമെന്നാൽ കള്ളത്തരം എന്നാണ് വാസ്തവത്തിൽ അർഥം. നുണകൾ പറഞ്ഞു മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറാനും പിന്നീട് ജനങ്ങളുടെ അഭിലാഷങ്ങളെയും അഭിവാഞ്ഛകളെയും അടിച്ചൊതുക്കി ഏകാധിപത്യം സ്ഥാപിക്കലുമാണ് ശരിക്കും കമ്യൂണിസത്തിൻ്റെ പ്രയോഗ വത്ക്കരണം. കമ്യുണിസ്റ്റുകാർ ഇടയ്ക്കിടെ ഭരണഘടനാ മൂല്യങ്ങൾ എന്നും മറ്റുമുള്ള എടുത്താൽ പൊങ്ങാത്ത വാക്കുകൾ എടുത്തിട്ടലക്കി പൊതു സമൂഹത്തെ പേടിപ്പിയ്ക്കാറുണ്ട്.

സത്യത്തിൽ അതെന്താണെന്ന് അവർക്കറിയില്ല, അതുകൊണ്ടാണ് രാജിവച്ച മന്ത്രി സജി ചെറിയാൻ്റെ നാണംകെട്ട മാർക്സിയൻ വായയിൽ നിന്നും ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ ആക്ഷേപം പുറത്തു ചാടിയത്. നമ്മുടെ ലേഖനത്തിൻ്റെ ഹെഡിങ് പോലെത്തന്നെ അംബേദ്‌കർ ഒരു ക്രാന്ത ദർശിയായിരുന്നു.

അദ്ദേഹം ഈ കമ്യുണിസ്റ്റ് പരിഷകളെപ്പറ്റി ഭരണഘടന തയ്യാറാക്കിയപ്പോൾ തന്നെ പറഞ്ഞിരുന്നു. 1945 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. അംബേദ്കർജിയുടെ വാക്കുകൾ നമുക്ക് പരിശോധിയ്ക്കാം.,

"നമ്മുടെ ഈ ഭരണഘടനയെ അപലപിക്കുവാൻ പോകുന്നത് പ്രധാനമായും കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി എന്നീ രണ്ട് കോണുകളിൽ നിന്നായിരിയ്ക്കും. എന്തുകൊണ്ടാണ് അവർ ഭരണഘടനയെ അപലപിക്കുന്നത്..? ഇതൊരു മോശം ഭരണഘടനയായതുകൊണ്ടാണോ..?

'അല്ല' എന്ന് പറയാൻ ഞാൻ തയ്യാറാണ്. തൊഴിലാളി വർഗത്തിൻ്റെ സ്വേച്ഛാധിപത്യ തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നത്. അതിനാൽ ഭരണഘടനയെ അവർ അപലപിയ്ക്കും, കാരണം അത് പാർലമെൻ്ററി ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

സോഷ്യലിസ്റ്റുകൾക്ക് വേണ്ടത് രണ്ട് കാര്യങ്ങളാണ്. അധികാരത്തിൽ വന്നാൽ നഷ്ടപരിഹാരം നൽകാതെ എല്ലാ സ്വകാര്യ സ്വത്തുക്കളും ദേശസാൽക്കരിക്കാനോ സാമൂഹികവൽക്കരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഭരണഘടന അവർക്ക് നൽകണം എന്നതാണ് അവർ ആദ്യം ആഗ്രഹിക്കുന്നത്.

രണ്ടാമത്തെ കാര്യം, ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന മൗലികാവകാശങ്ങൾ കേവലവും പരിമിതികളില്ലാത്തതുമായിരിക്കണം, അങ്ങനെ അവരുടെ പാർട്ടി അധികാരത്തിൽ വന്നില്ലെങ്കിൽ, വിമർശിക്കാൻ മാത്രമല്ല, ഭരണകൂടത്തെ അട്ടിമറിക്കാനും അവർക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ടാകണം.

പാർലമെൻ്ററി ജനാധിപത്യ തത്വം മാത്രമാണ് രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ അനുയോജ്യമായ രൂപമെന്ന് ഞാൻ പറയുന്നില്ല. നഷ്ടപരിഹാരം കൂടാതെ സ്വകാര്യ സ്വത്ത് ഏറ്റെടുക്കരുത് എന്ന തത്വം വളരെ പവിത്രമാണെന്ന് ഞാൻ പറയുന്നില്ല.

അതിൽ നിന്ന് വ്യതിചലനം ഉണ്ടാകില്ല. മൗലികാവകാശങ്ങൾ ഒരിക്കലും കേവലമായിരിക്കില്ലെന്നും അവയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന പരിമിതികൾ ഒരിക്കലും നീക്കാൻ കഴിയില്ലെന്നും ഞാൻ പറയുന്നില്ല."

ഇങ്ങനെ അന്ന് തന്നെ അംബേദ്കർക്ക് കൃത്യമായി ബോധ്യപ്പെട്ടതാണ് ഇവരെ. അന്നും ഈ നാട്ടിൽ ഏതൊക്കെ രാഷ്ട്രീയ അഭിപ്രായങ്ങൾ പുലർത്തുന്ന ആളുകളുണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയക്കാർ അന്നുമുണ്ടായിരുന്നു അവരെയാരെയും അംബേദ്‌കർ ഇങ്ങനെ പറയാൻ ഒരുമ്പെട്ടില്ല. കാരണം അംബേദ്കർക്ക് അറിയാമായിരുന്നു എന്താണ് മാർക്സിസ്റ്റ് പാർട്ടിയെന്ന്.

ഇവരുടെ ലക്‌ഷ്യം ഇത് തന്നെയാണെന്ന് പുറമേയ്ക്ക് പറയാൻ പറ്റാത്തതിനാലാണ് അവർ അവരുടെ ഈ ലക്ഷ്യത്തെ മറ്റുള്ളവർക്കുമേൽ ആരോപിയ്ക്കുന്നത്. ഭരണഘടനയ്‌ക്കെതിരാണ് നരേന്ദ്രമോദി എന്ന് ഇവർ കൂവുന്നത് കമ്യുണിസ്റ്റ് തോന്നിവാസം മറ്റുള്ളവർക്ക് മേൽ ആരോപിയ്ക്കലാണ്.

ഭരണഘടനാ തയ്യാറാക്കിയവന് കമ്യുണിസ്റ്റുകാരെ വിശ്വാസമില്ലാത്തപ്പോ ഇവിടെയുള്ള നാണംകെട്ട മീഡിയക്കാരുടെ എസ്എഫ്ഐക്കാരായ ജേര്ണലിസ്റ്റുകളുടെ ബലത്തിൽ ഭരണഘടനാ ധാർമികത എന്ന് പുലമ്പുന്ന കമ്യുണിസത്തിൻ്റെ കള്ളത്തരമാണ് സജി ചെറിയാനിലൂടെ പുറത്തു ചാടിയത്.

(ലേഖനത്തിലെ പരാമർശങ്ങൾ ലേഖകന്റെ മാത്രം അഭിപ്രായമാണ്. പ്രതികരണം അതിനുള്ള കോളമാണ്. സ്ഥാപനത്തിന്റെ അഭിപ്രായമായി കാണരുത്)

Advertisment