ആഭ്യന്തര വകുപ്പിനെതിരെ ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്. വയനാട്ടിലെ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് തകർത്ത വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞില്ല, തിരുവനന്തപുരം എകെജി സെൻ്ററിൽ പടക്കം എറിഞ്ഞ പ്രതിയെ ആഴ്ചകൾ പിന്നിട്ടിട്ടും പിടികൂടിയില്ല എന്ന ആക്ഷേപം നേരിട്ടു കൊണ്ടിരിക്കെയാണ്, വയനാട്ടിലെ അക്രമികളെ തോളത്ത് തട്ടി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യം അടുത്തിടെ പുറത്ത് വരുന്നത്.
യൂണിഫോമിട്ട ക്രിമിനലുകൾ ഒട്ടേറെയുണ്ട് എന്ന് എല്ലാ മുന്നണി സർക്കാറും നേരിടുന്ന വെല്ലുവിളിയാണ്. ഇപ്പോഴിതാ ചങ്ങനാശേരി ഡിവൈഎസ്‌പി ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐജി പി. പ്രകാശിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരിക്കുകയാണ്.
ഈ റിപ്പോർട്ട് ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. ഡിവൈഎസ്‌പി ഉൾപ്പെടെ നാല് പൊലീസുകാർക്ക് കോട്ടയത്തെ സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഡിജിപി അന്വേഷണത്തിനു നിർദേശം നൽകിയെന്നാണ് വാർത്ത. ചങ്ങനാശേരി ഡിവൈഎസ്‌പിക്കു പുറമെ ഒരു സൈബർ സെൽ സിഐ, രണ്ട് സിവിൽ പൊലീസുകാർ എന്നിവർക്കെതിരെയാണ് അന്വേഷണം.
ഡിവൈഎസ്‌പിയുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് സർക്കാർ വകുപ്പുതല അന്വേഷണം നടത്തും. പൊലീസുകാരുടെ ഗുണ്ടാ ബന്ധം പാലാ എഎസ്‌പി അന്വേഷിക്കും. ഹണിട്രാപ്പ് കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അരുൺ ഗോപനെ കസ്റ്റഡിയിലെടുത്തതോടെയാണ് പൊലീസുമായുള്ള ബന്ധം വ്യക്തമായത്.
ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോൾ രാത്രി ചങ്ങനാശേരി ഡിവൈഎസ്‌പി കാണാനെത്തി. ഡിവൈഎസ്‌പി അരുൺ ഗോപനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. അരുൺഗോപൻ തിരിച്ചും ചൂടായി. ഇത് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസർ എസ്‌പിക്ക് റിപ്പോർട്ടു ചെയ്തു. എസ്‌പി റിപ്പോർട്ട് സോൺ ഐജി പി. പ്രകാശിനു കൈമാറി.
ഐജിയുടെ നിര്‍ദേശപ്രകാരം രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഗുണ്ടാ ബന്ധം വ്യക്തമായതിനെ തുടർന്ന്, ഫയൽ ഡിജിപിക്കു സമർപ്പിക്കുകയായിരുന്നു. പൊലീസ്–ഗുണ്ടാ ബന്ധം അരുൺ ഗോപൻ പുറത്തു പറയുമെന്നു ഭയന്നാണോ ഡിവൈഎസ്‌പി സ്റ്റേഷനിലെത്തിയതെന്ന് പരിശോധിക്കുന്നു.
കോവിഡിൻ്റെ ആരംഭം തൊട്ട് നടപ്പാക്കിയ ലോക്ക് ഡൗൺ മുതൽ ചില കേസുകളിലെ അന്വേഷണം വരെയുള്ള കാല ചരിത്രം പരിശോധിക്കുമ്പോൾ പൊലീസ് ജനങ്ങൾക്ക് മേൽ ആശ്വാസത്തിന് പകരം മർദ്ദക വേഷം കെട്ടുന്ന കഥകളാണ് ഏറെയും പങ്കുവെക്കാനുണ്ടായിരുന്നത്.
ഇപ്പോൾ പുറത്ത് വന്ന പൊലീസ്-ഗുണ്ടാ ബന്ധത്തേക്കാൾ പതിന്മടങ്ങായിരിക്കും പുറത്ത് വരാത്ത ബന്ധങ്ങൾ എന്നത് പരസ്യമായ രഹസ്യം തന്നെ. മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും കർശന നടപടി സ്വീകരിച്ച് പൊലീസിനെ നവീകരിക്കണം. എല്ലാവർക്കും നന്മകൾ നേരുന്നു. ശുഭ സായാഹ്നം. ജയ്ഹിന്ദ്.