മനുഷ്യരെ ബാധിക്കുന്ന ഏറ്റവുംമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ അല്ലെങ്കിൽ റാബീസ് (Rabies). ഒരിക്കൽ രോഗബാധയേറ്റ് കഴിഞ്ഞാൽ 99.9 ശതമാനം മരണം ഉറപ്പാണ്. ഈ രോഗത്തെ ഹൈഡ്രോ ഫോബിയ (Hydrophobia) അഥവാ ജലഭീതി എന്നും വിളിക്കുന്നു.
റാബീസ് എങ്ങനെ ഉണ്ടാകുന്നു?
പേവിഷബാധയ്ക്ക് കാരണം നാഡീയാനുവർത്തിയായ റാബീസ് വൈറസ്സാണ്. ഈ വൈറസ് ഉമിനീർ ഗ്രന്ഥികളിലും ഉമിനീരിലും പ്രത്യക്ഷപ്പെടുന്നു. മൂത്രം, ശുക്ലം, രക്തം, പാൽ തുടങ്ങിയ ശരീരദ്രവങ്ങളിലും വൈറസ്സിനെ കാണാറുണ്ട്.
സൂര്യപ്രകാശവും ചൂടും വൈറസ്സിനെ നശിപ്പിക്കുന്നു. ഇന്ത്യയില്‍ പേ വിഷബാധയുടെ 95 ശതമാനവും പകരുന്നത് നായയുടെ കടിയിലൂടെയാണ്. 5 ശതമാനം പൂച്ചയുള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങള്‍ വഴിയും.
പട്ടി മാത്രമാണോ റാബീസ് ഉണ്ടാക്കുന്നത് ?
ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും ഈ രോഗം ബാധിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നതും മനുഷ്യരിലേക്ക് പരത്തുന്നതും നായ്ക്കളും പൂച്ചകളുമാണ്. വവ്വാൽ, കുരങ്ങ്, പശു, എരുമ, കീരി, കുറുക്കന്‍, ചെന്നായ, ആട്, കരടി, പന്നി, കഴുത, കുതിര എന്നീ മൃഗങ്ങളിലും പേ വിഷബാധ കണ്ടുവരുന്നുണ്ട്. എലിയും കുരങ്ങും കടിച്ചാൽ റാബിസ് വരാൻ സാദ്ധ്യത കുറവാണ്.
റാബിസ് ലക്ഷണങ്ങൾ എന്ന് കാണിക്കും ?
രോഗാണുക്കൾ ശരീരത്തിൽ കടന്നതിനുശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നത് മൂന്ന് മുതൽ എട്ട് ആഴ്ചയിലാണ്. തൊലിയിൽ പോറലുള്ള സ്ഥലത്ത് നായ്ക്കൾ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്. മുറിവിനും മസ്തിഷ്ക്ത്തിനും ഇടയ്ക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് അസുഖം വരുന്ന സമയവും കുറയും.
റാബീസ് ഉള്ള മൃഗങ്ങളെ എങ്ങനെ തിരിച്ചറിയും ?
രോഗംബാധിച്ച നായ്ക്കൾ അനുസരണമില്ലാതെ ഇരുണ്ടമൂലകളിൽ പോയി ഒളിച്ച് നിൽക്കുകയും ശബ്ദം, വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കല്പികവസ്തുക്കളെ കടിയ്ക്കുന്നു. മരം, കല്ല്, മണ്ണ്, കാഷ്ഠം എന്നിവ തിന്നുന്നതായി കാണാം. തുടർന്ന് അലഞ്ഞുനടക്കാൻ തുടങ്ങുകയും മനുഷ്യരേയും മറ്റുമൃഗങ്ങളേയും കടിക്കുകയും ചെയ്യുന്നു.
സാധാരണഗതിയിൽ നായ കുരച്ചാണ് കടിക്കുക. എന്നാൽ പേവിഷ ബാധയേറ്റ നായകൾ കുരയ്ക്കാതെ കടിക്കുന്നു. ഉമിനീരൊലിപ്പിക്കൽ ധാരാളമായി കാണാം. കഴുത്തിലേയും താടിയിലേയും മാംസപേശികൾക്ക് തളർച്ച ബാധിക്കുന്നതിനാൽ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാൻ വിഷമംനേരിടുന്നു.
മനുഷ്യരെ പോലെ വെള്ളത്തിനെ പേടി കാണില്ല. കുരയ്ക്കുന്ന ശബ്ദത്തിലും വ്യത്യാസം കാണാം. നേത്രങ്ങൾ ചുമന്നിരിക്കും. ക്രമേണ തളർച്ച ബാധിച്ച മൃഗങ്ങൾ ചത്തുപോവുന്നു.
റാബീസ് വരാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾ എന്തൊക്കെ ?
1. പേപ്പട്ടി വിഷബാധ തടയാനായി അലഞ്ഞുനടക്കുന്ന അക്രമകാരികളായ നായ്ക്കളെ നിയന്ത്രിക്കണം.
2. എല്ലാ നായ്ക്കൾക്കും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം.
3. വീട്ടിൽവളർത്തുന്ന പൂച്ചകൾക്കും പ്രതിരോധകുത്തിവെപ്പ് എടുപ്പിക്കണം.
4. പരിചയമില്ലാത്ത നായകളിൽ നിന്ന് മാറി നിക്കുക.
5. നായെ കളിയാക്കുകയോ ഉപദ്രവിക്കാനോ ശ്രമിക്കരുത്.
6. ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും നായയുടെ കുഞ്ഞിന് പാൽ കൊടുക്കുമ്പോഴും ഒരു കാരണവശാലും നായകളെ ശല്യപെടുത്തരുത്.
7. നായ കടിക്കാൻ ഓടിച്ചാൽ പേടിക്കാതെ അനങ്ങാതെ നിക്കുക. നായ പോയതിന് ശേഷം എതിർദിശയിലേക്കു നടക്കുക.
8. സാധാരണ രീതിയിൽ നിന്ന് മാറിയ സ്വഭാവം ഏതെങ്കിലും നായ കാണിക്കുന്നുണ്ടെങ്കിൽ അവിടെ നിന്ന് മാറി നിക്കുക.
9. നായയോ മറ്റോ കടിച്ചാൽ ചികിത്സാ കുത്തിവെപ്പുകൾ എടുക്കണം.
ഏതൊക്കെ വഴികളിലൂടെയാണ് റാബീസ് മനുഷ്യര്‍ക്കു പകരുന്നത് ?
സാധാരണ പകരുന്നത് ഈ വഴികളിലൂടെയാണ്:
1. പേ വിഷബാധയുള്ള നായയുടെ കടിയേറ്റാല്‍.
2. നമ്മുടെ ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളില്‍ പേ ബാധിച്ച നായ നക്കിയാല്‍.
3. പേ നായയുടെ /മൃഗത്തിന്റെ ഉമിനീര്‍ മനുഷ്യന്റെ കണ്ണ്, മൂക്ക്, വായക്കുള്ളിലേക്ക് പതിച്ചാൽ.
രോഗം ബാധിച്ച മൃഗങ്ങളുടെ പാല്‍ തിളപ്പിക്കാതെ കുടിച്ചാൽ അസുഖം വരാമോ ?
ഇല്ല. രോഗം ബാധിച്ച മൃഗത്തിന്റെ പാൽ കുടിച്ചാലോ മാംസം കഴിച്ചാലും റാബിസ് വരില്ല. എന്നാലും സംശയം ഉണ്ടെങ്കിൽ ലോക ആരോഗ്യ സങ്കടന പറയുന്നത് ഈ സാഹചര്യങ്ങൾ ഒഴിവാക്കാനാണ്.
മൃഗങ്ങളിലെ കുത്തിവെപ്പ് എങ്ങനെയാണ് ?
മൂന്നാം മാസവും ഒൻപതാം മാസവും ഓരോ കുത്തിവെപ്പും, ശേഷം ഓരോ വർഷവും ബൂസ്റ്റർ ഡോസും എടുക്കണം. കുത്തിവെപ്പ് എടുത്തു എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം
റാബിസ് മനുഷ്യരിൽ വന്നാലുള്ള രോഗലക്ഷണങ്ങള്‍ എന്തൊക്കെ ?
മനുഷ്യരില്‍ കാണുന്ന ലക്ഷണങ്ങളെ മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു.
ഒന്നാം ഘട്ടം - (പ്രോഡോര്‍മല്‍ ഘട്ടം). ഇതില്‍ കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിപ്പാടില്‍ തൊട്ടാല്‍ അറിയാത്ത അവസ്ഥ, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവും.
രണ്ടാംഘട്ടം - ആകാംക്ഷയുടെയും ഉത്തേജനത്തിന്റെയും ഘട്ടമാണ്. ഇതില്‍ വിറയല്‍, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോട് ഭയം എന്നിവ കാണിക്കും.
മൂന്നാംഘട്ടം - തളര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ രോഗി തളര്‍ന്ന് കിടന്നുപോകുന്നു. ശ്വാസതടസ്സം, ശബ്ദവ്യത്യാസം, ഉമിനീരൊലിപ്പ് എന്നിവ കാണിക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനം രോഗി മരണപ്പെടുന്നു.
വളര്‍ത്തുനായ്ക്കളില്‍ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
മൃഗങ്ങളുടെ കടിയേറ്റാൽ ആദ്യംചെയ്യേണ്ടത് എന്തൊക്കെയാണ് ?
കടിയേറ്റ ഭാഗം വൃത്തിയായി സോപ്പ് ഉപയോഗിച്ച് പൈപ്പ് വെള്ളത്തില്‍ കഴുകണം. 15 മിനുട്ടെങ്കിലും മുറിപ്പാടില്‍ വെള്ളം ഒഴുക്കിക്കൊണ്ടു കഴുകുന്നതാണ് നല്ലത്. മുറിവിൽ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുകയാണ് കഴുകുന്നതിന്‍റെ ലക്ഷ്യം.
നല്ല തുണികൊണ്ട് തുടച്ചശേഷം ബീറ്റാഡിന്‍ പോലുള്ള ഏതെങ്കിലും അണുനാശിനികൊണ്ട് തുടയ്ക്കണം. മുറിവില്‍ എണ്ണ, തേന്‍, ചാരം എന്നിവ പുരട്ടരുത്. പഴയ കാലങ്ങളില്‍ പഴുപ്പിച്ച ഇരുമ്പുകൊണ്ട് മുറിപ്പാട് കരിക്കാറുണ്ട്. അതും അപകടം വരുത്തും.
മുറിവിൽ ബാൻഡേജ് ഓടിക്കരുത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടറുടെ സേവനം തേടുക. ഡോക്ടറിനെ കാണുമ്പോൾ ടെറ്റനസ് വാക്സിൻ എന്നാണ് അവസാനം എടുത്തെതെന്നും പറയണം.
നായ കടിച്ചാല്‍ നായയെ നിരീക്ഷിക്കണം എന്ന് പറയുന്നത് ശരിയാണോ ?
നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ കടിക്കുകയാണെങ്കില്‍ അതിനെ കെട്ടിയിട്ട് 10 ദിവസം നിരീക്ഷിക്കണം. പേവിഷബാധയേറ്റ ഏതൊരു ജീവിയും രോഗലക്ഷണം തുടങ്ങി ഏഴ് മുതൽ പത്തു ദിവസത്തിനകം മരണപ്പെടും.
രോഗലക്ഷണം തുടങ്ങുന്നതിന് 3 ദിവസങ്ങള്‍ക്കു മുമ്പു മുതല്‍ അതിന്റെ ശരീരത്തിലെ സ്രവങ്ങളില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള അണുക്കളുണ്ടാകും. അതിന്റെഅര്‍ത്ഥം കടിച്ച മൃഗം 10 ദിവസം ജീവിച്ചിരുന്നാല്‍ അതു കടിക്കുന്ന സമയത്ത് പേ വിഷബാധയുടെ അണുക്കള്‍ അതിന്റെ സ്രവങ്ങളിലുണ്ടാകില്ല എന്നാണ്.
അതുകൊണ്ടു തന്നെ കുത്തിവെപ്പ് 10 ദിവസത്തിനു ശേഷം തുടരേണ്ടതില്ല. അതായത് കടിയേറ്റശേഷം ആദ്യത്തെ ദിവസം മൂന്നാമത്തെ ദിവസം, ഏഴാമത്തെ ദിവസം എന്നിങ്ങനെ 3 കുത്തിവെപ്പ് നടത്തിയാല്‍ മതിയാകും.
എന്താണ് പേവിഷബാധ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ?
പേവിഷബാധ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ഒരു മുൻകരുതലായോ നായയുടെയോ വവ്വാലിന്റെയോ കടിയേറ്റാലോ വാക്സിൻ എടുത്ത് പേവിഷബാധ തടയാൻ സാധിക്കും. അഞ്ചു ഡോസുകൾ കൊണ്ടു കിട്ടുന്ന പ്രതിരോധശേഷി ഒരുപാടുകാലം നിലനിൽക്കുന്നു.
വളരെ സുരക്ഷിതമായ വാക്സിനാണ് റാബിസ്. ഗർഭിണികൾക്കും പാൽ കൊടുക്കുന്ന അമ്മമാർക്കും ഒട്ടും പേടിക്കാതെ ഇതെടുക്കാം. പേവിഷബാധ ഏൽക്കാൻ സാദ്ധ്യത കൂടുതലാണെങ്കിൽ ഒരു കുത്തിവയ്പ് കൂടെ എടുക്കണം. റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ അടങ്ങിയ വാക്സിൻ.
പേവിഷത്തിനെതിരെയുള്ള വാക്സിൻ എവിടെയാണ് എപ്പോഴാണ് എടുക്കേണ്ടത് ?
സാധാരണ കയ്യിലുള്ള മാംസത്തിലാണ് എടുക്കാറുള്ളത്, കുട്ടികളിൽ തുടയിലാണ് എടുക്കുന്നത്. 5 ഡോസാണ് വാക്സിൻ. കടിച്ച ദിവസത്തിൽ (Zero day) ആദ്യത്തേത്. പിന്നെ കടിച്ചതിനു ശേഷം മൂന്നാമത്തെ ദിവസം, ഏഴാമത്തെ ദിവസം, പതിനാലാമത്തെ ദിവസം, ഇരുപത്തി എട്ടാമത്തെ ദിവസം. ദിവസം തെറ്റാതെ നോക്കണം. തെറ്റിയാലും ഉടനെ എടുക്കുക.
എന്താണ് ഇമ്മ്യൂണോഗ്ലോബുലിൻ ?
കാറ്റഗറി 3 മുറിവുകൾക്കും വന്യ മൃഗങ്ങൾ കടിച്ചുള്ള മുറിവുകൾക്കും ഈ മരുന്ന് കൊടുത്തേ തീരൂ. പറ്റുന്നത്ര മുറിവിലും ചുറ്റുമായും എടുക്കുകയാണ് ചെയ്യുന്നത്. ഭാരം അനുസരിച്ചാണ് മരുന്നിന്‍റെ അളവ് കണ്ടെത്തുന്നത്.
വൈറസിനെ നേരിട്ട് പ്രതിരോധിക്കാൻ ഉള്ള കഴിവ് ഈ മരുന്നിനുണ്ട്. പ്രതിരോധ കുത്തിവയ്‌പിലൂടെ ഉള്ള സംരക്ഷണം വരുന്നതുവരെ ഈ ഇമ്മ്യൂണോഗ്ലോബുലിൻ വൈറസുകളെ കൊല്ലാൻ ശരീരത്തെ സഹായിക്കുന്നു .
ഇമ്മ്യൂണോഗ്ലോബുലിൻ രണ്ടു തരത്തിൽ ഉണ്ട്
1. Equine Rabies Immunoglobulin(ERIG) : കുതിരകളിൽ വാക്‌സിൻ കുത്തിവെച്ചു അവയിൽ നിന്ന് വേർതിരിച്ചു എടുത്തു ശുദ്ധീകരിച്ചു സൂക്ഷിക്കുന്നവയാണ് ഇത്. താരതമ്യേന ചെലവ് കുറവാണ്. ചിലരിലെങ്കിലും ഇത് അലര്‍ജി ഉണ്ടാക്കാറുണ്ട്.
ഇന്നത്തെ ഉല്പാദന ശുദ്ധീകരണ രീതി വെച്ച് അലർജി വളരെ വിരളമാണ്. എങ്കിലും എല്ലാവരിലും ഈ കുത്തിവയ്‌പ്പു കൊടുക്കുന്നതിനു മുന്നേ തൊലിപ്പുറത്ത് ടെസ്റ്റ് എടുക്കാറുണ്ട്. ഇത് നെഗറ്റീവ് ആണേൽ മാത്രമേ മുഴുവൻ ഡോസും നൽകുകയുള്ളൂ. (ഡോസ്: 40 IU/kg)
2. Human Rabies Immunoglobulin(HRIG) : മനുഷ്യനിൽ നിന്ന് വേർതിരിച്ചു എടുക്കുന്നതാണ് HRIG. ഉത്പാദനം വളരെ സങ്കീർണ്ണവും മരുന്ന് ചിലവേറിയതുമാണ്. അതുകൊണ്ടു തന്നെ ERIG അലർജി ഉള്ളവരിൽ എടുക്കാനാണ് ഇത് ഉപയോഗിക്കുക. ടെസ്റ്റ് ഡോസ് മുൻകൂട്ടി നൽകേണ്ട ആവശ്യമില്ല. (ഡോസ്: 20 IU/Kg)
ഇമ്മ്യൂണോഗ്ലോബുലിൻ ആദ്യദിവസം കൊടുക്കാൻ പറ്റിയില്ലെങ്കിൽ എത്ര ദിവസം വരെ കൊടുക്കാം ?
എത്രയും നേരത്തെ കൊടുക്കുന്നതാണ് ഉത്തമം. ഇങ്ങനെ സാധിക്കാത്ത അവസരത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു 7 ദിവസത്തിനുള്ളിൽ എടുക്കണം.
മുൻപ് കുത്തിവെപ്പ് എടുത്തവർ വീണ്ടും എടുക്കണോ ?
വേണം. മുൻപ് മുഴുവൻ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവെപ്പ് മാത്രം എടുത്താൽ മതിയാകും 0, 3 ദിവസങ്ങളിൽ. കൃത്യമായി ഓർക്കാത്തവർക്കും മുൻപ് മുഴുവൻ കുത്തിവെപ്പും എടുക്കാത്തവർക്കും വീണ്ടും മുഴുവൻ കോഴ്സ് എടുക്കണം. എന്നാൽ ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. മുറിവ് വൃത്തിയായി മുകളിൽ പറഞ്ഞതുപോലെ കഴുകാൻ മറക്കരുത്.
പട്ടി കടിക്കുന്നതിന് മുന്നേ പ്രതിരോധത്തിനായി കുത്തിവെപ്പ് എടുക്കാമോ ?
എടുക്കാം. പട്ടിയേം പൂച്ചയെം ഒക്കെ സ്ഥിരം കൈകാര്യം ചെയ്യുന്നവർക്കും, വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും ഒക്കെ മുന്നേ ഈ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണു. 0, 7 ,28 ദിവസങ്ങളിൽ 3 കുത്തിവെപ്പ് ആണ് എടുക്കേണ്ടത്.
ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ 2 കുത്തിവെപ്പ് എടുത്താൽ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.
ഏതു വാക്സിൻ എപ്പോൾ കൊടുക്കണമെന്ന് എങ്ങനെ അറിയാം ?
1. മൃഗങ്ങൾ പൊട്ടാത്ത തൊലിയിൽ നക്കുകയോ തൊടുകയോ ചെയ്യുക: ചികിത്സ് ആവശ്യമില്ല
2. തൊലിപ്പുറത്തു പൊട്ടിയ ഭാഗത്തു നക്കുക, ചെറുതായി തൊലി പോകുന്ന രീതിയിൽ മാന്തുകയോ കടിക്കുകയോ ചെയ്യുക: റാബിസ് വാക്സിൻ മാത്രം എടുക്കുക.
3. രക്തം വരുന്ന രീതിയിലുള്ള കടി, മൃഗത്തിന്റെ ഉമിനീര്‍ മനുഷ്യന്റെ കണ്ണ്, മൂക്ക്, വായക്കുള്ളിലേക്ക് പതിച്ചാൽ: റാബിസ് വാക്‌സിനും റാബിസ് ഇമ്മ്യൂണോഗ്ലോബുലിനും നൽകണം.
മൃഗങ്ങൾ മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത് മുതൽ എല്ലാ വിവരങ്ങളും ഇവിടെ വിശദീകരിച്ചു. ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഒരു വർഷം ഏകദേശം 60000 ആളുകളെ റാബീസ് കൊല്ലുന്നു. റാബിസ് വരാതെ നോക്കുക എന്നുള്ളതാണ് ഇതിന്റെ പരിഹാരം.
കടപ്പാട്: സോഷ്യല്‍ മീഡിയ